Saturday, June 5, 2010

സൈക്കിളില്‍ കറങ്ങിയും
മൊബൈല്‍ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം!


പവര്‍കട്ട് ഇന്ന് ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ഇനി അതിന് മാറ്റമുണ്ടാകുമെന്ന് വിശ്വസിക്കുന്നത് മണ്ടത്തരമാണ്. ദിവസം കഴിയുംതോറും കട്ടിന്റെ ദൈര്‍ഘ്യം കൂടിവരികയേയുള്ളൂ. വീട്ടില്‍ കറന്റില്ലാത്തതിനാല്‍ സെല്‍ഫോണ്‍ ചാര്‍ജറും പേറി ഓഫീസിലെത്തുന്ന പലരുമുണ്ട് നമ്മുടെയിടയില്‍. ഇതിന് അറുതിവരികയാണ്, ഒരു ചൊട്ടുവിദ്യയിലൂടെ. അതിനായി കുറച്ച് വിയര്‍ക്കേണ്ടി വരുമെന്ന് മാത്രം. കുറച്ച് അധ്വാനിച്ചാലും വേണ്ടില്ല, സെല്‍ഫോണിലെ ബാറ്ററി ചാര്‍ജ്ജ് തീര്‍ന്നുപോവില്ലല്ലോ? ചിലര്‍ക്ക് ഫോണിലെ ബാറ്ററി ചാര്‍ജ് കുത്തനെ ഇറങ്ങുന്നതും അക്കൌണ്ടിലെ കാശ് തീരുന്നതും പേടിസ്വപ്നമാണ്.
കറന്റില്ലെങ്കില്‍ സൈക്കിളില്‍ ചുമ്മാ ഒരു സവാരി ചെയ്താല്‍ മതി മൊബൈല്‍ഫോണ്‍ സ്വയം ചാര്‍ജ്ജായിക്കോളും. ലോകത്തെ പ്രമുഖ സെല്‍ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയയാണ് പുതിയ മൊബൈല്‍ഫോണ്‍ ചാര്‍ജ്ജര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ കൊണ്ട് പത്തു കിലോമീറ്റര്‍ ദൂരം പിന്നിടുന്ന വേഗതയില്‍ 10 മിനുട്ട് സൈക്കിള്‍ ചവിട്ടിയാല്‍ അരമണിക്കൂര്‍ സംസാരിക്കാനുള്ള ചാര്‍ജ് ബാറ്ററിയില്‍ സംഭരിക്കപ്പെടും. കൃത്യമായി പറഞ്ഞാല്‍ 28 മിനുട്ട്. സ്റ്റാന്‍ഡ്ബൈ മോഡിലാണ് ഫോണെങ്കില്‍ ഇത്രയും ചാര്‍ജ്കൊണ്ട് 38 മണിക്കൂര്‍ പ്രവര്‍ത്തിക്കും. സവാരി കൂടുതല്‍ വേഗതയിലാക്കിയാലോ ബാറ്ററി ചാര്‍ജ്ജും കുത്തനെ കൂടിക്കൊള്ളും. ബാറ്ററി റീചാര്‍ജ്ജിംഗ് നിലവാരം ഇങ്ങനെയൊക്കെയാണ്. ഡൈനാമോ സഹിതമാണ് നോക്കിയ ഈ മൊബൈല്‍ഫോണ്‍ ചാര്‍ജ്ജര്‍ വിപണിയില്‍ എത്തിക്കുന്നത്. 18 അമേരിക്കന്‍ ഡോളറാണ് ഈ ചാര്‍ജ്ജിംഗ് കിറ്റിന്റെ വില. സൈക്കിളിന്റെ ഹാന്‍ഡ്ബാറിലുള്ള ഹോള്‍ഡറിലാണ് ചാര്‍ജ് ചെയ്യാനായി ഫോണ്‍ കുത്തിവയ്ക്കേണ്ടത്. സഞ്ചരിക്കുമ്പോള്‍ മുന്‍വശത്തെ ടയറില്‍ ഉറപ്പിച്ചിരിക്കുന്ന ഡൈനാമോയില്‍ നിന്ന് വയറിലൂടെ മൊബൈലിലേക്ക് ചാര്‍ജ്ജ് പ്രവഹിക്കും.
മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനായി പുതുമയുള്ള സൌകര്യങ്ങള്‍ പലതും നിലവില്‍ വന്നുകൊണ്ടിരിക്കുകയാണ്. നടക്കുമ്പോള്‍ ചാര്‍ജ് ചെയ്യുന്ന സെല്‍ഫോണ്‍, മൂത്രമൊഴിച്ച് ചാര്‍ജ്ജ് ചെയ്യാന്‍ പറ്റുന്ന ബാറ്ററി... അങ്ങനെ പല പല സമ്പ്രദായങ്ങളും. ബൈക്ക് യാത്രയ്ക്കിടെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനം രണ്ടു വര്‍ഷം മുമ്പുതന്നെ മോട്ടറോള കമ്പനി അവതരിപ്പിച്ചിരുന്നു. അതിന് അനുബന്ധമെന്നോണം എന്ന നിലയിലാണ് നോക്കിയ സൈക്കിളില്‍ ഉപയോഗിക്കാവുന്ന ചാര്‍ജ്ജര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തിക്കുന്ന ചാര്‍ജ്ജര്‍ വാങ്ങാന്‍ ഓണ്‍ലൈന്‍ വഴിയും നോക്കിയ സൌകര്യമൊരുക്കും.
യാത്രയ്ക്ക് പുതുസൌകര്യങ്ങള്‍ എത്തിയതോടെ സൈക്കിളിന്റെ 'കാറ്റ്' പോയെന്ന് കരുതിയതാണ്. പെട്രോളിനും ഗ്യാസിനും സകല ഇന്ധനങ്ങള്‍ക്കും വിലകൂടിയപ്പോള്‍ പലരും സൈക്കിള്‍ വീണ്ടും പൊടിതട്ടിയെടുക്കുകയും ചെയ്തു. ഇപ്പോള്‍ മറ്റൊരു ഉപകാരവുമായി. രാവിലത്തെ വ്യായാമം സൈക്കിളിലായാല്‍ രണ്ടു കാര്യം നടക്കും. പൊണ്ണത്തടി കുറയും, ഒപ്പം മൊബൈല്‍ഫോണ്‍ ചാര്‍ജ്ജാവുകയും.

1 comment:

cyberspace history said...

വീട്ടില്‍ കറന്റില്ലാത്തതിനാല്‍ സെല്‍ഫോണ്‍ ചാര്‍ജറും പേറി ഓഫീസിലെത്തുന്ന പലരുമുണ്ട് നമ്മുടെയിടയില്‍. ഇതിന് അറുതിവരികയാണ്, ഒരു ചൊട്ടുവിദ്യയിലൂടെ. അതിനായി കുറച്ച് വിയര്‍ക്കേണ്ടി വരുമെന്ന് മാത്രം.