Tuesday, May 25, 2010

വോട്ടിംഗ് മെഷീനും രക്ഷയില്ലേ?

ആഗോളതലത്തില്‍ തന്നെ ഏറെ സുരക്ഷിതമെന്ന് കരുതുന്ന ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലും നുഴഞ്ഞുകയറി തിരഞ്ഞെടുപ്പുഫലം മാറ്റിമറിക്കാനാവുമെന്ന അവകാശവാദവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം അവതരിപ്പിക്കപ്പെട്ടത്. ബാലറ്റ് പേപ്പര്‍ ഒഴിവാക്കി നിരവധി തിരഞ്ഞെടുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോഴാണ് പുതിയ ആരോപണം പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടി വോട്ട് തട്ടിയെന്ന് പരാതി ഉയര്‍ന്നിരുന്നു.
അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരും ഹൂസ്റ്റണ്‍ റൈസ് യൂണിവേഴ്സിറ്റിയിലെ അഡ്വാന്‍സ്ഡ് കംപ്യൂട്ടര്‍ സെക്യൂരിറ്റികോഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികളുമാണ് വോട്ടിംഗും വോട്ടെണ്ണലും സുഗമമാക്കിയ ഇലക്ടോണിക് വോട്ടിംഗ് മെഷീന്‍ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു മൊബൈല്‍ഫോണില്‍ നിന്ന് ടെക്സ്റ്റ് മെസേജുകള്‍ അയച്ചുപോലും റിസല്‍ട്ടില്‍ മാറ്റം വരുത്താവുന്ന രീതിയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ വരുതിയില്‍ നിര്‍ത്താം എന്നാണ് മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ അവകാശവാദം. മെഷീനില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകളില്‍ ചില്ലറ വ്യത്യാസങ്ങള്‍ വരുത്തിയാല്‍ കൃത്രിമം നടത്താന്‍ പറ്റുമെന്ന് റൈസ് യൂണിവേഴ്സിറ്റിവിദ്യാര്‍ത്ഥികളും.
പഠനത്തോടനുബന്ധിച്ചുള്ള 'റിയല്‍ലൈഫ്' പരീക്ഷണത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരമൊരു പരീക്ഷണം നടത്തിയത്. രണ്ട് ഘട്ടങ്ങളിലായി നടന്ന പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ മെഷീന്‍ സോഫ്റ്റ്വെയറില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി. ഇത് മെഷീന്‍ നല്‍കുന്ന അന്തിമഫലത്തില്‍ വ്യത്യാസം വരുത്തും. പക്ഷേ, ഈ കൃത്രിമംഅധികൃതര്‍ക്ക് മനസ്സിലാകില്ലെന്ന് മാത്രം.
രണ്ടാംഘട്ടം വോട്ടിംഗ് മെഷീനില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്‍ പരിശോധനയും മെഷീന്‍ പ്രവര്‍ത്തനക്ഷമമാണെന്നുള്ള അംഗീകാരവുമാണ്. അതും എളുപ്പത്തില്‍ പൂര്‍ത്തിയാവും. അതിലൊന്നും ഈ കൃത്രിമം പിടിക്കപ്പെടാന്‍ സാധ്യത വളരെക്കുറവ്. പിന്നെ ഇതിനെ ഏതുരീതിയിലും ഉപയോഗിക്കുകയുമാവാം. ഈ പരീക്ഷണ വിവരങ്ങള്‍ ലഭിച്ചാല്‍ മെഷീനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏതുമെഷീനിലും കൃത്രിമം സൃഷ്ടിക്കാനാവുമെന്നാണ് റൈസ് യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഡാന്‍ വല്ലാഹ് അന്ന് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കായി ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനിന്റെ സങ്കീര്‍ണ്ണത ക്ളാസ്സില്‍ ഉപയോഗിച്ച മെഷീനിന് ഇല്ലെങ്കിലും വിഗദ്ധരായവര്‍ക്ക് ഇതേരീതിയില്‍ ഏതു വോട്ടിംഗ് മെഷീനിലും മാറ്റങ്ങള്‍ വരുത്താവുന്നതേയുള്ളൂ എന്നാണ് ഡാന്‍ വല്ലാഹ് പറഞ്ഞത്.
യഥാര്‍ത്ഥ മെഷീനിലെ ഡിസ്പ്ളേയ്ക്ക് മുകളിലായി അതുപോലെ തോന്നിക്കുന്ന മറ്റൊരു ഡിസ്പ്ളേയും മൈക്രോപ്രോസസ്സറും ബ്ളൂടൂത്ത് റേഡിയോയും അടങ്ങുന്ന ചില സര്‍ക്യൂട്ടുകളും സ്ഥാപിച്ചാല്‍ കാര്യങ്ങള്‍ തിരഞ്ഞെടുപ്പുവിജയം എളുപ്പമാക്കാമെന്നാണ് മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ജെ അലക്സ് ഹാള്‍ഡര്‍മാന്റെ അഭിപ്രായം.
വോട്ടുകള്‍ എണ്ണുന്ന സമയത്ത് എത്ര വോട്ടുകള്‍ തങ്ങളുടെ സ്വന്തം സ്ഥാനാര്‍ത്ഥി നേടുമെന്ന് നേരത്തെ തന്നെ ഉറപ്പാക്കാന്‍ സാധിക്കുന്നവിധത്തിലാവും ഇതിന്റെ രൂപകല്പന. ഒരുതരത്തിലും കൃത്രിമം കാട്ടാന്‍ കഴിയുന്നതല്ല ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഒരാള്‍ക്കും തുറക്കാന്‍ പറ്റുന്ന വിധത്തിലല്ല ഇന്ത്യന്‍ വോട്ടിംഗ് മെഷീന്‍.
തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പു തന്നെ സ്ഥാനാര്‍ത്ഥികളും അവരുടെ പ്രതിനിധികളും മെഷീന്‍ പരിശോധിച്ച് ഉറപ്പുവരുത്താറുണ്ട്. പിന്നീട് അതില്‍ മുദ്ര വയ്ക്കും. പിന്നീട് തുറന്നുനോക്കണമെങ്കില്‍ ഈ മുദ്ര പൊളിക്കേണ്ടി വരും. പിന്നെ എങ്ങനെ കൃത്രിമം നടത്താന്‍ കഴിയും എന്നാണ് അധികാരികളുടെ ചോദ്യം.

ടി.വി.സിജു

1 comment:

cyberspace history said...

ആഗോളതലത്തില്‍ തന്നെ ഏറെ സുരക്ഷിതമെന്ന് കരുതുന്ന ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലും നുഴഞ്ഞുകയറി തിരഞ്ഞെടുപ്പുഫലം മാറ്റിമറിക്കാനാവുമെന്ന അവകാശവാദവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ രംഗത്ത്.