Wednesday, September 8, 2010

പുതിയ രൂപവും ഭാവവുമായി
ഐ പി അഡ്രസ്സ്


ഇന്റര്‍നെറ്റിലേക്ക് ആര്‍ക്കും എപ്പോഴും കടന്നുചെല്ലാം. അതിന് ഒരു തടസ്സവുമില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ കംപ്യൂട്ടര്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റിലേക്ക് കണക്ട് ചെയ്യാന്‍ പറ്റില്ല. അമേരിക്കയിലാണെങ്കില്‍ അത് ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ സംഭവിക്കും. എന്താ ഞെട്ടിപ്പോയോ? സംഗതി സത്യമാണ്. ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഏതുപകരണങ്ങള്‍ക്കും കൃത്യമായ ഒരു മേല്‍വിലാസമുണ്ട്. ഈ വിലാസം ഉപയോഗിച്ചാണ് പരസ്പരം വിവരങ്ങള്‍ കൈമാറുന്നത്. നിശ്ചിതക്രമത്തില്‍ നല്‍കുന്ന ഈ മേല്‍വിലാസങ്ങള്‍ തീര്‍ന്നുപോയാലോ? പിന്നെ ഇന്റര്‍നെറ്റിലേക്കുള്ള വഴി അടഞ്ഞുതന്നെ കിടക്കും. അതാണ് ഇവിടെ സംഭവിക്കാന്‍ പോകുന്നത്.
അതിവേഗം വളരുന്ന ഇന്റര്‍നെറ്റിന് അഡ്രസ്സുകളുടെ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ത്രി ജി സ്പെക്ട്രം ലൈസന്‍സിംഗ് നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സെപ്തംബര്‍ മാസത്തോടെ മൂന്നാംതലമുറ മൊബൈല്‍സേവനങ്ങള്‍ രാജ്യവ്യാപകമാകും. മാത്രമല്ല വയര്‍ലെസ് ഉപകരണങ്ങളിലൂടെയുള്ള ഇന്റര്‍നെറ്റ് ഉപയോഗവും ക്രമാതീതമായി ഇനി വര്‍ദ്ധിക്കും. അതോടെ ഒരാള്‍ക്ക് തന്നെ നിരവധി ഐ.പി അഡ്രസ്സുകള്‍ ആവശ്യമായി വരും. ഇത് ഇന്ത്യയിലെ മാത്രം അവസ്ഥയല്ല. നിലവില്‍ അമേരിക്കയില്‍ 94 ശതമാനം വിലാസങ്ങളും നല്‍കിക്കഴിഞ്ഞു. ഇനി അവശേഷിക്കുന്ന അഡ്രസ്സുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തീരും. 25 വര്‍ഷത്തോളമായി ഉപയോഗിച്ചുവരുന്ന ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വേര്‍ഷന്‍ 4ന് പരിമിതികള്‍ കാരണം ഇനിയും മുന്നേറാനാവില്ല. അതുകൊണ്ട് പുതിയ രീതിയിലുള്ള 128 ബിറ്റ് വിലാസക്രമം (ഐ.പി വി 6) നടപ്പാക്കേണ്ടി വന്നിരിക്കുകയാണ്. ജൂണില്‍ തന്നെ പുതുതലമുറയിലെ അഡ്രസ്സുകള്‍ അമേരിക്കയില്‍ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.
ഇന്ത്യയില്‍ 18.4 മില്യണിലധികം അഡ്രസ്സുകള്‍ ഐ.പി വി4 ഇനത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ തലമുറ വിലാസങ്ങളിലേക്ക് മാറാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം തയ്യാറാക്കിക്കഴിഞ്ഞു. ഇന്ത്യയില്‍ മാര്‍ച്ച് 2012 ഓടെ പുതുക്കിയ അഡ്രസ്സുകള്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷ. ഇതിനു വേണ്ടി രാജ്യത്തെ ടെലികോം-ഇന്റര്‍നെറ്റ് സര്‍വ്വീസ് സേവനദാതാക്കള്‍ 2011 ഡിസംബര്‍ ആവുമ്പോഴേക്കും തങ്ങളുടെ ഉപകരണങ്ങള്‍ പുതിയ വിലാസങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി നേടിയിരിക്കണമെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. നിലവില്‍ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ്സ്
ഇന്റര്‍നെറ്റിലേതുപോലെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കംപ്യൂട്ടറുകളെ തിരിച്ചറിയുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ്സ് (ഐ.പി അഡ്രസ്സ്) എന്ന വിലാസമാണ് സഹായകമാവുന്നത്. ചില പ്രത്യേക നിയമങ്ങള്‍ അനുസരിച്ചാണ് ഇത് കംപ്യൂട്ടറുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഉദാഹരണത്തിന് 192.168.1.1 പോലുള്ള ചില നമ്പറുകളാണ് കംപ്യൂട്ടറിന്റെ വിലാസമായി മാറുന്നത്. നിലവില്‍ 32 ബിറ്റുകള്‍ അടിസ്ഥാനമാക്കിയുള്ള ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വേര്‍ഷന്‍ 4 (ഐ.പിവി4) ആണ് കംപ്യൂട്ടറുകള്‍ക്ക് പേരിടാന്‍ ഉപയോഗിച്ചിരുന്നത്. 25 വര്‍ഷത്തോളമായി നിലവിലുള്ള ഈ നിയമം പാലിക്കപ്പെടുമ്പോള്‍ 40.3കോടി ഇന്റര്‍നെറ്റ് അധിഷ്ഠിത ഉപകരണങ്ങള്‍ക്ക് മാത്രമേ വിലാസം നല്‍കാന്‍ സാധിക്കൂ. നിലവിലുള്ള വളര്‍ച്ചാനിരക്ക് തുടരുകയാണെങ്കില്‍ അടുത്ത വര്‍ഷത്തോടെ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുന്ന ഉപകരണങ്ങളുടെ എണ്ണം ഇതിലുമേറെയാകും. അതോടെ ഇന്റര്‍നെറ്റിലേക്ക് പുതിയ ഉപകരണങ്ങളെ ബന്ധപ്പെടുത്താനാവാതെ കുഴങ്ങും. ഇതിനു പരിഹാരമായാണ് 128 ബിറ്റുകള്‍ ഉപയോഗിക്കുന്ന ഐ.പി അഡ്രസ്സിന്റെ പുതിയ രീതി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ രീതിപ്രകാരം 340 ട്രില്യണ്‍ ട്രില്യണ്‍ ട്രില്യണ്‍ ഉപകരണങ്ങള്‍ക്ക് വിലാസം നല്‍കാനാവും.
ഇന്റര്‍നെറ്റ് ലോകരാജ്യങ്ങളില്‍ വ്യാപകമാവുന്നതിന് മുമ്പു തന്നെ 32 ബിറ്റ് ഐ.പി അഡ്രസ്സ് ക്രമത്തിന്റെ പോരായ്മകള്‍ മനസ്സിലാക്കിയിരുന്നു. പുതിയക്രമം നിലവിലുള്ള രീതിയുമായി യോജിച്ചുപോവുന്നതുകൊണ്ട് ഇന്റര്‍നെറ്റിലെ ഡാറ്റാ കൈമാറ്റത്തെ ബാധിക്കാത്തവിധത്തില്‍ നെറ്റ്വര്‍ക്കുകളോ ഉപകരണങ്ങളോ അപ്ഗ്രേഡ് ചെയ്യുന്നതിന് ഒരു തടസ്സവുമില്ല. കംപ്യൂട്ടര്‍ സുരക്ഷയുടെ ഭാഗമായ എന്‍ക്രിപ്ഷന്‍, ഓഥന്റിക്കേഷന്‍ എന്നിവയ്ക്കും ഇതില്‍ മുഖ്യപരിഗണന നല്‍കിയിട്ടുണ്ട്. മാത്രമല്ല പഴയ സംവിധാനത്തില്‍ 'ഐപിസെക്' എന്ന സുരക്ഷാമാനദണ്ഡം വേണമെങ്കില്‍ ഉപയോഗിച്ചാല്‍ മതി എന്നതായിരുന്നു അവസ്ഥ. എന്നാല്‍ പുതിയ സംവിധാനത്തില്‍ ഇത് നിര്‍ബന്ധമാണ്. വ്യക്തമായ ഹെഡ്ഡറുകള്‍ സഹിതം സുരക്ഷിതവലയത്തിലൂടെ സുഗമമായി സഞ്ചരിക്കുന്ന ഡാറ്റാ പാക്കറ്റുകള്‍ നഷ്ടപ്പെടുന്നതിനുള്ള സാധ്യത കുറവാണ്. അത് പുതിയ സമ്പ്രദായത്തിന്റെ പ്രവര്‍ത്തനമികവ് കൂട്ടുകയാണ്.

ടി. വി. സിജു
tvsiju@gmail.com

1 comment:

cyberspace history said...

ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഏതുപകരണങ്ങള്‍ക്കും കൃത്യമായ ഒരു മേല്‍വിലാസമുണ്ട്. ഈ വിലാസം ഉപയോഗിച്ചാണ് പരസ്പരം വിവരങ്ങള്‍ കൈമാറുന്നത്. നിശ്ചിതക്രമത്തില്‍ നല്‍കുന്ന ഈ മേല്‍വിലാസങ്ങള്‍ തീര്‍ന്നുപോയാലോ? പിന്നെ ഇന്റര്‍നെറ്റിലേക്കുള്ള വഴി അടഞ്ഞുതന്നെ കിടക്കും. അതാണ് ഇവിടെ സംഭവിക്കാന്‍ പോകുന്നത്.