Monday, July 12, 2010

കംപ്യൂട്ടര്‍ വൈറസുകള്‍
മനുഷ്യരിലേക്ക്


ജീവജാലങ്ങളെ ബാധിക്കുന്ന ജീവനുള്ള വൈറസുകളായാലും ജീവനില്ലാത്ത കംപ്യൂട്ടര്‍ പ്രോഗ്രാം വൈറസുകളായാലും അത് പെറ്റുപെരുകുന്നത് നിമിഷങ്ങള്‍ക്കുള്ളിലാണ്. പെരുകി പെരുകി അത് നാടു മുഴുവന്‍ വ്യാപിക്കുന്നു. പിന്നീടാണ് ആക്രമണം തുടങ്ങുന്നത്.

കംപ്യൂട്ടറില്‍ കയറിക്കൂടി അതിന്റെ പ്രവര്‍ത്തങ്ങളെ തടസ്സപ്പെടുത്തുന്നത് മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും ആക്രമിക്കുന്ന വൈറസുകള്‍ തന്നെയാണെന്ന് ഒരുവേള ചിലരെങ്കിലും സംശയിച്ചു പോയിട്ടുണ്ടാവാം. കംപ്യൂട്ടറിനെയും മനുഷ്യനെയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുന്ന ശത്രുവിന് വൈറസ് എന്ന പേര് വന്നതാണ് ഈയൊരു തെറ്റിദ്ധാരണയ്ക്ക്് ഇട നല്‍കിയത്. കംപ്യൂട്ടറില്‍ നുഴഞ്ഞു കയറി നാശം വിതയ്ക്കുന്നത് വൈറസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പ്രോഗ്രാമുകളാണെന്ന് പിന്നീട് പലരും മനസ്സിലാക്കി. ഇത് മനുഷ്യ ശരീരത്തില്‍ കയറിക്കൂടി പൊല്ലാപ്പുണ്ടാക്കുന്നവയല്ലെന്നും പഠിച്ചുവച്ചു. എന്നാല്‍ മനുഷ്യശരീരത്തില്‍ കയറിക്കൂടി പ്രാണനെടുക്കാന്‍ തന്നെ പ്രാപ്തി നേടുകയാണ് ജീവനില്ലാത്ത കംപ്യൂട്ടര്‍ വൈറസുകള്‍.
ജീവജാലങ്ങളെ ബാധിക്കുന്ന ജീവനുള്ള വൈറസുകളായാലും ജീവനില്ലാത്ത കംപ്യൂട്ടര്‍ പ്രോഗ്രാം വൈറസുകളായാലും അത് പെറ്റുപെരുകുന്നത് നിമിഷങ്ങള്‍ക്കുള്ളിലാണ്. പെരുകി പെരുകി അത് നാടു മുഴുവന്‍ വ്യാപിക്കുന്നു. പിന്നീടാണ് ആക്രമണം തുടങ്ങുന്നത്. മനുഷ്യരില്‍ നിന്ന് ജീവജാലങ്ങളിലേക്കും തിരിച്ചും ജീവനുള്ള വൈറസുകള്‍ പടരുമ്പോള്‍ ജീവനില്ലാത്തത് കംപ്യൂട്ടറുകളെയും അനുബന്ധ ഉപകരണങ്ങളെയുമാണ് ലക്ഷ്യമിടുന്നത്.
ഈയിടെ ജീവനില്ലാത്ത വൈറസ് മനുഷ്യനെ 'ആക്രമിച്ചു'! ബ്രിട്ടനിലെ റീഡിംഗ് സര്‍വ്വകലാശാലയില്‍ ഗവേഷകനായ ഡോ. മാര്‍ക്ക് ഗാസണ്‍ ആണ് കംപ്യൂട്ടര്‍ വൈറസ് ബാധയേറ്റ ആദ്യത്തെ മനുഷ്യന്‍. തന്റെ പരീക്ഷണശാലയിലെ സുരക്ഷാ സംവിധാനങ്ങള്‍ തുറക്കുന്നതിനും മൊബൈല്‍ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിനുമുള്ള പ്രോഗ്രാമുകളടങ്ങിയ ഒരു ചിപ്പ് ഡോ. മാര്‍ക്ക് ഗാസന്‍ തന്റെ കൈത്തണ്ടയില്‍ തൊലിക്കടിയിലായി ശസ്ത്രക്രിയ നടത്തി സ്ഥാപിച്ചിരുന്നു. ഇതിനെയാണ് കംപ്യൂട്ടര്‍ വൈറസ് ആക്രമിച്ച് നിയന്ത്രണം ഏറ്റെടുത്തത്. കൌതുകം ജനിപ്പിക്കുന്നതാണ് ഈ സംഭവമെങ്കിലും ഇതിനെ അത്ര നിസ്സാരമായി തള്ളാന്‍ കഴിയുന്നതല്ല.
പേസ് മേക്കറുകള്‍, കോക്ളിയര്‍ ഇംപ്ളാന്റ് തുടങ്ങി മനുഷ്യശരീരത്തിനുള്ളില്‍ നിക്ഷേപിക്കാവുന്ന രീതിയിലുള്ള നിരവധി ഉപകരണങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇത്തരം ഉപകരണങ്ങളെ വൈറസ് ബാധിച്ചാല്‍ എന്താവും അവസ്ഥ. അതിന്റെ പ്രവര്‍ത്തനം തന്നെ താളംതെറ്റിക്കാന്‍ പോലും പര്യാപ്തമായ വൈറസ് പ്രോഗ്രാമുകള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവരും നമുക്കിടയിലുണ്ട്. അങ്ങനെയെങ്കില്‍ വൈറസ് ആക്രമണത്തിലൂടെ പേസ്മേക്കറിന്റെ പ്രവര്‍ത്തനം നിലപ്പിച്ചാലോ? മരണം ഉറപ്പ്. അങ്ങനെ കംപ്യൂട്ടര്‍ വൈറസും മരണകാരണമാവും. അല്ലെങ്കില്‍ ചെവിയിലെ ഇംപ്ളാന്റില്‍ കൂടി മനുഷ്യന് കേള്‍ക്കുവാന്‍ കഴിയുന്ന പരിധിക്കപ്പുറമുള്ള ശബ്ദം കേള്‍പ്പിച്ചാലോ? അത് പറയാതെ നിങ്ങള്‍ക്കറിയാം. അതിനാല്‍ തന്നെ നാം ഉപയോഗിക്കുന്ന ഉപകരണങ്ങളെക്കുറിച്ചുള്ള വ്യക്തമായ അറിവും അപകടസാധ്യതയും നാം മുന്‍കൂട്ടി കണ്ടേതീരൂ. അതോടൊപ്പം ഇത്തരം ആക്രമണസാധ്യതകളെ തടുക്കാനുള്ള സാങ്കേതികവിദ്യയും വികസിപ്പിച്ചെടുക്കേണ്ടത് ആവശ്യമായിതീര്‍ന്നിരിക്കുകയാണ്.

ടി.വി. സിജു

1 comment:

cyberspace history said...

ജീവജാലങ്ങളെ ബാധിക്കുന്ന ജീവനുള്ള വൈറസുകളായാലും ജീവനില്ലാത്ത കംപ്യൂട്ടര്‍ പ്രോഗ്രാം വൈറസുകളായാലും അത് പെറ്റുപെരുകുന്നത് നിമിഷങ്ങള്‍ക്കുള്ളിലാണ്. പെരുകി പെരുകി അത് നാടു മുഴുവന്‍ വ്യാപിക്കുന്നു. പിന്നീടാണ് ആക്രമണം തുടങ്ങുന്നത്.