Showing posts with label ഇന്റര്‍നെറ്റ്‌. Show all posts
Showing posts with label ഇന്റര്‍നെറ്റ്‌. Show all posts

Wednesday, September 8, 2010

പുതിയ രൂപവും ഭാവവുമായി
ഐ പി അഡ്രസ്സ്


ഇന്റര്‍നെറ്റിലേക്ക് ആര്‍ക്കും എപ്പോഴും കടന്നുചെല്ലാം. അതിന് ഒരു തടസ്സവുമില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ കംപ്യൂട്ടര്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റിലേക്ക് കണക്ട് ചെയ്യാന്‍ പറ്റില്ല. അമേരിക്കയിലാണെങ്കില്‍ അത് ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ സംഭവിക്കും. എന്താ ഞെട്ടിപ്പോയോ? സംഗതി സത്യമാണ്. ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഏതുപകരണങ്ങള്‍ക്കും കൃത്യമായ ഒരു മേല്‍വിലാസമുണ്ട്. ഈ വിലാസം ഉപയോഗിച്ചാണ് പരസ്പരം വിവരങ്ങള്‍ കൈമാറുന്നത്. നിശ്ചിതക്രമത്തില്‍ നല്‍കുന്ന ഈ മേല്‍വിലാസങ്ങള്‍ തീര്‍ന്നുപോയാലോ? പിന്നെ ഇന്റര്‍നെറ്റിലേക്കുള്ള വഴി അടഞ്ഞുതന്നെ കിടക്കും. അതാണ് ഇവിടെ സംഭവിക്കാന്‍ പോകുന്നത്.
അതിവേഗം വളരുന്ന ഇന്റര്‍നെറ്റിന് അഡ്രസ്സുകളുടെ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ത്രി ജി സ്പെക്ട്രം ലൈസന്‍സിംഗ് നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സെപ്തംബര്‍ മാസത്തോടെ മൂന്നാംതലമുറ മൊബൈല്‍സേവനങ്ങള്‍ രാജ്യവ്യാപകമാകും. മാത്രമല്ല വയര്‍ലെസ് ഉപകരണങ്ങളിലൂടെയുള്ള ഇന്റര്‍നെറ്റ് ഉപയോഗവും ക്രമാതീതമായി ഇനി വര്‍ദ്ധിക്കും. അതോടെ ഒരാള്‍ക്ക് തന്നെ നിരവധി ഐ.പി അഡ്രസ്സുകള്‍ ആവശ്യമായി വരും. ഇത് ഇന്ത്യയിലെ മാത്രം അവസ്ഥയല്ല. നിലവില്‍ അമേരിക്കയില്‍ 94 ശതമാനം വിലാസങ്ങളും നല്‍കിക്കഴിഞ്ഞു. ഇനി അവശേഷിക്കുന്ന അഡ്രസ്സുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തീരും. 25 വര്‍ഷത്തോളമായി ഉപയോഗിച്ചുവരുന്ന ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വേര്‍ഷന്‍ 4ന് പരിമിതികള്‍ കാരണം ഇനിയും മുന്നേറാനാവില്ല. അതുകൊണ്ട് പുതിയ രീതിയിലുള്ള 128 ബിറ്റ് വിലാസക്രമം (ഐ.പി വി 6) നടപ്പാക്കേണ്ടി വന്നിരിക്കുകയാണ്. ജൂണില്‍ തന്നെ പുതുതലമുറയിലെ അഡ്രസ്സുകള്‍ അമേരിക്കയില്‍ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.
ഇന്ത്യയില്‍ 18.4 മില്യണിലധികം അഡ്രസ്സുകള്‍ ഐ.പി വി4 ഇനത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ തലമുറ വിലാസങ്ങളിലേക്ക് മാറാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം തയ്യാറാക്കിക്കഴിഞ്ഞു. ഇന്ത്യയില്‍ മാര്‍ച്ച് 2012 ഓടെ പുതുക്കിയ അഡ്രസ്സുകള്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷ. ഇതിനു വേണ്ടി രാജ്യത്തെ ടെലികോം-ഇന്റര്‍നെറ്റ് സര്‍വ്വീസ് സേവനദാതാക്കള്‍ 2011 ഡിസംബര്‍ ആവുമ്പോഴേക്കും തങ്ങളുടെ ഉപകരണങ്ങള്‍ പുതിയ വിലാസങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി നേടിയിരിക്കണമെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. നിലവില്‍ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ്സ്
ഇന്റര്‍നെറ്റിലേതുപോലെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കംപ്യൂട്ടറുകളെ തിരിച്ചറിയുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ്സ് (ഐ.പി അഡ്രസ്സ്) എന്ന വിലാസമാണ് സഹായകമാവുന്നത്. ചില പ്രത്യേക നിയമങ്ങള്‍ അനുസരിച്ചാണ് ഇത് കംപ്യൂട്ടറുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഉദാഹരണത്തിന് 192.168.1.1 പോലുള്ള ചില നമ്പറുകളാണ് കംപ്യൂട്ടറിന്റെ വിലാസമായി മാറുന്നത്. നിലവില്‍ 32 ബിറ്റുകള്‍ അടിസ്ഥാനമാക്കിയുള്ള ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വേര്‍ഷന്‍ 4 (ഐ.പിവി4) ആണ് കംപ്യൂട്ടറുകള്‍ക്ക് പേരിടാന്‍ ഉപയോഗിച്ചിരുന്നത്. 25 വര്‍ഷത്തോളമായി നിലവിലുള്ള ഈ നിയമം പാലിക്കപ്പെടുമ്പോള്‍ 40.3കോടി ഇന്റര്‍നെറ്റ് അധിഷ്ഠിത ഉപകരണങ്ങള്‍ക്ക് മാത്രമേ വിലാസം നല്‍കാന്‍ സാധിക്കൂ. നിലവിലുള്ള വളര്‍ച്ചാനിരക്ക് തുടരുകയാണെങ്കില്‍ അടുത്ത വര്‍ഷത്തോടെ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുന്ന ഉപകരണങ്ങളുടെ എണ്ണം ഇതിലുമേറെയാകും. അതോടെ ഇന്റര്‍നെറ്റിലേക്ക് പുതിയ ഉപകരണങ്ങളെ ബന്ധപ്പെടുത്താനാവാതെ കുഴങ്ങും. ഇതിനു പരിഹാരമായാണ് 128 ബിറ്റുകള്‍ ഉപയോഗിക്കുന്ന ഐ.പി അഡ്രസ്സിന്റെ പുതിയ രീതി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ രീതിപ്രകാരം 340 ട്രില്യണ്‍ ട്രില്യണ്‍ ട്രില്യണ്‍ ഉപകരണങ്ങള്‍ക്ക് വിലാസം നല്‍കാനാവും.
ഇന്റര്‍നെറ്റ് ലോകരാജ്യങ്ങളില്‍ വ്യാപകമാവുന്നതിന് മുമ്പു തന്നെ 32 ബിറ്റ് ഐ.പി അഡ്രസ്സ് ക്രമത്തിന്റെ പോരായ്മകള്‍ മനസ്സിലാക്കിയിരുന്നു. പുതിയക്രമം നിലവിലുള്ള രീതിയുമായി യോജിച്ചുപോവുന്നതുകൊണ്ട് ഇന്റര്‍നെറ്റിലെ ഡാറ്റാ കൈമാറ്റത്തെ ബാധിക്കാത്തവിധത്തില്‍ നെറ്റ്വര്‍ക്കുകളോ ഉപകരണങ്ങളോ അപ്ഗ്രേഡ് ചെയ്യുന്നതിന് ഒരു തടസ്സവുമില്ല. കംപ്യൂട്ടര്‍ സുരക്ഷയുടെ ഭാഗമായ എന്‍ക്രിപ്ഷന്‍, ഓഥന്റിക്കേഷന്‍ എന്നിവയ്ക്കും ഇതില്‍ മുഖ്യപരിഗണന നല്‍കിയിട്ടുണ്ട്. മാത്രമല്ല പഴയ സംവിധാനത്തില്‍ 'ഐപിസെക്' എന്ന സുരക്ഷാമാനദണ്ഡം വേണമെങ്കില്‍ ഉപയോഗിച്ചാല്‍ മതി എന്നതായിരുന്നു അവസ്ഥ. എന്നാല്‍ പുതിയ സംവിധാനത്തില്‍ ഇത് നിര്‍ബന്ധമാണ്. വ്യക്തമായ ഹെഡ്ഡറുകള്‍ സഹിതം സുരക്ഷിതവലയത്തിലൂടെ സുഗമമായി സഞ്ചരിക്കുന്ന ഡാറ്റാ പാക്കറ്റുകള്‍ നഷ്ടപ്പെടുന്നതിനുള്ള സാധ്യത കുറവാണ്. അത് പുതിയ സമ്പ്രദായത്തിന്റെ പ്രവര്‍ത്തനമികവ് കൂട്ടുകയാണ്.

ടി. വി. സിജു
tvsiju@gmail.com

Monday, July 26, 2010

ബ്രോന്‍ഡ്ബാന്റ് വേണോ
ഈ പശു മേഞ്ഞു നടന്നോട്ടെ...



ഇന്ത്യയിലെമ്പാടും ബ്രോന്‍ഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കാന്‍ വിവിധ സെല്ലുലാര്‍ ഫോണ്‍ കമ്പനികളോടൊപ്പം രാജ്യത്തെ ഗവണ്‍മെന്റ് അധീനതയിലുള്ള കമ്പനികളും മത്സരിക്കുകയാണ്. നഗരങ്ങളെന്നോ കുഗ്രാമമെന്നോ വകതിരിവില്ലാതെയാണ് മത്സരം. അതിനായി രാജ്യവ്യാപകമായി തലങ്ങും വിലങ്ങും ഫൈബര്‍ ഒപ്ടിക് കേബിളുകള്‍ പലരും കുഴിച്ചിട്ടിട്ടുമുണ്ട്. ചില കമ്പനികള്‍ ഇപ്പോഴും ആ പ്രവൃത്തി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇന്ത്യയിലെ അവസ്ഥ ഇതാണെങ്കില്‍ ബ്രിട്ടനില്‍ കുറച്ചുകൂടി രസകരമായ പദ്ധതിയാണ് നടപ്പിലാക്കാന്‍ പോവുന്നത്.
പശുവിന്റെ സഹായത്തോടെ ഇവിടുത്തെ കുഗ്രാമങ്ങളില്‍ പോലും ബ്രോഡ്ബാന്‍ഡ് സംവിധാനം എത്തിക്കാനാവുമെന്നാണ് ബ്രിട്ടനിലെ അഡര്‍ലി ഇന്റര്‍നെറ്റ് എന്ന ഇന്റര്‍നെറ്റ് സര്‍വ്വീസ്ദാതാവിന്റെ കണ്ടുപിടുത്തം. സര്‍വ്വീസ്ദാതാക്കളില്‍ ഇവര്‍ തുടക്കക്കാരാണെങ്കിലും പ്രഖ്യാപിച്ചിരിക്കുന്ന പൈലറ്റ് പ്രോജക്ട് വ്യത്യസ്തയുള്ളതാണ്.
സംഗതി എളുപ്പമാണ്; കുഗ്രാമങ്ങളില്‍ പോയി മേയുന്ന പശുവിന്റെ കഴുത്തില്‍ ഒരു വൈ-ഫൈ ട്രാന്‍സ്മിറ്റര്‍ കെട്ടിക്കൊടുക്കുക. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ബ്രോഡ്ബാന്‍ഡ് സൌകര്യമൊരുക്കുന്ന സ്ഥലങ്ങളില്‍ സിഗ്നലിന്റെ ശേഷി കുറയുന്നത് ഇന്റര്‍നെറ്റ് സര്‍ഫിംഗിനെ ദോഷകരമായി ബാധിക്കും. ഈയൊരു പ്രശ്നം പരിഹരിക്കാന്‍ പശുവിന്റെ കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ട്രാന്‍സ്മിറ്റര്‍ തന്നെ ധാരാളമാണെന്ന കണ്ടുപിടുത്തമാണ് ഇവരുടേത്. അഞ്ചു മൈല്‍ ചുറ്റളവിലുള്ള പ്രദേശത്ത് സിഗ്നലിന്റെ റേഞ്ചും ശേഷിയും എട്ട് മടങ്ങോളം കൂട്ടാന്‍ പര്യാപ്തമാണ് ഈ പുതിയ പശു ബ്രോഡ്ബാന്‍ഡ് സംവിധാനമാണെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. മൂ-ബൈല്‍ ബ്രോഡ്ബാന്‍ഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇംഗ്ളീഷില്‍ മൂ എന്നാല്‍ പശുവിന്റെ അമര്‍ച്ച എന്നാണ് അര്‍ത്ഥം.
മ്യൂണിക്കിലെ ഫന്റാസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. എ. ബുള്ളറാണ് ഈയൊരു ആശയം കൊണ്ടുവന്നിരിക്കുന്നത്. സാധാരണ ബ്രോഡ്ബാന്‍ഡ് സേവനം ഒരുക്കുന്നതിനുള്ള ചെലവിന്റെ ഏഴയലത്തുപോലും വരികയില്ല. പശുവിന്റെ താടിയെല്ലിന്റെ ചലനത്തില്‍ നിന്നാണ് ട്രാന്‍സ്മിറ്ററിന് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജംലഭിക്കുന്നത്. ഈ പൈലറ്റ് പദ്ധതിയില്‍ പങ്കെടുക്കുന്ന പശുവിന്റെ ഉടമസ്ഥന് പ്രതിമാസം ഒന്നിന് 500 പൌണ്ട് എന്ന നിരക്കില്‍ പ്രതിഫലവും ലഭിക്കും. ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് ബ്രോഡ്ബാന്‍ഡ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഈ പദ്ധതി ഏറെ സഹായകമാവുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. എവിടെയാണ് ആ പശു എന്ന് നോക്കിയിരിക്കുകയാണ് ഞങ്ങളെന്ന് അവിടുത്തെ നാട്ടുകാരും.
അവിടെ പശുവിനെ അങ്ങനെയാണ് കയറൂരി വിട്ടിരിക്കുന്നതെങ്കില്‍ ബയോഗ്യാസ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളുമായി മുന്നോട്ടുപോവുകയാണ് എച്ച്.പി. ലാബ്സിലെ ഗവേഷകര്‍. നിരവധി കംപ്യൂട്ടറുകള്‍ ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെന്ററിന്റെ പ്രവര്‍ത്തനത്തിന് ബയോഗ്യാസ് വൈദ്യുതി ധാരാളമാണെന്ന കണ്ടെത്താലാണ് ഫോണിക്സില്‍ നടന്ന അന്തര്‍ദ്ദേശീയ ഊര്‍ജ്ജ ശില്പശാലയില്‍ ഗവേഷകര്‍ അവതരിപ്പിച്ച പ്രബന്ധം. പതിനായിരം പശുക്കളെങ്കിലുമുള്ള ഒരു ഫാമിലെ ചാണകം ഉപയോഗിച്ച് ബയോഗ്യാസ് പ്ളാന്റ് വഴി ഒരു മെഗാവാട്ട് വൈദ്യുതിയെങ്കിലും ഉല്പാദിപ്പിക്കാന്‍ കഴിയും. ഒരു പശു പ്രതിദിനം പുറന്തള്ളുന്ന ചാണകം ഉപയോഗിച്ച് മൂന്ന് കിലോവാട്ട് വൈദ്യുതിയെങ്കിലും ഉല്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്ക്. മൂന്ന് ടെലിവിഷന്‍ സെറ്റുകള്‍ ഒരു ദിവസം മുഴുവന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ വൈദ്യുതി മതി.
മുടങ്ങാതെ വൈദ്യുതി ലഭിക്കുന്ന സ്ഥലങ്ങളായിട്ടുപോലും അമേരിക്കയിലെ നോര്‍ത്ത് കരോലിന, അയോവ എന്നിവിടങ്ങളില്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വന്‍കിട കമ്പനികള്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതിനായി ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇത്തരം ഒരു ഫാം സ്ഥാപിച്ചാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ അതിന്റെ കടബാധ്യതകള്‍ വീട്ടിതീര്‍ക്കാം. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഡാറ്റാ സെന്ററുകള്‍ക്ക് ചാണകം നല്‍കുന്ന വകയില്‍ മാത്രം രണ്ട് മില്യണ്‍ അമേരിക്കന്‍ ഡോളര്‍ വരുമാനം നേടുകയുമാവാം.

ടി.വി. സിജു
July 26, 2010

Monday, June 21, 2010

സൌഹൃദത്തിലുമുണ്ട്
രഹസ്യപ്പൊലീസ് !


കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ രണ്ട് കുറ്റവാളികളെ ദിവസങ്ങള്‍ക്കുള്ളില്‍ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞത് അവരുടെ മൊബൈല്‍ഫോണിനെ പിന്തുടര്‍ന്നുള്ള അന്വേഷണത്താലാണ്. ഫോണ്‍സംഭാഷണവും അതിന്റെസ്ഥാനവും പിന്തുടരുന്നതിലൂടെ പൊലീസിന് പണി എളുപ്പമായി. ഭാര്യയെയും കാമുകിയെയും സുഹൃത്തുക്കളെയും ബന്ധപ്പെടാന്‍ ശ്രമിച്ചതാണ് ജയില്‍ച്ചാട്ടക്കാരെ കുരുക്കിയത്.
വിദേശരാജ്യങ്ങളില്‍ കുറ്റവാളികളെ പിടികൂടാന്‍ മൊബൈല്‍ഫോണിനെ മാത്രമല്ല കൂട്ടുപിടിക്കുര്‍ന്നത്. അമേരിക്കയിലും ബ്രിട്ടനിലും പൊലീസ് കുറ്റവാളികളെ തിരയുന്നത് ഇപ്പോള്‍ മൈക്രോബ്ളോഗിംഗ് - സൌഹൃദസൈറ്റുകളിലാണ്. സൌഹൃദസൈറ്റുകളില്‍ തപ്പിയാല്‍ പിടികിട്ടാപ്പുള്ളികളായി നടക്കുന്ന പലരെയും കിട്ടുമെന്ന അവസ്ഥയാണ് അവിടെ. കുറ്റകൃത്യം ചെയ്ത ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും കാമുകിയേയും ബന്ധപ്പെടുന്നത് മൊബൈല്‍ഫോണിനു പുറമെ സൌഹൃദസൈറ്റുകളിലൂടെയാണ്. ഇവയെ പിന്തുടര്‍ന്നാണ് പൊലീസ് കുറ്റവാളിയെ കണ്ടെത്തുന്നത്.
ഇതിനു സമാനമായൊരു നീക്കം ഇന്ത്യയിലും തുടങ്ങി. കര്‍ണ്ണാടക സി.ഐ.ഡി വിഭാഗമാണ് ആദ്യമായി പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യപടി എന്ന നിലയില്‍ ട്വിറ്ററിലും ഫേസ്ബുക്കിലും കര്‍ണ്ണാടക സി.ഐ.ഡി അംഗത്വമെടുത്തുകഴിഞ്ഞു. സി.ഐ.ഡി പോലുള്ള ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ സൌഹൃദസൈറ്റുകളില്‍ അംഗത്വമെടുക്കുന്നതോടെ പൊതുജനങ്ങളുമായി സമ്പര്‍ക്കമുണ്ടാകാനും സംവദിക്കാനും ഏറെ സൌകര്യമൊരുക്കും. പുറംലോകം അറിയാത്ത കുറ്റകൃത്യങ്ങള്‍ പോലും സൌഹൃദസൈറ്റുകളിലൂടെ വെളിപ്പെടുത്താന്‍ പലരും തയ്യാറാവുമെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രതീക്ഷ.
കേസിന്റെ പുരോഗതിയും മറ്റു വിവരങ്ങളും ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിനും സൌഹൃദകൂട്ടായ്മ ഉപയോഗപ്പെടുമെന്നാണ് കര്‍ണ്ണാടക സി.ഐ.ഡി വിഭാഗം തലവന്‍ നല്‍കുന്ന സൂചനകള്‍. പൊതുജനങ്ങള്‍ നല്‍കുന്ന സൂചനകളിലൂടെ സഞ്ചരിച്ചാല്‍ കുറ്റകൃത്യങ്ങളുടെ തുമ്പുണ്ടാക്കാന്‍ എളുപ്പമാകുമെന്ന കണക്കുകൂട്ടലിലാണ് സംഘം. 'ഡിജിപിസിഐഡികര്‍ണ്ണാടക' എന്നാണ് ഫേസ്ബുക്കിലെയും ട്വിറ്ററിലെയും സി. ഐ.ഡി കര്‍ണ്ണാടക ഡിവിഷന്റെ യൂസര്‍ നെയിം.
ഡല്‍ഹി പൊലീസിനും ട്വിറ്ററിലും ഫേസ്ബുക്കിലും അംഗത്വമുണ്ട്. ട്രാഫിക് സംബന്ധമായ കാര്യങ്ങള്‍, റാലികള്‍, റോഡ് ബ്ളോക്ക്, ആക്സിഡന്റ് തുടങ്ങി കാര്യങ്ങള്‍ ട്വിറ്ററിലൂടെ ജനങ്ങള്‍ക്ക് ഡല്‍ഹി പൊലീസ് ലഭ്യമാക്കി തുടങ്ങി. 2010 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മുന്നൊരുക്കമായി തുടങ്ങിയതാണെങ്കിലും മികച്ച പ്രതികരണമാണ് ഡല്‍ഹി പൊലീസിന് ലഭിക്കുന്നത്.
അതേസമയം, മഹാരാഷ്ട്ര സര്‍ക്കാര്‍ ഫേസ്ബുക്ക് സൌഹൃദസൈറ്റ് ഉപയോഗിക്കുന്നത് വിലക്കിയിരിക്കുകയാണ് ഗവണ്‍മെന്റ് ഓഫീസുകളില്‍. ജോലി സമയത്ത് ജീവനക്കാര്‍ ഫേസ്ബുക്കിലും മറ്റും 'അലഞ്ഞുതിരിയുന്നത്' വന്‍ സാമ്പത്തികനഷ്ടത്തിനു ഇടയാക്കുന്നുണ്ടെന്ന ഐ.ടി ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ ഫേസ്ബുക്ക് നിരോധിച്ചിരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമായി ഇന്റര്‍നെറ്റ് സേവനം പരിമിതപ്പെടുത്താനാണ് സര്‍ക്കാരിന്റെ നീക്കം.

ടി.വി.സിജു

Tuesday, May 25, 2010

വോട്ടിംഗ് മെഷീനും രക്ഷയില്ലേ?

ആഗോളതലത്തില്‍ തന്നെ ഏറെ സുരക്ഷിതമെന്ന് കരുതുന്ന ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലും നുഴഞ്ഞുകയറി തിരഞ്ഞെടുപ്പുഫലം മാറ്റിമറിക്കാനാവുമെന്ന അവകാശവാദവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം അവതരിപ്പിക്കപ്പെട്ടത്. ബാലറ്റ് പേപ്പര്‍ ഒഴിവാക്കി നിരവധി തിരഞ്ഞെടുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോഴാണ് പുതിയ ആരോപണം പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടി വോട്ട് തട്ടിയെന്ന് പരാതി ഉയര്‍ന്നിരുന്നു.
അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരും ഹൂസ്റ്റണ്‍ റൈസ് യൂണിവേഴ്സിറ്റിയിലെ അഡ്വാന്‍സ്ഡ് കംപ്യൂട്ടര്‍ സെക്യൂരിറ്റികോഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികളുമാണ് വോട്ടിംഗും വോട്ടെണ്ണലും സുഗമമാക്കിയ ഇലക്ടോണിക് വോട്ടിംഗ് മെഷീന്‍ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു മൊബൈല്‍ഫോണില്‍ നിന്ന് ടെക്സ്റ്റ് മെസേജുകള്‍ അയച്ചുപോലും റിസല്‍ട്ടില്‍ മാറ്റം വരുത്താവുന്ന രീതിയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ വരുതിയില്‍ നിര്‍ത്താം എന്നാണ് മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ അവകാശവാദം. മെഷീനില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകളില്‍ ചില്ലറ വ്യത്യാസങ്ങള്‍ വരുത്തിയാല്‍ കൃത്രിമം നടത്താന്‍ പറ്റുമെന്ന് റൈസ് യൂണിവേഴ്സിറ്റിവിദ്യാര്‍ത്ഥികളും.
പഠനത്തോടനുബന്ധിച്ചുള്ള 'റിയല്‍ലൈഫ്' പരീക്ഷണത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരമൊരു പരീക്ഷണം നടത്തിയത്. രണ്ട് ഘട്ടങ്ങളിലായി നടന്ന പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ മെഷീന്‍ സോഫ്റ്റ്വെയറില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി. ഇത് മെഷീന്‍ നല്‍കുന്ന അന്തിമഫലത്തില്‍ വ്യത്യാസം വരുത്തും. പക്ഷേ, ഈ കൃത്രിമംഅധികൃതര്‍ക്ക് മനസ്സിലാകില്ലെന്ന് മാത്രം.
രണ്ടാംഘട്ടം വോട്ടിംഗ് മെഷീനില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്‍ പരിശോധനയും മെഷീന്‍ പ്രവര്‍ത്തനക്ഷമമാണെന്നുള്ള അംഗീകാരവുമാണ്. അതും എളുപ്പത്തില്‍ പൂര്‍ത്തിയാവും. അതിലൊന്നും ഈ കൃത്രിമം പിടിക്കപ്പെടാന്‍ സാധ്യത വളരെക്കുറവ്. പിന്നെ ഇതിനെ ഏതുരീതിയിലും ഉപയോഗിക്കുകയുമാവാം. ഈ പരീക്ഷണ വിവരങ്ങള്‍ ലഭിച്ചാല്‍ മെഷീനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏതുമെഷീനിലും കൃത്രിമം സൃഷ്ടിക്കാനാവുമെന്നാണ് റൈസ് യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഡാന്‍ വല്ലാഹ് അന്ന് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കായി ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനിന്റെ സങ്കീര്‍ണ്ണത ക്ളാസ്സില്‍ ഉപയോഗിച്ച മെഷീനിന് ഇല്ലെങ്കിലും വിഗദ്ധരായവര്‍ക്ക് ഇതേരീതിയില്‍ ഏതു വോട്ടിംഗ് മെഷീനിലും മാറ്റങ്ങള്‍ വരുത്താവുന്നതേയുള്ളൂ എന്നാണ് ഡാന്‍ വല്ലാഹ് പറഞ്ഞത്.
യഥാര്‍ത്ഥ മെഷീനിലെ ഡിസ്പ്ളേയ്ക്ക് മുകളിലായി അതുപോലെ തോന്നിക്കുന്ന മറ്റൊരു ഡിസ്പ്ളേയും മൈക്രോപ്രോസസ്സറും ബ്ളൂടൂത്ത് റേഡിയോയും അടങ്ങുന്ന ചില സര്‍ക്യൂട്ടുകളും സ്ഥാപിച്ചാല്‍ കാര്യങ്ങള്‍ തിരഞ്ഞെടുപ്പുവിജയം എളുപ്പമാക്കാമെന്നാണ് മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ജെ അലക്സ് ഹാള്‍ഡര്‍മാന്റെ അഭിപ്രായം.
വോട്ടുകള്‍ എണ്ണുന്ന സമയത്ത് എത്ര വോട്ടുകള്‍ തങ്ങളുടെ സ്വന്തം സ്ഥാനാര്‍ത്ഥി നേടുമെന്ന് നേരത്തെ തന്നെ ഉറപ്പാക്കാന്‍ സാധിക്കുന്നവിധത്തിലാവും ഇതിന്റെ രൂപകല്പന. ഒരുതരത്തിലും കൃത്രിമം കാട്ടാന്‍ കഴിയുന്നതല്ല ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഒരാള്‍ക്കും തുറക്കാന്‍ പറ്റുന്ന വിധത്തിലല്ല ഇന്ത്യന്‍ വോട്ടിംഗ് മെഷീന്‍.
തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പു തന്നെ സ്ഥാനാര്‍ത്ഥികളും അവരുടെ പ്രതിനിധികളും മെഷീന്‍ പരിശോധിച്ച് ഉറപ്പുവരുത്താറുണ്ട്. പിന്നീട് അതില്‍ മുദ്ര വയ്ക്കും. പിന്നീട് തുറന്നുനോക്കണമെങ്കില്‍ ഈ മുദ്ര പൊളിക്കേണ്ടി വരും. പിന്നെ എങ്ങനെ കൃത്രിമം നടത്താന്‍ കഴിയും എന്നാണ് അധികാരികളുടെ ചോദ്യം.

ടി.വി.സിജു

Monday, May 17, 2010

തടവുകാരനും
വൈറ്റ് കോളര്‍ ജോലി !


തടവുകാരുടെ താല്പര്യങ്ങള്‍ക്കും യോഗ്യതയ്ക്കുമനുസരിച്ചാണ് ജോലി സാധ്യതാപട്ടിക തയ്യാറാക്കുക. ഈ ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കും. ആദ്യഘട്ടം ഡാറ്റാ എന്‍ട്രി ജോലി മാത്രമാവും. കാള്‍സെന്ററുകളിലേതുപോലെ ശബ്ദാധിഷ്ഠിത സേവനങ്ങള്‍ ജയിലില്‍ ഒരുക്കുന്ന കമ്പനിയിലുണ്ടാവില്ല.


ജയിലില്‍ പരിസരശുചീകരണവും മണ്ണെടുപ്പും കല്ലുവെട്ടും കൃഷിയും മറ്റുമായിരുന്നു ഇതുവരെ തടവുകാര്‍ക്കുണ്ടായിരുന്ന ജോലി. അതൊക്കെമാറി ഹൈടെക് ജോലിക്കായി തയ്യാറെടുക്കുകയാണ് തടവുപുള്ളികള്‍. ഹൈദരാബാദിലെ ചെര്‍ളപ്പള്ളി സെന്‍ട്രല്‍ജയിലിലാണ് പുതുസംരംഭം ഒരുങ്ങുന്നത്.
റേഡിയന്‍ഡ് ഇന്‍ഫോ സിസ്റ്റം എന്ന ഇന്ത്യന്‍ കമ്പനി ജയിലിനുള്ളില്‍ ഒരുക്കുന്ന ബിസിനസ്സ് പ്രോസസ്സ് ഔട്ട്സോഴ്സിംഗ് (ബി.പി.ഒ) സെന്ററിലാവും ഇനി തടവുകാര്‍ക്കുള്ള വൈറ്റ്കോളര്‍ ജോലി. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ സംരംഭമായിരിക്കുമിത്.
കൊലപാതകം അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് ജോലിയില്‍ പ്രവേശിക്കാനുള്ള അര്‍ഹത. ശിക്ഷിക്കാനുണ്ടായ കാരണം പിടിച്ചുപറി, തട്ടിപ്പ് തുടങ്ങിയവയാണെങ്കില്‍ ഇവിടെ ജോലിയുമില്ല. ജയില്‍ മതില്‍ക്കെട്ടിനുള്ളില്‍ തന്നെ ഒരുങ്ങുന്ന കോള്‍സെന്ററില്‍ 250 പേര്‍ക്ക് ജോലി ലഭിക്കും.
ഇന്ത്യന്‍ കമ്പനികള്‍ക്കു വേണ്ടി ഇന്‍ഷ്വറന്‍സ് ക്ളെയിം ഫോം വിവരങ്ങളും ബാങ്ക് അക്കൌണ്ട് അപ്ളിക്കേഷനുമുള്ള ഡാറ്റയും കൈകാര്യം ചെയ്യലാവും ആദ്യ ജോലി. രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് തടവുകാരെ ഒഴിവാക്കും. മൂന്ന് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ പ്രതിദിനം 120 രൂപയാണ് ഒരു തൊഴിലാളിക്കുള്ള പ്രതിഫലം. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്നതോടെ ജോലിയില്‍ സ്ഥിരനിയമനവും ലഭിക്കും.
തടവുകാരുടെ താല്പര്യങ്ങള്‍ക്കും യോഗ്യതയ്ക്കുമനുസരിച്ചാണ് ജോലി സാധ്യതാപട്ടിക തയ്യാറാക്കുക. ഈ ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദഗ്ദ്ധ പരിശീലനവും നല്‍കും. ആദ്യഘട്ടം ഡാറ്റാ എന്‍ട്രി ജോലി മാത്രമാവും. സാധാരണ കാള്‍സെന്ററുകളിലേതുപോലെ ശബ്ദാധിഷ്ഠിത സേവനങ്ങള്‍ ജയിലില്‍ ഒരുക്കുന്ന കമ്പനിയിലുണ്ടാവില്ല.
സ്ത്രീധന-കൊലപാതക കേസുകളില്‍പ്പെട്ട് ജയിലിലാകുന്നവരില്‍ ഭൂരിപക്ഷവും ഉന്നത ബിരുദധാരികളാണ്. സ്ത്രീധനം കുറഞ്ഞെന്ന പരാതിയില്‍ ഭാര്യയെയോ ഭാര്യയുടെ പിതാവിനെയോ കൊന്ന് ജയിലെത്തിയവരാണ് കൂടുതലും. കുടുംബബന്ധങ്ങളുടെ പരാജയത്തിനാണ് പലരും ഇരയാകുന്നത്.ഈയൊരു സാഹചര്യമാണ് ജയിലില്‍ ഇങ്ങനെയൊരു പദ്ധതി തുടങ്ങാന്‍ കമ്പനി അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത്. സെന്റര്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ജയില്‍ വകുപ്പുമായി കമ്പനി അധികൃതര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു.

Monday, May 10, 2010

ഡ്രാഗണ്‍ പോയന്റുമായി
ഗൂഗിള്‍ ടി.വി യിലേക്ക്


ടി.വിയിലൂടെ ഇന്റര്‍നെറ്റ് ബ്രൌസ് ചെയ്യാനായി ഗൂഗിള്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ മാറ്റിയെടുക്കുകയാണ്. ഡ്രാഗണ്‍പോയന്റ്- എന്നാണ് അതിന്റെ പേര്.

ഗൂഗിള്‍ സര്‍വ്വവ്യാപിയാവുകയാണ്. കംപ്യൂട്ടറിലൂടെ മാത്രമല്ല ഇനി ടി.വിയിലൂടെയും ഗൂഗിള്‍ നമ്മെ തേടിയെത്തും. ടെലിവിഷനിലേക്കുള്ള 'കടന്നുകയറ്റ'ത്തിന് ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ് രംഗത്തെ അതികായരായ ഗൂഗിള്‍ തയ്യാറെടുത്തുക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഗൂഗിളിന്റെ കടന്നുവരവ് ടെലിവിഷന്‍ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാവും.
ടി.വിയിലൂടെ ഇന്റര്‍നെറ്റ് ബ്രൌസ് ചെയ്യാനായി ഗൂഗിള്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ മാറ്റിയെടുക്കുകയാണ്. ഡ്രാഗണ്‍പോയന്റ്- ഇതാണ് അതിന്റെ പേര്. ഡിജിറ്റല്‍ യുഗത്തില്‍ ടെലിവിഷന്‍ ത്രി ഡി യുഗത്തിലേക്ക് മാറാന്‍ തുടങ്ങുമ്പോഴാണ് ദൃശ്യമാധ്യമത്തെ വരുതിയിലാക്കാന്‍ ഇന്റര്‍നെറ്റ് അതികായരായ ഗൂഗിള്‍ എത്തുന്നത്.
എല്ലാം ഒരു കുടക്കീഴിലേക്ക് ഒതുക്കിനിര്‍ത്താനുള്ള ഗൂഗിളിന്റെ പദ്ധതിക്ക് ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാണരംഗത്തെ പ്രമുഖരും തങ്ങളുടെ സഹകരണം ഉറപ്പാക്കിക്കഴിഞ്ഞു. ടെലിവിഷന് വേണ്ടിയുള്ള ഇന്റര്‍ഫേസ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഗൂഗിള്‍ നേരത്തെ തന്നെ ഇന്റല്‍, സോണി, ലോജിടെക് തുടങ്ങിയ കമ്പനികളുമായി കരാറുകളുണ്ടാക്കിയിട്ടുണ്ട്. പുതിയ പ്രോജക്ടില്‍ ഇന്റല്‍ ആറ്റം ചിപ്പുകള്‍ അടിസ്ഥാനമാക്കി സോണി സെറ്റ് ടോപ്പ് ബോക്സുകള്‍ നിര്‍മ്മിക്കും. ഇതിനു വേണ്ട റിമോട്ട് കണ്‍ട്രോള്‍ അടങ്ങുന്ന വയര്‍ലെസ് കീബോര്‍ഡുകള്‍ നിര്‍മ്മിക്കുന്നത് ലോജിടെക് ആയിരിക്കും.
പദ്ധതി ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതു കൊണ്ടുതന്നെ വിപണിയില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി ഉഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. ടി.വിയ്ക്ക് പുറമെ വയ്ക്കാവുന്ന സെറ്റ്ടോപ്പ് ബോക്സുകളാണ് ഗൂഗിള്‍ തയ്യാറാക്കുന്നതെന്ന് അനുമാനിക്കുന്നവരുണ്ട്. അതല്ല ബ്ളൂ റേ ഡിസ്ക് പ്ളെയേഴ്സാവുമെന്ന് മറ്റുചിലര്‍. ഇതൊക്കെ അടങ്ങിയ ഒരൊറ്റ ടി.വി യായിരിക്കുമെന്ന് വേറൊരു പക്ഷം.
എന്തായിരുന്നാലും ടി.വി വഴിയും ഇന്റര്‍നെറ്റ് ലഭിക്കുമല്ലോ എന്ന പ്രതീക്ഷയിലാണ് എല്ലാവരും. സാന്‍ ഫ്രാന്‍സിസ്കോയില്‍ അടുത്ത ആഴ്ച നടക്കുന്ന ഗൂഗിള്‍ കോണ്‍ഫറന്‍സില്‍ തീരുമാനമുണ്ടാകുമെന്നാണ് എല്ലാവരും കരുതുന്നത്.
ദൃശ്യചാരുത വര്‍ദ്ധിപ്പിക്കുന്ന ത്രി ഡി സെറ്റുകള്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് ടെലിവിഷന്‍ നിര്‍മ്മാണക്കമ്പനികള്‍. ഈയൊരു ഘട്ടത്തില്‍ തന്നെയാണ് ഗൂഗിളിന്റെയും പദ്ധതി വരുന്നത്. ത്രിഡി ഉള്ളടക്കം ലഭിക്കുന്ന വെബ്സൈറ്റുകളും ഓണ്‍ലൈനില്‍ ലഭ്യമായതുകൊണ്ടുതന്നെ ദൃശ്യതലത്തിലുള്ള മാറ്റം ഇരുമേഖലയിലും വലിയ മാറ്റങ്ങളുണ്ടാക്കും.


ടി.വി.സിജു

Thursday, May 6, 2010


അശ്ളീലവൈറസ്: പണത്തിനായി
ഉപയോക്താക്കളെ ഭീഷണിപ്പെടുത്തുന്നു!


ഭീഷണിപ്പെടുത്തി പണംപിടുങ്ങുന്ന അശ്ളീലവൈറസും രംഗത്ത്. ജപ്പാനിലും യൂറോപ്പിലുമാണ് പുതിയ വൈറസ് ആക്രമണഭീഷണി നിലവിലുള്ളത്. രണ്ടിടങ്ങളിലും ഭീഷണിയുടെ സ്വരത്തില്‍ വ്യത്യാസങ്ങളുണ്ട്. ഫയല്‍ ഷെയറിംഗ് സൈറ്റുകളില്‍ നിന്നാണ് ഇത് നെറ്റ് ഉപയോക്താക്കളുടെ കംപ്യൂട്ടറിലെത്തുന്നത്.
ജപ്പാനീസ് ട്രോജന്‍ 200 മില്യണ്‍ കംപ്യൂട്ടറുകളെ ബാധിച്ചുകഴിഞ്ഞു. 'വിന്നി' എന്ന ഫയല്‍ ഷെയറിംഗ് സര്‍വ്വീസ് ഉപയോഗിച്ചവര്‍ക്കാണ് ഉപദ്രവം ഏറെയും. 'ഹെന്റായ് ജനര്‍' എന്ന ഗെയിമിന്റെ അനധികൃത കോപ്പി നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുന്നവരാണ് അശ്ളീലവൈറസിന്റെ വായില്‍ അകപ്പെടുന്നത്. 5500 പേരെയെങ്കിലും ഇത് ആദ്യഘട്ടത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് ജപ്പാനിലെ വെബ് സെക്യൂരിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന ട്രെന്‍ഡ് മൈക്രോ നല്‍കുന്ന സൂചനകള്‍.
ഗെയിം ഡൌണ്‍ലോഡ് ചെയ്യാന്‍ ചില വ്യക്തിഗത വിവരങ്ങള്‍ വെബ്സൈറ്റുകള്‍ ആവശ്യപ്പെടാറുണ്ട്. ഗെയിം ഡൌണ്‍ലോഡ് ആകുന്നതോടൊപ്പം ഈ വൈറസും സിസ്റ്റത്തിലേക്ക് നുഴഞ്ഞുകയറും. കോപ്പിറൈറ്റ് ഇല്ലാത്ത ഗെയിം ഉപയോഗിക്കാനായി തുനിയുമ്പോള്‍ തന്നെ സ്ക്രീനില്‍ ഭീഷണി സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെടും. കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി 1500 യെന്‍ അടയ്ക്കണമെന്നാകും. ഇല്ലെങ്കില്‍ നേരത്തെ നല്‍കിയ വിവരങ്ങളിലൂടെ നെറ്റ് ഉപയോക്താക്കളുടെ വെബ്ഹിസ്റ്ററി വിവരങ്ങള്‍ ചോര്‍ത്തി ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തുമെന്നാകും ഭീഷണി. മാന്യന്മാരുടെ വെബിലൂടെയുള്ള സഞ്ചാരം അശ്ളീലം തേടിയുള്ളതാണെന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ പലരും ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കും.
ജപ്പാനില്‍ ഇതാണ് രീതിയെങ്കില്‍ യൂറോപ്പില്‍ മറ്റൊരു പതിപ്പാണ്. ഇതില്‍ ഭീഷണിയില്‍ ചില മാറ്റങ്ങളുണ്ട്. ഐ.സി.സി.പി എന്നപേരില്‍ അറിയപ്പെടുന്ന കോപ്പിറൈറ്റ് ഫൌണ്ടേഷന്റെ പേരിലാണ് ഇവിടെ ഭീഷണി. ക്രെഡിറ്റ് കാര്‍ഡ് മുഖേന 400 ഡോളര്‍ അമേരിക്കന്‍ ഡോളര്‍ പിഴയയ്ക്കാനാണ് ആവശ്യപ്പെടുന്നത്. പൈസ ഒടുക്കിയില്ലെങ്കില്‍ ചെലവേറിയ കോടതി വ്യവഹാരത്തെയും തുടര്‍ന്നുണ്ടാകുന്ന ജയില്‍വാസത്തെയും കുറിച്ചായിരിക്കും ഓര്‍മ്മപ്പെടുത്തല്‍. ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ കൊടുത്താലോ അവര്‍ക്കാവശ്യമായ തുക എടുത്തശേഷം കാര്‍ഡിലെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് മറിച്ചുവില്‍ക്കുകയും ചെയ്യും.
ഇത്തരത്തിലുള്ള മെസേജുകള്‍ കംപ്യൂട്ടറില്‍ പൊങ്ങിവരുന്നുവെങ്കില്‍ അതിനെ ഗൌനിക്കാതെ ഉടന്‍ തന്നെ നല്ലൊരു ആന്റി-മാല്‍വെയര്‍ സ്കാനറിന്റെ സഹായം തേടുന്നതാണ് ഉചിതം. സ്കാനിംഗിലൂടെ വൈറസ്ബാധ ഒഴിവാക്കി കംപ്യൂട്ടറിന്റെ സുരക്ഷിതത്വം ഉറപ്പാക്കുക.

Wednesday, April 28, 2010

മൊബൈല്‍ ബാങ്കിംഗ് ജൂലായ് മുതല്‍
രാജ്യവ്യാപകമാക്കുന്നു


രാജ്യത്ത് മൊബൈല്‍ ബാങ്കിംഗ് സംവിധാനം ജൂലായ് മുതല്‍ വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. രാജ്യത്തെ 32 ബാങ്കുകള്‍ക്കാണ് അനുമതി. ഇതില്‍ 21 എണ്ണവും മൊബൈല്‍ ബാങ്കിംഗ് സൌകര്യങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ബാക്കിയുള്ള ബാങ്കുകളും വൈകാതെ ഈ സേവനം ലഭ്യമാക്കും.
ബാങ്കില്‍ പോകാതെ ഒരു അക്കൌണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് പണം മാറ്റാന്‍ സാധിക്കുമെന്നതാണ് പുതുസംവിധാനത്തിന്റെ മെച്ചം. മൊബൈല്‍ റീചാര്‍ജ്ജ് ചെയ്യാനും ടെലിഫോണ്‍ - ഇന്‍ഷ്വറന്‍സ് തുകയടക്കാനും ഇനി അതത് ഓഫീസുകളില്‍ ചെല്ലേണ്ട. ടിക്കറ്റിനു വേണ്ടി റെയില്‍വെ സ്റ്റേഷന്‍ കൌണ്ടറുകളില്‍ ക്യൂ നില്‍ക്കുകയും വേണ്ട. ഇതൊക്കെ മൊബൈല്‍ഫോണ്‍ വഴി ആകാമെന്നായിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങിയാല്‍ ബില്‍ തുക നല്‍കാന്‍ കച്ചവടക്കാരന്റെ മൊബൈല്‍ നമ്പര്‍ മാത്രം അറിഞ്ഞാല്‍ മതി. തുടര്‍ന്ന് നമ്മുടെ ഫോണില്‍ കടക്കാരന്റെ ബാങ്ക് അക്കൌണ്ട് നമ്പര്‍ മാത്രം അമര്‍ത്തിയാല്‍ മതിയാകും.
മൊബൈല്‍ ബാങ്കിംഗ് സേവനം ലഭിക്കുന്നതിനായി ബാങ്കില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടിവരും. അതോടൊപ്പം തങ്ങളുടെ മൊബൈല്‍ഫോണില്‍ ബാങ്കിന്റെ പ്രത്യേകസോഫ്റ്റ്വെയറും ഉള്‍പ്പെടുത്തണം. എങ്കില്‍ മാത്രമേ സേവനം പൂര്‍ണ്ണതോതില്‍ ഉപയോഗപ്പെടുത്താനാവൂ. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന കോഡ് (എം പിന്‍) ഉപയോഗിച്ചാവും പിന്നീടുള്ള സാമ്പത്തികഇടപാടുകള്‍ നടത്തുക. ഈ സര്‍വ്വീസ് വഴി പ്രതിദിനം അമ്പതിനായിരം രൂപ വരെയുള്ള ക്രയവിക്രയങ്ങള്‍ നടത്താന്‍ ഇപ്പോള്‍ മിക്ക ബാങ്കുകളും അനുവദിക്കുന്നുണ്ട്. രണ്ട് ലക്ഷം ഇടപാടുകളിലൂടെ ഒരു മാസം 12 കോടി രൂപ കൈമാറ്റം ചെയ്യപ്പെടുമെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ കണക്കുകൂട്ടല്‍.
ജനസംഖ്യയുടെ 41ശതമാനം പേര്‍ മൊബൈല്‍ ഉപയോക്താക്കളായുള്ളതില്‍ 46 ശതമാനം പേര്‍ക്കും ബാങ്ക് അക്കൌണ്ടുകള്‍ നിലവിലില്ലെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ഇതിന് പരിഹാരമാവുകയാണ് മൊബൈല്‍ ബാങ്കിംഗ്. 2013 ആവുമ്പോഴേക്കും 90 കോടി ജനങ്ങളും മൊബൈല്‍വരിക്കാരാവുമെന്ന കണക്കുകൂട്ടലുകളാണ് മൊബൈല്‍സേവനദാതാക്കള്‍ക്കുള്ളത്.

Friday, April 23, 2010

ലോകകപ്പ് ഫുട്ബാള്‍: ആരാധകരുടെ
കീശ കാലിയാക്കാന്‍ സൈബര്‍ക്രിമിനലുകള്‍


ലോകകപ്പ് ജ്വരം ആഗോളതലത്തില്‍ പടരുമ്പോള്‍ ഫുട്ബാള്‍ ആരാധകരുടെ 'കീശ മുറിക്കാന്‍' തക്കംപാര്‍ത്തിരിക്കുകയാണ് ഇന്റര്‍നെറ്റിലെ സൈബര്‍ക്രിമിനലുകള്‍. ജൂലായ് മാസം സൌത്ത് ആഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബാള്‍ മത്സരത്തിന് മുന്നോടിയായി 'വേള്‍ഡ്കപ്പ് ട്രാവല്‍ ഗൈഡ് ' എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഇ-മെയിലിലൂടെയാണ് സൈബര്‍ കള്ളന്മാര്‍ പണം തട്ടിയെടുക്കാന്‍ പദ്ധതി. ഇതിനായി 'ഫിഫ വേള്‍ഡ് കപ്പ് 2010' എന്ന പേരില്‍ പ്രത്യേക കാമ്പൈന്‍ തന്നെ സൈബര്‍ലോകത്ത് നടക്കുന്നുണ്ടെന്ന് കംപ്യൂട്ടര്‍ സുരക്ഷാരംഗത്തെ പ്രശസ്തരായ സെമാന്റക് കോര്‍പ്പറേഷന്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ലോകകപ്പ് വിവരങ്ങളുമായി ഇ-മെയിലില്‍ എത്തുന്ന ഏതെങ്കിലുമൊന്നില്‍ ക്ളിക്ക് ചെയ്യുന്നതോടെ കംപ്യൂട്ടറിലേക്ക് വൈറസുകള്‍ ഉള്‍പ്പെടെയുള്ള അനാവശ്യപ്രോഗ്രാമുകള്‍ കയറിക്കൂടും. ഹാര്‍ഡ്ഡിസ്ക്കില്‍ സൂക്ഷിച്ചിരിക്കുന്ന വ്യക്തിഗത വിവരങ്ങളും ക്രെഡിറ്റ് കാര്‍ഡ് / ബാങ്ക് അക്കൌണ്ട് വിവരങ്ങളും പാസ്വേര്‍ഡുകളും മറ്റും കള്ളന്‍മാര്‍ക്ക് ചോര്‍ത്തിക്കൊടുത്തുകൊണ്ട് ഇത്തരം വൈറസുകള്‍ സാമര്‍ത്ഥ്യം തെളിയിക്കുന്നതോടൊപ്പം കംപ്യൂട്ടറില്‍ ഒളിക്കുകയും ചെയ്യും.
ഫുട്ബാള്‍ മാമാങ്കത്തില്‍ സംബന്ധിക്കാന്‍ എത്തുന്ന വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍, ടൂറിസ്റ്റുകള്‍, ഫുട്ബാള്‍ ആരാധകര്‍ തുടങ്ങിയവരുള്‍പ്പടെയുള്ളവര്‍ക്ക് സൌജന്യമായാണ് ട്രാവല്‍ ഗൈഡ് ഇ-മെയില്‍ വിലാസത്തില്‍ എത്തുന്നത്. ഔദ്യോഗിക വെബ്സൈറ്റുകളില്‍ ലഭ്യമല്ലാത്ത വിവരങ്ങള്‍ പോലും ഉള്‍പ്പെടുത്തിയ ലോകകപ്പ്യാത്രാഗൈഡ് താല്‍പര്യമുള്ളവര്‍ക്ക് ഇന്റര്‍നെറ്റിലൂടെ ഫോര്‍വേര്‍ഡ് ചെയ്തുകൊടുക്കണമെന്ന അഭ്യര്‍ത്ഥനയും ഇ-മെയിലിലുണ്ട്.
മത്സരം തുടങ്ങുന്നതിനു മുമ്പുതന്നെ വാതുവയ്പ് സജീവമാവുന്ന ലോകകപ്പ്മത്സരങ്ങളില്‍ സൈബര്‍ ക്രിമിനലുകള്‍ നോട്ടമിട്ടുള്ളതിലേറെയും ഇത്തരം ധനമോഹികളെയാണ് . ദക്ഷിണാഫ്രിക്കയിലെ ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ അപര്യപ്തത കഴിഞ്ഞ ദിവസം ടിക്കറ്റ് വില്പനയില്‍ ഏറെ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.
കഴിഞ്ഞ ഒളിമ്പിക്സിലേതുപോലെ ഔദ്യോഗിക ടിക്കറ്റ് വില്പന സൈറ്റുകളുടെ മറപറ്റിയും തട്ടിപ്പ് നടത്താന്‍ പദ്ധതി ഒരുങ്ങിയിട്ടുണ്ട്. യഥാര്‍ത്ഥമാണെന്നു കരുതി ഇത്തരം വെബ്സൈറ്റുകളില്‍ നല്‍കുന്ന വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുക മാത്രമല്ല അവരുടെ ബാങ്ക് അക്കൌണ്ടിലോ ക്രെഡിറ്റ് കാര്‍ഡിലോ അവശേഷിക്കുന്ന പണവും കള്ളന്മാര്‍ നിമിഷങ്ങള്‍ക്കകം കാലിയാക്കും. വ്യാജ ടിക്കറ്റുകള്‍ നല്‍കുന്ന എട്ട് വ്യാജ വെബ്സൈറ്റുകളാണ് ഒളിമ്പിക്സില്‍ അന്ന് കണ്ടെത്തിയിരുന്നത്.
അഡോബിയുടെ അക്രോബാറ്റ് റീഡര്‍ വഴിയാണ് ഈ ആക്രമണങ്ങളിലധികവും പ്ളാന്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ഈ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നവര്‍ അത് അപ്ഡേറ്റ് ചെയ്യുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും കമ്പനിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നതാവും ഉചിതം.

ടി.വി. സിജു,
കേരള കൌമുദി

Tuesday, April 20, 2010



ഹാക്കിംഗ്:
കുട്ടിവില്ലന്‍മാര്‍
ഇന്റര്‍നെറ്റിലൂടെ മറ്റുള്ളവരുടെ കംപ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന വിദ്യ ഫലവത്തായി ഏറെയും പ്രയോജനപ്പെടുത്തുന്നത് കുട്ടികളാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു.

പരിണതഫലം എന്തെന്നു നോക്കാതെ എന്തും ചെയ്തുനോക്കാനുള്ള ഏറെ അഭിവാഞ്ഛ ഏറെയും കുട്ടികള്‍ക്കാണ്. അതുതന്നെയാണ് പല പ്രശ്നങ്ങളിലേക്കും കുട്ടികളെ എടുത്തുചാടിക്കുന്നതും. വിവരസാങ്കേതികവിദ്യാ മേഖലയിലുണ്ടാകുന്ന വളര്‍ച്ച കുട്ടികള്‍ സാകൂതം നിരീക്ഷിക്കുകയാണ്. പുതിയ കാര്യങ്ങള്‍ എന്തുതന്നെയായാലും അത് ചെയ്തുനോക്കാനായി ശ്രമം.
അനുവാദമില്ലാത്ത ഇന്റര്‍നെറ്റിലൂടെയും മറ്റും മറ്റുള്ളവരുടെ കംപ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന വിദ്യ ഫലവത്തായി ഏറെയും പ്രയോജനപ്പെടുത്തുന്നത് കുട്ടികളാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. അതോടൊപ്പം തന്നെ പതിനാറുകാരന്‍ തന്റെ ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക്ചെയ്ത് അപകീര്‍ത്തികരമായ അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്തതിന് അമ്മയ്ക്കെതിരെ കേസ്സും കൊടുത്തു. കാര്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിമറിയുന്നതിനിടയില്‍ ബ്രിട്ടനില്‍ നടന്ന സര്‍വ്വെ എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്.
സര്‍വെയില്‍ പങ്കെടുത്ത 26 ശതമാനം കുട്ടികളും ഒരിക്കലെങ്കിലും ഹാക്കിംഗ് നടത്താന്‍ ശ്രമിച്ചവരാണ്. കൂട്ടുകാരുടെ ഫേസ്ബുക്ക്, ഇ-മെയില്‍ അക്കൌണ്ടുകളില്‍ ഒളിഞ്ഞുനോക്കാനാണ് പലരും ശ്രമം നടത്തിനോക്കിയിട്ടുള്ളത്. തങ്ങള്‍ ചെയ്യുന്നത് കുറ്റകൃത്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് 78 ശതമാനം കുട്ടികള്‍ ഈ ശ്രമത്തിന് മുതിര്‍ന്നത്. പൊലീസും ഐ.ടി രംഗത്തെ സെക്യൂരിറ്റി കമ്പനിയും നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യങ്ങളൊക്കെ വെളിപ്പെട്ടിട്ടുള്ളത്.
19 വയസ്സിനു താഴെയുള്ള 1150 കുട്ടികളാണ് സര്‍വ്വെയുമായി സഹകരിച്ചത്. സ്വന്തം കംപ്യൂട്ടര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ സ്കൂളിലെ കംപ്യൂട്ടര്‍ ഉപയോഗപ്പെടുത്തിയോ ആണ് 50 ശതമാനം കുട്ടികളും അനധികൃത നുഴഞ്ഞുകയറ്റം -ക്രാക്കിംഗ,് നടത്തുന്നത്. ഭൂരിഭാഗവും വെറുതെ ഒരു രസത്തിനു വേണ്ടിയാണ് ക്രാക്കിംഗില്‍ മുഴുകിയതെങ്കില്‍ ചിലര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പോടെ തന്നെയാണ് അന്യരുടെ വിവരങ്ങള്‍ മോഷ്ടിച്ചത്. അഞ്ചു ശതമാനം പേര്‍ ജോലിയിലേക്കുള്ള ഒരു ചവിട്ടുപടിയായി ക്രാക്കിംഗിനെ കണ്ടുവെങ്കില്‍ മറ്റൊരു 20 ശതമാനം കുട്ടികളും ഇതിനെ സമീപിച്ചത് പണമുണ്ടാക്കാനായുള്ള മാര്‍ഗ്ഗമായാണ്.
കുട്ടികളില്‍ കുറ്റവാസന വളര്‍ത്തുന്ന ഹാക്കിംഗ് ഭ്രമം നിരുത്സാഹപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുളള ബോധവല്‍ക്കരണമാണ് അത്യാവശ്യം.
എന്നാല്‍, ഇന്ത്യയില്‍ 'എത്തിക്കല്‍ ഹാക്കര്‍'മാരുടെ ദൌര്‍ലഭ്യം കൂടുതലാണെന്ന് സൈബര്‍ സെക്യൂരിറ്റി മേലയില്‍ പ്രവര്‍ത്തിക്കുന്ന എത്തിക്കല്‍ ഹാക്കിംഗ് വിദഗ്ദ്ധന്‍ അങ്കിദ് ഫാദിയ അഭിപ്രായപ്പെട്ടു. നാസ്കോമിന്റെ ഒരു സര്‍വ്വെ പ്രകാരം സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാപാളിച്ചകള്‍ പരിഹരിക്കാന്‍ മതിയായ യോഗ്യതയുള്ള പ്രവൃത്തിപരിചയവുമുള്ള വിദഗ്ദ്ധരായ സെക്യൂരിറ്റി പ്രൊഫഷണലുകളെ ലഭിക്കാത്തത് വലിയ തലവേദനയാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വമ്പന്‍ കമ്പനികള്‍ക്കും ഗവണ്‍മെന്റ് ഏജന്‍സികള്‍ക്കും ആവശ്യമായ എത്തിക്കല്‍ ഹാക്കര്‍മാരെ കിട്ടാനില്ലാത്ത സ്ഥിതിയാണ്.

ടി.വി.സിജു

Monday, April 12, 2010


മൊബൈലുകാര്‍ക്കും
കോടതിയുണ്ടേ!


നിലവില്‍ സേവനദാതാവിനെതിരെ പരാതിയുണ്ടായാല്‍ സാധാരണ കോടതികളെ ആശ്രയിക്കണം. അല്ലെങ്കില്‍ ടെലികോം റഗുലേറ്ററി അതോറിറ്റിയെ സമീപിക്കാം സമയക്കുറവും ചെലവും കാരണം പല ഉപഭോക്താക്കളും കേസ് കൊടുക്കാന്‍ മടിക്കുന്നു. അത് മൊബൈല്‍കമ്പനികള്‍ മുതലാക്കുന്നു

സെല്‍ഫോണിന്റെ ഉപയോഗസാധ്യത വര്‍ദ്ധിച്ചപ്പോള്‍ അതുവഴിയുള്ള കുത്തകൃത്യങ്ങളും കുത്തനെ കൂടി. മൊബൈല്‍ ക്യാമറ ദുരുപയോഗം, മിസ്ഡ് കോള്‍ പ്രണയം എന്നുവേണ്ട ഉപദ്രവങ്ങള്‍ പലവിധത്തിലാണ് സെല്‍ഫോണ്‍ ഉപയോഗിച്ചുള്ളത്. ഇതിനിടെ മൊബൈല്‍ ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിന് മാത്രമായി കണ്‍സ്യൂമര്‍ കോടതി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനുള്ള നടപടികള്‍ തുടങ്ങാന്‍ കേന്ദ്രനിയമവകുപ്പ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഐ.ടി മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചുകഴിഞ്ഞെന്നാണ് അറിയുന്നത്.
ഇന്ത്യയിലെ അമ്പതുകോടിയോളം സെല്‍ഫോണ്‍ ഉപഭോക്താക്കളില്‍ തൊണ്ണൂറു ശതമാനത്തിലേറെയും പ്രീ പെയ്ഡ് ഉപഭോക്താക്കളാണ്. ഇതില്‍ പല ഉപഭോക്താക്കള്‍ക്കുമുണ്ടാകുന്ന പരാതികള്‍ തീര്‍പ്പാകാതെ കിടക്കുകയാണ്. സെല്‍ഫോണ്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകം സംവിധാനമൊരുക്കേണ്ട സമയം അതിക്രമിച്ചെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
നിലവില്‍ മൊബൈല്‍ സേവനദാതാവിനെതിരെ പരാതിയുണ്ടായാല്‍ സാധാരണ കോടതികളെ ആശ്രയിക്കുകയേ മാര്‍ഗ്ഗമുള്ളൂ. അല്ലെങ്കില്‍ ടെലികോം റഗുലേറ്ററി അതോറിറ്റിയെ സമീപിക്കണം. സമയക്കുറവും ചെലവേറിയ കാര്യമായതിനാലും പല ഉപഭോക്താക്കളും കേസുകള്‍ കൊടുക്കാന്‍ മടിക്കുകയാണ്. അത് മൊബൈല്‍കമ്പനികള്‍ ശരിക്കും മുതലാക്കുന്നുമുണ്ട്. രാജ്യത്തെ ചില നഗരങ്ങളില്‍ ഈയിടെ നടന്ന ഒരു സര്‍വെയില്‍ കണ്ടെത്തിയത് മൊബൈലിലേക്കുള്ള കോളുകള്‍ കട്ടായി പോവുന്നത് പതിവായിട്ടുണ്ടെന്നാണ്. ഓരോ പത്തു കോളുകള്‍ക്കിടയിലും ഒന്നോ രണ്ടോ കോളുകള്‍ ഇത്തരത്തില്‍ കട്ടായി പോവുന്നുണ്ടെന്നാണ് കണ്ടെത്തല്‍. മെട്രോ നഗരങ്ങളില്‍ ഇതിന്റെ എണ്ണം മൂന്നും നാലുമായി ഉയരുമെന്ന് സര്‍വ്വെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ കോളുകള്‍ക്കൊക്കെ സേവനദാതാക്കള്‍ ഉപഭോക്താവിന്റെ കൈയില്‍ നിന്ന് കൃത്യമായി തുക വസൂലാക്കുകയും ചെയ്യുന്നുണ്ട്. ബില്ലിംഗ് സംബന്ധമായ പ്രശ്നങ്ങളാണ് പരിഹരിക്കപ്പെടാതെ പോകുന്ന മറ്റൊരു പ്രശ്നം. ഇവയ്ക്കെല്ലാം പ്രത്യേക കോടതി വരുന്നതോടെ തീരുമാനമാകും. സര്‍വീസിന്റെ കാര്യത്തില്‍ ഓപ്പറേറ്റര്‍മാര്‍ ജാഗരൂകരാകുമെന്ന മെച്ചവുമുണ്ട്.

ടി.വി. സിജു
കേരളകൌമുദി ഫ്ളാഷ്

Monday, March 29, 2010

സൈബര്‍ ക്രൈം:
കുരുക്ക് എളുപ്പത്തില്‍


സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടെന്ന വ്യാജേന മറ്റൊരു വീടിന്റെ ഫോട്ടോ ഇ-മെയില്‍ വഴി പ്രചരിപ്പിച്ച യുവാവിനെ വിമാനത്താവളത്തില്‍ വച്ച് പൊലീസ് അറസ്റ്റുചെയ്തത് കഴിഞ്ഞ ദിവസമാണ്. വിദേശത്തേക്ക് കടക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലകപ്പെട്ടത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് നേരെ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെയും ഇ-മെയിലിലൂടെയും മൊബൈല്‍ഫോണ്‍ വഴിയുമുള്ള 'ആക്രമണ'ങ്ങള്‍ കൂടിവരികയാണ്.
അറിവോ സമ്മതമോ കൂടാതെ വ്യക്തികളുടെ സ്വകാര്യദൃശ്യങ്ങള്‍ മൊബൈല്‍ക്യാമറയിലൂടെ പകര്‍ത്തുന്നത് സാധാരണമായിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ഏറെയും ക്രൂശിക്കപ്പെടുന്നത് സ്ത്രീകളാണ്. വിവരം പൊലീസില്‍ അറിയിക്കുമെന്നാകുമ്പോള്‍ വിരുതന്മാര്‍ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ മായ്ചുകളയും. ഇതോടെ സംഭവം തീര്‍ന്നെന്ന് കണ്ടുനില്‍ക്കുന്നവരും വിചാരിക്കും.
ദൃശ്യം മായ്ചു കളഞ്ഞെന്ന് ഉറപ്പുവരുത്തി കൂട്ടംകൂടി നിന്നവരും പിരിഞ്ഞുപോകും. ദൃശ്യം മായ്ചുകളഞ്ഞാല്‍ പ്രശ്നം തീര്‍ന്നു എന്നു കരുതുന്നവര്‍ പൊലീസിലുമുണ്ട്. എങ്കില്‍ എല്ലാവരും ഓര്‍ക്കുക: എത്രവട്ടം മായ്ചുകളഞ്ഞാലും വീണ്ടും ദൃശ്യങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്ന കംപ്യൂട്ടര്‍ സോഫ്റ്റ്വെയറുകളുണ്ടെന്ന്. അതുകൊണ്ടു തന്നെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊലീസില്‍ പരാതി നല്‍കി നിയമനടപടി സ്വീകരിക്കുക. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുമ്പോഴേ അക്കാര്യം നാമറിയൂ.ര്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മറ്റൊരാള്‍ക്ക് ബ്ളൂടൂത്ത് വഴി അയച്ചുകൊടുത്താല്‍ പിടിക്കപ്പെടുകയില്ലെന്ന് കരുതേണ്ട. കൃത്യമായ അന്വേഷണം നടത്തിയാല്‍ കുറ്റവാളി കുടുങ്ങും; അതുറപ്പ്.
മറ്റുള്ളവരെ മന:പൂര്‍വ്വം കരിവാരി തേക്കാന്‍ കച്ചകെട്ടിയിരിക്കുന്നവരും കരുതിയിരിക്കുക. ഇന്റര്‍നെറ്റ് യുഗത്തില്‍ കുറ്റം ചെയ്യാന്‍ എളുപ്പമാണ്. അതുപോലെ തന്നെയാണ് കുറ്റവാളികളെ കുടുക്കാനും. രാഷ്ട്രപതിക്കും മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ ഇ-മെയില്‍ വഴി ഭീഷണി അയക്കുന്നവരും മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലായിട്ടുണ്ട്. ഇലക്ട്രോണിക് സന്ദേശങ്ങള്‍ ഏത് കംപ്യൂട്ടറില്‍ നിന്ന് എപ്പോഴാണ് സൃഷ്ടിക്കപ്പെട്ടതെന്ന് കണ്ടെത്താനുള്ള ഐ.പി ട്രേസര്‍ സാങ്കേതികവിദ്യ കേരളപൊലീസ് ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
സൈബര്‍ സുരക്ഷാരംഗത്തെ പ്രമുഖ ഏജന്‍സിയായ റിസോഴ്സ് സെന്റര്‍ ഫോര്‍ സൈബര്‍ ഫോറന്‍സിക് (ആര്‍.സി.സി.എഫ്) വികസിപ്പിച്ചിരിക്കുന്ന ഇ-മെയില്‍ ട്രേസര്‍ സംവിധാനം സി.ബി. ഐ, റോ തുടങ്ങിയ കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് ഏറെ സഹായം ചെയ്യുന്നുണ്ട്. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താനുള്ളതാണ് ഇ-മെയില്‍ ട്രേസര്‍. കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ച കംപ്യൂട്ടറിലെ ഡാറ്റ ഡിലീറ്റ് ചെയ്താലും ഹാര്‍ഡ്ഡിസ്കിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്ന സൈബര്‍ ചെക്ക്, മൊബൈല്‍ സിം കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്ന സിം കാര്‍ഡ് റീഡര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സംവിധാനങ്ങള്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ ഉപയോഗിക്കുന്നുണ്ട്.

വാല്‍ക്കഷ്ണം: ആളില്ലാത്ത വീടുകളെ പറ്റിയുള്ള വിവരങ്ങള്‍ നല്‍കാനും ഇന്റര്‍നെറ്റില്‍ സൈറ്റുകളുണ്ട്. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെ ഉപഭോക്താക്കള്‍ പരസ്പരം കൈമാറുന്ന വിവരങ്ങള്‍ മനസ്സിലാക്കി വീട്ടില്‍ ആളില്ലാത്ത സമയം കവര്‍ച്ച നടത്തുന്ന സംഘങ്ങളുമുണ്ടത്രേ. ചില ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ കൃത്യമായ വ്യക്തിഗത വിവരങ്ങള്‍ ആവശ്യമാണ്. ട്വിറ്ററില്‍ കളിയിലേര്‍പ്പെട്ട കളിഭ്രാന്തന്മാര്‍ നല്‍കുന്ന വിവരങ്ങളില്‍ നിന്നാണ് വെബ്സൈറ്റ് വിവരങ്ങള്‍ ചോര്‍ത്തിയത്. എല്ലാവരും നിരീക്ഷിക്കുണ്ടെന്ന ബോധ്യത്തോടെയാകണം വ്യക്തിഗത വിവരങ്ങള്‍ നല്‍കാന്‍.

ഇനി എങ്ങോട്ട് ?
ഇന്റര്‍നെറ്റുമായി ഒരു കംപ്യൂട്ടര്‍ കണക്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇന്റര്‍നെറ്റ് സേവനദാതാവി (ഐ.എസ്.പി)ന്റെ പക്കല്‍ നിന്ന് നമ്മുടെ കംപ്യൂട്ടറിന് ഒരു വിലാസം (ഐ.പി അഡ്രസ്സ്) കിട്ടിക്കഴിഞ്ഞിരിക്കും. പിന്നെ ഈ ഐ.പി അഡ്രസ്സ് ഉപയോഗിച്ചാവും അയക്കുന്ന ഡാറ്റ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുക. ഇങ്ങനെ ഡാറ്റാവിനിമയം നടത്തുന്നതിന് ചില ക്രമങ്ങളൊക്കെയുണ്ട്. ഡാറ്റ എത്ര വലുതായാലും ചെറുതായാലും ചെറിയ ചെറിയ കഷ്ണങ്ങളായാണ് (പാക്കറ്റുകള്‍) ഇന്റര്‍നെറ്റിലൂടെ സഞ്ചരിക്കുന്നത്. ഈ പാക്കറ്റുകള്‍ക്കൊക്കെ കൃത്യമായ വിലാസവും ഉണ്ടാവും. എവിടെ നിന്ന് അയക്കുന്നു, എങ്ങോട്ടു പോകണം എന്നൊക്കെ. ഇ-മെയിലുകള്‍ അയക്കുമ്പോഴും ഈ വ്യവസ്ഥകളെല്ലാം പാലിക്കപ്പെടും. ഈ അഡ്രസ് നോക്കിയാണ് അയച്ചയാളെ തിരിച്ചറിയുന്നത്.

ടി.വി.സിജു

Monday, March 22, 2010


സ്വകാര്യദൃശ്യങ്ങള്‍ സ്വന്തം
ഫോണില്‍ നിന്നും ചോരും!


കോഴിക്കോട്ടുള്ള ഒരു ഹോട്ടലിലെ ബാത്ത്റൂമില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഏറെ ചര്‍ച്ചാ വിഷയമായതാണ്. ഈ സംഭവത്തിനു ശേഷം പലര്‍ക്കും മൊബൈലില്‍ രസകരമായ എസ്.എം.എസ് കിട്ടി. ഹോട്ടലില്‍ നിന്ന് ഊണുകഴിച്ച ശേഷം ടോയ്ലറ്റില്‍ പോകണമെന്ന് ആവശ്യപ്പെട്ട ഭാര്യയോട് ഭര്‍ത്താവ് ഉപദേശിക്കുന്നത് ഇങ്ങനെ: അത്യാവശ്യമെങ്കില്‍ ഹോട്ടലിന് പുറത്ത് റോഡില്‍ ഇരുന്ന് കാര്യം നടത്തിക്കൊള്ളൂ. അത് നാലാളുകള്‍ മാത്രമേ കാണൂ. ടോയ്ലറ്റിനുള്ളിലാണെങ്കില്‍ പിന്നെ ലോകം മുഴുവന്‍ ദൃശ്യം കാണും.... അതാണ് അവസ്ഥ.

ഇതിലും ഭീകരമാണ് ഇനി വരാന്‍ പോകുന്നത്. മൊബൈല്‍ സാങ്കേതികവിദ്യയും ഉപകരണത്തിന്റെശേഷിയും അനുദിനം വളരുകയാണ്. ഒരു കംപ്യൂട്ടറിന്റെ ശേഷി തന്നെയുണ്ട് ഇന്നത്തെ സെല്‍ഫോണുകള്‍ക്ക്. കംപ്യൂട്ടറില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ഇന്ന് സെല്‍ഫോണ്‍ ഉപയോഗിച്ചും ചെയ്യാം. മുഴുവന്‍ സമയ ഇന്റര്‍നെറ്റ് സേവനവും മൊബൈല്‍ ലഭ്യമാണ്. നെറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകള്‍ ആക്രമണത്തിന് ഇരയാകുന്നതുപോലെ സെല്‍ഫോണുകളും സൈബര്‍ക്രിമിനിലുകളുടെ ചെയ്തികള്‍ക്ക് വശംവദമാവുകയാണ്.

ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ബാങ്കിംഗ് സംബന്ധമായ വിവരങ്ങളും മറ്റും ചോര്‍ത്തുന്ന മൊബൈല്‍വൈറസുകള്‍ ഇന്ന് വളരെ പ്രചാരത്തിലുണ്ട്. അതോടൊപ്പം വൈറസുകളുടെ പ്രഹരശേഷിയും അവയുണ്ടാക്കുന്ന പൊല്ലാപ്പുകളും കൂടിവരികയാണ്. മൊബൈല്‍ഫോണ്‍ നമ്മുടെ സന്തതസഹചാരിയാണ്. ഈ സാധ്യതയാണ് അദൃശ്യനായ അക്രമി മുതലെടുക്കുന്നത്. കംപ്യൂട്ടറുകളെ പോലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സഹായത്തോടെയാണ് സ്മാര്‍ട്ട്ഫോണുകളും പ്രവര്‍ത്തിക്കുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്റ്റ്വെയറുകളുടെ പ്രവര്‍ത്തനത്തെ വഴിതിരിച്ചുവിട്ടോ കബളിപ്പിച്ചോ വൈറസുകള്‍ ഉപയോക്താക്കളെ കുഴിയില്‍ ചാടിക്കുകയാണ്. ഇനി മാനഹാനിയുണ്ടായാല്‍ ഒളി ക്യാമറയെ കുറ്റംപറയാന്‍ കഴിയില്ല. അതിനുള്ള പഴി സ്വന്തം തലയില്‍ കെട്ടിവയ്ക്കേണ്ടിവരും! റൂട്ട്കിറ്റ് വിഭാഗത്തില്‍പെടുന്ന വൈറസുകളാണ് ആളുകളെ പറ്റിക്കാന്‍ കാത്തിരിക്കുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിക്കുന്ന വിനാശകാരികളായ സോഫ്ട്വെയറുകളാണ് റൂട്ട്കിറ്റ് വിഭാഗത്തില്‍പെടുന്നത്. ടെക്സ്റ്റ് മെസേജുകള്‍ വഴിയോ ബ്ളൂ ടൂത്ത് വഴിയോ ആക്രമണം നടക്കാം. ഫോണിന്റെ നിയന്ത്രണം വൈറസിന് ലഭിച്ചുകഴിഞ്ഞാല്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താം, മറ്റൊരാളുമായി സംസാരിക്കുന്നത് 'ഒളിഞ്ഞി'രുന്ന് കേള്‍ക്കാം, ജി.പി. എസ് സംവിധാനമുണ്ടെങ്കില്‍ ഫോണ്‍ ഉപയോഗിക്കുന്ന ആള്‍ എവിടെയുണ്ടെന്ന വിവരം ചോര്‍ത്താം. ഈ വിവരം ഉപയോഗപ്പെടുത്തി ഉപയോക്താവിന്റെ പിന്നാലെ പാത്തുംപതുങ്ങിയും നടക്കാം. ഇതൊന്നും പോരെങ്കില്‍ ഫോണ്‍ ബാറ്ററിയില്‍ ഒന്നും അവശേഷിപ്പിക്കാത്ത വിധം ചാര്‍ജും വറ്റിക്കാം! നാമറിയാതെ വീട്ടിലെ മുറിയില്‍ വച്ചിരിക്കുന്ന സ്വന്തം മൊബൈലിലെ മൈക്രോഫോണിലൂടെ ശബ്ദവും ക്യാമറയിലൂടെ ദൃശ്യങ്ങളും വിദൂരതയിലിരിക്കുന്ന ആക്രമിക്ക് കൃത്യമായി ലഭിച്ചുകൊണ്ടിരിക്കും. ഇത് വൈറസിന്റെ കുസൃതികളില്‍ ചിലതു മാത്രം. കിടപ്പറദൃശ്യത്തിനും കുളിമുറിയിലെ കാഴ്ചകള്‍ക്കുമാവാം ഇന്റര്‍നെറ്റിലൂടെ ലോകംമുഴുവന്‍ പ്രചരിക്കുന്നത്.

ഫോണിന്റെ കീപാഡില്‍ അമര്‍ത്തുന്ന നമ്പറിലേക്കാവും സാധാരണ കോളുകള്‍ പോവുക. വൈറസ്ബാധയേറ്റ ഫോണില്‍ ഇത് ശരിയായിക്കൊള്ളണമെന്നില്ല. ബാങ്കിലെ ഫോണ്‍നമ്പറിലേക്ക് വിളിച്ചാല്‍ 'കൊള്ളക്കാര'ന്റെ കയ്യിലാവും ലഭിക്കുക. ബാങ്കിലെ ജീവനക്കാരനെയാണ് ലഭിച്ചിരിക്കുന്നതെന്ന ധാരണയില്‍ ഫോണില്‍ സംസാരിച്ചാല്‍ വിവരങ്ങളെല്ലാം ചോരും. അക്കൌണ്ടും കാലിയാവും. പുതിയ ആന്റിവൈറസ് പ്രോഗ്രാമുകള്‍ക്കുപോലും ആക്രമണങ്ങള്‍ കണ്ടുപിടിക്കാന്‍ പറ്റിയെന്നു വരില്ല. ഉപഭോക്താക്കള്‍ വീണ്ടും പ്രതിരോധത്തിലാവുകയാണ്.


ടി.വി.സിജു
കേരള കൌമുദി ഫ്ലാഷ്

Monday, March 15, 2010


വഴിയറിയില്ല അല്ലേ എന്തിന് ഡ്രൈവിംഗ് ഒഴിവാക്കണം!

വാഹനത്തിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്നര ഇഞ്ച് വലിപ്പം വരുന്ന ടച്ച് സ്ക്രീനിലാണ് വിവരങ്ങള്‍ തെളിഞ്ഞുവരുന്നത്. ഉപഗ്രഹത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാവിഗേറ്റര്‍ തെളിച്ചുതരുന്ന വഴിയിലൂടെയുള്ള യാത്ര ഇനി ഏറെ ആസ്വാദ്യകരമാവും എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.


ലക്ഷ്യസ്ഥാനത്തേക്കുള്ള വഴി അറിയില്ല. അതിനാല്‍ സ്വയം ഡ്രൈവ് ചെയ്ത് പോവാം എന്ന മോഹം ഉപേക്ഷിച്ചു. സ്വന്തം കാറുണ്ടായിട്ടും യാത്ര ട്രെയിനിലാക്കുകയും ചെയ്തു. വഴി അറിയാത്തതുകൊണ്ടു മാത്രം ദീര്‍ഘദൂരയാത്രയ്ക്ക് സ്വന്തം വണ്ടി ഉപയോഗിക്കാത്തവര്‍ ഏറെയുണ്ട്. അവര്‍ക്കൊക്കെ ആശ്വാസമേകാന്‍ 'അറിയാത്ത വഴി' പറഞ്ഞുകൊടുക്കാന്‍ വഴികാട്ടി ഇന്ത്യയില്‍ എത്തുകയാണ്.
ഇന്ത്യന്‍ റോഡില്‍ ലക്ഷ്യംതെറ്റാതെ കുതിച്ചുപായാന്‍ ഇനി ജി.പി.എസ് നാവിഗേറ്ററിന്റെ സഹായവും എത്തിയിരിക്കുകയാണ്. വഴിയില്‍ കാത്തുകെട്ടി നില്‍ക്കാതെ എത്രയും വേഗത്തില്‍ ലക്ഷ്യത്തിലെത്തിച്ചേരാന്‍ സഹായകമായ സേവനം അവതരിപ്പിച്ചിരിക്കുന്നത് ഡിജിറ്റല്‍ മാപ് രംഗത്തെ പ്രമുഖരായ 'മാപ്മൈഇന്ത്യ'യാണ്.
വിദേശത്ത് വാഹനങ്ങളില്‍ വഴികാട്ടിയായി ജി.പി.എസ് നാവിഗേറ്റര്‍ നേരത്തെ തന്നെ ഉപയോഗത്തിലുണ്ട്. ഇന്ത്യയില്‍ അത് പ്രചാരത്തിലായി വരുന്നതേയുള്ളൂ. പോകേണ്ട ലക്ഷ്യസ്ഥാനം സൂചിപ്പിക്കുക. യാത്ര തുടങ്ങുന്ന സ്ഥലവും. പിന്നെ സ്വസ്ഥമായി ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന് ഡ്രൈവ് ചെയ്യുക. ഓരോ കവലയിലെ ജംഗ്ഷനിലും വളവിലും തിരിവിലും കാറിനുള്ളില്‍ സ്റ്റിയറിംഗിന് അടുത്തായി സ്ഥാപിച്ചിരിക്കുന്ന ജി.പി.എസ് നാവിഗേറ്റര്‍ സൂചനകള്‍ തന്നുകൊണ്ടിരിക്കും. നേര്‍വഴി ചൂണ്ടികാണിക്കുക മാത്രമല്ല ഉറച്ച ശബ്ദത്തില്‍ തന്നെ പറഞ്ഞുകൊടുക്കാനും ഈ ഉപകരണം റെഡിയാണ്.
ഇന്ത്യയിലെ പ്രശസ്തമായ 620 നഗരങ്ങളെ കൂടാതെ 5,76,000 ചെറുപട്ടണങ്ങളും വില്ലേജുകളും മുപ്പതിനായിരത്തോളം ടൂറിസ്റ്റ് കേന്ദ്രങ്ങളും ഈ നാവിഗേറ്ററിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഇവിടങ്ങളിലെ യാത്രയ്ക്ക് ഇനി തടസ്സമുണ്ടാവില്ല. ടൂറിസവുമായി ബന്ധപ്പെട്ട 125 പ്രധാനപ്പെട്ട സ്ഥലങ്ങളുടെ വിവരവും അതോടൊപ്പം ഹോട്ടലുകള്‍, എ.ടി. എം, പെട്രോള്‍ പമ്പുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയുടെ വിവരങ്ങളും ഇതില്‍ കാണാനാവും. ഒരു പ്രത്യേക സ്ഥലത്ത് കൂടി കടന്നുപോവുമ്പോള്‍ അവിടുത്തെ പ്രത്യേകത, പ്രധാനപ്പെട്ട സ്ഥലങ്ങള്‍, അവയുടെ ഫോട്ടോഗ്രാഫുകള്‍ എന്നിവയും പ്രദര്‍ശിപ്പിക്കും.
'റോഡ് പൈലറ്റ്' എന്ന പേരില്‍ വിപണിയിലെത്തിയ ഈ വഴികാട്ടിയുടെ വില 7990 രൂപയാണ്. വാഹനത്തിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്നര ഇഞ്ച് വലിപ്പം വരുന്ന ടച്ച് സ്ക്രീനിലാണ് വിവരങ്ങള്‍ തെളിഞ്ഞുവരുന്നത്. ഉപഗ്രഹത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാവിഗേറ്റര്‍ തെളിച്ചുതരുന്ന വഴിയിലൂടെയുള്ള യാത്ര ഇനി ഏറെ ആസ്വാദ്യകരമാവും എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.ഈ സൌകര്യം ലഭിക്കുന്നതിനായി പ്രത്യേക സിം കാര്‍ഡോ ജി.പി.ആര്‍.എസ് കണക്ഷനോ ആവശ്യമില്ല. മാത്രമല്ല പ്രതിമാസ വരിസംഖ്യയും വേണ്ട. സെല്‍ഫോണ്‍ നെറ്റ്വര്‍ക്ക് ഉപയോഗിക്കാത്തതു കൊണ്ടുതന്നെ രാജ്യത്ത് ഏതുസമയത്തും എവിടെയും നാവിഗേറ്റര്‍ ഉപയോഗിക്കാന്‍ എളുപ്പമാണ്. സേവനം ആവശ്യമില്ലാത്തപ്പോള്‍ സ്ളീപ് മോഡിലേക്ക് മാറുന്നതിനാല്‍ പവര്‍ ഉപഭോഗവും കുറയും. സിര്‍ഫ് അറ്റ്ലസ് ഫോര്‍ എന്ന ചിപ്പ്സെറ്റാണ് ഈ നാവിഗേറ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. ലക്ഷ്യസ്ഥാനമെത്തിയാല്‍ വാഹനത്തിലുള്ളവരെ അറിയിക്കാനുള്ള സൌകര്യവുമുണ്ട്.

Wednesday, February 10, 2010

അശ്ളീലത്തിന് കടിഞ്ഞാണ്‍:
ചൈനയെ മാതൃകയാക്കാം


നെറ്റ് നിയന്ത്രണം ശക്തമാക്കാന്‍ പുതിയ നിയമാവലികളും ചൈന നടപ്പാക്കിത്തുടങ്ങി. നെറ്റില്‍ ഒളിഞ്ഞിരിക്കുന്ന അശ്ളീലം കണ്ടുപിടിക്കുന്നവര്‍ക്ക് സമ്മാനത്തുക വരെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു

കമ്പ്യൂട്ടറില്‍ മാത്രം ലഭ്യമായിരുന്ന ഇന്റര്‍നെറ്റ് സേവനം ഇന്ന് മൊബൈല്‍ഫോണിലും ലഭിക്കും. സെല്‍ഫോണ്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു. സെക്സ് എന്ന വാക്കാണ് കഴിഞ്ഞവര്‍ഷം ഇന്റര്‍നെറ്റിലെത്തിയ ഭൂരിഭാഗം കുട്ടികളും സെര്‍ച്ച്എന്‍ജിനില്‍ തിരഞ്ഞത്. 2009ലെ സെര്‍ച്ചിംഗ് ട്രെന്‍ഡ് റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനം സെക്സിനും രണ്ടാം സ്ഥാനം അശ്ളീലത്തിനുമായിരുന്നു. അശ്ളീലത്തിനും സെക്സിനും അത്രമാത്രം അന്വേഷകര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
നെറ്റ്ലോകത്തെ അശ്ളീലത്തിന് ഒരുകാലത്ത് ഏറെ പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ട് ചൈനക്കാര്‍ക്ക്. ഇപ്പോഴവര്‍ നെറ്റ് ലൈംഗികത ഉപേക്ഷിച്ചിരിക്കുകയാണ്. ചെറുപ്പക്കാരെ വല്ലാതെ വഴിതെറ്റിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ ചൈനീസ് സര്‍ക്കാര്‍ നെറ്റില്‍ നിന്ന് അശ്ളീലം തുടച്ചുനീക്കാന്‍ തയ്യാറാവുകയായിരുന്നു. ഈ ശ്രമം ഏറെ കുറെ വിജയിച്ചു എന്നുവേണം കരുതാന്‍.
ചൈനയില്‍ 2009 ജൂണിലാണ് നെറ്റ് നിയന്ത്രണം ശക്തമാക്കിയത്. നിയന്ത്രണം നിലവില്‍ വന്നതിന് ശേഷം അശ്ളീലസൈറ്റുകള്‍ നടത്തിയിരുന്ന അയ്യായിരം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നെറ്റ് നിയന്ത്രണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ നിയമാവലികളും ചൈന നടപ്പാക്കിതുടങ്ങി. പുതിയ വെബ്സൈറ്റുകള്‍ തുടങ്ങുന്നതിനും ഡൊമെയിന്‍ രജിസ്ട്രേഷനും ഇവിടെ നിയന്ത്രണങ്ങളുമായി. ഈ നടപടിക്കുശേഷവും നെറ്റില്‍ ഒളിഞ്ഞിരിക്കുന്ന അശ്ളീലം കണ്ടുപിടിക്കുന്നവര്‍ക്ക് സമ്മാനത്തുക വരെ ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ 32 അശ്ളീല സൈറ്റുകള്‍ കണ്ടെത്തിയ സാംഗ്സിയിലെ വിദ്യാര്‍ത്ഥി പതിനായിരം യുവാന്‍ (ഏകദേശം മുക്കാല്‍ ലക്ഷം രൂപ) നേടുകയുമുണ്ടായി.
മൊബൈല്‍ വഴി അശ്ളീല സന്ദേശമയക്കുന്ന ചൈനക്കാരുടെ നമ്പര്‍ റദ്ദാക്കാനുള്ള തീരുമാനമാണ് ഇനി. അശ്ളീല എം.എസ്.എസ് അയക്കുന്നവരെ കണ്ടെത്തി പൊലീസില്‍ ഏല്പിക്കും. പിന്നീട് കൂടുതല്‍ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളനാണ് പദ്ധതി.
ലോകത്ത് ഏറ്റവും കൂടുതല്‍ നെറ്റ് ഉപയോക്താക്കളുള്ള ചൈനയ്ക്ക് പിന്നാലെ ആസ്ട്രേലിയയും ബ്രിട്ടനും ഇന്റര്‍നെറ്റ് അശ്ളീലത്തിനെതിരെ നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വേണ്ടി ബ്രിട്ടനില്‍ 'ക്ളിക്ക് ക്ളവര്‍, ക്ളിക്ക് സേഫ്' എന്ന നെറ്റ് സുരക്ഷാപദ്ധതി പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിതില്‍. ബ്രിട്ടനില്‍ എട്ടു മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികളില്‍ 99 ശതമാനവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. ഇതില്‍ 33 ശതമാനം കുട്ടികളുടെയും രക്ഷിതാക്കള്‍ക്ക് തങ്ങളുടെ മക്കള്‍ നെറ്റില്‍ എന്താണ് അന്വേഷിക്കുന്നതെന്ന് അറിയില്ലത്രേ! ഇതിന് അനുബന്ധമെന്നോണം ഇന്റര്‍നെറ്റ് വഴിയുള്ള അശ്ളീലപ്രചാരണം ഇന്ത്യയിലും നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ്. സൈബര്‍നിയമം കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് നടന്ന ഒരു യോഗത്തിനിടെയാണ് ചീഫ് ജസ്റ്റിസ് ഈ അഭിപ്രായം പറഞ്ഞത്. സംസ്കാരത്തിന് ഭീഷണി ഉയര്‍ത്തുന്ന അശ്ളീല സൈറ്റുകള്‍ മാത്രമല്ല മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ആശയപ്രചരണം നടത്തുന്ന സൈറ്റുകളും നിയന്ത്രിക്കേണ്ടതുണ്ടെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയുടെ പാത ഇന്ത്യയും പിന്തുടരേണ്ട കാലം വന്നെത്തിയിരിക്കുന്നു.

Wednesday, January 13, 2010

ഇന്റര്‍നെറ്റ് ഇല്ലേ,

പിന്നെന്തുജീവിതം!


യുവതലമുറയ്ക്ക് ഇന്റര്‍നെറ്റിനോടുള്ളത് വല്ലാത്തൊരടുപ്പമാണ്.ഇന്റര്‍നെറ്റ് കണക്ഷന്‍ കട്ടാവുന്നതുപോലും പലരിലും ഉത്കണ്ഠ ജനിപ്പിക്കുന്നു.


വിവരങ്ങള്‍ വിരല്‍തുമ്പത്ത് എത്തിച്ച ഇന്റര്‍നെറ്റിന്റെ മുന്‍ഗാമി ആര്‍പ്പാനെറ്റിന് ജീവന്‍വച്ചിട്ട് നാല്പതാണ്ടുകള്‍ പിന്നിട്ടു. 1969 ജനുവരി രണ്ടിന് അമേരിക്കന്‍ പ്രതിരോധവകുപ്പിന്റെ ഗവേഷണ വിഭാഗമായ അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോഗ്രാം ഏജന്‍സി അവരുടെ ശാസ്ത്രജ്ഞര്‍ക്ക് രഹസ്യമായി സന്ദേശങ്ങള്‍ കൈമാറാന്‍ രൂപീകരിച്ച ആര്‍പ്പാനെറ്റ് എന്ന കംപ്യൂട്ടര്‍ ശൃംഖലയാണ് ഇന്റര്‍നെറ്റിന്റെ ആദ്യരൂപം. എന്തിനും ഏതിനും ഉത്തരം ഞൊടിയിടയില്‍ ലഭിക്കുമെന്നതാണ് ഇന്റര്‍നെറ്റിന്റെ പ്രധാനമേന്മ. അതുകൊണ്ടുതന്നെ പലര്‍ക്കും ഇന്നതിനെ ഉപേക്ഷിക്കുന്നത് ചിന്തിക്കാന്‍ പോലും വയ്യ. ഇതിന് അടിമകളാകുന്നവരും നിരവധി. ഇന്റര്‍നെറ്റില്ലാതെ ജീവിക്കാന്‍ പോലും സാധ്യമല്ലെന്ന അവസ്ഥയും നിലവിലുണ്ടെന്നാണ് ബ്രിട്ടനില്‍ നടത്തിയ സര്‍വെഫലത്തിലൂടെ വെളിച്ചത്തുവന്നത്. അത്രമേല്‍ ഉറ്റബന്ധമാണ് യുവതലമുറയ്ക്ക് ഇന്റര്‍നെറ്റിനോടുള്ളത്. അതുമാത്രമല്ല ഇന്റര്‍നെറ്റ് കണക്ഷന്‍ കട്ടാവുന്നതുപോലും പലരിലും ഉത്കണ്ഠ ജനിപ്പിക്കുന്നു. അതല്ലെങ്കില്‍ നെറ്റില്‍ പ്രത്യേകവിവരം തേടി കിട്ടാത്തപ്പോള്‍ ടെന്‍ഷനാകാം. ഇതൊക്കെ പുതിയൊരു സ്ഥിതിവിശേഷത്തിലേക്കാണ് ഉപയോക്താക്കളെ എത്തിക്കുന്നത്. 'ഡിസ്കോംഗൂഗൊളേഷന്‍' എന്നാണിതറിയപ്പെടുന്നത്. നിരാശ, കണ്‍ഫ്യൂഷന്‍ എന്നൊക്കെ അര്‍ത്ഥമുള്ള 'ഡിസ്കോംബോബുലേറ്റ്', പ്രശസ്ത സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ എന്നീ വാക്കുകള്‍ ചേര്‍ത്താണ് ഈ പുതിയ വാക്കുവന്നത്.

ബ്രിട്ടനില്‍ നടത്തിയ ഒരു പഠനമാണ് ഓണ്‍ലൈന്‍ ഉപയോക്താക്കളില്‍ ഇത്തരമൊരു അസ്വസ്ഥത ഉണ്ടാകുന്നത് തിരിച്ചറിഞ്ഞത്. അവിടത്തെ ജനസംഖ്യയില്‍ 44 ശതമാനം പേരും ഇത്തരമൊരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഓണ്‍ലൈനില്‍ എത്താനുള്ള ശ്രമം വിഫലമാകുന്നത് 27 ശതമാനം പേരില്‍ കൂടുതല്‍ രക്തസമ്മര്‍ദ്ദവും ഉണ്ടാക്കുന്നു. ഹൃദയമിടിപ്പിനെയും മസ്തിഷ്ക്കതരംഗങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ള പഠനമാണ് ഇങ്ങനെയൊരു നിഗമനത്തിലെത്താന്‍ സൈക്കോളജിസ്റ്റ് ഡോ. ഡേവിഡ് ലൂയിസിനെ പ്രേരിപ്പിച്ചത്. ബ്രിട്ടനിലെ ജനസംഖ്യയില്‍ 76 ശതമാനം പേര്‍ക്കും ഇന്റര്‍നെറ്റ് ഇല്ലാതെ ജീവിക്കാന്‍ വയ്യെന്നായിട്ടുണ്ട് - ബ്രിട്ടനില്‍ 'യുഗോവ്' നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ബ്രിട്ടനിലെ പകുതിയിലേറെ പേരും പ്രതിദിനം നാലു മണിക്കൂറിലേറെ ഇന്റര്‍നെറ്റിനു മുന്നില്‍ ചെലവഴിക്കുന്നവരാണ്. ഒരാഴ്ച കുടുംബത്തോടൊപ്പം കഴിയുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഇന്റര്‍നെറ്റില്‍ കഴിച്ചുകൂട്ടുന്നവരാണ് ജനസംഖ്യയുടെ 19 ശതമാനവും. സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം പേരും ജീവിതത്തില്‍ മതത്തിനേക്കാളേറെ പ്രാധാന്യം ഇന്റര്‍നെറ്റിന് കൊടുത്തിട്ടുണ്ട്. അഞ്ചിലൊരാള്‍, തങ്ങളുടെ പങ്കാളിയേക്കാള്‍ ശ്രദ്ധയും ഇന്റര്‍നെറ്റിന് നല്‍കുന്നു. 2100 ആളുകള്‍ക്കിടയിലാണ് സര്‍വ്വെ നടത്തിയത്. ഇന്ത്യയിലും കംപ്യൂട്ടറുകളും ഇന്റര്‍നെറ്റ് കണക്ഷനുകളും വര്‍ദ്ധിച്ചുവരികയാണ്.

ടി. വി. സിജു

കേരള കൌമുദി ഫ്ലാഷ്

ജനുവരി 11, 2010

Monday, December 28, 2009

നെറ്റില്‍ കുരുങ്ങുന്ന

ഉല്പാദനക്ഷമത


ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഓഫീസ് പ്രവൃത്തിസമയങ്ങളില്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നത് മൂലം പല കമ്പനികളുടെയും ഉല്പാദനക്ഷമതയില്‍ പന്ത്രണ്ടര ശതമാനത്തിന്റെ കുറവ് വരുന്നതായാണ് പുതിയ സര്‍വ്വെ ഫലം.


ഓഫീസുകളില്‍ നെറ്റ് ദുരുപയോഗം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ഇന്ത്യന്‍ കമ്പനികളുടെ ഉല്പാദനക്ഷമത കുറയുന്നതായി കണ്ടെത്തല്‍. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഓഫീസ് പ്രവൃത്തിസമയങ്ങളില്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നത് മൂലം പല കമ്പനികളുടെയും ഉല്പാദനക്ഷമതയില്‍ പന്ത്രണ്ടര ശതമാനത്തിന്റെ കുറവ് വരുന്നതായാണ് പുതിയ സര്‍വ്വെ ഫലം. ഓര്‍ക്കുട്, ഫേസ്ബുക്ക്, മൈസ്പേസ്, ലിങ്ക്ഡ് ഇന്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലുള്ളത്. ഇന്ത്യന്‍ പ്രാദേശികഭാഷകളിലുള്‍പ്പെടെ ഇത്തരം വൈബ്സൈറ്റുകള്‍ നിലവിലുണ്ട്. സൌഹൃദം പങ്കുവയ്ക്കാനും പ്രേമിക്കാനും മറ്റുള്ള കാര്യങ്ങള്‍ക്കുമെല്ലാം ഇവയൊക്കെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഫേസ്ബുക്ക് പോലുള്ള സൈറ്റുകളില്‍ പ്രതിദിനം ഒരു മണിക്കൂറെങ്കിലും ചെലവിടാന്‍ ഉദ്യോഗസ്ഥസമൂഹം തയ്യാറാവുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഡല്‍ഹി, ബാംഗ്ളൂര്‍, ചെന്നൈ, അഹമ്മദാബാദ്, സൂററ്റ്, മുംബയ്, പൂനെ, ചണ്ഡിഗഡ്, ലക്നൌ, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ നാലായിരത്തോളം കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസോസിയേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(അസോചം)നടത്തിയ സര്‍വ്വെയിലാണ് ഈ കണ്ടെത്തല്‍. ഇരുപത്തൊന്നിനും അറുപതിനും ഇടയില്‍ പ്രായമായമുള്ളവരാണ് സര്‍വെയില്‍ പങ്കെടുത്തത്. ഇതില്‍ പകുതിയിലധികവും ഓഫീസ് സമയത്ത് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റ് ഉപയോഗിക്കുന്നവരാണ്. പത്തില്‍ നാലുപേരും ഓഫീസിലിരുന്നാണ് ഓര്‍ക്കുട്ടിലോ ഫേസ്ബുക്കിലോ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചത്്. ഇവരില്‍ 83 ശതമാനവും തങ്ങളുടെ ചെയ്തികളില്‍ തെറ്റൊന്നും കാണുന്നുമില്ല. തങ്ങളുടെ ബ്രാന്‍ഡിനെ ജനപ്രിയമാക്കാന്‍ പല കമ്പനികളും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്സൈറ്റുകളിലും മറ്റും ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാരണംകൊണ്ടുതന്നെ സര്‍വ്വെയില്‍ പങ്കെടുത്ത 19 ശതമാനം കമ്പനികളും ഇത്തരം സൈറ്റുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. 16 ശതമാനം കമ്പനികള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കാന്‍ പരിമിതമായ രീതിയില്‍ സൌകര്യം ലഭ്യമാക്കുന്നുണ്ട്. മറ്റൊരു 40 ശതമാനം കമ്പനികള്‍ ഇവയുടെ ഉപയോഗത്തിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുമില്ല.ഐ.ടി മേഖലയ്ക്ക് പുറമെ പല കമ്പനികളും ഇത്തരത്തിലുള്ള അദ്ധ്വാനനഷ്ടം ഒഴിവാക്കാനായി ഓഫീസില്‍ മിക്ക സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും ഉപയോഗിക്കാതിരിക്കാനുള്ള നടപടികളെടുത്തിട്ടുണ്ട്. ഇന്റര്‍നെറ്റിന് അടിമയായതുപോലെയാണ് സര്‍വെയില്‍ പങ്കെടുത്ത 84 ശതമാനം പേരും. കൂടുതല്‍ നേരം ഇന്റര്‍നെറ്റിന് മുന്നില്‍ ചെലവഴിക്കുക, ഇതിനിടയില്‍ ഇടവേളകള്‍ ഇല്ലാതിരിക്കുക, സര്‍ഫിംഗില്‍ പ്രശ്നമുണ്ടാകുമ്പോള്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുക തുടങ്ങിയ പ്രശ്നങ്ങളും ആളുകള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങിയെന്നാണ് കണ്ടെത്തല്‍.

ടി. വി. സിജു,

കേരള കൌമുദി ഫ്ലാഷ്

ഡിസംബര്‍ 28, 2009


Thursday, November 12, 2009

പഠനം ഇനി മൊബൈല്‍വഴിയും

ഇനി വിദ്യാഭ്യാസം മൊബൈല്‍ ഫോണ്‍ വഴിയുമാവാം. ഇന്ത്യയില്‍ മൊബൈല്‍ഫോണ്‍ വഴിയുള്ള അദ്ധ്യയനത്തിന് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) തുടക്കമിട്ടുകഴിഞ്ഞു. മൊബൈല്‍ നിര്‍മ്മാതാക്കളില്‍ പ്രമുഖരായ എറിക്സണുമായി സഹകരിച്ചാണ് ഇഗ്നോ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. ഒക്ടോബര്‍ 29ന് ഇതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ മൂന്നാംതലമുറ (തേര്‍ഡ് ജനറേഷന്‍ - ത്രി ജി) മൊബൈല്‍ഫോണുകള്‍ വഴി ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുകയാണ് ഇപ്പോള്‍ ഇഗ്നോ. ആയിരത്തിലധികം കുട്ടികള്‍ പങ്കെടുക്കുന്ന ഈ കോഴ്സ് ഫലപ്രാപ്തിയിലെത്തുകയാണെങ്കില്‍ മറ്റു കോഴ്സുകള്‍ കൂടി ഈ രീതിയില്‍ കൈകാര്യം ചെയ്യാനാണ് വിദൂര വിദ്യാഭ്യാസ പദ്ധതിയ്ക്ക് ഏറെ ഊന്നല്‍ നല്‍കുന്ന ഇഗ്നോ ആലോചിക്കുന്നത്. പദ്ധതി വിജയപ്രദമാകുന്നതോടെ രാജ്യത്തെ 25 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും. ഈ പദ്ധതിയുടെ ചുവടുപിടിച്ച് കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷണല്‍ ടെക്നോളജിയും മൊബൈല്‍ വഴി വിദ്യാഭ്യാസം പകര്‍ന്നു നല്‍കാനുള്ള പദ്ധതി നടപ്പാക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ആദ്യപടി എന്ന നിലയില്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ മൊബൈല്‍ പങ്കാളികളെ ക്ഷണിച്ചുകൊണ്ടുള്ള ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാനദിവസം നവംബര്‍ 20. മൂന്നാം തലമുറയില്‍പെട്ട മൊബൈല്‍ ഫോണുകളില്‍ പാഠഭാഗങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലുള്ള സംവിധാനമാണ് ഇഗ്നോയ്ക്ക് വേണ്ടി എറിക്സണ്‍ ഒരുക്കുന്നത്. വീഡിയോ, ഓഡിയോ ഫോര്‍മാറ്റിലുള്ള പാഠഭാഗങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി ഡൌണ്‍ലോഡ് ചെയ്ത് കാണാനും കേള്‍ക്കാനും കഴിയുന്നതിനു പുറമെ ഇന്റര്‍നെറ്റ് ബ്രൌസിംഗിലൂടെ ആവശ്യമുള്ള വിവരങ്ങള്‍ തപ്പിയെടുക്കാനും ത്രി ജി മൊബൈല്‍ സംവിധാനം പഠിതാക്കളെ സഹായിക്കും. ആര്‍ക്കും ഏതു സമയത്തും എവിടെയിരുന്നും ഇത്തരം ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഒരിടത്ത് ക്ളാസ്സ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ മറ്റൊരു സ്ഥലത്തിരുന്ന് ഒരാള്‍ ഇതിനെ ആംഗ്യഭാഷയിലേക്ക് മാറ്റിയാല്‍ ശബ്ദ-ശ്രവണ വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഈ പഠനത്തില്‍ പങ്കുചേരാനാവും. പുതിയ സാങ്കേതികവിദ്യയില്‍ ഇതു മൂന്നും ഒരേസമയം തന്നെ നടത്താന്‍ പറ്റുന്നതുമാണ്.

മെച്ചം
പുതിയതരത്തിലുള്ള കോഴ്സിന് സാധാരണ കോഴ്സ് ഫീസിന് പുറമെ ഇഗ്നോ അധികമായി ഈടാക്കുന്നത് 20 മുതല്‍ 25 രൂപവരെയാണ്.
പഠനസാമഗ്രികള്‍ക്ക് സാമ്പത്തികചെലവ് ഏറുമെന്ന പോരായ്മ കൂടുതല്‍ കുട്ടികള്‍ കോഴ്സിന് ചേരുന്നതോടെ കുറയ്ക്കാന്‍ കഴിയും.
പാഠപുസ്തകം വിതരണം ചെയ്യാനുള്ള കാലതാമസം ഇവിടെയുണ്ടാകില്ല. എപ്പോള്‍ വേണമെങ്കിലും അധികൃതര്‍ക്ക് പാഠഭാഗങ്ങള്‍ പുതുക്കുകയുമാവാം. അത് അപ്പോള്‍ തന്നെ പഠിതാവിന്റെ മൊബൈലിലേക്ക് എത്തിക്കാന്‍ എസ്. എം. എസ് അലേര്‍ട്ട് സേവനവുമുണ്ട്.

സാധ്യത

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ടെലിഫോണ്‍ സാന്ദ്രത മൊബൈല്‍ വിദ്യാഭ്യാസത്തിന്റെ സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ മൂന്നിലൊരാള്‍ക്ക് മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ഉണ്ടെന്ന നിലയാണ്. മാത്രമല്ല ബ്രോഡ്ബാന്‍ഡ് സംവിധാനം രാജ്യത്തിന്റെ മുക്കിലും മൂലയിലുംവരെ ലഭ്യമായിട്ടുമുണ്ട്.
ഇപ്പോള്‍ വിപണിയില്‍ എത്തുന്ന ഭൂരിഭാഗം ലാപ്ടോപ്പുകളിലും നെറ്റ്ബുക്കുകളിലും ത്രി ജി സംവിധാനം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അക്കാദമിക് കൌണ്‍സിലര്‍മാര്‍ക്കും കോഴ്സ് കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കും വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കാന്‍ ഇത് അനുഗ്രഹമാവും.
പഠനസാമഗ്രികള്‍ തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും വന്‍ ചെലവുവരുമെന്നിരിക്കെ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ടെക്നോളജിയിലൂടെ ചെലവുകുറഞ്ഞ രീതിയിലും കാര്യക്ഷമമായും വിദ്യാഭ്യാസം താഴെ തട്ടിലേക്കു കൂടി എത്തിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു മേന്മ.

ടി.വി.സിജു

Sunday, December 7, 2008

പൊരിഞ്ഞ പോരാട്ടം ഇന്റര്‍നെറ്റിലും

മുംബയില്‍ പാക്ഭീകരരുമായി ഇന്ത്യന്‍ സേനാംഗങ്ങള്‍ ഏറ്റുമുട്ടിയ ദിവസങ്ങളില്‍ ഇന്റര്‍നെറ്റിലുമുണ്ടായി പൊരിഞ്ഞപോര്. ഏറ്റുമുട്ടിയത് പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും ഹാക്കര്‍മാരുടെ സംഘങ്ങള്‍. ഇരുരാജ്യങ്ങളിലെയും പ്രധാനപ്പെട്ട വെബ്സൈറ്റുകളിലേക്ക് വളരെ തന്ത്രപരമായി നുഴഞ്ഞുകയറി ആക്രമിക്കുകയായിരുന്നു ഇരുരാജ്യങ്ങളിലെയും ഹാക്കര്‍മാര്‍. ഐ. എം.ജി. എന്ന പേരില്‍ സ്വയംപരിചയപ്പെടുത്തുന്ന ഇന്ത്യന്‍ നുഴഞ്ഞുകയറ്റക്കാരുടെ സംഘം പാക്കിസ്ഥാനിലെ ഓയില്‍ ആന്‍ഡ് ഗ്യാസ് റഗുലേറ്ററി അതോറിറ്റിയുടെ വെബ്സൈറ്റ് ആക്രമിച്ചത് നേരത്തെ നവംബര്‍ 17നായിരുന്നു. പാക് ഗവണ്‍മെന്റിന്റെ അധീനതയിലുള്ള ഈ സൈറ്റില്‍ ഇന്ത്യന്‍ ദേശീയ ചിഹ്നവും സംഘത്തിന്റെ ലോഗോയും പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഇന്ത്യന്‍ സംഘം ആക്രമണം തുടങ്ങിവച്ചത്. ഇതിന് ബദലായി ഒ. എന്‍.ജി.സിയുടെ (ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കമ്മിഷന്‍) വെബ്സൈറ്റ് പാക്ക് ഹാക്കര്‍മാര്‍ നിയന്ത്രണത്തിലാക്കി. 
പാക്കിസ്ഥാനി സൈബര്‍ ആര്‍മി എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ഗ്രൂപ്പാണ് ഇതിനു പിന്നിലെ ബുദ്ധികേന്ദ്രമെന്ന് അറിയുന്നു. ഒ. എന്‍.ജി.സി സൈറ്റിന് പിറകെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗ്, സെന്റര്‍ ഫോര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്റ്, മദ്ധ്യപ്രദേശിലെ റെത്ലം കേന്ദ്രീയ വിദ്യാലയ എന്നിവയുടെ വെബ്സൈറ്റുകളും പാക് ഹാക്കര്‍മാരുടെ ആക്രമണത്തിനിരയായി. ഇവയില്‍ ആദ്യത്തെ രണ്ട് വെബ്സൈറ്റുകളുടെയും പ്രവര്‍ത്തനം പുനഃരാരംഭിക്കാനായിട്ടില്ല. ആന്ധ്രപ്രദേശിലെ സി.ഐ.ഡി.യുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് പൊലീസ് തിരയുന്ന 'മോസ്റ്റ് വാണ്ടഡ്' കുറ്റവാളികളുടെ ലിസ്റ്റ് നീക്കിയും പാക് ഹാക്കര്‍മാര്‍ അരിശം തീര്‍ത്തു. ഈ സൈറ്റ് ഇനിയും പൂര്‍വ്വസ്ഥിതിയിലായിട്ടില്ല. സ്ഥാനം നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന ജി.പി.എസ്. ലൊക്കേറ്റര്‍, മരുഭൂമിയിലായാലും കൊടുങ്കാട്ടിലായാലും റേഞ്ച് പോവാത്ത സാറ്റലൈറ്റ് ഫോണ്‍ തുടങ്ങിയവയാണ് ഭീകരര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. സാങ്കേതികമായി മുന്നേറുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നതെന്ന് സൈനികകേന്ദ്രങ്ങള്‍ വിലയിരുത്തുന്നുണ്ട്. 
'ഗൂഗിള്‍ എര്‍ത്തി'ല്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് മുംബയിലെ താജ് ഹോട്ടല്‍ ആക്രമണത്തിനുള്ള രൂപരേഖ തയ്യാറാക്കിയതെന്ന് പിടിയിലായ ഭീകരന്‍ തന്നെ സമ്മതിച്ചിരുന്നു. ഇന്ത്യയിലെ മിലിറ്ററി കേന്ദ്രങ്ങളടക്കം തന്ത്രപ്രധാനമായ പല സ്ഥലങ്ങളുടെയും മാപ്പുകള്‍ ഗൂഗിള്‍ എര്‍ത്തില്‍ ലഭിക്കുന്നത് വിധ്വംസകപ്രവര്‍ത്തകര്‍ക്ക് പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കൂടുതല്‍ സൌകര്യമൊരുക്കുമെന്ന് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. ഇതിന് തടയിടാന്‍ ഗൂഗിള്‍ കമ്പനി തയ്യാറാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.
പുതിയ സാഹചര്യത്തിലുള്ള ഭീഷണി നേരിടാന്‍ ബാംഗ്ളൂരിലെ ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ വമ്പന്‍ ഐ.ടി. കമ്പനികള്‍ സുരക്ഷയ്ക്കായി മാത്രം ഇരുപത്തയ്യായിരത്തിലേറെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായാണ് വിവരം.

Wednesday, November 12, 2008





ഒബാമയുടെ പേരിലും വൈറസ്!



അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബറാക് ഒബാമയുടെ പേരിലും ഇന്റര്‍നെറ്റിലൂടെ വൈറസുകള്‍ പടരുന്നു. വിനാശകാരിയായ ഈ വൈറസ് ബാങ്ക് അക്കൌണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടെ പലതും നമ്മുടെ കംപ്യൂട്ടറില്‍ നിന്ന് ചോര്‍ത്തികൊണ്ടുപോകുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ലോകവ്യാപകമായി കിട്ടുന്ന വാര്‍ത്താപ്രാധാന്യം മുതലെടുത്തുകൊണ്ട് ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടു കിടക്കുന്ന കംപ്യൂട്ടറുകളില്‍ നുഴഞ്ഞു കയറി വിവരങ്ങള്‍ മോഷ്ടിക്കാനാണ് ഇത്തരമൊരു വൈറസിന്റെ സൃഷ്ടിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. Obama win preferred in world poll എന്ന തലക്കെട്ടോടെ വരുന്ന മെയിലുകളില്‍ നിന്നാണ് വൈറസുകള്‍ പടരുന്നത്. പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കൊലപാതകദൃശ്യങ്ങള്‍ കാണാം എന്ന് രേഖപ്പെടുത്തി പ്രചരിച്ചിരുന്ന ഇ-മെയിലുകളിലും വൈറസുകള്‍ കടന്നുകൂടിയിരുന്നുവെന്ന് അന്ന് കണ്ടെത്തിയിരുന്നു. അതിന്റെ മറ്റൊരു പകര്‍പ്പാണ് ഒബാമയുടെ വിജയം ആഘോഷിച്ചുകൊണ്ടുള്ള ഇത്തരം ഇ-മെയിലുകള്‍ വഴിയും സംഭവിച്ചത്. അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യത്തെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം കാണാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക എന്ന ലിങ്കോടെയാണ് ഇന്‍ബോക്സില്‍ മെയില്‍ എത്തുക. ഉപയോക്താവ് അവിടെ ക്ളിക്ക് ചെയ്യുന്നതോടെ വീഡിയോ ഫയല്‍ എന്ന വ്യാജേന ചില പ്രോഗ്രാമുകള്‍ ഡൌണ്‍ലോഡ് ചെയ്യുകപ്പെടുകയായി. Mal/Bahav-027 എന്ന പേരിലുള്ള ട്രോജന്‍ വൈറസും ഇതോടൊപ്പം കംപ്യൂട്ടറിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടാവും. തുടര്‍ന്ന് കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്ന യൂസര്‍ നെയിമുകളും പാസ്വേഡും സ്ക്രീന്‍ഷോട്ടുകളുമടക്കം പലതും ട്രോജന്‍ വൈറസ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ രേഖപ്പെടുത്തും. ഈ വിവരങ്ങളെല്ലാം തന്നെ അപ്പോള്‍ തന്നെ വൈറസ് നിര്‍മ്മാതാക്കളുടെ പക്കലെത്തിച്ചേരുകയും ക്രമേണ അവയുടെ നിയന്ത്രണം പോലും ഈ ഹൈടെക് കള്ളന്‍മാര്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. ഉക്രെയിനിലെ ഒരു വെബ് സെര്‍വ്വറിലേക്കാണ് ഈ വിവരങ്ങള്‍ ചോര്‍ന്നുപോകുന്നത്. റൂട്ട്കിറ്റ് വിഭാഗത്തില്‍പ്പെടുന്ന ഈ വൈറസിനെ സാധാരണ ഉപയോഗത്തിലിരിക്കുന്ന ആന്റി വൈറസ് സോഫ്റ്റ്വെയറുകള്‍ക്കൊന്നും കണ്ടെത്താനും നശിപ്പിക്കാനുമാവുന്നില്ല. ഒബാമയുടെ വിശേഷങ്ങളുമായി വരുന്ന ഇ-മെയിലുകള്‍ വളരെ കരുതലോടു കൂടി മാത്രമേ തുറന്ന് നോക്കാന്‍ പാടുള്ളൂ. കഴിവതും പരിചയമില്ലാത്ത വിലാസങ്ങളില്‍ നിന്ന് വരുന്നവ മായ്ച്ചുകളയുന്നതാണ് ഉത്തമം. അതിനിടെ വൈറ്റ് ഹൌസിലെ കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കിലേക്ക് ചൈനീസ് ഹാക്കര്‍മാര്‍ പലവട്ടം കടന്നുപോയി വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ തമ്മില്‍ കൈമാറിയ ഇ-മെയിലുകളിലെ വിവരങ്ങള്‍ പലതും ഇവര്‍ ചോര്‍ത്തിയതായി അമേരിക്കന്‍ അധികൃതര്‍ കരുതുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണില്‍ നിന്നും നെറ്റ്വര്‍ക്കിലെ സുരക്ഷിതവലയം ഭേദിച്ച് ഹാക്കര്‍മാര്‍ പല വിവരങ്ങളും മോഷ്ടിച്ചിരുന്നു.



- ടി.വി.സിജു
(കേരളകൌമുദി, നവംബര്‍ 12, 2008)