Showing posts with label internet. Show all posts
Showing posts with label internet. Show all posts

Wednesday, September 8, 2010

പുതിയ രൂപവും ഭാവവുമായി
ഐ പി അഡ്രസ്സ്


ഇന്റര്‍നെറ്റിലേക്ക് ആര്‍ക്കും എപ്പോഴും കടന്നുചെല്ലാം. അതിന് ഒരു തടസ്സവുമില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ കംപ്യൂട്ടര്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റിലേക്ക് കണക്ട് ചെയ്യാന്‍ പറ്റില്ല. അമേരിക്കയിലാണെങ്കില്‍ അത് ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ സംഭവിക്കും. എന്താ ഞെട്ടിപ്പോയോ? സംഗതി സത്യമാണ്. ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഏതുപകരണങ്ങള്‍ക്കും കൃത്യമായ ഒരു മേല്‍വിലാസമുണ്ട്. ഈ വിലാസം ഉപയോഗിച്ചാണ് പരസ്പരം വിവരങ്ങള്‍ കൈമാറുന്നത്. നിശ്ചിതക്രമത്തില്‍ നല്‍കുന്ന ഈ മേല്‍വിലാസങ്ങള്‍ തീര്‍ന്നുപോയാലോ? പിന്നെ ഇന്റര്‍നെറ്റിലേക്കുള്ള വഴി അടഞ്ഞുതന്നെ കിടക്കും. അതാണ് ഇവിടെ സംഭവിക്കാന്‍ പോകുന്നത്.
അതിവേഗം വളരുന്ന ഇന്റര്‍നെറ്റിന് അഡ്രസ്സുകളുടെ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ത്രി ജി സ്പെക്ട്രം ലൈസന്‍സിംഗ് നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സെപ്തംബര്‍ മാസത്തോടെ മൂന്നാംതലമുറ മൊബൈല്‍സേവനങ്ങള്‍ രാജ്യവ്യാപകമാകും. മാത്രമല്ല വയര്‍ലെസ് ഉപകരണങ്ങളിലൂടെയുള്ള ഇന്റര്‍നെറ്റ് ഉപയോഗവും ക്രമാതീതമായി ഇനി വര്‍ദ്ധിക്കും. അതോടെ ഒരാള്‍ക്ക് തന്നെ നിരവധി ഐ.പി അഡ്രസ്സുകള്‍ ആവശ്യമായി വരും. ഇത് ഇന്ത്യയിലെ മാത്രം അവസ്ഥയല്ല. നിലവില്‍ അമേരിക്കയില്‍ 94 ശതമാനം വിലാസങ്ങളും നല്‍കിക്കഴിഞ്ഞു. ഇനി അവശേഷിക്കുന്ന അഡ്രസ്സുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തീരും. 25 വര്‍ഷത്തോളമായി ഉപയോഗിച്ചുവരുന്ന ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വേര്‍ഷന്‍ 4ന് പരിമിതികള്‍ കാരണം ഇനിയും മുന്നേറാനാവില്ല. അതുകൊണ്ട് പുതിയ രീതിയിലുള്ള 128 ബിറ്റ് വിലാസക്രമം (ഐ.പി വി 6) നടപ്പാക്കേണ്ടി വന്നിരിക്കുകയാണ്. ജൂണില്‍ തന്നെ പുതുതലമുറയിലെ അഡ്രസ്സുകള്‍ അമേരിക്കയില്‍ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.
ഇന്ത്യയില്‍ 18.4 മില്യണിലധികം അഡ്രസ്സുകള്‍ ഐ.പി വി4 ഇനത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ തലമുറ വിലാസങ്ങളിലേക്ക് മാറാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം തയ്യാറാക്കിക്കഴിഞ്ഞു. ഇന്ത്യയില്‍ മാര്‍ച്ച് 2012 ഓടെ പുതുക്കിയ അഡ്രസ്സുകള്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷ. ഇതിനു വേണ്ടി രാജ്യത്തെ ടെലികോം-ഇന്റര്‍നെറ്റ് സര്‍വ്വീസ് സേവനദാതാക്കള്‍ 2011 ഡിസംബര്‍ ആവുമ്പോഴേക്കും തങ്ങളുടെ ഉപകരണങ്ങള്‍ പുതിയ വിലാസങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി നേടിയിരിക്കണമെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. നിലവില്‍ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ്സ്
ഇന്റര്‍നെറ്റിലേതുപോലെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കംപ്യൂട്ടറുകളെ തിരിച്ചറിയുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ്സ് (ഐ.പി അഡ്രസ്സ്) എന്ന വിലാസമാണ് സഹായകമാവുന്നത്. ചില പ്രത്യേക നിയമങ്ങള്‍ അനുസരിച്ചാണ് ഇത് കംപ്യൂട്ടറുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഉദാഹരണത്തിന് 192.168.1.1 പോലുള്ള ചില നമ്പറുകളാണ് കംപ്യൂട്ടറിന്റെ വിലാസമായി മാറുന്നത്. നിലവില്‍ 32 ബിറ്റുകള്‍ അടിസ്ഥാനമാക്കിയുള്ള ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വേര്‍ഷന്‍ 4 (ഐ.പിവി4) ആണ് കംപ്യൂട്ടറുകള്‍ക്ക് പേരിടാന്‍ ഉപയോഗിച്ചിരുന്നത്. 25 വര്‍ഷത്തോളമായി നിലവിലുള്ള ഈ നിയമം പാലിക്കപ്പെടുമ്പോള്‍ 40.3കോടി ഇന്റര്‍നെറ്റ് അധിഷ്ഠിത ഉപകരണങ്ങള്‍ക്ക് മാത്രമേ വിലാസം നല്‍കാന്‍ സാധിക്കൂ. നിലവിലുള്ള വളര്‍ച്ചാനിരക്ക് തുടരുകയാണെങ്കില്‍ അടുത്ത വര്‍ഷത്തോടെ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുന്ന ഉപകരണങ്ങളുടെ എണ്ണം ഇതിലുമേറെയാകും. അതോടെ ഇന്റര്‍നെറ്റിലേക്ക് പുതിയ ഉപകരണങ്ങളെ ബന്ധപ്പെടുത്താനാവാതെ കുഴങ്ങും. ഇതിനു പരിഹാരമായാണ് 128 ബിറ്റുകള്‍ ഉപയോഗിക്കുന്ന ഐ.പി അഡ്രസ്സിന്റെ പുതിയ രീതി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ രീതിപ്രകാരം 340 ട്രില്യണ്‍ ട്രില്യണ്‍ ട്രില്യണ്‍ ഉപകരണങ്ങള്‍ക്ക് വിലാസം നല്‍കാനാവും.
ഇന്റര്‍നെറ്റ് ലോകരാജ്യങ്ങളില്‍ വ്യാപകമാവുന്നതിന് മുമ്പു തന്നെ 32 ബിറ്റ് ഐ.പി അഡ്രസ്സ് ക്രമത്തിന്റെ പോരായ്മകള്‍ മനസ്സിലാക്കിയിരുന്നു. പുതിയക്രമം നിലവിലുള്ള രീതിയുമായി യോജിച്ചുപോവുന്നതുകൊണ്ട് ഇന്റര്‍നെറ്റിലെ ഡാറ്റാ കൈമാറ്റത്തെ ബാധിക്കാത്തവിധത്തില്‍ നെറ്റ്വര്‍ക്കുകളോ ഉപകരണങ്ങളോ അപ്ഗ്രേഡ് ചെയ്യുന്നതിന് ഒരു തടസ്സവുമില്ല. കംപ്യൂട്ടര്‍ സുരക്ഷയുടെ ഭാഗമായ എന്‍ക്രിപ്ഷന്‍, ഓഥന്റിക്കേഷന്‍ എന്നിവയ്ക്കും ഇതില്‍ മുഖ്യപരിഗണന നല്‍കിയിട്ടുണ്ട്. മാത്രമല്ല പഴയ സംവിധാനത്തില്‍ 'ഐപിസെക്' എന്ന സുരക്ഷാമാനദണ്ഡം വേണമെങ്കില്‍ ഉപയോഗിച്ചാല്‍ മതി എന്നതായിരുന്നു അവസ്ഥ. എന്നാല്‍ പുതിയ സംവിധാനത്തില്‍ ഇത് നിര്‍ബന്ധമാണ്. വ്യക്തമായ ഹെഡ്ഡറുകള്‍ സഹിതം സുരക്ഷിതവലയത്തിലൂടെ സുഗമമായി സഞ്ചരിക്കുന്ന ഡാറ്റാ പാക്കറ്റുകള്‍ നഷ്ടപ്പെടുന്നതിനുള്ള സാധ്യത കുറവാണ്. അത് പുതിയ സമ്പ്രദായത്തിന്റെ പ്രവര്‍ത്തനമികവ് കൂട്ടുകയാണ്.

ടി. വി. സിജു
tvsiju@gmail.com

Monday, June 21, 2010

സൌഹൃദത്തിലുമുണ്ട്
രഹസ്യപ്പൊലീസ് !


കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ രണ്ട് കുറ്റവാളികളെ ദിവസങ്ങള്‍ക്കുള്ളില്‍ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞത് അവരുടെ മൊബൈല്‍ഫോണിനെ പിന്തുടര്‍ന്നുള്ള അന്വേഷണത്താലാണ്. ഫോണ്‍സംഭാഷണവും അതിന്റെസ്ഥാനവും പിന്തുടരുന്നതിലൂടെ പൊലീസിന് പണി എളുപ്പമായി. ഭാര്യയെയും കാമുകിയെയും സുഹൃത്തുക്കളെയും ബന്ധപ്പെടാന്‍ ശ്രമിച്ചതാണ് ജയില്‍ച്ചാട്ടക്കാരെ കുരുക്കിയത്.
വിദേശരാജ്യങ്ങളില്‍ കുറ്റവാളികളെ പിടികൂടാന്‍ മൊബൈല്‍ഫോണിനെ മാത്രമല്ല കൂട്ടുപിടിക്കുര്‍ന്നത്. അമേരിക്കയിലും ബ്രിട്ടനിലും പൊലീസ് കുറ്റവാളികളെ തിരയുന്നത് ഇപ്പോള്‍ മൈക്രോബ്ളോഗിംഗ് - സൌഹൃദസൈറ്റുകളിലാണ്. സൌഹൃദസൈറ്റുകളില്‍ തപ്പിയാല്‍ പിടികിട്ടാപ്പുള്ളികളായി നടക്കുന്ന പലരെയും കിട്ടുമെന്ന അവസ്ഥയാണ് അവിടെ. കുറ്റകൃത്യം ചെയ്ത ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും കാമുകിയേയും ബന്ധപ്പെടുന്നത് മൊബൈല്‍ഫോണിനു പുറമെ സൌഹൃദസൈറ്റുകളിലൂടെയാണ്. ഇവയെ പിന്തുടര്‍ന്നാണ് പൊലീസ് കുറ്റവാളിയെ കണ്ടെത്തുന്നത്.
ഇതിനു സമാനമായൊരു നീക്കം ഇന്ത്യയിലും തുടങ്ങി. കര്‍ണ്ണാടക സി.ഐ.ഡി വിഭാഗമാണ് ആദ്യമായി പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യപടി എന്ന നിലയില്‍ ട്വിറ്ററിലും ഫേസ്ബുക്കിലും കര്‍ണ്ണാടക സി.ഐ.ഡി അംഗത്വമെടുത്തുകഴിഞ്ഞു. സി.ഐ.ഡി പോലുള്ള ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ സൌഹൃദസൈറ്റുകളില്‍ അംഗത്വമെടുക്കുന്നതോടെ പൊതുജനങ്ങളുമായി സമ്പര്‍ക്കമുണ്ടാകാനും സംവദിക്കാനും ഏറെ സൌകര്യമൊരുക്കും. പുറംലോകം അറിയാത്ത കുറ്റകൃത്യങ്ങള്‍ പോലും സൌഹൃദസൈറ്റുകളിലൂടെ വെളിപ്പെടുത്താന്‍ പലരും തയ്യാറാവുമെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രതീക്ഷ.
കേസിന്റെ പുരോഗതിയും മറ്റു വിവരങ്ങളും ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിനും സൌഹൃദകൂട്ടായ്മ ഉപയോഗപ്പെടുമെന്നാണ് കര്‍ണ്ണാടക സി.ഐ.ഡി വിഭാഗം തലവന്‍ നല്‍കുന്ന സൂചനകള്‍. പൊതുജനങ്ങള്‍ നല്‍കുന്ന സൂചനകളിലൂടെ സഞ്ചരിച്ചാല്‍ കുറ്റകൃത്യങ്ങളുടെ തുമ്പുണ്ടാക്കാന്‍ എളുപ്പമാകുമെന്ന കണക്കുകൂട്ടലിലാണ് സംഘം. 'ഡിജിപിസിഐഡികര്‍ണ്ണാടക' എന്നാണ് ഫേസ്ബുക്കിലെയും ട്വിറ്ററിലെയും സി. ഐ.ഡി കര്‍ണ്ണാടക ഡിവിഷന്റെ യൂസര്‍ നെയിം.
ഡല്‍ഹി പൊലീസിനും ട്വിറ്ററിലും ഫേസ്ബുക്കിലും അംഗത്വമുണ്ട്. ട്രാഫിക് സംബന്ധമായ കാര്യങ്ങള്‍, റാലികള്‍, റോഡ് ബ്ളോക്ക്, ആക്സിഡന്റ് തുടങ്ങി കാര്യങ്ങള്‍ ട്വിറ്ററിലൂടെ ജനങ്ങള്‍ക്ക് ഡല്‍ഹി പൊലീസ് ലഭ്യമാക്കി തുടങ്ങി. 2010 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മുന്നൊരുക്കമായി തുടങ്ങിയതാണെങ്കിലും മികച്ച പ്രതികരണമാണ് ഡല്‍ഹി പൊലീസിന് ലഭിക്കുന്നത്.
അതേസമയം, മഹാരാഷ്ട്ര സര്‍ക്കാര്‍ ഫേസ്ബുക്ക് സൌഹൃദസൈറ്റ് ഉപയോഗിക്കുന്നത് വിലക്കിയിരിക്കുകയാണ് ഗവണ്‍മെന്റ് ഓഫീസുകളില്‍. ജോലി സമയത്ത് ജീവനക്കാര്‍ ഫേസ്ബുക്കിലും മറ്റും 'അലഞ്ഞുതിരിയുന്നത്' വന്‍ സാമ്പത്തികനഷ്ടത്തിനു ഇടയാക്കുന്നുണ്ടെന്ന ഐ.ടി ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ ഫേസ്ബുക്ക് നിരോധിച്ചിരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമായി ഇന്റര്‍നെറ്റ് സേവനം പരിമിതപ്പെടുത്താനാണ് സര്‍ക്കാരിന്റെ നീക്കം.

ടി.വി.സിജു

Tuesday, May 25, 2010

വോട്ടിംഗ് മെഷീനും രക്ഷയില്ലേ?

ആഗോളതലത്തില്‍ തന്നെ ഏറെ സുരക്ഷിതമെന്ന് കരുതുന്ന ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലും നുഴഞ്ഞുകയറി തിരഞ്ഞെടുപ്പുഫലം മാറ്റിമറിക്കാനാവുമെന്ന അവകാശവാദവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം അവതരിപ്പിക്കപ്പെട്ടത്. ബാലറ്റ് പേപ്പര്‍ ഒഴിവാക്കി നിരവധി തിരഞ്ഞെടുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോഴാണ് പുതിയ ആരോപണം പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടി വോട്ട് തട്ടിയെന്ന് പരാതി ഉയര്‍ന്നിരുന്നു.
അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരും ഹൂസ്റ്റണ്‍ റൈസ് യൂണിവേഴ്സിറ്റിയിലെ അഡ്വാന്‍സ്ഡ് കംപ്യൂട്ടര്‍ സെക്യൂരിറ്റികോഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികളുമാണ് വോട്ടിംഗും വോട്ടെണ്ണലും സുഗമമാക്കിയ ഇലക്ടോണിക് വോട്ടിംഗ് മെഷീന്‍ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു മൊബൈല്‍ഫോണില്‍ നിന്ന് ടെക്സ്റ്റ് മെസേജുകള്‍ അയച്ചുപോലും റിസല്‍ട്ടില്‍ മാറ്റം വരുത്താവുന്ന രീതിയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ വരുതിയില്‍ നിര്‍ത്താം എന്നാണ് മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ അവകാശവാദം. മെഷീനില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകളില്‍ ചില്ലറ വ്യത്യാസങ്ങള്‍ വരുത്തിയാല്‍ കൃത്രിമം നടത്താന്‍ പറ്റുമെന്ന് റൈസ് യൂണിവേഴ്സിറ്റിവിദ്യാര്‍ത്ഥികളും.
പഠനത്തോടനുബന്ധിച്ചുള്ള 'റിയല്‍ലൈഫ്' പരീക്ഷണത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരമൊരു പരീക്ഷണം നടത്തിയത്. രണ്ട് ഘട്ടങ്ങളിലായി നടന്ന പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ മെഷീന്‍ സോഫ്റ്റ്വെയറില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി. ഇത് മെഷീന്‍ നല്‍കുന്ന അന്തിമഫലത്തില്‍ വ്യത്യാസം വരുത്തും. പക്ഷേ, ഈ കൃത്രിമംഅധികൃതര്‍ക്ക് മനസ്സിലാകില്ലെന്ന് മാത്രം.
രണ്ടാംഘട്ടം വോട്ടിംഗ് മെഷീനില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്‍ പരിശോധനയും മെഷീന്‍ പ്രവര്‍ത്തനക്ഷമമാണെന്നുള്ള അംഗീകാരവുമാണ്. അതും എളുപ്പത്തില്‍ പൂര്‍ത്തിയാവും. അതിലൊന്നും ഈ കൃത്രിമം പിടിക്കപ്പെടാന്‍ സാധ്യത വളരെക്കുറവ്. പിന്നെ ഇതിനെ ഏതുരീതിയിലും ഉപയോഗിക്കുകയുമാവാം. ഈ പരീക്ഷണ വിവരങ്ങള്‍ ലഭിച്ചാല്‍ മെഷീനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏതുമെഷീനിലും കൃത്രിമം സൃഷ്ടിക്കാനാവുമെന്നാണ് റൈസ് യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഡാന്‍ വല്ലാഹ് അന്ന് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കായി ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനിന്റെ സങ്കീര്‍ണ്ണത ക്ളാസ്സില്‍ ഉപയോഗിച്ച മെഷീനിന് ഇല്ലെങ്കിലും വിഗദ്ധരായവര്‍ക്ക് ഇതേരീതിയില്‍ ഏതു വോട്ടിംഗ് മെഷീനിലും മാറ്റങ്ങള്‍ വരുത്താവുന്നതേയുള്ളൂ എന്നാണ് ഡാന്‍ വല്ലാഹ് പറഞ്ഞത്.
യഥാര്‍ത്ഥ മെഷീനിലെ ഡിസ്പ്ളേയ്ക്ക് മുകളിലായി അതുപോലെ തോന്നിക്കുന്ന മറ്റൊരു ഡിസ്പ്ളേയും മൈക്രോപ്രോസസ്സറും ബ്ളൂടൂത്ത് റേഡിയോയും അടങ്ങുന്ന ചില സര്‍ക്യൂട്ടുകളും സ്ഥാപിച്ചാല്‍ കാര്യങ്ങള്‍ തിരഞ്ഞെടുപ്പുവിജയം എളുപ്പമാക്കാമെന്നാണ് മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ജെ അലക്സ് ഹാള്‍ഡര്‍മാന്റെ അഭിപ്രായം.
വോട്ടുകള്‍ എണ്ണുന്ന സമയത്ത് എത്ര വോട്ടുകള്‍ തങ്ങളുടെ സ്വന്തം സ്ഥാനാര്‍ത്ഥി നേടുമെന്ന് നേരത്തെ തന്നെ ഉറപ്പാക്കാന്‍ സാധിക്കുന്നവിധത്തിലാവും ഇതിന്റെ രൂപകല്പന. ഒരുതരത്തിലും കൃത്രിമം കാട്ടാന്‍ കഴിയുന്നതല്ല ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഒരാള്‍ക്കും തുറക്കാന്‍ പറ്റുന്ന വിധത്തിലല്ല ഇന്ത്യന്‍ വോട്ടിംഗ് മെഷീന്‍.
തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പു തന്നെ സ്ഥാനാര്‍ത്ഥികളും അവരുടെ പ്രതിനിധികളും മെഷീന്‍ പരിശോധിച്ച് ഉറപ്പുവരുത്താറുണ്ട്. പിന്നീട് അതില്‍ മുദ്ര വയ്ക്കും. പിന്നീട് തുറന്നുനോക്കണമെങ്കില്‍ ഈ മുദ്ര പൊളിക്കേണ്ടി വരും. പിന്നെ എങ്ങനെ കൃത്രിമം നടത്താന്‍ കഴിയും എന്നാണ് അധികാരികളുടെ ചോദ്യം.

ടി.വി.സിജു

Thursday, May 6, 2010


അശ്ളീലവൈറസ്: പണത്തിനായി
ഉപയോക്താക്കളെ ഭീഷണിപ്പെടുത്തുന്നു!


ഭീഷണിപ്പെടുത്തി പണംപിടുങ്ങുന്ന അശ്ളീലവൈറസും രംഗത്ത്. ജപ്പാനിലും യൂറോപ്പിലുമാണ് പുതിയ വൈറസ് ആക്രമണഭീഷണി നിലവിലുള്ളത്. രണ്ടിടങ്ങളിലും ഭീഷണിയുടെ സ്വരത്തില്‍ വ്യത്യാസങ്ങളുണ്ട്. ഫയല്‍ ഷെയറിംഗ് സൈറ്റുകളില്‍ നിന്നാണ് ഇത് നെറ്റ് ഉപയോക്താക്കളുടെ കംപ്യൂട്ടറിലെത്തുന്നത്.
ജപ്പാനീസ് ട്രോജന്‍ 200 മില്യണ്‍ കംപ്യൂട്ടറുകളെ ബാധിച്ചുകഴിഞ്ഞു. 'വിന്നി' എന്ന ഫയല്‍ ഷെയറിംഗ് സര്‍വ്വീസ് ഉപയോഗിച്ചവര്‍ക്കാണ് ഉപദ്രവം ഏറെയും. 'ഹെന്റായ് ജനര്‍' എന്ന ഗെയിമിന്റെ അനധികൃത കോപ്പി നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുന്നവരാണ് അശ്ളീലവൈറസിന്റെ വായില്‍ അകപ്പെടുന്നത്. 5500 പേരെയെങ്കിലും ഇത് ആദ്യഘട്ടത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് ജപ്പാനിലെ വെബ് സെക്യൂരിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന ട്രെന്‍ഡ് മൈക്രോ നല്‍കുന്ന സൂചനകള്‍.
ഗെയിം ഡൌണ്‍ലോഡ് ചെയ്യാന്‍ ചില വ്യക്തിഗത വിവരങ്ങള്‍ വെബ്സൈറ്റുകള്‍ ആവശ്യപ്പെടാറുണ്ട്. ഗെയിം ഡൌണ്‍ലോഡ് ആകുന്നതോടൊപ്പം ഈ വൈറസും സിസ്റ്റത്തിലേക്ക് നുഴഞ്ഞുകയറും. കോപ്പിറൈറ്റ് ഇല്ലാത്ത ഗെയിം ഉപയോഗിക്കാനായി തുനിയുമ്പോള്‍ തന്നെ സ്ക്രീനില്‍ ഭീഷണി സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെടും. കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി 1500 യെന്‍ അടയ്ക്കണമെന്നാകും. ഇല്ലെങ്കില്‍ നേരത്തെ നല്‍കിയ വിവരങ്ങളിലൂടെ നെറ്റ് ഉപയോക്താക്കളുടെ വെബ്ഹിസ്റ്ററി വിവരങ്ങള്‍ ചോര്‍ത്തി ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തുമെന്നാകും ഭീഷണി. മാന്യന്മാരുടെ വെബിലൂടെയുള്ള സഞ്ചാരം അശ്ളീലം തേടിയുള്ളതാണെന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ പലരും ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കും.
ജപ്പാനില്‍ ഇതാണ് രീതിയെങ്കില്‍ യൂറോപ്പില്‍ മറ്റൊരു പതിപ്പാണ്. ഇതില്‍ ഭീഷണിയില്‍ ചില മാറ്റങ്ങളുണ്ട്. ഐ.സി.സി.പി എന്നപേരില്‍ അറിയപ്പെടുന്ന കോപ്പിറൈറ്റ് ഫൌണ്ടേഷന്റെ പേരിലാണ് ഇവിടെ ഭീഷണി. ക്രെഡിറ്റ് കാര്‍ഡ് മുഖേന 400 ഡോളര്‍ അമേരിക്കന്‍ ഡോളര്‍ പിഴയയ്ക്കാനാണ് ആവശ്യപ്പെടുന്നത്. പൈസ ഒടുക്കിയില്ലെങ്കില്‍ ചെലവേറിയ കോടതി വ്യവഹാരത്തെയും തുടര്‍ന്നുണ്ടാകുന്ന ജയില്‍വാസത്തെയും കുറിച്ചായിരിക്കും ഓര്‍മ്മപ്പെടുത്തല്‍. ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ കൊടുത്താലോ അവര്‍ക്കാവശ്യമായ തുക എടുത്തശേഷം കാര്‍ഡിലെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് മറിച്ചുവില്‍ക്കുകയും ചെയ്യും.
ഇത്തരത്തിലുള്ള മെസേജുകള്‍ കംപ്യൂട്ടറില്‍ പൊങ്ങിവരുന്നുവെങ്കില്‍ അതിനെ ഗൌനിക്കാതെ ഉടന്‍ തന്നെ നല്ലൊരു ആന്റി-മാല്‍വെയര്‍ സ്കാനറിന്റെ സഹായം തേടുന്നതാണ് ഉചിതം. സ്കാനിംഗിലൂടെ വൈറസ്ബാധ ഒഴിവാക്കി കംപ്യൂട്ടറിന്റെ സുരക്ഷിതത്വം ഉറപ്പാക്കുക.

Wednesday, April 28, 2010

മൊബൈല്‍ ബാങ്കിംഗ് ജൂലായ് മുതല്‍
രാജ്യവ്യാപകമാക്കുന്നു


രാജ്യത്ത് മൊബൈല്‍ ബാങ്കിംഗ് സംവിധാനം ജൂലായ് മുതല്‍ വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. രാജ്യത്തെ 32 ബാങ്കുകള്‍ക്കാണ് അനുമതി. ഇതില്‍ 21 എണ്ണവും മൊബൈല്‍ ബാങ്കിംഗ് സൌകര്യങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ബാക്കിയുള്ള ബാങ്കുകളും വൈകാതെ ഈ സേവനം ലഭ്യമാക്കും.
ബാങ്കില്‍ പോകാതെ ഒരു അക്കൌണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് പണം മാറ്റാന്‍ സാധിക്കുമെന്നതാണ് പുതുസംവിധാനത്തിന്റെ മെച്ചം. മൊബൈല്‍ റീചാര്‍ജ്ജ് ചെയ്യാനും ടെലിഫോണ്‍ - ഇന്‍ഷ്വറന്‍സ് തുകയടക്കാനും ഇനി അതത് ഓഫീസുകളില്‍ ചെല്ലേണ്ട. ടിക്കറ്റിനു വേണ്ടി റെയില്‍വെ സ്റ്റേഷന്‍ കൌണ്ടറുകളില്‍ ക്യൂ നില്‍ക്കുകയും വേണ്ട. ഇതൊക്കെ മൊബൈല്‍ഫോണ്‍ വഴി ആകാമെന്നായിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങിയാല്‍ ബില്‍ തുക നല്‍കാന്‍ കച്ചവടക്കാരന്റെ മൊബൈല്‍ നമ്പര്‍ മാത്രം അറിഞ്ഞാല്‍ മതി. തുടര്‍ന്ന് നമ്മുടെ ഫോണില്‍ കടക്കാരന്റെ ബാങ്ക് അക്കൌണ്ട് നമ്പര്‍ മാത്രം അമര്‍ത്തിയാല്‍ മതിയാകും.
മൊബൈല്‍ ബാങ്കിംഗ് സേവനം ലഭിക്കുന്നതിനായി ബാങ്കില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടിവരും. അതോടൊപ്പം തങ്ങളുടെ മൊബൈല്‍ഫോണില്‍ ബാങ്കിന്റെ പ്രത്യേകസോഫ്റ്റ്വെയറും ഉള്‍പ്പെടുത്തണം. എങ്കില്‍ മാത്രമേ സേവനം പൂര്‍ണ്ണതോതില്‍ ഉപയോഗപ്പെടുത്താനാവൂ. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന കോഡ് (എം പിന്‍) ഉപയോഗിച്ചാവും പിന്നീടുള്ള സാമ്പത്തികഇടപാടുകള്‍ നടത്തുക. ഈ സര്‍വ്വീസ് വഴി പ്രതിദിനം അമ്പതിനായിരം രൂപ വരെയുള്ള ക്രയവിക്രയങ്ങള്‍ നടത്താന്‍ ഇപ്പോള്‍ മിക്ക ബാങ്കുകളും അനുവദിക്കുന്നുണ്ട്. രണ്ട് ലക്ഷം ഇടപാടുകളിലൂടെ ഒരു മാസം 12 കോടി രൂപ കൈമാറ്റം ചെയ്യപ്പെടുമെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ കണക്കുകൂട്ടല്‍.
ജനസംഖ്യയുടെ 41ശതമാനം പേര്‍ മൊബൈല്‍ ഉപയോക്താക്കളായുള്ളതില്‍ 46 ശതമാനം പേര്‍ക്കും ബാങ്ക് അക്കൌണ്ടുകള്‍ നിലവിലില്ലെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ഇതിന് പരിഹാരമാവുകയാണ് മൊബൈല്‍ ബാങ്കിംഗ്. 2013 ആവുമ്പോഴേക്കും 90 കോടി ജനങ്ങളും മൊബൈല്‍വരിക്കാരാവുമെന്ന കണക്കുകൂട്ടലുകളാണ് മൊബൈല്‍സേവനദാതാക്കള്‍ക്കുള്ളത്.

Tuesday, April 20, 2010



ഹാക്കിംഗ്:
കുട്ടിവില്ലന്‍മാര്‍
ഇന്റര്‍നെറ്റിലൂടെ മറ്റുള്ളവരുടെ കംപ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന വിദ്യ ഫലവത്തായി ഏറെയും പ്രയോജനപ്പെടുത്തുന്നത് കുട്ടികളാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു.

പരിണതഫലം എന്തെന്നു നോക്കാതെ എന്തും ചെയ്തുനോക്കാനുള്ള ഏറെ അഭിവാഞ്ഛ ഏറെയും കുട്ടികള്‍ക്കാണ്. അതുതന്നെയാണ് പല പ്രശ്നങ്ങളിലേക്കും കുട്ടികളെ എടുത്തുചാടിക്കുന്നതും. വിവരസാങ്കേതികവിദ്യാ മേഖലയിലുണ്ടാകുന്ന വളര്‍ച്ച കുട്ടികള്‍ സാകൂതം നിരീക്ഷിക്കുകയാണ്. പുതിയ കാര്യങ്ങള്‍ എന്തുതന്നെയായാലും അത് ചെയ്തുനോക്കാനായി ശ്രമം.
അനുവാദമില്ലാത്ത ഇന്റര്‍നെറ്റിലൂടെയും മറ്റും മറ്റുള്ളവരുടെ കംപ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന വിദ്യ ഫലവത്തായി ഏറെയും പ്രയോജനപ്പെടുത്തുന്നത് കുട്ടികളാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. അതോടൊപ്പം തന്നെ പതിനാറുകാരന്‍ തന്റെ ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക്ചെയ്ത് അപകീര്‍ത്തികരമായ അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്തതിന് അമ്മയ്ക്കെതിരെ കേസ്സും കൊടുത്തു. കാര്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിമറിയുന്നതിനിടയില്‍ ബ്രിട്ടനില്‍ നടന്ന സര്‍വ്വെ എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്.
സര്‍വെയില്‍ പങ്കെടുത്ത 26 ശതമാനം കുട്ടികളും ഒരിക്കലെങ്കിലും ഹാക്കിംഗ് നടത്താന്‍ ശ്രമിച്ചവരാണ്. കൂട്ടുകാരുടെ ഫേസ്ബുക്ക്, ഇ-മെയില്‍ അക്കൌണ്ടുകളില്‍ ഒളിഞ്ഞുനോക്കാനാണ് പലരും ശ്രമം നടത്തിനോക്കിയിട്ടുള്ളത്. തങ്ങള്‍ ചെയ്യുന്നത് കുറ്റകൃത്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് 78 ശതമാനം കുട്ടികള്‍ ഈ ശ്രമത്തിന് മുതിര്‍ന്നത്. പൊലീസും ഐ.ടി രംഗത്തെ സെക്യൂരിറ്റി കമ്പനിയും നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യങ്ങളൊക്കെ വെളിപ്പെട്ടിട്ടുള്ളത്.
19 വയസ്സിനു താഴെയുള്ള 1150 കുട്ടികളാണ് സര്‍വ്വെയുമായി സഹകരിച്ചത്. സ്വന്തം കംപ്യൂട്ടര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ സ്കൂളിലെ കംപ്യൂട്ടര്‍ ഉപയോഗപ്പെടുത്തിയോ ആണ് 50 ശതമാനം കുട്ടികളും അനധികൃത നുഴഞ്ഞുകയറ്റം -ക്രാക്കിംഗ,് നടത്തുന്നത്. ഭൂരിഭാഗവും വെറുതെ ഒരു രസത്തിനു വേണ്ടിയാണ് ക്രാക്കിംഗില്‍ മുഴുകിയതെങ്കില്‍ ചിലര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പോടെ തന്നെയാണ് അന്യരുടെ വിവരങ്ങള്‍ മോഷ്ടിച്ചത്. അഞ്ചു ശതമാനം പേര്‍ ജോലിയിലേക്കുള്ള ഒരു ചവിട്ടുപടിയായി ക്രാക്കിംഗിനെ കണ്ടുവെങ്കില്‍ മറ്റൊരു 20 ശതമാനം കുട്ടികളും ഇതിനെ സമീപിച്ചത് പണമുണ്ടാക്കാനായുള്ള മാര്‍ഗ്ഗമായാണ്.
കുട്ടികളില്‍ കുറ്റവാസന വളര്‍ത്തുന്ന ഹാക്കിംഗ് ഭ്രമം നിരുത്സാഹപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുളള ബോധവല്‍ക്കരണമാണ് അത്യാവശ്യം.
എന്നാല്‍, ഇന്ത്യയില്‍ 'എത്തിക്കല്‍ ഹാക്കര്‍'മാരുടെ ദൌര്‍ലഭ്യം കൂടുതലാണെന്ന് സൈബര്‍ സെക്യൂരിറ്റി മേലയില്‍ പ്രവര്‍ത്തിക്കുന്ന എത്തിക്കല്‍ ഹാക്കിംഗ് വിദഗ്ദ്ധന്‍ അങ്കിദ് ഫാദിയ അഭിപ്രായപ്പെട്ടു. നാസ്കോമിന്റെ ഒരു സര്‍വ്വെ പ്രകാരം സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാപാളിച്ചകള്‍ പരിഹരിക്കാന്‍ മതിയായ യോഗ്യതയുള്ള പ്രവൃത്തിപരിചയവുമുള്ള വിദഗ്ദ്ധരായ സെക്യൂരിറ്റി പ്രൊഫഷണലുകളെ ലഭിക്കാത്തത് വലിയ തലവേദനയാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വമ്പന്‍ കമ്പനികള്‍ക്കും ഗവണ്‍മെന്റ് ഏജന്‍സികള്‍ക്കും ആവശ്യമായ എത്തിക്കല്‍ ഹാക്കര്‍മാരെ കിട്ടാനില്ലാത്ത സ്ഥിതിയാണ്.

ടി.വി.സിജു

Monday, November 17, 2008

ബോംബുണ്ടാക്കാന്‍  
സഹായിയാവുന്നതും ഇന്റര്‍നെറ്റ്

കണ്ണൂര്‍: ഒരു ബോംബുണ്ടാക്കാന്‍ ഇന്ന് യാതൊരു പ്രയാസവുമില്ല. എല്ലാ സാങ്കേതികവിദ്യകളും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ മാത്രമല്ല വീഡിയോ വരെ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. രണ്ട് മിനിട്ടു മുതല്‍ അര മണിക്കൂറിലേറെ നീളുന്ന വീഡിയോ ചിത്രങ്ങളടക്കം നിര്‍മ്മാണരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നവയാണ് ഏറെയും. കഴിഞ്ഞ ദിവസം നൂറിലേറെ ബോംബുകള്‍ കണ്ണൂരില്‍ ഒരു രഹസ്യകേന്ദ്രത്തില്‍ നിന്ന് റെയ്ഡിലൂടെ പൊലീസ് കണ്ടെടുത്തിരുന്നു. ബോംബുണ്ടാക്കുന്നവരില്‍ പലരും ഇന്റര്‍നെറ്റിന്റെ സഹായം തേടുന്നുണ്ടെന്ന് സൂചനയുണ്ട്. പല സ്ഥലങ്ങളില്‍ നിന്ന് ലഭിക്കുന്ന ബോംബുകള്‍ക്ക് ഒരേ ചേരുവയും സ്ഫോടകശേഷിയുലുള്ള സാമ്യവും ഈ സംശയം ബലപ്പെടുത്തുന്നതാണ്. എങ്ങനെ ഒരു ബോംബുണ്ടാക്കാം? എന്ന സൂചകപദം ഉപയോഗിച്ച് ഇന്റര്‍നെറ്റിലെ സെര്‍ച്ചിന്‍ എന്‍ജിനില്‍ തിരയുകയേ വേണ്ടൂ. ആവശ്യമുള്ള വിവരങ്ങള്‍ വീഡിയോ അടക്കം മോണിറ്ററില്‍ തെളിയും. ബോംബ് നിര്‍മ്മിക്കാനാവശ്യമായ സാമഗ്രികള്‍, ചേര്‍ക്കേണ്ട മിശ്രിതങ്ങളുടെ കൃത്യ അളവ്, പൊടിക്കൈ, നിര്‍മ്മാണത്തിന്റെ എളുപ്പവിദ്യകള്‍, സ്ഫോടനശേഷി വര്‍ദ്ധിപ്പിക്കാനുള്ള മറ്റ് നിര്‍ദ്ദേശങ്ങള്‍ എന്നിവയെല്ലാം ഇത്തരം വെബ്സൈറ്റുകളില്‍ ലഭിക്കുന്നുണ്ട്. ഗ്രനേഡുകള്‍ മുതല്‍ പൈപ്പ് ബോംബുകള്‍ വരെയുള്ള സ്ഫോടകവസ്തുക്കളെക്കുറിച്ചുള്ള നിര്‍മ്മാണവിവരങ്ങളാണ് ചില സൈറ്റുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അക്രമോത്സുകത പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ആയിരക്കണക്കിന് വെബ്സൈറ്റുകളും ബ്ളോഗുകളും ഇന്റര്‍നെറ്റിലുണ്ട്. ഇവയുടെ പ്രവര്‍ത്തനമെല്ലാം ഒറ്റയടിക്ക് നിര്‍ത്തുക ആരുവിചാരിച്ചാലും അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു വെബ്സൈറ്റ് അടപ്പിച്ചാല്‍ പഴയ ഉള്ളടക്കം നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റൊരു പേരില്‍ അതിനടുത്ത ദിവസം ഇന്റര്‍നെറ്റിലെത്തും. തീവ്രവാദഭീഷണി ശക്തമാവുന്ന ഈ ഘട്ടത്തില്‍ ഇത്തരം വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ഒരു തടസ്സവുമില്ലാതെ ലഭ്യമാവുന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്. ഇവ ഇന്റര്‍നെറ്റില്‍ നിന്ന് അരിച്ചുമാറ്റാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ എത്രയുംവേഗം കൈകൊള്ളണമെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സികള്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശം

Kerala Kaumudi Flash,
Nov 17, 2008

Thursday, September 11, 2008

മരുന്നുകളെക്കുറിച്ച് എല്ലാം അറിയാന്‍
വിളിക്കൂ 0471-2445252

മരുന്നുകള്‍ കുറിച്ചുകൊടുക്കുന്ന ഡോക്ടര്‍ അവയെക്കുറിച്ച് രോഗികള്‍ക്ക് വിശദമായി പറഞ്ഞുകൊടുക്കണമെന്നാണ്. പക്ഷേ, ഇത് പലപ്പോഴും നടക്കാറില്ല. കഴിക്കുന്ന മരുന്നിന്റെ വിവരങ്ങള്‍ രോഗികള്‍ പൊതുവെ ചോദിക്കാറുമില്ല.
ഡോക്ടര്‍മാര്‍ പറഞ്ഞുതന്നാലും ഇല്ലെങ്കിലും മരുന്നിനെക്കുറിച്ച് ഇനി എല്ലാം അറിയാം. ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്ററിലേക്ക് 0471-2445252 എന്ന നമ്പറില്‍ വിളിക്കുകയേ വേണ്ടൂ. മരുന്നിനെക്കുറിച്ച് അറിയേണ്ടതെല്ലാം ആധികാരികമായി ലഭിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഈ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.
സംസ്ഥാന ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തിലാണ് സെന്ററിന്റെ പ്രവര്‍ത്തനം.
ഫാര്‍മസിയില്‍ മാസ്റ്റര്‍ ബിരുദം നേടിയ നാല് ജീവനക്കാര്‍ ഫോണില്‍ വരുന്ന സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു. മരുന്നുകളെക്കുറിച്ചറിയാന്‍ ഡോക്ടര്‍മാരും ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
ഡോക്ടറുടെ കുറിപ്പടിക്ക് കാക്കാതെ സ്വയംചികിത്സ എന്ന നിലയില്‍ മരുന്നുവാങ്ങി കഴിക്കുന്നവര്‍ വിരളമല്ല. പാര്‍ശ്വഫലങ്ങള്‍ അറിയാതെ വളരെ ലാഘവത്തോടെ മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ് ഇക്കൂട്ടര്‍. ഈയൊരു രീതിയെ പ്രതിരോധിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്.
ഇക്കഴിഞ്ഞ ജൂലായ് ഒന്‍പതിനാണ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇതേക്കുറിച്ച് അധികമാരും അറിയാത്തതുകൊണ്ടാവണം കാളുകളുടെ എണ്ണം പൊതുവെ കുറവാണ്.
'മൈക്രോമെഡക്സ്' പോലുള്ള മെഡിക്കല്‍ ഡാറ്റാബേസ് അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്ന് നല്‍കുന്നത്.
ചോദിക്കുന്ന വിവരങ്ങള്‍ തത്സമയം ലഭ്യമല്ലെങ്കില്‍ അവ സംഘടിപ്പിച്ച് ഉപയോക്താക്കളെ തിരിച്ച് വിളിക്കാനും ഇവര്‍ മറക്കാറില്ല. മരുന്നുകളുടെ ചേരുവ, ഉപയോഗക്രമം, അനുവര്‍ത്തിക്കേണ്ട ജീവിതശൈലി തുടങ്ങിയവയെക്കുറിച്ചും ഇവിടെ നിന്ന് വിവരങ്ങള്‍ ലഭിക്കും.


- ടി.വി. സിജു

(കേരളകൌമുദി, സെപ്തംബര്‍ 12, 2008)