Monday, September 27, 2010

മൊബൈല്‍ ഫോണ്‍ ഇനി പഠിപ്പിക്കും
ഇംഗ്ളീഷ് സര്‍ട്ടിഫിക്കറ്റ്
കോഴ്സുമായി നോക്കിയ


പൈലറ്റ് പ്രൊജക്ട് എന്ന നിലയില്‍ ആരംഭിക്കുന്ന ഈ കോഴ്സ് മഹാരാഷ്ട്രയിലെ ആറ് ജില്ലകളിലുള്ളവര്‍ക്കാണ് ആദ്യം ലഭ്യമാക്കുക. അടുത്ത വര്‍ഷം ജനുവരിയില്‍ കോഴ്സിന് തുടക്കം കുറിക്കും. 1900 രൂപയാണ് കോഴ്സ് ഫീസ്. ആറുമാസത്തെ കോഴ്സാണിത്.

ടി.വി.സിജു

'സംസാരിക്കാന്‍ ഭാഷയേ വേണ്ട' എന്നാണ് പ്രമുഖ മൊബൈല്‍സേവനദാതാവായ ഐഡിയ സെല്ലുലാര്‍സിന്റെ പരസ്യം.
എന്നാല്‍ സെല്‍ഫോണ്‍ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കളില്‍ പ്രശസ്തരായ 'നോക്കിയ' ചെയ്യുന്നത് ഭാഷ പഠിക്കാന്‍ മൊബൈല്‍ഫോണ്‍ വഴി സൌകര്യമൊരുക്കുകയാണ് ഇതിനുള്ള ധാരാണാപത്രം നോക്കിയയും ഇഗ്നോ അധികൃതരും ഒപ്പിട്ടുകഴിഞ്ഞു.
ഇന്ത്യയില്‍ മൊബൈല്‍ഫോണ്‍ വഴിയുള്ള അദ്ധ്യയനത്തിന് തുടക്കം കുറിച്ച ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) യുമായാണ് നോക്കിയ ഇതിനു വേണ്ടി സഹകരിക്കുന്നത്. ഫംഗ്ഷണല്‍ ഇംഗ്ളീഷില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സാണ് നോക്കിയ അവതരിപ്പിക്കുന്നത്.
നിലവില്‍ ഉപയോക്താക്കളെ ലക്ഷ്യമാക്കി നോക്കിയ പല പഠനകോഴ്സുകളും നടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്തരത്തിലൊരു സര്‍ട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങുന്നത്.
പൈലറ്റ് പ്രൊജക്ട് എന്ന നിലയില്‍ ആരംഭിക്കുന്ന ഈ കോഴ്സ് മഹാരാഷ്ട്രയിലെ ആറ് ജില്ലകളിലുള്ളവര്‍ക്കാണ് ആദ്യം ലഭ്യമാക്കുക. അടുത്ത വര്‍ഷം ജനുവരിയില്‍ കോഴ്സിന് തുടക്കം കുറിക്കും. 1900 രൂപയാണ് കോഴ്സിന് ഫീസ്. ആറുമാസത്തെ കോഴ്സാണിത്. സ്റ്റഡി മെറ്റീരിയലുകളും അനുബന്ധ സേവനങ്ങളും ഇഗ്നോ നല്‍കുമെങ്കിലും ദൈനംദിന പഠനത്തിനുള്ള ഉള്ളടക്കവും മറ്റുപ്രവര്‍ത്തനങ്ങളും എസ്.എം.എസ് വഴി ഫോണിലൂടെയും എത്തും.
പഠനം പൂര്‍ത്തിയാകുന്നതോടെ ഇഗ്നോ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. നോക്കിയയുടെ 12 വിധം മൊബൈല്‍ഫോണുകളില്‍ കോഴ്സുകള്‍ പഠിക്കാനുള്ള സൌകര്യമുണ്ടാവും. 1500 രൂപ മുതല്‍ ആറായിരം രൂപ വരെയാണ് ഇതിന്റെ വില.
നോക്കിയയുടെ മൊബൈല്‍ ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകളുടെ കൂട്ടമായ 'ഒവി ലൈഫ് ടൂള്‍സ'് എന്ന സങ്കേതത്തിലൂടെയാണ് ക്ളാസ്സു കള്‍ നടത്തുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സംഗീതം, ഗെയിംസ്, വിനോദം എന്നിങ്ങനെ വിവിധ മേഖലകളിലെ സേവനങ്ങളെക്കുറിച്ചറിയാന്‍ സഹായിക്കുന്ന നിരവധി സോഫ്റ്റ്വെയര്‍ ടൂളുകളും ഒവി ലൈഫ് ടൂള്‍സിലുണ്ട്. നിലവില്‍ 4.7 മില്യണ്‍ വരിക്കാര്‍ ഒവി ലൈഫ് ടൂള്‍സിന്റെ വരിക്കാരാണ്.
പദ്ധതി വിജയകരമായാല്‍ ഇത് ദേശീയതലത്തില്‍ നടപ്പിലാക്കും. അതോടൊപ്പം മറ്റു കോഴ്സുകളും ഇതേരീതിയില്‍ നടത്തുന്നതിന് തീരുമാനിക്കും. ഇതുപോലെ തന്നെ മറ്റ് ഫോണ്‍ നിര്‍മ്മാതാക്കളുമായി സഹകരിച്ച് പഠനം പ്രോത്സാഹിപ്പിക്കുന്ന പല പദ്ധതികള്‍ക്കും ഒരുങ്ങുകയാണ് ഇഗ്നോ അധികൃതര്‍.
35 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള 30 ലക്ഷം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ലോകത്തെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയായാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ നീക്കം വളരെ പ്രശംസനീയമാണ്.

1 comment:

K.P.Sukumaran said...

ആശംസകളോടെ,