Tuesday, May 18, 2010


പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കുള്ള
സപ്പോര്‍ട്ട് മൈക്രോസോഫ്റ്റ് പിന്‍വലിക്കുന്നു

സോഫ്റ്റ്വെയര്‍ നിര്‍മ്മാണരംഗത്തെ അതികായരായ മൈക്രോസോഫ്റ്റ് തങ്ങളുടെ പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കുള്ള സാങ്കേതികസഹായം നിര്‍ത്തലാക്കുകയാണ്. ജൂലായ് 13ന് വിന്‍ഡോസ് 2000, വിന്‍ഡോസ് എക്സ് പി (സര്‍വ്വീസ്പായ്ക്ക് 2) ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കുള്ള സഹായം നിര്‍ത്തുമെന്നാണ് അറിയിപ്പ്. ആഗോളതലത്തില്‍ ഡെസ്ക്ടോപ്പുകളിലും സെര്‍വ്വറുകളിലും വ്യാപകമായി തന്നെ വിന്‍ഡോസ് ഓപ്പറേറ്ററിംഗ് സിസ്റ്റം ഉപയോഗത്തിലിരിക്കുന്നുണ്ട്. ഈ തീരുമാനം പല ഉപഭോക്താക്കളെ പ്രയാസപ്പെടുത്തും.
വിപണിയിലിറക്കിയ ശേഷം സോഫ്റ്റ്വെയറിലെ പാളിച്ചകള്‍ പരിഹരിക്കാനായി അപ്ഡേറ്റുകളും സെക്യൂരിറ്റി പാച്ചുകളും പുറത്തിറക്കുന്നത് സര്‍വ്വസാധാരണമാണ്. പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ കാര്യം നോക്കാന്‍ തങ്ങള്‍ക്ക് വയ്യ; വേണമെങ്കില്‍ പുതിയത് വാങ്ങിക്കോളൂ എന്നാണ് മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കത്തിലൂടെ വെളിവാകുന്നത്. അതോടെ പഴയ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ പ്രതിസന്ധിയിലാവും.
സൈബര്‍ ആക്രമണങ്ങളുടെ തീവ്രത പ്രതിദിനം വര്‍ദ്ധിച്ചുവരികയാണ്. ഈയൊരു സാഹചര്യത്തില്‍ ഒരോ മാസത്തിലും രണ്ടാമത്തെ ചൊവ്വാഴ്ച സെക്യൂരിറ്റി അപ്ഡേറ്റുകള്‍ പുറത്തിറക്കുന്ന പതിവ് മൈക്രോസോഫ്റ്റിനുണ്ട്. 'പാച്ച് ട്യൂസ്ഡേ' എന്ന പേരില്‍ അറിയപ്പെടുന്ന ഇത് പഴയ സോഫ്റ്റ്വെയറുകള്‍ക്ക് ഇനി ബാധകമാവില്ല. എന്തുപാളിച്ച കണ്ടുപിടിച്ചാലും അത് തിരുത്തില്ലെന്ന് വന്നതോടെ വൈറസ് നിര്‍മ്മാതാക്കള്‍ അടക്കമുള്ള സൈബര്‍ക്രിമിനലുകള്‍ക്ക് കംപ്യൂട്ടറിലേക്കുള്ള നുഴഞ്ഞുകയറ്റം എളുപ്പമാവും. അതേസമയം, ഓണ്‍ലൈനില്‍ മൈക്രോസോഫ്റ്റ് നോളജ്ബേസ് പരിശോധിക്കാനും 'സ്ഥിരം ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍'ക്കുള്ള ഉത്തരം കണ്ടെത്താനും യാതൊരു തടസ്സവുമുണ്ടാകില്ല.
വിന്‍ഡോസ് എക്സ് പിയുടെ സര്‍വ്വീസ് പായ്ക്ക് 2 ഉപയോക്താക്കള്‍ക്ക് മാത്രമേ നിലവില്‍ മൈക്രോസോഫ്റ്റിന്റെ പുതിയ തീരുമാനം ബാധകമാവുകയുള്ളൂ. സര്‍വ്വീസ്പായ്ക്ക് 3 ഉപയോഗിക്കുന്ന വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് അമേരിക്കയില്‍ കൂടുതലും പ്രചാരത്തിലുള്ളത്. അവരെ ഇതൊന്നും ബാധിക്കുന്ന ഒരു വിഷയമേ അല്ല. ഈ പ്രശ്നം ഒഴിവാക്കാനായി രണ്ട് ഓപ്ഷനുകളാണ് മുന്നിലുള്ളത്. ഒന്നുകില്‍ നിലവിലുള്ളത് എസ്.പി 3യിലേക്ക് മാറുക. വിന്‍ഡോസ് ഓട്ടോമാറ്റിക് അപ്ഡേറ്റും അതില്‍ പ്രവര്‍ത്തനക്ഷമമാണ്. അല്ലെങ്കില്‍ മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 7ലേക്ക് മാറുക.
വിന്‍ഡോസ് 2000 ഉപയോഗിക്കുന്നവരോട് വിന്‍ഡോസ് 7ലേക്ക് മാറാനും സെര്‍വര്‍ ഉപയോഗിക്കുന്നവരോട് വിന്‍ഡോസ് സെര്‍വര്‍ 2003, 2008 തുടങ്ങിയവയിലേക്ക് ചേക്കേറാനുമാണ് മൈക്രോസോഫ്റ്റിന്റെ ശുപാര്‍ശ. തുടര്‍ന്നും സെക്യൂരിറ്റി അപ്ഡേറ്റുകള്‍ ലഭിക്കാന്‍ സര്‍വ്വീസ് പായ്ക്ക് 2 ഉപയോക്താക്കള്‍ക്ക് വെബ്സൈറ്റിലൂടെ സര്‍വ്വീസ് പായ്ക്ക് 3യിലേക്ക് മാറാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.

1 comment:

cyberspace history said...

സോഫ്റ്റ്വെയര്‍ നിര്‍മ്മാണരംഗത്തെ അതികായരായ മൈക്രോസോഫ്റ്റ് തങ്ങളുടെ പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കുള്ള സാങ്കേതികസഹായം നിര്‍ത്തലാക്കുകയാണ്. ജൂലായ് 13ന് വിന്‍ഡോസ് 2000, വിന്‍ഡോസ് എക്സ് പി (സര്‍വ്വീസ്പായ്ക്ക് 2) ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കുള്ള സഹായം നിര്‍ത്തുമെന്നാണ് അറിയിപ്പ്.