Showing posts with label മൊബൈല്. Show all posts
Showing posts with label മൊബൈല്. Show all posts

Monday, September 27, 2010

മൊബൈല്‍ ഫോണ്‍ ഇനി പഠിപ്പിക്കും
ഇംഗ്ളീഷ് സര്‍ട്ടിഫിക്കറ്റ്
കോഴ്സുമായി നോക്കിയ


പൈലറ്റ് പ്രൊജക്ട് എന്ന നിലയില്‍ ആരംഭിക്കുന്ന ഈ കോഴ്സ് മഹാരാഷ്ട്രയിലെ ആറ് ജില്ലകളിലുള്ളവര്‍ക്കാണ് ആദ്യം ലഭ്യമാക്കുക. അടുത്ത വര്‍ഷം ജനുവരിയില്‍ കോഴ്സിന് തുടക്കം കുറിക്കും. 1900 രൂപയാണ് കോഴ്സ് ഫീസ്. ആറുമാസത്തെ കോഴ്സാണിത്.

ടി.വി.സിജു

'സംസാരിക്കാന്‍ ഭാഷയേ വേണ്ട' എന്നാണ് പ്രമുഖ മൊബൈല്‍സേവനദാതാവായ ഐഡിയ സെല്ലുലാര്‍സിന്റെ പരസ്യം.
എന്നാല്‍ സെല്‍ഫോണ്‍ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കളില്‍ പ്രശസ്തരായ 'നോക്കിയ' ചെയ്യുന്നത് ഭാഷ പഠിക്കാന്‍ മൊബൈല്‍ഫോണ്‍ വഴി സൌകര്യമൊരുക്കുകയാണ് ഇതിനുള്ള ധാരാണാപത്രം നോക്കിയയും ഇഗ്നോ അധികൃതരും ഒപ്പിട്ടുകഴിഞ്ഞു.
ഇന്ത്യയില്‍ മൊബൈല്‍ഫോണ്‍ വഴിയുള്ള അദ്ധ്യയനത്തിന് തുടക്കം കുറിച്ച ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) യുമായാണ് നോക്കിയ ഇതിനു വേണ്ടി സഹകരിക്കുന്നത്. ഫംഗ്ഷണല്‍ ഇംഗ്ളീഷില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സാണ് നോക്കിയ അവതരിപ്പിക്കുന്നത്.
നിലവില്‍ ഉപയോക്താക്കളെ ലക്ഷ്യമാക്കി നോക്കിയ പല പഠനകോഴ്സുകളും നടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്തരത്തിലൊരു സര്‍ട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങുന്നത്.
പൈലറ്റ് പ്രൊജക്ട് എന്ന നിലയില്‍ ആരംഭിക്കുന്ന ഈ കോഴ്സ് മഹാരാഷ്ട്രയിലെ ആറ് ജില്ലകളിലുള്ളവര്‍ക്കാണ് ആദ്യം ലഭ്യമാക്കുക. അടുത്ത വര്‍ഷം ജനുവരിയില്‍ കോഴ്സിന് തുടക്കം കുറിക്കും. 1900 രൂപയാണ് കോഴ്സിന് ഫീസ്. ആറുമാസത്തെ കോഴ്സാണിത്. സ്റ്റഡി മെറ്റീരിയലുകളും അനുബന്ധ സേവനങ്ങളും ഇഗ്നോ നല്‍കുമെങ്കിലും ദൈനംദിന പഠനത്തിനുള്ള ഉള്ളടക്കവും മറ്റുപ്രവര്‍ത്തനങ്ങളും എസ്.എം.എസ് വഴി ഫോണിലൂടെയും എത്തും.
പഠനം പൂര്‍ത്തിയാകുന്നതോടെ ഇഗ്നോ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. നോക്കിയയുടെ 12 വിധം മൊബൈല്‍ഫോണുകളില്‍ കോഴ്സുകള്‍ പഠിക്കാനുള്ള സൌകര്യമുണ്ടാവും. 1500 രൂപ മുതല്‍ ആറായിരം രൂപ വരെയാണ് ഇതിന്റെ വില.
നോക്കിയയുടെ മൊബൈല്‍ ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകളുടെ കൂട്ടമായ 'ഒവി ലൈഫ് ടൂള്‍സ'് എന്ന സങ്കേതത്തിലൂടെയാണ് ക്ളാസ്സു കള്‍ നടത്തുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സംഗീതം, ഗെയിംസ്, വിനോദം എന്നിങ്ങനെ വിവിധ മേഖലകളിലെ സേവനങ്ങളെക്കുറിച്ചറിയാന്‍ സഹായിക്കുന്ന നിരവധി സോഫ്റ്റ്വെയര്‍ ടൂളുകളും ഒവി ലൈഫ് ടൂള്‍സിലുണ്ട്. നിലവില്‍ 4.7 മില്യണ്‍ വരിക്കാര്‍ ഒവി ലൈഫ് ടൂള്‍സിന്റെ വരിക്കാരാണ്.
പദ്ധതി വിജയകരമായാല്‍ ഇത് ദേശീയതലത്തില്‍ നടപ്പിലാക്കും. അതോടൊപ്പം മറ്റു കോഴ്സുകളും ഇതേരീതിയില്‍ നടത്തുന്നതിന് തീരുമാനിക്കും. ഇതുപോലെ തന്നെ മറ്റ് ഫോണ്‍ നിര്‍മ്മാതാക്കളുമായി സഹകരിച്ച് പഠനം പ്രോത്സാഹിപ്പിക്കുന്ന പല പദ്ധതികള്‍ക്കും ഒരുങ്ങുകയാണ് ഇഗ്നോ അധികൃതര്‍.
35 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള 30 ലക്ഷം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ലോകത്തെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയായാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ നീക്കം വളരെ പ്രശംസനീയമാണ്.

Monday, July 26, 2010

ബാറ്ററി കളയേണ്ട,
ഇതാ പുതിയ വിദ്യ!



ടി.വി റിമോട്ട്, എല്‍ഇഡി ടോര്‍ച്ച് തുടങ്ങി ബാറ്ററി പവര്‍ തുടര്‍ച്ചയായി ഉപയോഗിക്കാത്ത ഉപകരണങ്ങള്‍ക്ക് മാത്രമാവും തുടക്കത്തില്‍ ഈബാറ്ററി പ്രയോജനപ്പെടുന്നത്

പണ്ടൊക്കെ റേഡിയോ കേള്‍ക്കാന്‍ മൂന്നും നാലും വലിയ ഡ്രൈസെല്ലുകള്‍ ഉപയോഗിക്കേണ്ടിയിരുന്നു. ചാര്‍ജ് തീര്‍ന്നാലോ? ദൂരെ വലിച്ചെറിയുക- അതാണ് അന്നത്തെ രീതി. എന്നാല്‍ ഇന്ന് റേഡിയോ സെല്‍ഫോണില്‍ ഒതുങ്ങി. അതില്‍ ഉപയോഗിക്കുന്ന ബാറ്ററിയാകട്ടെ വേറൊരു ആകൃതിയിലും. ടോര്‍ച്ചിലും മറ്റും ഉപയോഗിക്കുന്ന വലിയ ബാറ്ററികള്‍ കടയില്‍ ഇപ്പോള്‍ കിട്ടാനുമില്ല.
ഇന്ന് വിപണിയിലുള്ള പോര്‍ട്ടബിള്‍ ഉപകരണങ്ങള്‍ മിക്കതും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. പക്ഷേ, ബാറ്ററിയുടെ ആകൃതിയിലും വലുപ്പത്തിലും വ്യത്യാസമുണ്ടെന്ന് മാത്രം. മിക്കതും വീണ്ടും വീണ്ടും ചാര്‍ജ് ചെയ്യാവുന്നവയും വളരെ ചെറുതും. ചാര്‍ജ് ചെയ്തെടുക്കാന്‍ വൈദ്യുതി വേണമെന്ന 'പോരായ്മ' ഇവയ്ക്കെല്ലാമുണ്ട്.
ഈ പോരായ്മയും പരിഹരിച്ച് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ജപ്പാനിലെ പ്രമുഖ ലേസര്‍ പ്രിന്റര്‍ നിര്‍മ്മാതാക്കളായ ബ്രദേഴ്സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഒരു എളുപ്പമാര്‍ഗ്ഗം കണ്ടുപിടിച്ചിരിക്കുകയാണ്. ഇതിന് ചെയ്യേണ്ടത് ഇത്രമാത്രം; ചാര്‍ജ് തീര്‍ന്നാല്‍ കുറച്ചുസമയത്തേക്ക് ബാറ്ററി ഒന്നു കുലുക്കുക. അപ്പോഴേക്കും അതില്‍ മുഴുവന്‍ ചാര്‍ജ് നിറഞ്ഞിരിക്കും. ടി.വി റിമോട്ട്, എല്‍ഇഡി ടോര്‍ച്ച് തുടങ്ങി ബാറ്ററി പവര്‍ തുടര്‍ച്ചയായി ഉപയോഗിക്കാതെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് മാത്രമാവും തുടക്കത്തില്‍ ഈയൊരു ബാറ്ററി പ്രയോജനപ്പെടുത്താവുന്നത്.
ബ്രദര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇതിന്റെ മാതൃകകളും നിര്‍മ്മിച്ചുകഴിഞ്ഞു. 'വൈബ്രേര്‍ഷന്‍ പവേര്‍ഡ് ജനറേറ്റിംഗ് ബാറ്ററി' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇരട്ട അറയുള്ള കപ്പാസിറ്ററും ഇലക്ട്രോ മാഗ്നറ്റിക് ഇന്‍ഡക്ഷന്‍ ജനറേറ്ററും ചേര്‍ന്നതാണ് പുതുമയാര്‍ന്ന പുതിയ സ്റ്റോറേജ് സെല്‍. ഒരു കെയ്സിനുള്ളില്‍ തന്നെ കപ്പാസിറ്ററും ജനറേറ്ററും ഉള്‍ക്കൊള്ളിച്ച ബാറ്ററിയില്‍ നിന്ന് ചെറിയ തോതിലുള്ള പവര്‍ മാത്രമേ ലഭിക്കൂ. പെന്‍ടോര്‍ച്ചില്‍ ഉപയോഗിക്കുന്ന സാധാരണ ബാറ്ററിയില്‍ നിന്ന് ലഭിക്കുന്ന പവര്‍ ലഭിക്കണമെങ്കില്‍ ഇവ രണ്ടും വെവ്വേറെ കെയ്സുകളില്‍ ഘടിപ്പിക്കേണ്ടിവരും.
പുതിയ ബാറ്ററി ഇപ്പോഴും പരീക്ഷണഘട്ടത്തിലാണെങ്കിലും ഇതിന്റെ വ്യാവസായിക രീതിയിലുള്ള ഉല്പാദനം എന്നു തുടങ്ങുമെന്നോ മറ്റു വാണിജ്യസംബന്ധമായ വിവരങ്ങളോ ജപ്പാനീസ് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വിപണി നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇതിന് കമ്പനി നല്‍കുന്ന ഉത്തരം. ചാര്‍ജ് തീര്‍ന്നാല്‍ വലിച്ചെറിയുന്ന തരം ബാറ്ററികള്‍ പ്രകൃതിയെ മലിനപ്പെടുത്തുകയാണ്. റീച്ചാര്‍ജ്ജ് ചെയ്യാന്‍ ചെറിയൊരു സൂത്രമുപയോഗിക്കുന്ന പുതിയതരം ബാറ്ററികള്‍ പരിസ്ഥിതിക്കുണ്ടാക്കുന്ന പ്രത്യാഘാതം കുറയ്ക്കുമെന്ന് പ്രത്യാശിക്കാം .

ടി.വി.സിജു

Wednesday, April 28, 2010

മൊബൈല്‍ ബാങ്കിംഗ് ജൂലായ് മുതല്‍
രാജ്യവ്യാപകമാക്കുന്നു


രാജ്യത്ത് മൊബൈല്‍ ബാങ്കിംഗ് സംവിധാനം ജൂലായ് മുതല്‍ വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. രാജ്യത്തെ 32 ബാങ്കുകള്‍ക്കാണ് അനുമതി. ഇതില്‍ 21 എണ്ണവും മൊബൈല്‍ ബാങ്കിംഗ് സൌകര്യങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ബാക്കിയുള്ള ബാങ്കുകളും വൈകാതെ ഈ സേവനം ലഭ്യമാക്കും.
ബാങ്കില്‍ പോകാതെ ഒരു അക്കൌണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് പണം മാറ്റാന്‍ സാധിക്കുമെന്നതാണ് പുതുസംവിധാനത്തിന്റെ മെച്ചം. മൊബൈല്‍ റീചാര്‍ജ്ജ് ചെയ്യാനും ടെലിഫോണ്‍ - ഇന്‍ഷ്വറന്‍സ് തുകയടക്കാനും ഇനി അതത് ഓഫീസുകളില്‍ ചെല്ലേണ്ട. ടിക്കറ്റിനു വേണ്ടി റെയില്‍വെ സ്റ്റേഷന്‍ കൌണ്ടറുകളില്‍ ക്യൂ നില്‍ക്കുകയും വേണ്ട. ഇതൊക്കെ മൊബൈല്‍ഫോണ്‍ വഴി ആകാമെന്നായിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങിയാല്‍ ബില്‍ തുക നല്‍കാന്‍ കച്ചവടക്കാരന്റെ മൊബൈല്‍ നമ്പര്‍ മാത്രം അറിഞ്ഞാല്‍ മതി. തുടര്‍ന്ന് നമ്മുടെ ഫോണില്‍ കടക്കാരന്റെ ബാങ്ക് അക്കൌണ്ട് നമ്പര്‍ മാത്രം അമര്‍ത്തിയാല്‍ മതിയാകും.
മൊബൈല്‍ ബാങ്കിംഗ് സേവനം ലഭിക്കുന്നതിനായി ബാങ്കില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടിവരും. അതോടൊപ്പം തങ്ങളുടെ മൊബൈല്‍ഫോണില്‍ ബാങ്കിന്റെ പ്രത്യേകസോഫ്റ്റ്വെയറും ഉള്‍പ്പെടുത്തണം. എങ്കില്‍ മാത്രമേ സേവനം പൂര്‍ണ്ണതോതില്‍ ഉപയോഗപ്പെടുത്താനാവൂ. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന കോഡ് (എം പിന്‍) ഉപയോഗിച്ചാവും പിന്നീടുള്ള സാമ്പത്തികഇടപാടുകള്‍ നടത്തുക. ഈ സര്‍വ്വീസ് വഴി പ്രതിദിനം അമ്പതിനായിരം രൂപ വരെയുള്ള ക്രയവിക്രയങ്ങള്‍ നടത്താന്‍ ഇപ്പോള്‍ മിക്ക ബാങ്കുകളും അനുവദിക്കുന്നുണ്ട്. രണ്ട് ലക്ഷം ഇടപാടുകളിലൂടെ ഒരു മാസം 12 കോടി രൂപ കൈമാറ്റം ചെയ്യപ്പെടുമെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ കണക്കുകൂട്ടല്‍.
ജനസംഖ്യയുടെ 41ശതമാനം പേര്‍ മൊബൈല്‍ ഉപയോക്താക്കളായുള്ളതില്‍ 46 ശതമാനം പേര്‍ക്കും ബാങ്ക് അക്കൌണ്ടുകള്‍ നിലവിലില്ലെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ഇതിന് പരിഹാരമാവുകയാണ് മൊബൈല്‍ ബാങ്കിംഗ്. 2013 ആവുമ്പോഴേക്കും 90 കോടി ജനങ്ങളും മൊബൈല്‍വരിക്കാരാവുമെന്ന കണക്കുകൂട്ടലുകളാണ് മൊബൈല്‍സേവനദാതാക്കള്‍ക്കുള്ളത്.

Friday, April 16, 2010

പേഴ്സണല്‍ കംപ്യൂട്ടറിന്റെ പിതാവ്
ഓര്‍മ്മയായി


പേഴ്സണല്‍ കംപ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. ഹെന്‍റി എഡ്വേര്‍ഡ് റോബര്‍ട്സ് ഇനി ഓര്‍മ്മ മാത്രം. 2010 ഏപ്രില്‍ ഒന്നിന് 68-ാം വയസ്സില്‍ കടുത്ത ന്യൂമോണിയാ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം.
1975ല്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ പേഴ്സണല്‍ കംപ്യൂട്ടറിന്റെ സൃഷ്ടാവായിരുന്നു ഹെന്‍റി റോബര്‍ട്സ്. ആള്‍ടെയ്ര്‍ 8800 എന്ന ഈ കംപ്യൂട്ടര്‍ വിവരസാങ്കേതികവിദ്യാ ചരിത്രത്തില്‍ പ്രത്യേകസ്ഥാനവും നേടിയിട്ടുണ്ട്.
ഇലക്ട്രോണിക് ഹോബി കിറ്റുകള്‍ വികസിപ്പിച്ചെടുക്കുന്നതിനായി 1971ല്‍ റോബര്‍ട്സ് സ്ഥാപിച്ചതാണ് മൈക്രോ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ടെലിമെട്രി സിസ്റ്റം എന്ന മിറ്റ്സ്. റോക്കറ്റിന്റെ മാതൃക ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഹോബി കിറ്റുകള്‍ നിര്‍മ്മിക്കലായിരുന്നു പ്രധാന ജോലി. എങ്കിലും ഇവര്‍ പുറത്തിറക്കിയ ഇലക്ട്രോണിക് കാല്‍ക്കുലേറ്റര്‍ കിറ്റുകളായിരുന്നു വിപണിയില്‍ വിജയം കൊയ്തത്. 1973ല്‍ ഒരു മില്യണ്‍ ഡോളറിന്റെ വരുമാനം കാല്‍ക്കുലേറ്റര്‍ കിറ്റുകളിലൂടെ ഈ കമ്പനി നേടി. എന്നാല്‍ ഈ ശ്രുകദശ ഏറെക്കാലം നിണ്ടുനിന്നില്ല. അപ്പോഴേക്കും വിപണിയില്‍ മത്സരം കൊഴുത്തിരുന്നു. അങ്ങനെ പ്രശ്നങ്ങളിലേക്ക് കമ്പനി മൂക്കുകുത്തി. ഈയൊരു സാഹചര്യത്തിലാണ് കമ്പനിയെ ശക്തിപ്പെടുത്താനായി റോബര്‍ട്സ് ഇലക്ട്രോണിക് കംപ്യൂട്ടര്‍ കിറ്റുകള്‍ വിപണിയിലെത്തിക്കാനുള്ള നീക്കമാരംഭിച്ചത്. തുടര്‍ന്നാണ് ആള്‍ടെയ്ര്‍ 8800 എന്ന പേഴ്സണല്‍ കംപ്യൂട്ടര്‍ വികസിപ്പിച്ചെടുക്കുന്നത്. ഇന്റല്‍ 8080 എന്ന മൈക്രോപ്രോസസ്സറിനെ അടിസ്ഥാനമാക്കിയതാണ് ഇത് രൂപകല്പന ചെയ്തെടുത്തത്. 397 ഡോളര്‍ വിലവരുന്ന ഈ കംപ്യൂട്ടറിനെക്കുറിച്ചാണ് 1975ല്‍ പോപ്പുലര്‍ ഇലക്ട്രോണിക് മാഗസില്‍ ഫീച്ചര്‍ വന്നത്. അതോടെ കമ്പനിക്ക് ഓര്‍ഡറുകളുടെ പ്രവാഹമായി. നൂറു ഡോളര്‍ അധികം നല്‍കിയാല്‍ കംപ്യൂട്ടര്‍ അസംബിള്‍ ചെയ്തു നല്‍കാനും കമ്പനി തയ്യാറായി. എങ്കിലും 1977ല്‍ റോബര്‍ട്സ് ഈ കമ്പനി വില്‍പ്പന നടത്തി. പിന്നീട് ഇദ്ദേഹം ജോര്‍ജ്ജിയയിലേക്ക് മടങ്ങുകയായിരുന്നു. അവിടെ ഒരു നാട്ടുമ്പുറത്ത് തന്റെ ഡോക്ടര്‍ ജീവിതത്തിന് തുടക്കം കുറിക്കുകയായിരുന്നു റോബര്‍ട്സ്.
ആള്‍ടെയ്റിനു വേണ്ടി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയര്‍ അതില്‍ പ്രവര്‍ത്തിപ്പിച്ച ദിവസം ഒരു പുതുയുഗത്തിന്റെ തുടക്കമായിരുന്നു. ടെസ്റ്റ് ചെയ്യപ്പെടാത്ത ഒരു സോഫ്റ്റ്വെയര്‍ അക്കാലത്തെ പ്രശസ്തമായ ആള്‍ടെയ്ര്‍ കംപ്യൂട്ടറില്‍ ഉപയോഗിക്കാന്‍ സാഹസം കാട്ടിയ ഡോ. ഹെന്‍റി എഡ്വേര്‍ഡ് ഒരു പുതുയുഗത്തിലേക്കുള്ള വാതിലാണ് അന്ന് തുറന്നുകൊടുത്തത്.

ഡോ. ഹെന്‍റി എഡ്വേര്‍ഡ് റോബര്‍ട്സ്
ഹെന്‍റി റോബര്‍ട്സിന്റെയും എഡ്ന വില്‍ഷര്‍ റോബര്‍ട്സിന്റൈയും മകനായി ഫ്ളോറിഡയിലെ മിയാമിയില്‍ 1941 സെപ്തംബര്‍ 13നാണ് റോബര്‍ട്സ് ജനിച്ചത്. അച്ഛന് ജോലി സൈന്യത്തിലായിരുന്നു. ഇദ്ദേഹത്തിന് ഒരു ഗൃഹോപകരണ റിപ്പയര്‍ കട കൂടി സ്വന്തമായുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഉപകരണങ്ങളുടെ 'മെക്കാനിസം' നോക്കുന്നതില്‍ അതീവ തല്പരനായിരുന്നു കുഞ്ഞു റോബര്‍ട്സ്. ഇലക്ട്രോണിക്സിലെ താല്പര്യം നിലനിറുത്തി കൊണ്ടു തന്നെ ഒരു ഡോക്ടറാകണമെന്ന് മോഹിച്ച റോബര്‍ട്സ് മിയാമി യൂണിവേഴ്സിറ്റിയില്‍ മെഡിസിന്‍ പഠനത്തിനായി ചേര്‍ന്നു. അവിടെ വച്ച് പരിചയപ്പെട്ട ഒരു ന്യൂറോ സര്‍ജന്‍ റോബര്‍ട്സിന്റെ ഇലക്ട്രോണിക്സിലുള്ള കമ്പം തിരിച്ചറിഞ്ഞു. മെഡിക്കല്‍ ബിരുദം നേടുന്നതിന് മുമ്പ് എന്‍ജിനീയറിംഗ് പഠനം തുടങ്ങാന്‍ റോബര്‍ട്സിനെ പ്രേരിപ്പിച്ചത് ഈ സര്‍ജനാണ്. അങ്ങനെ എന്‍ജിനീയറിംഗ് ബിരുദം സമ്പാദിക്കുന്നതിനായി ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ശാഖ തിരഞ്ഞെടുത്തു. പഠനത്തിനിടെ ജോന്‍ ക്ളാര്‍ക്കിനെ തന്റെ ജീവിതസഖിയായി സ്വീകരിക്കുകയും ചെയ്തു. റോബര്‍ട്സിന് രണ്ടു ഭാര്യമാരിലായി അഞ്ച് കുട്ടികളുണ്ട്.
യു. എസ് എയര്‍ഫോഴ്സിലും ഹെന്‍റി റോബര്‍ട്സ് കുറച്ചുകാലം സേവനം ചെയ്തിരുന്നു. അവിടുത്തെ ട്രെയ്നിംഗിനു ശേഷം ടെക്സാസ് ലാക്ലാന്‍ഡ് എയര്‍ഫോഴ്സ് ബേസിലെ ക്രിപ്റ്റോഗ്രാഫിക് എക്യുപ്മെന്റ് മെയ്ന്റനന്‍സ് സ്കൂളില്‍ ഇന്‍സ്ട്രക്ടറായി ജോലി നോക്കി. പിന്നെയും പലവിധ പ്രോജക്ടുകള്‍ക്കു വേണ്ടിയും കഷ്ടപ്പെട്ടു. ഒറ്റയാള്‍ സ്ഥാപനമായ റിലയന്‍സ് എന്‍ജിനീയറിംഗ് കമ്പനിയും റോബര്‍ട്സ് ഉണ്ടാക്കി. 1968ലാണ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം പൂര്‍ത്തിയാക്കുന്നത്. തുടര്‍ന്ന് അല്‍ബുക്കര്‍ക്കിലെ ആയുധ ലബോറട്ടറിയിലെ ലേസര്‍ ഡിവിഷനിലും ജോലി നോക്കി. അതില്‍പിന്നെയാണ് 71ല്‍ മിറ്റ്സ് സ്ഥാപിക്കുന്നത്.

മിറ്റ്സും മൈക്രോസോഫ്റ്റും
ഇന്നത്തെ പ്രശസ്തരായ മൈക്രോസോഫ്റ്റിന്റെ പിറവിയില്‍ പ്രധാന പങ്ക് മിറ്റ്സിന് ഉണ്ടെന്ന് പറയാം. ഇവിടെയാണ് സോഫ്റ്റ്വെയര്‍രംഗത്തെ കുലപതികളായ മൈക്രോസോഫ്റ്റിന്റെ സാരഥികള്‍ ആദ്യം ജോലി ചെയ്തിരുന്നത്. ജോലിക്കാര്യത്തില്‍ ഹെന്‍റി എഡ്വേര്‍ഡ് നല്‍കിയ പ്രത്യേക പരിഗണനകള്‍ മൈക്രോസോഫ്റ്റ് ചിന്തകളെ ശക്തിപ്പെടുത്തുന്നതരത്തിലായിരുന്നു
1975ല്‍ പോപ്പുലര്‍ ഇലക്ട്രോണിക്സ് മാഗസിനില്‍ പേഴ്സണല്‍ കംപ്യൂട്ടറായ, ആള്‍ടെയര്‍ 8800 നെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഈ ലേഖനം ബില്‍ഗേറ്റ്സിനെ ഹഠാദാകര്‍ഷിച്ചു. ആള്‍ടെയര്‍ 8800 (അവര്‍ദയഴ 8800) എന്ന ഇന്റലിന്റെ 8080 ചിപ്പ് അധിഷ്ഠിതമായ ഈ മൈക്രോകംപ്യൂട്ടറാണ് വാണിജ്യാടിസ്ഥാനത്തില്‍ ആദ്യമായി വ്യാപകമായ തോതില്‍ നിര്‍മ്മാണം ആരംഭിച്ചത്. മൈക്രോ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ടെലിമെട്രി സിസ്റ്റം - മിറ്റ്സ്, പുറത്തിറക്കിയതായിരുന്നു ആള്‍ടെയ്ര്‍. ഈ കംപ്യൂട്ടറിനു വേണ്ട പ്രോഗ്രാമുകള്‍ നിര്‍മ്മിക്കുവാന്‍ താല്പര്യമുള്ളവരെ ആവശ്യമുണ്ടെന്ന് ലേഖനത്തില്‍ ഉല്പാദകര്‍ സൂചിപ്പിച്ചിരുന്നു. ഈ കംപ്യൂട്ടറിനു വേണ്ടി ബേസിക് ഭാഷയില്‍ ഒരു ഇന്റര്‍പ്രട്ടര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ബില്‍ഗേറ്റ്സ് മിറ്റ്സുമായി ബന്ധപ്പെട്ടു. സത്യത്തില്‍ അങ്ങനെയൊരു പ്രോഗ്രാം ബില്‍ഗേറ്റ്സോ കൂട്ടുകാരോ അന്ന് തയ്യാറാക്കിയിട്ടുണ്ടായിരുന്നില്ല. പകരം ബേസിക് ഇന്റര്‍പ്രട്ടര്‍ വിഷയത്തില്‍ മിറ്റ്സിന്റെ താല്പര്യം അളക്കുകയായിരുന്നു ബില്‍ഗേറ്റ്സിന്റെ അതിബുദ്ധി. പിന്നെയുള്ള കുറച്ചു ദിവസങ്ങള്‍ തിരക്കുകളുടെതായി. ആള്‍ടെയറിനു വേണ്ടി ബേസിക് ഇന്‍പ്രട്ടര്‍ നിര്‍മ്മിക്കാനുള്ള തിരക്ക്. അത് ഒടുവില്‍ വിജയത്തില്‍ കലാശിച്ചു. തുടര്‍ന്ന് മിറ്റ്സ് പ്രസിഡന്റായിരുന്ന എഡ്വേര്‍ഡ് റോബര്‍ട്ട്, ഇന്റര്‍പ്രട്ടറിന്റെ വിശദീകരണത്തിനായി ഗേറ്റ്സിനെയും കൂട്ടുകാരന്‍ അലനെയും ന്യൂ മെക്സികോയിലെ 'മിറ്റ്സ്' ഓഫീസിലേക്ക് വിളിപ്പിച്ചു. ഇന്റര്‍പ്രട്ടറിന്റെ പ്രവര്‍ത്തനം വളരെ വിശദമായി വിവരിച്ചുകൊടുത്ത അലനെ 'മിറ്റ്സ്' അധികൃതര്‍ അഭിനന്ദിക്കുന്നു, ഒപ്പം അവരുടെ സോഫ്റ്റ്വെയര്‍ വിഭാഗത്തിന്റെ ഡയറക്ടര്‍ സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും നല്‍കുകയും ചെയ്തു. ഇന്റര്‍പ്രട്ടര്‍ 'ആള്‍ടെയര്‍ ബേസിക്' എന്ന പേരില്‍ മിറ്റ്സ് അവരുടെ കംപ്യൂട്ടറുകളുടെ കൂടെ വിതരണം ചെയ്തു തുടങ്ങി. പിന്നാലെ ബില്‍ഗേറ്റ്സും അവരോടൊപ്പം കൂടി. അപ്പോള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നതേയുണ്ടായിരുന്നുള്ളൂ ഗേറ്റ്സ്.
രണ്ടും ഒരുമിച്ചുനടക്കില്ലെന്ന് ബോധ്യപ്പെട്ട ഗേറ്റ്സ് 1975 നവംബറില്‍ പഠിത്തം മതിയാക്കി അല്‍ബുക്കര്‍ക്കിലെ 'മിറ്റ്സി'ല്‍ ജോലിക്കായി എത്തി. ആള്‍ടെയറിന്റെ വികസനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന പോള്‍ അലനോടൊപ്പം ബില്‍ഗേറ്റ്സും ചേര്‍ന്നതോടെയാണ് മൈക്രോ-സോഫ്റ്റ് (Micro-soft) എന്ന സ്വന്തം കൂട്ടുകക്ഷി സംരംഭത്തെക്കുറിച്ച് ഇരുവരും ചിന്തിക്കുന്നത്. അങ്ങനെ ഘയനഴസറസബര്‍ പിറന്നു. അല്‍ബുക്കര്‍ക്കില്‍ തന്നെയായിരുന്നു ഇതിന്റെ ആദ്യത്തെ ഓഫീസ്. ഒരു വര്‍ഷത്തിനിടയില്‍ മൈക്രോ-സോഫ്റ്റ് എന്ന രണ്ടുവാക്കുകള്‍ ഒന്നാക്കി മൈക്രോസോഫ്റ്റ് (Microsoft) ആയി മാറി. 1976 നവംബര്‍ 26ന് കമ്പനിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.



ടി. വി. സിജു

Monday, April 12, 2010


മൊബൈലുകാര്‍ക്കും
കോടതിയുണ്ടേ!


നിലവില്‍ സേവനദാതാവിനെതിരെ പരാതിയുണ്ടായാല്‍ സാധാരണ കോടതികളെ ആശ്രയിക്കണം. അല്ലെങ്കില്‍ ടെലികോം റഗുലേറ്ററി അതോറിറ്റിയെ സമീപിക്കാം സമയക്കുറവും ചെലവും കാരണം പല ഉപഭോക്താക്കളും കേസ് കൊടുക്കാന്‍ മടിക്കുന്നു. അത് മൊബൈല്‍കമ്പനികള്‍ മുതലാക്കുന്നു

സെല്‍ഫോണിന്റെ ഉപയോഗസാധ്യത വര്‍ദ്ധിച്ചപ്പോള്‍ അതുവഴിയുള്ള കുത്തകൃത്യങ്ങളും കുത്തനെ കൂടി. മൊബൈല്‍ ക്യാമറ ദുരുപയോഗം, മിസ്ഡ് കോള്‍ പ്രണയം എന്നുവേണ്ട ഉപദ്രവങ്ങള്‍ പലവിധത്തിലാണ് സെല്‍ഫോണ്‍ ഉപയോഗിച്ചുള്ളത്. ഇതിനിടെ മൊബൈല്‍ ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിന് മാത്രമായി കണ്‍സ്യൂമര്‍ കോടതി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനുള്ള നടപടികള്‍ തുടങ്ങാന്‍ കേന്ദ്രനിയമവകുപ്പ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഐ.ടി മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചുകഴിഞ്ഞെന്നാണ് അറിയുന്നത്.
ഇന്ത്യയിലെ അമ്പതുകോടിയോളം സെല്‍ഫോണ്‍ ഉപഭോക്താക്കളില്‍ തൊണ്ണൂറു ശതമാനത്തിലേറെയും പ്രീ പെയ്ഡ് ഉപഭോക്താക്കളാണ്. ഇതില്‍ പല ഉപഭോക്താക്കള്‍ക്കുമുണ്ടാകുന്ന പരാതികള്‍ തീര്‍പ്പാകാതെ കിടക്കുകയാണ്. സെല്‍ഫോണ്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകം സംവിധാനമൊരുക്കേണ്ട സമയം അതിക്രമിച്ചെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
നിലവില്‍ മൊബൈല്‍ സേവനദാതാവിനെതിരെ പരാതിയുണ്ടായാല്‍ സാധാരണ കോടതികളെ ആശ്രയിക്കുകയേ മാര്‍ഗ്ഗമുള്ളൂ. അല്ലെങ്കില്‍ ടെലികോം റഗുലേറ്ററി അതോറിറ്റിയെ സമീപിക്കണം. സമയക്കുറവും ചെലവേറിയ കാര്യമായതിനാലും പല ഉപഭോക്താക്കളും കേസുകള്‍ കൊടുക്കാന്‍ മടിക്കുകയാണ്. അത് മൊബൈല്‍കമ്പനികള്‍ ശരിക്കും മുതലാക്കുന്നുമുണ്ട്. രാജ്യത്തെ ചില നഗരങ്ങളില്‍ ഈയിടെ നടന്ന ഒരു സര്‍വെയില്‍ കണ്ടെത്തിയത് മൊബൈലിലേക്കുള്ള കോളുകള്‍ കട്ടായി പോവുന്നത് പതിവായിട്ടുണ്ടെന്നാണ്. ഓരോ പത്തു കോളുകള്‍ക്കിടയിലും ഒന്നോ രണ്ടോ കോളുകള്‍ ഇത്തരത്തില്‍ കട്ടായി പോവുന്നുണ്ടെന്നാണ് കണ്ടെത്തല്‍. മെട്രോ നഗരങ്ങളില്‍ ഇതിന്റെ എണ്ണം മൂന്നും നാലുമായി ഉയരുമെന്ന് സര്‍വ്വെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ കോളുകള്‍ക്കൊക്കെ സേവനദാതാക്കള്‍ ഉപഭോക്താവിന്റെ കൈയില്‍ നിന്ന് കൃത്യമായി തുക വസൂലാക്കുകയും ചെയ്യുന്നുണ്ട്. ബില്ലിംഗ് സംബന്ധമായ പ്രശ്നങ്ങളാണ് പരിഹരിക്കപ്പെടാതെ പോകുന്ന മറ്റൊരു പ്രശ്നം. ഇവയ്ക്കെല്ലാം പ്രത്യേക കോടതി വരുന്നതോടെ തീരുമാനമാകും. സര്‍വീസിന്റെ കാര്യത്തില്‍ ഓപ്പറേറ്റര്‍മാര്‍ ജാഗരൂകരാകുമെന്ന മെച്ചവുമുണ്ട്.

ടി.വി. സിജു
കേരളകൌമുദി ഫ്ളാഷ്

Saturday, April 3, 2010


'സെല്‍ഫോണ്‍ എല്‍ബോ'
മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഒരു അസുഖം കൂടി


സെല്‍ഫോണ്‍ ഇന്ന് ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിക്കഴിഞ്ഞു. ഉറങ്ങുന്ന സമയത്തും മൊബൈല്‍ഫോണിനെ കൈവിടാത്തവരാണ് ഭൂരിഭാഗവും. എന്തൊക്കെയോ നഷ്ടപ്പെടുമെന്ന ഭീതിയാണ് സെല്‍ഫോണിനെ സന്തതസഹചാരിയായി കൊണ്ടുനടക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. സുരക്ഷയും വിശ്വാസവും നേടിത്തരുന്നതില്‍ മൊബൈല്‍ഫോണ്‍ മുന്നിലുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഉപയോക്താക്കളില്‍ അധികവും. മനുഷ്യനെ നിയന്ത്രിക്കുന്ന റിമോട്ട് കണ്‍ട്രോളായി സെല്‍ഫോണ്‍ മാറിയിട്ടുണ്ടെന്ന സര്‍വ്വെ റിപ്പോര്‍ട്ടുകളും പുറത്തുവന്നുകഴിഞ്ഞു. ആഗോളതലത്തില്‍ സിനൊവേറ്റ് ഗവേഷണസംഘമാണ് ഇത്തരത്തില്‍ ഒരു സര്‍വ്വെ നടത്തിയത്. അതോടൊപ്പം മറ്റൊരു അസ്വസ്ഥതയും മൊബൈല്‍ ഉപയോക്താക്കളെ തേടിയെത്തിത്തുടങ്ങി. 'സെല്‍ഫോണ്‍ എല്‍ബോ' എന്ന ഓമന പേരിലാണ് ഇത് അറിയിപ്പെടുന്നത്.
ചെവിയോടു ചേര്‍ത്ത് മൊബൈല്‍ഫോണില്‍ ഏറെനേരെ സംസാരിക്കുമ്പോള്‍ കൈവിരലുകളില്‍ തരിപ്പ് അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കുക. സെല്‍ഫോണ്‍ എല്‍ബോയുടെ തുടക്കം ഇങ്ങനെയാണ്. ഏറെനേരം കൈമുട്ട് മടക്കിപ്പിടിച്ച് മൊബൈല്‍ഫോണില്‍ സംഭാഷണത്തിലേര്‍പ്പെടുന്നവര്‍ക്ക് ഉണ്ടാകുന്ന പ്രശ്നമാണിത്. വിരലുകളില്‍ തടിപ്പോ തുടിപ്പോ അനുഭവപ്പെടുന്നതാണ് തുടക്കം. കൈയിലെ ഞരമ്പുകള്‍ക്ക് സംഭവിക്കുന്ന തകരാറാണിതിന് കാരണമാകുന്നത്. ആഗോളവ്യാപകമായി ഈ പ്രശ്നം വ്യാപിച്ചുവരികയാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ സൂചന നല്‍കിക്കഴിഞ്ഞു.
കൈമുട്ട് മടക്കിപ്പിടിച്ചുകൊണ്ട് ഏറെനേരം ഫോണില്‍ സംസാരിക്കുന്നത് ചെറുവിരലിലെ ഞരമ്പുകളിലാണ് ഏറെയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഈ നിലയില്‍ കൂടുതല്‍സമയം സംസാരിക്കുന്നത് ചെറുവിരലിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നതുമൂലം ചെറുവിരലിലും മോതിരവിരലിലും തരിപ്പ് അനുഭവപ്പെടും. ചിലപ്പോള്‍ വിരലുകളില്‍ ചെറിയ തുടിപ്പുകളും ഇതോടൊപ്പം പ്രത്യക്ഷമാകും. മെഡിക്കല്‍ ഭാഷയില്‍ 'ക്യുബിറ്റല്‍ ടണല്‍ സിന്‍ഡ്രോം' എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.
കൈ വിരലുകള്‍ക്ക് സ്വാധീനക്കുറവും അതോടൊപ്പം സംഗീതോപകരണങ്ങള്‍ വായിക്കുവാനും ജാറുകള്‍ തുറക്കുവാനും പ്രയാസം അനുഭവപ്പെടുന്നതുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ടൈപ്പ് ചെയ്യാനും എഴുതാനുമുള്ള ശേഷിയും കുറയാന്‍ ഈ രോഗം കാരണമാകാറുണ്ട്.
ആവശ്യത്തിനു മാത്രം സെല്‍ഫോണ്‍ ഉപയോഗിക്കുക. ഇനി ഏറെനേരം ഫോണില്‍ സംസാരിക്കണമെങ്കില്‍ ഹെഡ്സെറ്റ് ഉപയോഗിക്കുക. തരിപ്പ് അനുഭവപ്പെടുമ്പോള്‍ തന്നെ ഫോണ്‍ കൈമാറ്റി പിടിച്ച് സംസാരം തുടരുക. ഇതൊക്കെയുള്ളൂ ഇതിനുള്ള പ്രതിവിധികള്‍. രോഗം വഷളായാല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരും.

* കൈമുട്ടുകള്‍ ഏറെനേരം മടക്കിപ്പിടിച്ച് സെല്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുണ്ടാകുന്ന അസുഖം

*
ചെവിയോട് ചേര്‍ത്ത് കൂടുതല്‍ സമയം ഫോണില്‍ സംസാരിക്കുന്നത് ഞരമ്പുകളിലൂടെയുള്ള രക്തപ്രവാഹത്തിന്റെ തോത് കുറയ്ക്കുന്നത് കൊണ്ടാണിത് സംഭവിക്കുന്നത്.

*
സംസാരത്തിനിടെ വിരലില്‍ തരിപ്പ് അനുഭവപ്പെടുമ്പോള്‍ കൈമാറ്റി പിടിക്കുകയോ അല്ലെങ്കില്‍ ഹെഡ്സെറ്റ് ഉപയോഗിച്ച് സംഭാഷണത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുക.

* രോഗം രൂക്ഷമായാല്‍ ഓപ്പറേഷന്‍ ആണ് പ്രതിവിധി

Monday, March 29, 2010

സൈബര്‍ ക്രൈം:
കുരുക്ക് എളുപ്പത്തില്‍


സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടെന്ന വ്യാജേന മറ്റൊരു വീടിന്റെ ഫോട്ടോ ഇ-മെയില്‍ വഴി പ്രചരിപ്പിച്ച യുവാവിനെ വിമാനത്താവളത്തില്‍ വച്ച് പൊലീസ് അറസ്റ്റുചെയ്തത് കഴിഞ്ഞ ദിവസമാണ്. വിദേശത്തേക്ക് കടക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലകപ്പെട്ടത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് നേരെ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെയും ഇ-മെയിലിലൂടെയും മൊബൈല്‍ഫോണ്‍ വഴിയുമുള്ള 'ആക്രമണ'ങ്ങള്‍ കൂടിവരികയാണ്.
അറിവോ സമ്മതമോ കൂടാതെ വ്യക്തികളുടെ സ്വകാര്യദൃശ്യങ്ങള്‍ മൊബൈല്‍ക്യാമറയിലൂടെ പകര്‍ത്തുന്നത് സാധാരണമായിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ഏറെയും ക്രൂശിക്കപ്പെടുന്നത് സ്ത്രീകളാണ്. വിവരം പൊലീസില്‍ അറിയിക്കുമെന്നാകുമ്പോള്‍ വിരുതന്മാര്‍ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ മായ്ചുകളയും. ഇതോടെ സംഭവം തീര്‍ന്നെന്ന് കണ്ടുനില്‍ക്കുന്നവരും വിചാരിക്കും.
ദൃശ്യം മായ്ചു കളഞ്ഞെന്ന് ഉറപ്പുവരുത്തി കൂട്ടംകൂടി നിന്നവരും പിരിഞ്ഞുപോകും. ദൃശ്യം മായ്ചുകളഞ്ഞാല്‍ പ്രശ്നം തീര്‍ന്നു എന്നു കരുതുന്നവര്‍ പൊലീസിലുമുണ്ട്. എങ്കില്‍ എല്ലാവരും ഓര്‍ക്കുക: എത്രവട്ടം മായ്ചുകളഞ്ഞാലും വീണ്ടും ദൃശ്യങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്ന കംപ്യൂട്ടര്‍ സോഫ്റ്റ്വെയറുകളുണ്ടെന്ന്. അതുകൊണ്ടു തന്നെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊലീസില്‍ പരാതി നല്‍കി നിയമനടപടി സ്വീകരിക്കുക. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുമ്പോഴേ അക്കാര്യം നാമറിയൂ.ര്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മറ്റൊരാള്‍ക്ക് ബ്ളൂടൂത്ത് വഴി അയച്ചുകൊടുത്താല്‍ പിടിക്കപ്പെടുകയില്ലെന്ന് കരുതേണ്ട. കൃത്യമായ അന്വേഷണം നടത്തിയാല്‍ കുറ്റവാളി കുടുങ്ങും; അതുറപ്പ്.
മറ്റുള്ളവരെ മന:പൂര്‍വ്വം കരിവാരി തേക്കാന്‍ കച്ചകെട്ടിയിരിക്കുന്നവരും കരുതിയിരിക്കുക. ഇന്റര്‍നെറ്റ് യുഗത്തില്‍ കുറ്റം ചെയ്യാന്‍ എളുപ്പമാണ്. അതുപോലെ തന്നെയാണ് കുറ്റവാളികളെ കുടുക്കാനും. രാഷ്ട്രപതിക്കും മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ ഇ-മെയില്‍ വഴി ഭീഷണി അയക്കുന്നവരും മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലായിട്ടുണ്ട്. ഇലക്ട്രോണിക് സന്ദേശങ്ങള്‍ ഏത് കംപ്യൂട്ടറില്‍ നിന്ന് എപ്പോഴാണ് സൃഷ്ടിക്കപ്പെട്ടതെന്ന് കണ്ടെത്താനുള്ള ഐ.പി ട്രേസര്‍ സാങ്കേതികവിദ്യ കേരളപൊലീസ് ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
സൈബര്‍ സുരക്ഷാരംഗത്തെ പ്രമുഖ ഏജന്‍സിയായ റിസോഴ്സ് സെന്റര്‍ ഫോര്‍ സൈബര്‍ ഫോറന്‍സിക് (ആര്‍.സി.സി.എഫ്) വികസിപ്പിച്ചിരിക്കുന്ന ഇ-മെയില്‍ ട്രേസര്‍ സംവിധാനം സി.ബി. ഐ, റോ തുടങ്ങിയ കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് ഏറെ സഹായം ചെയ്യുന്നുണ്ട്. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താനുള്ളതാണ് ഇ-മെയില്‍ ട്രേസര്‍. കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ച കംപ്യൂട്ടറിലെ ഡാറ്റ ഡിലീറ്റ് ചെയ്താലും ഹാര്‍ഡ്ഡിസ്കിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്ന സൈബര്‍ ചെക്ക്, മൊബൈല്‍ സിം കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്ന സിം കാര്‍ഡ് റീഡര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സംവിധാനങ്ങള്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ ഉപയോഗിക്കുന്നുണ്ട്.

വാല്‍ക്കഷ്ണം: ആളില്ലാത്ത വീടുകളെ പറ്റിയുള്ള വിവരങ്ങള്‍ നല്‍കാനും ഇന്റര്‍നെറ്റില്‍ സൈറ്റുകളുണ്ട്. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെ ഉപഭോക്താക്കള്‍ പരസ്പരം കൈമാറുന്ന വിവരങ്ങള്‍ മനസ്സിലാക്കി വീട്ടില്‍ ആളില്ലാത്ത സമയം കവര്‍ച്ച നടത്തുന്ന സംഘങ്ങളുമുണ്ടത്രേ. ചില ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ കൃത്യമായ വ്യക്തിഗത വിവരങ്ങള്‍ ആവശ്യമാണ്. ട്വിറ്ററില്‍ കളിയിലേര്‍പ്പെട്ട കളിഭ്രാന്തന്മാര്‍ നല്‍കുന്ന വിവരങ്ങളില്‍ നിന്നാണ് വെബ്സൈറ്റ് വിവരങ്ങള്‍ ചോര്‍ത്തിയത്. എല്ലാവരും നിരീക്ഷിക്കുണ്ടെന്ന ബോധ്യത്തോടെയാകണം വ്യക്തിഗത വിവരങ്ങള്‍ നല്‍കാന്‍.

ഇനി എങ്ങോട്ട് ?
ഇന്റര്‍നെറ്റുമായി ഒരു കംപ്യൂട്ടര്‍ കണക്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇന്റര്‍നെറ്റ് സേവനദാതാവി (ഐ.എസ്.പി)ന്റെ പക്കല്‍ നിന്ന് നമ്മുടെ കംപ്യൂട്ടറിന് ഒരു വിലാസം (ഐ.പി അഡ്രസ്സ്) കിട്ടിക്കഴിഞ്ഞിരിക്കും. പിന്നെ ഈ ഐ.പി അഡ്രസ്സ് ഉപയോഗിച്ചാവും അയക്കുന്ന ഡാറ്റ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുക. ഇങ്ങനെ ഡാറ്റാവിനിമയം നടത്തുന്നതിന് ചില ക്രമങ്ങളൊക്കെയുണ്ട്. ഡാറ്റ എത്ര വലുതായാലും ചെറുതായാലും ചെറിയ ചെറിയ കഷ്ണങ്ങളായാണ് (പാക്കറ്റുകള്‍) ഇന്റര്‍നെറ്റിലൂടെ സഞ്ചരിക്കുന്നത്. ഈ പാക്കറ്റുകള്‍ക്കൊക്കെ കൃത്യമായ വിലാസവും ഉണ്ടാവും. എവിടെ നിന്ന് അയക്കുന്നു, എങ്ങോട്ടു പോകണം എന്നൊക്കെ. ഇ-മെയിലുകള്‍ അയക്കുമ്പോഴും ഈ വ്യവസ്ഥകളെല്ലാം പാലിക്കപ്പെടും. ഈ അഡ്രസ് നോക്കിയാണ് അയച്ചയാളെ തിരിച്ചറിയുന്നത്.

ടി.വി.സിജു

Monday, March 22, 2010


സ്വകാര്യദൃശ്യങ്ങള്‍ സ്വന്തം
ഫോണില്‍ നിന്നും ചോരും!


കോഴിക്കോട്ടുള്ള ഒരു ഹോട്ടലിലെ ബാത്ത്റൂമില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഏറെ ചര്‍ച്ചാ വിഷയമായതാണ്. ഈ സംഭവത്തിനു ശേഷം പലര്‍ക്കും മൊബൈലില്‍ രസകരമായ എസ്.എം.എസ് കിട്ടി. ഹോട്ടലില്‍ നിന്ന് ഊണുകഴിച്ച ശേഷം ടോയ്ലറ്റില്‍ പോകണമെന്ന് ആവശ്യപ്പെട്ട ഭാര്യയോട് ഭര്‍ത്താവ് ഉപദേശിക്കുന്നത് ഇങ്ങനെ: അത്യാവശ്യമെങ്കില്‍ ഹോട്ടലിന് പുറത്ത് റോഡില്‍ ഇരുന്ന് കാര്യം നടത്തിക്കൊള്ളൂ. അത് നാലാളുകള്‍ മാത്രമേ കാണൂ. ടോയ്ലറ്റിനുള്ളിലാണെങ്കില്‍ പിന്നെ ലോകം മുഴുവന്‍ ദൃശ്യം കാണും.... അതാണ് അവസ്ഥ.

ഇതിലും ഭീകരമാണ് ഇനി വരാന്‍ പോകുന്നത്. മൊബൈല്‍ സാങ്കേതികവിദ്യയും ഉപകരണത്തിന്റെശേഷിയും അനുദിനം വളരുകയാണ്. ഒരു കംപ്യൂട്ടറിന്റെ ശേഷി തന്നെയുണ്ട് ഇന്നത്തെ സെല്‍ഫോണുകള്‍ക്ക്. കംപ്യൂട്ടറില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ഇന്ന് സെല്‍ഫോണ്‍ ഉപയോഗിച്ചും ചെയ്യാം. മുഴുവന്‍ സമയ ഇന്റര്‍നെറ്റ് സേവനവും മൊബൈല്‍ ലഭ്യമാണ്. നെറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകള്‍ ആക്രമണത്തിന് ഇരയാകുന്നതുപോലെ സെല്‍ഫോണുകളും സൈബര്‍ക്രിമിനിലുകളുടെ ചെയ്തികള്‍ക്ക് വശംവദമാവുകയാണ്.

ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ബാങ്കിംഗ് സംബന്ധമായ വിവരങ്ങളും മറ്റും ചോര്‍ത്തുന്ന മൊബൈല്‍വൈറസുകള്‍ ഇന്ന് വളരെ പ്രചാരത്തിലുണ്ട്. അതോടൊപ്പം വൈറസുകളുടെ പ്രഹരശേഷിയും അവയുണ്ടാക്കുന്ന പൊല്ലാപ്പുകളും കൂടിവരികയാണ്. മൊബൈല്‍ഫോണ്‍ നമ്മുടെ സന്തതസഹചാരിയാണ്. ഈ സാധ്യതയാണ് അദൃശ്യനായ അക്രമി മുതലെടുക്കുന്നത്. കംപ്യൂട്ടറുകളെ പോലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സഹായത്തോടെയാണ് സ്മാര്‍ട്ട്ഫോണുകളും പ്രവര്‍ത്തിക്കുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്റ്റ്വെയറുകളുടെ പ്രവര്‍ത്തനത്തെ വഴിതിരിച്ചുവിട്ടോ കബളിപ്പിച്ചോ വൈറസുകള്‍ ഉപയോക്താക്കളെ കുഴിയില്‍ ചാടിക്കുകയാണ്. ഇനി മാനഹാനിയുണ്ടായാല്‍ ഒളി ക്യാമറയെ കുറ്റംപറയാന്‍ കഴിയില്ല. അതിനുള്ള പഴി സ്വന്തം തലയില്‍ കെട്ടിവയ്ക്കേണ്ടിവരും! റൂട്ട്കിറ്റ് വിഭാഗത്തില്‍പെടുന്ന വൈറസുകളാണ് ആളുകളെ പറ്റിക്കാന്‍ കാത്തിരിക്കുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിക്കുന്ന വിനാശകാരികളായ സോഫ്ട്വെയറുകളാണ് റൂട്ട്കിറ്റ് വിഭാഗത്തില്‍പെടുന്നത്. ടെക്സ്റ്റ് മെസേജുകള്‍ വഴിയോ ബ്ളൂ ടൂത്ത് വഴിയോ ആക്രമണം നടക്കാം. ഫോണിന്റെ നിയന്ത്രണം വൈറസിന് ലഭിച്ചുകഴിഞ്ഞാല്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താം, മറ്റൊരാളുമായി സംസാരിക്കുന്നത് 'ഒളിഞ്ഞി'രുന്ന് കേള്‍ക്കാം, ജി.പി. എസ് സംവിധാനമുണ്ടെങ്കില്‍ ഫോണ്‍ ഉപയോഗിക്കുന്ന ആള്‍ എവിടെയുണ്ടെന്ന വിവരം ചോര്‍ത്താം. ഈ വിവരം ഉപയോഗപ്പെടുത്തി ഉപയോക്താവിന്റെ പിന്നാലെ പാത്തുംപതുങ്ങിയും നടക്കാം. ഇതൊന്നും പോരെങ്കില്‍ ഫോണ്‍ ബാറ്ററിയില്‍ ഒന്നും അവശേഷിപ്പിക്കാത്ത വിധം ചാര്‍ജും വറ്റിക്കാം! നാമറിയാതെ വീട്ടിലെ മുറിയില്‍ വച്ചിരിക്കുന്ന സ്വന്തം മൊബൈലിലെ മൈക്രോഫോണിലൂടെ ശബ്ദവും ക്യാമറയിലൂടെ ദൃശ്യങ്ങളും വിദൂരതയിലിരിക്കുന്ന ആക്രമിക്ക് കൃത്യമായി ലഭിച്ചുകൊണ്ടിരിക്കും. ഇത് വൈറസിന്റെ കുസൃതികളില്‍ ചിലതു മാത്രം. കിടപ്പറദൃശ്യത്തിനും കുളിമുറിയിലെ കാഴ്ചകള്‍ക്കുമാവാം ഇന്റര്‍നെറ്റിലൂടെ ലോകംമുഴുവന്‍ പ്രചരിക്കുന്നത്.

ഫോണിന്റെ കീപാഡില്‍ അമര്‍ത്തുന്ന നമ്പറിലേക്കാവും സാധാരണ കോളുകള്‍ പോവുക. വൈറസ്ബാധയേറ്റ ഫോണില്‍ ഇത് ശരിയായിക്കൊള്ളണമെന്നില്ല. ബാങ്കിലെ ഫോണ്‍നമ്പറിലേക്ക് വിളിച്ചാല്‍ 'കൊള്ളക്കാര'ന്റെ കയ്യിലാവും ലഭിക്കുക. ബാങ്കിലെ ജീവനക്കാരനെയാണ് ലഭിച്ചിരിക്കുന്നതെന്ന ധാരണയില്‍ ഫോണില്‍ സംസാരിച്ചാല്‍ വിവരങ്ങളെല്ലാം ചോരും. അക്കൌണ്ടും കാലിയാവും. പുതിയ ആന്റിവൈറസ് പ്രോഗ്രാമുകള്‍ക്കുപോലും ആക്രമണങ്ങള്‍ കണ്ടുപിടിക്കാന്‍ പറ്റിയെന്നു വരില്ല. ഉപഭോക്താക്കള്‍ വീണ്ടും പ്രതിരോധത്തിലാവുകയാണ്.


ടി.വി.സിജു
കേരള കൌമുദി ഫ്ലാഷ്

Monday, March 15, 2010


വഴിയറിയില്ല അല്ലേ എന്തിന് ഡ്രൈവിംഗ് ഒഴിവാക്കണം!

വാഹനത്തിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്നര ഇഞ്ച് വലിപ്പം വരുന്ന ടച്ച് സ്ക്രീനിലാണ് വിവരങ്ങള്‍ തെളിഞ്ഞുവരുന്നത്. ഉപഗ്രഹത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാവിഗേറ്റര്‍ തെളിച്ചുതരുന്ന വഴിയിലൂടെയുള്ള യാത്ര ഇനി ഏറെ ആസ്വാദ്യകരമാവും എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.


ലക്ഷ്യസ്ഥാനത്തേക്കുള്ള വഴി അറിയില്ല. അതിനാല്‍ സ്വയം ഡ്രൈവ് ചെയ്ത് പോവാം എന്ന മോഹം ഉപേക്ഷിച്ചു. സ്വന്തം കാറുണ്ടായിട്ടും യാത്ര ട്രെയിനിലാക്കുകയും ചെയ്തു. വഴി അറിയാത്തതുകൊണ്ടു മാത്രം ദീര്‍ഘദൂരയാത്രയ്ക്ക് സ്വന്തം വണ്ടി ഉപയോഗിക്കാത്തവര്‍ ഏറെയുണ്ട്. അവര്‍ക്കൊക്കെ ആശ്വാസമേകാന്‍ 'അറിയാത്ത വഴി' പറഞ്ഞുകൊടുക്കാന്‍ വഴികാട്ടി ഇന്ത്യയില്‍ എത്തുകയാണ്.
ഇന്ത്യന്‍ റോഡില്‍ ലക്ഷ്യംതെറ്റാതെ കുതിച്ചുപായാന്‍ ഇനി ജി.പി.എസ് നാവിഗേറ്ററിന്റെ സഹായവും എത്തിയിരിക്കുകയാണ്. വഴിയില്‍ കാത്തുകെട്ടി നില്‍ക്കാതെ എത്രയും വേഗത്തില്‍ ലക്ഷ്യത്തിലെത്തിച്ചേരാന്‍ സഹായകമായ സേവനം അവതരിപ്പിച്ചിരിക്കുന്നത് ഡിജിറ്റല്‍ മാപ് രംഗത്തെ പ്രമുഖരായ 'മാപ്മൈഇന്ത്യ'യാണ്.
വിദേശത്ത് വാഹനങ്ങളില്‍ വഴികാട്ടിയായി ജി.പി.എസ് നാവിഗേറ്റര്‍ നേരത്തെ തന്നെ ഉപയോഗത്തിലുണ്ട്. ഇന്ത്യയില്‍ അത് പ്രചാരത്തിലായി വരുന്നതേയുള്ളൂ. പോകേണ്ട ലക്ഷ്യസ്ഥാനം സൂചിപ്പിക്കുക. യാത്ര തുടങ്ങുന്ന സ്ഥലവും. പിന്നെ സ്വസ്ഥമായി ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന് ഡ്രൈവ് ചെയ്യുക. ഓരോ കവലയിലെ ജംഗ്ഷനിലും വളവിലും തിരിവിലും കാറിനുള്ളില്‍ സ്റ്റിയറിംഗിന് അടുത്തായി സ്ഥാപിച്ചിരിക്കുന്ന ജി.പി.എസ് നാവിഗേറ്റര്‍ സൂചനകള്‍ തന്നുകൊണ്ടിരിക്കും. നേര്‍വഴി ചൂണ്ടികാണിക്കുക മാത്രമല്ല ഉറച്ച ശബ്ദത്തില്‍ തന്നെ പറഞ്ഞുകൊടുക്കാനും ഈ ഉപകരണം റെഡിയാണ്.
ഇന്ത്യയിലെ പ്രശസ്തമായ 620 നഗരങ്ങളെ കൂടാതെ 5,76,000 ചെറുപട്ടണങ്ങളും വില്ലേജുകളും മുപ്പതിനായിരത്തോളം ടൂറിസ്റ്റ് കേന്ദ്രങ്ങളും ഈ നാവിഗേറ്ററിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഇവിടങ്ങളിലെ യാത്രയ്ക്ക് ഇനി തടസ്സമുണ്ടാവില്ല. ടൂറിസവുമായി ബന്ധപ്പെട്ട 125 പ്രധാനപ്പെട്ട സ്ഥലങ്ങളുടെ വിവരവും അതോടൊപ്പം ഹോട്ടലുകള്‍, എ.ടി. എം, പെട്രോള്‍ പമ്പുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയുടെ വിവരങ്ങളും ഇതില്‍ കാണാനാവും. ഒരു പ്രത്യേക സ്ഥലത്ത് കൂടി കടന്നുപോവുമ്പോള്‍ അവിടുത്തെ പ്രത്യേകത, പ്രധാനപ്പെട്ട സ്ഥലങ്ങള്‍, അവയുടെ ഫോട്ടോഗ്രാഫുകള്‍ എന്നിവയും പ്രദര്‍ശിപ്പിക്കും.
'റോഡ് പൈലറ്റ്' എന്ന പേരില്‍ വിപണിയിലെത്തിയ ഈ വഴികാട്ടിയുടെ വില 7990 രൂപയാണ്. വാഹനത്തിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്നര ഇഞ്ച് വലിപ്പം വരുന്ന ടച്ച് സ്ക്രീനിലാണ് വിവരങ്ങള്‍ തെളിഞ്ഞുവരുന്നത്. ഉപഗ്രഹത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാവിഗേറ്റര്‍ തെളിച്ചുതരുന്ന വഴിയിലൂടെയുള്ള യാത്ര ഇനി ഏറെ ആസ്വാദ്യകരമാവും എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.ഈ സൌകര്യം ലഭിക്കുന്നതിനായി പ്രത്യേക സിം കാര്‍ഡോ ജി.പി.ആര്‍.എസ് കണക്ഷനോ ആവശ്യമില്ല. മാത്രമല്ല പ്രതിമാസ വരിസംഖ്യയും വേണ്ട. സെല്‍ഫോണ്‍ നെറ്റ്വര്‍ക്ക് ഉപയോഗിക്കാത്തതു കൊണ്ടുതന്നെ രാജ്യത്ത് ഏതുസമയത്തും എവിടെയും നാവിഗേറ്റര്‍ ഉപയോഗിക്കാന്‍ എളുപ്പമാണ്. സേവനം ആവശ്യമില്ലാത്തപ്പോള്‍ സ്ളീപ് മോഡിലേക്ക് മാറുന്നതിനാല്‍ പവര്‍ ഉപഭോഗവും കുറയും. സിര്‍ഫ് അറ്റ്ലസ് ഫോര്‍ എന്ന ചിപ്പ്സെറ്റാണ് ഈ നാവിഗേറ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. ലക്ഷ്യസ്ഥാനമെത്തിയാല്‍ വാഹനത്തിലുള്ളവരെ അറിയിക്കാനുള്ള സൌകര്യവുമുണ്ട്.

Thursday, December 24, 2009

തിരിച്ചറിയല്‍ നമ്പര്‍
പകര്‍ത്തല്‍ വ്യാപകം

മൊബൈല്‍ഫോണുകള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്നത് ഇനിയൊരറിയിപ്പുവരെ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ടെലികോം സെര്‍വര്‍ അപ്ഡേറ്റ് ചെയ്യുന്നതിനാലാണ് തല്‍ക്കാലം അത് നിര്‍ത്തിയതെന്നാണ് പറയുന്നത്. തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. അന്താരാഷ്ട്ര തിരിച്ചറിയല്‍ നമ്പര്‍ ( ഐ എം ഇ ഐ) ഇല്ലാത്ത ഫോണുകള്‍ ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിരോധിച്ചതാണ്. ഫോണുകള്‍ക്ക് അംഗീകൃത തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്നതിന് സര്‍ക്കാര്‍ സംവിധാനവുമൊരുക്കി. ഒരു സിം കാര്‍ഡ് ഉപയോഗിക്കാവുന്ന ഫോണുകള്‍ക്ക് തിരിച്ചറിയല്‍ രേഖകളും ഫീസിനത്തില്‍ 199 രൂപയും നല്‍കിയാല്‍ അംഗീകൃത ഏജന്‍സികള്‍ വഴി തിരിച്ചറിയല്‍ നമ്പര്‍ ലഭിച്ചിരുന്നു. തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കാത്തവരുടെ ഫോണുകള്‍ക്കും അനധികൃത കേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചറിയല്‍ നമ്പറുകള്‍ ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നമ്പര്‍ ക്ളോണിംഗ് എന്ന മറിമായത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ഇത്തരം തട്ടിപ്പുനടത്തുന്ന കേന്ദ്രങ്ങളെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം നടത്തിവരികയാണ്. അതോടൊപ്പം സെല്‍ഫോണ്‍ നിര്‍മ്മാണകമ്പനികള്‍ക്ക് അനുവദിച്ച് നല്‍കുന്ന തിരിച്ചറിയല്‍ നമ്പറുകളെക്കാള്‍ കൂടുതല്‍ ഫോണുകള്‍ അതേ കമ്പനിയുടേതായി വിപണിയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ഈ മേഖലയുമായി അടുത്ത് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.

ചെയ്യാത്ത കുറ്റത്തിന് അറസ്റ്റ്!

കുറ്റവാളികള്‍ ഉപയോഗിച്ച മൊബൈല്‍ഫോണുകളാണ് മിക്ക സംഭവങ്ങളിലും പ്രതികളെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. മൊബൈല്‍ സേവനദാതാക്കളുടെ സഹായത്തോടെ കുറ്റകൃത്യം നടത്തിയവരുടെ മൊബൈല്‍ഫോണ്‍ നമ്പര്‍ ട്രാക്ക് ചെയ്താണ് പൊലീസ് ഇവരെ കണ്ടെത്തിയിരുന്നത്. എന്നാല്‍ തീവ്രവാദികളും അതോടൊപ്പം അധോലോകസംഘങ്ങളും 'തലതിരിഞ്ഞ' കുറ്റവാളികളും ഉപയോഗിക്കുന്നതോ ഇങ്ങനെ ട്രാക്ക് ചെയ്യാന്‍ പറ്റാത്ത ഫോണുകളും. ഇത്തരം ഫോണില്‍ അന്താരാഷ്ട്ര തിരിച്ചറിയല്‍ നമ്പറില്ലാത്തതുകൊണ്ടാണ് നിരീക്ഷണം സാധ്യമാകാതെ വരുന്നത്. നമ്പര്‍ ക്ളോണിംഗ് വഴിയാണ് ഈ ഫോണുകളൊക്കെ സജീവമാക്കുന്നത്. അതുകൊണ്ടു തന്നെ ഇതേ തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിക്കുന്ന മറ്റൊരു ഫോണും നിലവിലുണ്ടാകും. അത് ചിലപ്പോള്‍ നമ്മെ പോലുള്ള നിരപരാധികളുടെ കൈകളിലേതായിരിക്കാം. ചെയ്യാത്ത കുറ്റത്തിന് പൊലീസെത്തി അറസ്റ്റ് ചെയ്തു കൊണ്ടുപോകാന്‍ പിന്നെ അധികസമയമൊന്നും വേണ്ടിവരില്ല. ലോക്കപ്പില്‍ കിടക്കുമ്പോഴും താന്‍ ചെയ്ത കുറ്റം എന്താണെന്നുപോലും ആരും അറിഞ്ഞിട്ടുണ്ടാവില്ല. ഒരേ തിരിച്ചറിയല്‍ നമ്പര്‍ തന്നെ പല ഹാന്‍ഡ് സെറ്റുകള്‍ക്കും പകര്‍ത്തി നല്‍കുന്നതിന്റെ പരിണിതഫലമാണിത്. ഇവിടെ യഥാര്‍ത്ഥ കുറ്റവാളി രക്ഷപ്പെടുകയാണ്. വിലക്കുറവില്‍മയങ്ങി ക്ളോണ്‍ ചെയ്ത തിരിച്ചറിയല്‍ നമ്പറുകള്‍ കരസ്ഥമാക്കുമ്പോള്‍ ഇതൊന്നും നാം ഓര്‍ക്കില്ല.

നമ്പര്‍ ക്ളോണിംഗ്

മൊബൈല്‍ഫോണുകളെ പ്രത്യേകം പ്രത്യേകം വേര്‍തിരിച്ചറിയാന്‍ കഴിയുന്ന ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി (ഐ.എം.ഇ.ഐ) ഇല്ലാത്ത മൊബൈല്‍ഫോണുകളിലേക്കുള്ള സേവനം ഇല്ലാതായതോടെയാണ് വ്യാജന്മാര്‍ പുതിയ തന്ത്രവുമായി രംഗത്തെത്തിയിട്ടുള്ളത്. ഒരേ തിരിച്ചറിയല്‍ നമ്പര്‍ തന്നെ വ്യത്യസ്ത മൊബൈല്‍ഫോണുകള്‍ക്ക് നല്‍കി ഉപയോക്താക്കളെ 'കുഴിയില്‍ചാടിര്‍ക്കുന്ന' വിദ്യയാണ് ഇവര്‍ ചെയ്യുന്നത്. നമ്പര്‍ ക്ളോണിംഗ് എന്നറിയപ്പെടുന്ന ഈ സംവിധാനത്തിലൂടെ ജീവന്‍ വയ്ക്കുന്ന സെല്‍ഫോണുകള്‍ക്ക് ദിവസങ്ങളുടെ ആയുസ്സേ ഉണ്ടാകൂ. മെട്രോസിറ്റികളില്‍ മാത്രമല്ല കുഗ്രാമങ്ങളിലെ മൊബൈല്‍ സര്‍വ്വീസ് സെന്ററുകളില്‍ വരെ നമ്പര്‍ ക്ളോണിംഗ് വ്യാപകമാണ്. തിരിച്ചറിയല്‍ നമ്പര്‍ രേഖപ്പെടുത്തുന്ന കംപ്യൂട്ടര്‍ ഡാറ്റാബേസ് അടുത്ത ദിവസങ്ങളില്‍ പുതുക്കപ്പെടുന്നതോടെ ഈ നമ്പറുകള്‍ വീണ്ടും മിണ്ടാതാകും. വിപണിയില്‍ ലഭ്യമായ സ്പൈഡര്‍മാന്‍, ഇന്‍ഫിനിറ്റി തുടങ്ങിയ മൊബൈല്‍ സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ അംഗീകൃതമായ ഒരു അന്താരാഷ്ട്ര തിരിച്ചറിയല്‍ നമ്പര്‍ തന്നെ പല ഹാന്‍ഡ്സെറ്റുകളിലേക്കും പകര്‍ത്തിവയ്ക്കുകയാണ് ഇവിടെ. ക്ളോണ്‍ ചെയ്തതും വ്യാജവുമായ മൊബൈല്‍ഫോണുകള്‍ ഇറക്കുമതി ചെയ്യുന്നത് തടയാന്‍ ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

- ടി.വി.സിജു
കേരള കൌമുദി , ഫ്ളാഷ്
23/12/09

Monday, November 23, 2009

നോക്കിയ എന്‍97 മിനി ഇന്ത്യയില്‍


ഉപഭോക്താക്കളുടെ ഏറെ പ്രശംസ നേടിയ ഫോണുകളാണ് ലോകത്തെ പ്രമുഖ സെല്‍ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയയുടെ എന്‍ സീരിസ്. സൌന്ദര്യത്തിന് മുന്‍തൂക്കം നല്‍കുന്ന യുവതലമുറയുടെ മനസ്സറിഞ്ഞ് നോക്കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പുതിയ മൊബൈല്‍ഫോണാണ് എന്‍ 97മിനി. നിലവിലുള്ള എന്‍ ൯൭ ന്റെ ചെറിയ പതിപ്പാണിത്.

3.2 ഇഞ്ച് ടച്ച് സ്ക്രീനും സ്റ്റൈലന്‍ സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ബോഡിയുള്ള ഒരു കൊച്ചു മൊബൈല്‍ കംപ്യൂട്ടര്‍ തന്നെയാണിത്. ഫോണിലെ ഹോം സ്ക്രീന്‍ വഴി ലോകത്തെ പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ തങ്ങളുടെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനുള്ള സൌകര്യമാണ് പുതുമ. ലൈഫ്കാസ്റ്റിംഗ് എന്നറിയപ്പെടുന്ന ഈ സേവനത്തിലൂടെ നോക്കിയ ലക്ഷ്യം വയ്ക്കുന്നത് യുവമനസ്സുകളെ തന്നെയാണ്. തിരിക്കാന്‍പറ്റുന്ന സ്ക്രീനും (360x 640 പിക്സല്‍) 'ക്വര്‍ട്ടി' കീബോഡുമുണ്ടിതിന്. അഞ്ച് മെഗാ പിക്സല്‍ ക്യാമറ (കൂടിയ റെസെല്യൂഷന്‍ - 2592 x 1944 പിക്സല്‍)യുമുണ്ട്. കയ്യക്ഷരം തിരിച്ചറിയാനുള്ള സംവിധാനത്തിനു പുറമെ ഡ്യുവല്‍ എല്‍ഇഡി ഫ്ളാഷും വീഡിയോ-ഫോട്ടോ എഡിറ്ററും ഇതിലുണ്ട്.


വൈ-ഫൈ ഇനേബിള്‍ ആയ ഈ ഫോണില്‍ 434 മെഗാ ഹെര്‍ട്സ് സ്പീഡില്‍ പ്രവര്‍ത്തിക്കുന്ന ആം 11 ചിപ്പാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. സിംബിയന്‍ -വേര്‍ഷന്‍ 9.4, ആണ് ഇതില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം. ഏഴ് മണിക്കൂറോളം സംസാരിക്കാനുള്ള ബാറ്ററി ബാക്കപ്പ് ഇതില്‍ ലഭിക്കും. സംസാരം ത്രി ജി സംവിധാനത്തോടെയാണെങ്കില്‍ ഇത് ആറ് മണിക്കൂറായി ചുരുങ്ങും. എട്ട് ജിഗാ ബൈറ്റ്സ് സംഭരണശേഷിയും ഈ ഫോണിനുണ്ട്. മാത്രമല്ല 16 ജി.ബി മൈക്രോ എസ് ഡി കാര്‍ഡ് ഘടിപ്പിക്കുകയുമാവാം. വാങ്ങുമ്പോള്‍ സൌജന്യമെന്ന നിലയില്‍ ഹോളിവുഡ് ബ്ളോക്ക്ബസ്റ്റര്‍ ചിത്രങ്ങളായ സ്പൈഡര്‍മാന്‍, ഡാവിഞ്ചികോഡ്, മൈ ബെസ്റ്റ് ഫ്രണ്ട്സ് വെഡ്ഡിംഗ് എന്നീ മൂന്ന് സിനിമകളും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗെയിമുകള്‍ക്കും നൂറു പാട്ടുകള്‍ക്കും പുറമെയാണിത്. ചെറി ബ്ളാക്ക്, ഗാര്‍നെറ്റ്, വൈറ്റ് എന്നീ മൂന്നു നിറങ്ങളിലാണ് മിനി ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തുന്നത്. 30,939 രൂപ വിലവരുന്ന ഈ ഹാന്‍ഡ്സെറ്റിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് നവംബര്‍ 23 മുതല്‍ തുടങ്ങി . യഥാര്‍ത്ഥ എന്‍ 97 പതിപ്പുമായി മൂവായിരം രൂപയിലേറെ വ്യത്യാസമുണ്ട് മിനി ഹാന്‍ഡ്സെറ്റിന്.