Monday, February 7, 2011

ലക്ഷാധിപതിയാവൂ;
മുടക്കേണ്ടത് 800 രൂപ മാത്രം


800 രൂപ നല്‍കൂ... ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സില്‍ ചേരൂ... പിന്നെ ആയിരങ്ങള്‍ സമ്പാദിക്കൂ...
കേരളത്തില്‍ നടത്തുന്ന 'ഓണ്‍ലൈന്‍ ജോബ് എക്സ്പേര്‍ട്ട് കോഴ്സി'ന്റെ മേന്മയാണിത്. വെറും ഒരു മണിക്കൂര്‍ കോഴ്സ് കഴിഞ്ഞാല്‍ ലക്ഷാധിപതിയാകാനുള്ള തുടക്കം. കോഴ്സ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ വരുമാനം ഉറപ്പ്! എറണാകുളത്തെ ഒരു സ്ഥാപനം നല്‍കുന്ന വാഗ്ദാനമാണിത്. പ്രമുഖ പത്രങ്ങള്‍ വഴി പരസ്യം നല്‍കിയാണ് ഈ ആളുകളെ ചേര്‍ക്കുന്നത്.
എറണാകുളത്തെ സ്ഥാപനത്തില്‍ ചെന്ന് നേരിട്ട് കോഴ്സ് ചെയ്യാം. സാധ്യമല്ലെങ്കില്‍ ഓണ്‍ലൈന്‍ ആയും പരിശീലനം നല്‍കും. പക്ഷേ, നൂറുരൂപ അധികം നല്‍കണമെന്ന് മാത്രം.
ജോലിയുടെ സ്വഭാവം ഇങ്ങനെ: കോഴ്സ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരു വെബ്സൈറ്റ് അഡ്രസ്സ് തരും. ഇതില്‍ നല്‍കിയിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ വഴി ഉത്തരം കണ്ടെത്തുക. അത് വെബ്സൈറ്റില്‍ പേസ്റ്റ് ചെയ്യുക; കാര്യങ്ങള്‍ കഴിഞ്ഞു. ഉത്തരം കണ്ടെത്തുന്ന ചോദ്യങ്ങളുടെ എണ്ണം കൂടുന്നതോടെ പ്രതിഫലം പതിനായിരങ്ങളാവും. ഈ ജോലി ചെയ്യാന്‍ നാട്ടില്‍ തന്നെ ഉണ്ടായിരിക്കണമെന്നില്ല. ലോകത്തിന്റെ ഏതൊരു കോണിലിരുന്നും ഈ ജോലിയില്‍ ഏര്‍പ്പെടാം. നിങ്ങളുടെ മേല്‍വിലാസത്തിലേക്ക് സമ്പാദ്യം പോസ്റ്റല്‍ വഴി എത്തിക്കൊണ്ടിരിക്കും. ഇത്രയും കേട്ടപ്പോള്‍ തട്ടിപ്പാണെന്ന് തോന്നിയിരുന്നോ


ഓണ്‍ലൈന്‍ തട്ടിപ്പ്

വീട്ടിലിരുന്ന് ജോലി ചെയ്ത് ആയിരങ്ങള്‍ സമ്പാദിക്കാമെന്ന വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാകുന്നതായി വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. ബുദ്ധിമുട്ടില്ലാത്തതും പ്രതിമാസം നാലായിരം രൂപയിലേറെ പ്രതിഫലം കിട്ടുന്നതുമായ ജോലിയാണിതെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഭൂരിഭാഗം സ്ഥാപനങ്ങളും ഈ പദ്ധതിയില്‍ ആളുകളെ ചേര്‍ക്കുന്നത്. അതിന്റെ മറ്റൊരു വകഭേദമാണ് മേല്‍സൂചിപ്പിച്ചത്


ചില പിന്നാമ്പുറ കഥകള്‍

ഓണ്‍ലൈന്‍ ജോലിയില്‍ ഏറ്റവും കൂടുതല്‍ സ്കാന്‍ ചെയ്തു വരുന്ന പ്രമാണങ്ങള്‍ ടൈപ്പ് ചെയ്ത് എഡിറ്റ് ചെയ്യാവുന്ന രൂപത്തിലേക്ക് മാറ്റിനല്‍കുന്ന പ്രവര്‍ത്തനമാണ്. ഇതിനുള്ള സാങ്കേതികഭാഷ 'ഡിജിറ്റൈസ'് എന്നതാണ്. ഡാറ്റാ എന്‍ട്രി കഴിഞ്ഞാല്‍ പ്രൂഫ് റീഡിംഗ്, എഡിറ്റിംഗ്, കോപ്പി / പേസ്റ്റ്, ലേഖനമെഴുത്ത് തുടങ്ങിയ ഒരുകൂട്ടം ജോലികള്‍ ഈ മേഖലയില്‍ നല്‍കുന്നുണ്ട്.
ഒരു മാസം അക്ഷരത്തെറ്റിലാതെ എത്ര പേജ് ടൈപ്പ് ചെയ്ത് തിരിച്ചേല്‍പ്പിക്കാന്‍ പറ്റും എന്ന തോതിനനുസരിച്ചാണ് ജോലി നല്‍കുക. നൂറുപേജ് ടൈപ്പ് ചെയ്ത് നല്‍കുന്നതിന് ചില സ്ഥാപനങ്ങള്‍ അയ്യായിരം മുതല്‍ ഏഴായിരം രൂപ രജിസ്ട്രേഷന്‍ മുന്‍കൂര്‍ വാങ്ങുന്നുണ്ട്. ഇനി 200 പേജ് നല്‍കാമെന്നായാലോ 14,000 രൂപ നല്‍കണം.
ഡാറ്റാ എന്‍ട്രി നടത്താനുള്ള ഡോക്യുമെന്റിന്റെ മാതൃക കാണിക്കണമെന്ന് പറഞ്ഞാല്‍ വളരെ വ്യക്തമായി അക്ഷരങ്ങളൊക്കെ വായിക്കാന്‍ പറ്റുന്ന 20 വരിയുള്ള ഒരു പേജായിരിക്കും മാതൃകയായി സ്ഥാപനങ്ങള്‍ തരുന്നത്. എന്നാല്‍ ജോലി എന്ന നിലയില്‍ ഡോക്യുമെന്റ് നല്‍കുമ്പോഴേക്കും ഒരു പേജില്‍ 20 വരി എന്നത് ചിലപ്പോള്‍ മുപ്പതും നാല്പതുമൊക്കെയായി ഉയരും. അക്ഷരത്തിന് വേണ്ടത്ര വലുപ്പവും ഉണ്ടാവില്ല. വളരെ ചെറിയ വലിപ്പത്തിലും ചെരിഞ്ഞ് രൂപത്തിലുള്ള അക്ഷരങ്ങളുമാവും ഡോക്യുമെന്റിലുണ്ടാവുക.
നല്‍കുന്ന ഡോക്യുമെന്റുകള്‍ പ്രിന്റെടുത്ത് ടൈപ്പ് ചെയ്താല്‍ ജോലി ചെയ്യുന്നയാള്‍ക്ക് മുതലാവില്ല. അത് ചെലവേറിയ ഏര്‍പ്പാടാണ്. അതുകൊണ്ട് കംപ്യൂട്ടര്‍ മോണിറ്ററില്‍ പകുതി ഭാഗത്ത് ജോലിക്കായി തന്നിരിക്കുന്ന ഡോക്യുമെന്റുകള്‍ തുറന്ന് വയ്ക്കുകയും മറുപകുതിയില്‍ ടൈപ്പ് ചെയ്യാനുള്ള സോഫ്റ്റ്വെയര്‍ തുറന്ന് അതിലാണ് വിവരങ്ങള്‍ ടൈപ്പ് ചെയ്തെടുക്കുന്നത്. ഒറ്റയിരുപ്പില്‍ കുറേ നേരം ഇരുന്ന് ജോലി ചെയ്യാനാവില്ല. കാരണം വളരെ ചെറിയ ഫോണ്ടില്‍ നല്‍കുന്ന ഡോക്യുമെന്റ് സൂക്ഷ്മതയോടെ വായിച്ചെങ്കില്‍ മാത്രമേ ടൈപ്പ് ചെയ്യാനാവൂ. കംപ്യൂട്ടറില്‍ തന്നെ വലുതാക്കി നോക്കാമെന്ന് വച്ചാലോ, വളരെ ചെറിയ സൈസിലുള്ള ഒരു ഡോക്യുമെന്റ് വലുതാക്കുമ്പോള്‍ അതിന്റെ തെളിച്ചം പോവുകയും വായിക്കാന്‍ കഴിയാതെ വരികയുമാണ് ചെയ്യുക. അതോടെ ആ രീതിയിലും ടൈപ്പ് ചെയ്യാനാവില്ല. പിന്നെ വളരെ കഷ്ടപ്പെട്ടാണ് ഈ ജോലി പൂര്‍ത്തിയാക്കുന്നത്. അവസാനം ഇതിനുള്ള പ്രതിഫലം കൂടി നഷ്ടപ്പെടുന്നത് ആളുകളെ വളരെ നിരാശയിലാഴ്ത്തുകയും ചെയ്യും


തട്ടിപ്പിന്റെ തുടക്കം

ഡിജിറ്റൈസ് ചെയ്യാനുള്ള ഡോക്യുമെന്റുകള്‍ സ്ഥാപനങ്ങള്‍ തന്നെ മന:പൂര്‍വ്വം സൃഷ്ടിക്കുന്നതാണെന്നാണ് ആരോപണം.
ഇന്റര്‍നെറ്റിലെ പ്രമുഖ സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന്റെ ആഭിമുഖ്യത്തില്‍ പഴയ പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്ന ഒരു പദ്ധതി നടപ്പാക്കിയിരുന്നു. പ്രോജക്ട് ഗുട്ടന്‍ബര്‍ഗ് എന്ന പേരില്‍ അറിയപ്പെട്ട ഈ പ്രോജക്ടിന്റെ ഭാഗമായി മുപ്പതിനായിരത്തിലേറെ പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ഇന്റര്‍നെറ്റില്‍ സൌജന്യമായി ലഭ്യമാക്കിയിട്ടുമുണ്ട്.
ഇത്തരം സൈറ്റുകളില്‍ നിന്നോ മറ്റോ ഏറെ പഴക്കമുള്ള ഡോക്യുമെന്റുകള്‍ ഡൌണ്‍ലോഡ് ചെയ്ത് അതിലെ പാരഗ്രാഫുകളെല്ലാം ഒരുമിച്ചാക്കുകയാണത്രേ ആദ്യം. പിന്നീട് തലക്കെട്ട്, തീയതി, അക്കങ്ങള്‍, ചില ചിഹ്നങ്ങള്‍ എന്നിവ ഒഴിവാക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നു. വായിക്കാന്‍ പ്രയാസമുള്ളതും വളരെ ചെറിയ ഫോണ്ടിലേക്ക് ടെക്സ്റ്റിനെ മാറ്റുകയാണ് പിന്നെ. മനപൂര്‍വം അക്ഷരതെറ്റുകളും വരുത്തും. അതോടൊപ്പം അക്ഷരങ്ങളെ ചെരിഞ്ഞ രൂപത്തിലേക്ക് മാറ്റും. അവസാനം അവയെ ഇമേജ് ഫയല്‍ ആക്കി മാറ്റിയെടുക്കുന്നു. ഇത്തരത്തില്‍ സൃഷ്ടിച്ചെടുക്കുന്ന പേജുകളാണ് വീട്ടിലിരുന്ന് ജോലി ചെയ്യാനായി നല്‍കുന്നത്. ഇംഗ്ളീഷ് ഭാഷയിലുള്ള ഡോക്യുമെന്റ് മാത്രമാവില്ല നല്‍കുന്നത്. ഇംഗ്ളീഷ് അക്ഷരമാല ഉപയോഗപ്പെടുത്തുന്ന വിവിധ ഭാഷകളിലുള്ള പേജുകളാവും ഇത്തരം സൃഷ്ടിക്കുന്നത്. ഭാഷ മാറുന്നതുകൊണ്ടു തന്നെ ഇതിലെ തെറ്റുകള്‍ നമുക്ക് അറിയാനും പറ്റില്ല. ഇത്തരത്തില്‍ മൂന്നോ നാലോ മണിക്കൂര്‍ കൊണ്ട് ആയിരം പേജുകള്‍ വരെ നിര്‍മ്മിക്കാനാകുമെന്നാണ് പറയുന്നത്.
ഒരു പ്രോജക്ടിന്റെയും ഭാഗമായല്ലാതെ ഇത്തരത്തില്‍ നേരത്തെ വ്യാജമായി സൃഷ്ടിച്ചെടുത്ത അഞ്ചോ ആറോ സെറ്റ് ഡോക്യുമെന്റുകള്‍ ഉപയോഗിച്ചാണത്രേ തട്ടിപ്പ്. ഒരിക്കല്‍ നല്‍കുന്ന ഡോക്യുമെന്റ് സെറ്റ് അയാള്‍ക്ക് തന്നെ വീണ്ടും കിട്ടാതിരിക്കാന്‍ സംഘങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കും. അതോടെ തട്ടിപ്പ് നടത്താനുള്ള ആദ്യപടിയായി കഴിഞ്ഞു - ഇത്തരത്തില്‍ പറ്റിക്കപ്പെട്ട ഒരു അനുഭവസ്ഥന്‍ വിശദീകരിച്ചു


ചെറിയ തെറ്റിനും കടുത്ത ശിക്ഷ

ഡാറ്റ എന്‍ട്രി ജോലിയില്‍ ഏര്‍പ്പെടുന്ന ഒരാള്‍ക്ക് ശരാശരി ഒരു മാസം അമ്പതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയ്ക്കു വാക്കുകള്‍ ടൈപ്പ് ചെയ്യേണ്ടി വരും. അക്ഷരത്തെറ്റില്ലാതെ ജോലി പൂര്‍ത്തിയാക്കിയാല്‍ കരാര്‍ പ്രകാരം മുഴുവന്‍ തുകയും നല്‍കുമെന്നാണ് വാഗ്ദാനം. എന്നാല്‍ ഒരു തെറ്റിനു പോലും വമ്പന്‍തുകയാണ് കരാര്‍പ്രകാരം പല കമ്പനികളും പ്രതിഫലത്തില്‍ കുറവുവരുത്തുന്നത്. ഒരു അക്ഷരത്തെറ്റ് വന്നാലും ഒരു വാക്ക് വിട്ടുപോയാലും കൃത്യതയില്‍ ഒരു ശതമാനം മുതല്‍ ഒന്നര ശതമാനം വരെ കുറവുണ്ടെന്ന് ചില സ്ഥാപനങ്ങള്‍ കണക്കാക്കും. ഒരു വരി പൂര്‍ണമായി വിട്ടുപോയാലോ അധികമായി വന്നാലോ അഞ്ചു മുതല്‍ പത്തു ശതമാനം വരെ കൃത്യത കുറയും. ഇങ്ങനെയാണ് പൈസ കുറയ്ക്കുന്നത്.
കൃത്യത കണക്കാക്കുന്നത് ഓരോ പേജു കണക്കാക്കിയല്ള. മറിച്ചു എല്ളാ പേജിനെയും മാനദണ്ഡമാക്കിയാണ്. നൂറു പേജില്‍ പേജ് ചെയ്തുതീര്‍ത്താല്‍ ഒന്നോ രണ്ടോ പേജുകളില്‍ അല്പം ചില തെറ്റുകള്‍ വന്നാലും വലിയ പ്രശ്നമുണ്ടാകില്ള എന്നായിരിക്കും പലരും കരുതുന്നത്. എന്നാല്‍, ഈ പണി ഏല്പിച്ചവരുടെ കണക്ക് വേറെയാണ്. ഒരു അക്ഷരത്തെറ്റിനു ഒരു ശതമാനം എന്നു പറയുന്നത് 50000 വാക്ക് ടൈപ്പ് ചെയ്തിട്ടുണ്ടെങ്കില്‍ 500 വാക്കുകള്‍ തെറ്റിയതിനു സമാനമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, നൂറു പേജു ടൈപ്പ് ചെയ്യുമ്പോള്‍ ഒരു വാക്ക് തെറ്റിയാല്‍ ഒരു പേജു മുഴുവന്‍ തെട്ടിയതായിട്ടും അഞ്ച് അക്ഷരത്തെറ്റുണ്ടായാല്‍ അഞ്ചു പേജ് മുഴുവന്‍ തെറ്റിയതായിട്ടും കണക്കാക്കും.
വൈദഗ്ധ്യം ഏറെ ഉള്ളയാളായാലും കൂടുതല്‍ ടൈപ്പ് ചെയ്യാനുണ്ടാവുമ്പോള്‍ കുറേ തെറ്റുകളുണ്ടാവും. ഒന്നിലേറെ തവണയെങ്കിലും വായിച്ചുനോക്കിയാലേ മുഴുവന്‍ തെറ്റുകളും കണ്ടെത്താനാവൂ. ടൈപ്പ്് ചെയ്ത വ്യക്തി തന്നെയാണ് പിന്നെയും വായിക്കുന്നതെങ്കില്‍ തെറ്റുകള്‍ കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്. ഇതും കിട്ടേണ്ട പണത്തിന്റെ അളവ് കുറയ്ക്കും


പ്രത്യേക ഗ്രാമര്‍

സാധാരണ നിലയില്‍ പഠിച്ചുവച്ചിട്ടുള്ളതോ അല്ളെങ്കില്‍ പ്രയോഗിക്കുന്നതോ ആയ വാക്കുകള്‍ ഇവര്‍ തരുന്ന പ്രമാണത്തില്‍ തെറ്റായ നിലയിലായിരിക്കും ഉപയോഗിച്ചിട്ടുണ്ടാവുക. (ഉദാ: ബന്‍വബയവവ ന് പകരം ബന്‍വബയവ സഴ ബന്‍വവബയവ എന്നോ ഴഫനദവവ ന് പകരം ഴഫനദവ എന്നൊക്കെയോ ആയിരിക്കും. എന്നാല്‍ തന്നെ ഒരേ സ്പെല്ളിംഗ് ആയിരിക്കില്ള ആ ഡോക്യുമെന്റില്‍ മുഴുവന്‍ ഉപയോഗിക്കുന്നത്. ചിലയിടത്ത് യഥാര്‍ത്ഥ സ്പെല്ളിങ്ങും കാണാം. ഇവരുടെ നിബന്ധന പ്രകാരം ഒറിജിനല്‍ ഡോക്യുമെന്റ് എങ്ങനെയാണോ അതുപോലെ വേണം ടൈപ്പ് ചെയ്തുനല്‍കാന്‍.
മൈക്രോസോഫ്റ്റ് വേഡ് പോലെയുള്ള സോഫ്റ്റ്വെയറുകളാണ് ഈ ജോലി ചെയ്യാന്‍ മിക്കപ്പോഴും ഉപയോഗപ്പെടുത്തുന്നത്. വാക്കുകള്‍ ടൈപ്പ് ചെയ്താല്‍ ഈ സോഫ്റ്റ്വെയര്‍ തെറ്റുകള്‍ അടിവരയിട്ടു കാണിക്കും. പക്ഷേ, തെറ്റു തിരുത്തിയാല്‍ ഒറിജിനലില്‍ നിന്ന് വഴിമാറും. വാക്കുകള്‍ തെറ്റാണെന്ന് വ്യക്തമായി ബോധ്യമുള്ളവര്‍ ഈ സൌകര്യങ്ങള്‍ ഉപയോഗിക്കാതിരിക്കുകമില്ല. എന്നാല്‍ തൊഴിലുടമയുടെ പക്കല്‍ എത്തുന്ന ഡോക്യുമെന്റില്‍ ഇത്തരം വാക്കുകള്‍ ശരിയല്ലെന്ന് രേഖപ്പെടുത്തും. അതോടെ തെറ്റുകളുടെ എണ്ണവും കൂടും; പ്രതിഫലം കുറയുകയും.
തൊഴിലുടമയില്‍ നിന്ന് ക്വാളിറ്റി റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ എല്ലാവരും നിരാശാബാധിതരായിരിക്കും. വളരെ പ്രതീക്ഷയോടെ തിരിച്ചേല്‍പ്പിച്ച ജോലിയില്‍ തെറ്റുകളുടെ കൂമ്പാരമായതിനാല്‍ പണം നല്‍കാനാവില്ലെന്നാവും ചിലപ്പോള്‍ അറിയിപ്പ്
തങ്ങള്‍ക്ക് തെറ്റുപറ്റുന്നതാണ് കൊണ്ടാണ് പണം നഷ്ടപ്പെടുന്നതെന്നാണ് ഭൂരിഭാഗവും കരുതുക. ഇത് സമര്‍ത്ഥമായി വ്യാഖാനിക്കാന്‍ ക്വാളിറ്റി റിപ്പോര്‍ട്ടുമുണ്ടാവും കൂട്ടിന്. തിരിച്ചയച്ച ഫയലിന്റെ പേര്, തെറ്റുണ്ടായ വരി, വാക്ക്, എന്താണ് തെറ്റ് എന്നിവ കൃത്യമായി ഈ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. സ്വയം പരിശോധന നടത്തുമ്പോള്‍ അത് സത്യമാണെന്ന് മനസ്സിലാവുകയും ചെയ്യും. അതോടെ അയാളുടെ മനസ്സ് മടുക്കുന്നു. ആള്‍ക്കാരെ പറ്റിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയ ഡോക്യുമെന്റുകളാണിതൊക്കെ എന്നറിയാനുള്ള ബുദ്ധി പലര്‍ക്കുമുണ്ടാകുന്നില്ലെന്നാണ് ചതിയില്‍പ്പെട്ടവര്‍ പറയുന്നത്.
സ്ഥിരമായുള്ള ഒരു ജോലിക്ക് പുറമെ അധികവരുമാനത്തിനായാണ് പലരും ഈ പണിയിലേര്‍പ്പെടുന്നത്. അതുകൊണ്ട് ഓണ്‍ലൈന്‍ ജോലിയില്‍ പ്രശ്നങ്ങളുണ്ടാവുമ്പോള്‍ കേസിനും വഴക്കിനുമൊന്നും പോകാതെ ആ ജോലി നിര്‍ത്തുകയാണ് പതിവ്. അതോടെ കെട്ടിവച്ച കാശെല്ലാം നഷ്ടപ്പെടുകയും ചെയ്യും.
അഥവാ ഇനി കമ്പനിയുമായി സംസാരിച്ചാല്‍ അവര്‍ മറുപടി നല്‍കുന്നത് മറ്റു ചിലരുടെ ക്വാളിറ്റി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് കാണിച്ചായിരിക്കും. നിങ്ങള്‍ മാത്രമല്ള വേറെ ഒരുപാടു പേര്‍ ഇത്തരം ജോലി ചെയ്യുന്നുണ്ടെന്നും അവരൊക്കെ നന്നായി സമ്പാദിക്കുന്നുണ്ടെന്നാവും അവര്‍ പറയുന്നത്. കഴിവില്ളാത്തത് കൊണ്ടു മാത്രമാണ് നിങ്ങള്‍ക്ക് പണം നഷ്ടപ്പെടുന്നതെന്നും. അതോടെ ഇരയുടെ വായ അടയും. എന്നാല്‍ ഇത്തരത്തില്‍ ഉപയോക്താക്കളെ കാണിച്ചുകൊടുക്കുന്നത് അവര്‍ തന്നെ തയ്യാറാക്കുന്ന വ്യാജ റിപ്പോര്‍ട്ടുകളാണെന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു. തട്ടിപ്പില്‍ അകപ്പെട്ടു എന്നു മറ്റുള്ളവരോട് തുറന്നുപറയുന്നതിനുള്ള വിമുഖതയും കള്ളസംഘങ്ങള്‍ക്ക് വളരാനുള്ള തണലാണ് ഒരുക്കുന്നത്


കുരുങ്ങാതിരിക്കാന്‍

1. ഓണ്‍ലൈന്‍ ജോലി നല്‍കുന്ന സ്ഥാപനത്തെക്കുറിച്ച് പൂര്‍ണ്ണമായും അന്വേഷിക്കുക.

2. മുന്‍കൂര്‍ കാശ് നല്‍കുന്നതിന് മുമ്പ് ആ സ്ഥാപനത്തില്‍ നിലവില്‍ ജോലി ചെയ്യുന്ന ഉപയോക്താക്കളുടെ അഭിപ്രായം ആരായുക.

3. വ്യാജ ഡോക്യുമെന്റുകളെ കരുതിയിരിക്കുക. പറ്റുമെങ്കില്‍ അതിലെ ചില വാചകങ്ങളെങ്കിലും സെര്‍ച്ച് എന്‍ജിനില്‍ നല്‍കി ഇന്റര്‍നെറ്റില്‍ തിരഞ്ഞുനോക്കുക.

4. കഴിവതും കാശുനല്‍കി ഇത്തരം ജോലികള്‍ സ്വീകരിക്കാതിരിക്കുക.

5. മുന്‍കൂര്‍ തുക നല്‍കാതെ ബിഡിംഗിലൂടെ ജോലികള്‍ നേടാന്‍ സഹായിക്കുന്ന വെബ്സൈറ്റുകളുണ്ട്. വേണമെങ്കില്‍ അവയുടെ സേവനം ഉപയോഗിക്കാം.

6. തട്ടിപ്പാണെന്ന് മനസ്സിലായാല്‍ പൊലീസില്‍ പരാതി നല്‍കുക.


(കേരള കൌമുദി, ഫെബ്രുവരി 7, 2010)

1 comment:

Anonymous said...

വീട്ടിലിരുന്ന് ജോലി ചെയ്ത് ആയിരങ്ങള്‍ സമ്പാദിക്കാമെന്ന വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാകുന്നതായി വാര്‍ത്തകള്‍ വന്നുകഴിഞ്ഞു.