Monday, July 26, 2010

ബ്രോന്‍ഡ്ബാന്റ് വേണോ
ഈ പശു മേഞ്ഞു നടന്നോട്ടെ...



ഇന്ത്യയിലെമ്പാടും ബ്രോന്‍ഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കാന്‍ വിവിധ സെല്ലുലാര്‍ ഫോണ്‍ കമ്പനികളോടൊപ്പം രാജ്യത്തെ ഗവണ്‍മെന്റ് അധീനതയിലുള്ള കമ്പനികളും മത്സരിക്കുകയാണ്. നഗരങ്ങളെന്നോ കുഗ്രാമമെന്നോ വകതിരിവില്ലാതെയാണ് മത്സരം. അതിനായി രാജ്യവ്യാപകമായി തലങ്ങും വിലങ്ങും ഫൈബര്‍ ഒപ്ടിക് കേബിളുകള്‍ പലരും കുഴിച്ചിട്ടിട്ടുമുണ്ട്. ചില കമ്പനികള്‍ ഇപ്പോഴും ആ പ്രവൃത്തി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇന്ത്യയിലെ അവസ്ഥ ഇതാണെങ്കില്‍ ബ്രിട്ടനില്‍ കുറച്ചുകൂടി രസകരമായ പദ്ധതിയാണ് നടപ്പിലാക്കാന്‍ പോവുന്നത്.
പശുവിന്റെ സഹായത്തോടെ ഇവിടുത്തെ കുഗ്രാമങ്ങളില്‍ പോലും ബ്രോഡ്ബാന്‍ഡ് സംവിധാനം എത്തിക്കാനാവുമെന്നാണ് ബ്രിട്ടനിലെ അഡര്‍ലി ഇന്റര്‍നെറ്റ് എന്ന ഇന്റര്‍നെറ്റ് സര്‍വ്വീസ്ദാതാവിന്റെ കണ്ടുപിടുത്തം. സര്‍വ്വീസ്ദാതാക്കളില്‍ ഇവര്‍ തുടക്കക്കാരാണെങ്കിലും പ്രഖ്യാപിച്ചിരിക്കുന്ന പൈലറ്റ് പ്രോജക്ട് വ്യത്യസ്തയുള്ളതാണ്.
സംഗതി എളുപ്പമാണ്; കുഗ്രാമങ്ങളില്‍ പോയി മേയുന്ന പശുവിന്റെ കഴുത്തില്‍ ഒരു വൈ-ഫൈ ട്രാന്‍സ്മിറ്റര്‍ കെട്ടിക്കൊടുക്കുക. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ബ്രോഡ്ബാന്‍ഡ് സൌകര്യമൊരുക്കുന്ന സ്ഥലങ്ങളില്‍ സിഗ്നലിന്റെ ശേഷി കുറയുന്നത് ഇന്റര്‍നെറ്റ് സര്‍ഫിംഗിനെ ദോഷകരമായി ബാധിക്കും. ഈയൊരു പ്രശ്നം പരിഹരിക്കാന്‍ പശുവിന്റെ കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ട്രാന്‍സ്മിറ്റര്‍ തന്നെ ധാരാളമാണെന്ന കണ്ടുപിടുത്തമാണ് ഇവരുടേത്. അഞ്ചു മൈല്‍ ചുറ്റളവിലുള്ള പ്രദേശത്ത് സിഗ്നലിന്റെ റേഞ്ചും ശേഷിയും എട്ട് മടങ്ങോളം കൂട്ടാന്‍ പര്യാപ്തമാണ് ഈ പുതിയ പശു ബ്രോഡ്ബാന്‍ഡ് സംവിധാനമാണെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. മൂ-ബൈല്‍ ബ്രോഡ്ബാന്‍ഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇംഗ്ളീഷില്‍ മൂ എന്നാല്‍ പശുവിന്റെ അമര്‍ച്ച എന്നാണ് അര്‍ത്ഥം.
മ്യൂണിക്കിലെ ഫന്റാസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. എ. ബുള്ളറാണ് ഈയൊരു ആശയം കൊണ്ടുവന്നിരിക്കുന്നത്. സാധാരണ ബ്രോഡ്ബാന്‍ഡ് സേവനം ഒരുക്കുന്നതിനുള്ള ചെലവിന്റെ ഏഴയലത്തുപോലും വരികയില്ല. പശുവിന്റെ താടിയെല്ലിന്റെ ചലനത്തില്‍ നിന്നാണ് ട്രാന്‍സ്മിറ്ററിന് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജംലഭിക്കുന്നത്. ഈ പൈലറ്റ് പദ്ധതിയില്‍ പങ്കെടുക്കുന്ന പശുവിന്റെ ഉടമസ്ഥന് പ്രതിമാസം ഒന്നിന് 500 പൌണ്ട് എന്ന നിരക്കില്‍ പ്രതിഫലവും ലഭിക്കും. ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് ബ്രോഡ്ബാന്‍ഡ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഈ പദ്ധതി ഏറെ സഹായകമാവുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. എവിടെയാണ് ആ പശു എന്ന് നോക്കിയിരിക്കുകയാണ് ഞങ്ങളെന്ന് അവിടുത്തെ നാട്ടുകാരും.
അവിടെ പശുവിനെ അങ്ങനെയാണ് കയറൂരി വിട്ടിരിക്കുന്നതെങ്കില്‍ ബയോഗ്യാസ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളുമായി മുന്നോട്ടുപോവുകയാണ് എച്ച്.പി. ലാബ്സിലെ ഗവേഷകര്‍. നിരവധി കംപ്യൂട്ടറുകള്‍ ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെന്ററിന്റെ പ്രവര്‍ത്തനത്തിന് ബയോഗ്യാസ് വൈദ്യുതി ധാരാളമാണെന്ന കണ്ടെത്താലാണ് ഫോണിക്സില്‍ നടന്ന അന്തര്‍ദ്ദേശീയ ഊര്‍ജ്ജ ശില്പശാലയില്‍ ഗവേഷകര്‍ അവതരിപ്പിച്ച പ്രബന്ധം. പതിനായിരം പശുക്കളെങ്കിലുമുള്ള ഒരു ഫാമിലെ ചാണകം ഉപയോഗിച്ച് ബയോഗ്യാസ് പ്ളാന്റ് വഴി ഒരു മെഗാവാട്ട് വൈദ്യുതിയെങ്കിലും ഉല്പാദിപ്പിക്കാന്‍ കഴിയും. ഒരു പശു പ്രതിദിനം പുറന്തള്ളുന്ന ചാണകം ഉപയോഗിച്ച് മൂന്ന് കിലോവാട്ട് വൈദ്യുതിയെങ്കിലും ഉല്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്ക്. മൂന്ന് ടെലിവിഷന്‍ സെറ്റുകള്‍ ഒരു ദിവസം മുഴുവന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ വൈദ്യുതി മതി.
മുടങ്ങാതെ വൈദ്യുതി ലഭിക്കുന്ന സ്ഥലങ്ങളായിട്ടുപോലും അമേരിക്കയിലെ നോര്‍ത്ത് കരോലിന, അയോവ എന്നിവിടങ്ങളില്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വന്‍കിട കമ്പനികള്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതിനായി ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇത്തരം ഒരു ഫാം സ്ഥാപിച്ചാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ അതിന്റെ കടബാധ്യതകള്‍ വീട്ടിതീര്‍ക്കാം. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഡാറ്റാ സെന്ററുകള്‍ക്ക് ചാണകം നല്‍കുന്ന വകയില്‍ മാത്രം രണ്ട് മില്യണ്‍ അമേരിക്കന്‍ ഡോളര്‍ വരുമാനം നേടുകയുമാവാം.

ടി.വി. സിജു
July 26, 2010

1 comment:

cyberspace history said...

പശുവിന്റെ സഹായത്തോടെ ഇവിടുത്തെ കുഗ്രാമങ്ങളില്‍ പോലും ബ്രോഡ്ബാന്‍ഡ് സംവിധാനം എത്തിക്കാനാവുമെന്നാണ് ബ്രിട്ടനിലെ അഡര്‍ലി ഇന്റര്‍നെറ്റ് എന്ന ഇന്റര്‍നെറ്റ് സര്‍വ്വീസ്ദാതാവിന്റെ കണ്ടുപിടുത്തം.