Wednesday, April 28, 2010

മൊബൈല്‍ ബാങ്കിംഗ് ജൂലായ് മുതല്‍
രാജ്യവ്യാപകമാക്കുന്നു


രാജ്യത്ത് മൊബൈല്‍ ബാങ്കിംഗ് സംവിധാനം ജൂലായ് മുതല്‍ വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. രാജ്യത്തെ 32 ബാങ്കുകള്‍ക്കാണ് അനുമതി. ഇതില്‍ 21 എണ്ണവും മൊബൈല്‍ ബാങ്കിംഗ് സൌകര്യങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ബാക്കിയുള്ള ബാങ്കുകളും വൈകാതെ ഈ സേവനം ലഭ്യമാക്കും.
ബാങ്കില്‍ പോകാതെ ഒരു അക്കൌണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് പണം മാറ്റാന്‍ സാധിക്കുമെന്നതാണ് പുതുസംവിധാനത്തിന്റെ മെച്ചം. മൊബൈല്‍ റീചാര്‍ജ്ജ് ചെയ്യാനും ടെലിഫോണ്‍ - ഇന്‍ഷ്വറന്‍സ് തുകയടക്കാനും ഇനി അതത് ഓഫീസുകളില്‍ ചെല്ലേണ്ട. ടിക്കറ്റിനു വേണ്ടി റെയില്‍വെ സ്റ്റേഷന്‍ കൌണ്ടറുകളില്‍ ക്യൂ നില്‍ക്കുകയും വേണ്ട. ഇതൊക്കെ മൊബൈല്‍ഫോണ്‍ വഴി ആകാമെന്നായിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങിയാല്‍ ബില്‍ തുക നല്‍കാന്‍ കച്ചവടക്കാരന്റെ മൊബൈല്‍ നമ്പര്‍ മാത്രം അറിഞ്ഞാല്‍ മതി. തുടര്‍ന്ന് നമ്മുടെ ഫോണില്‍ കടക്കാരന്റെ ബാങ്ക് അക്കൌണ്ട് നമ്പര്‍ മാത്രം അമര്‍ത്തിയാല്‍ മതിയാകും.
മൊബൈല്‍ ബാങ്കിംഗ് സേവനം ലഭിക്കുന്നതിനായി ബാങ്കില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടിവരും. അതോടൊപ്പം തങ്ങളുടെ മൊബൈല്‍ഫോണില്‍ ബാങ്കിന്റെ പ്രത്യേകസോഫ്റ്റ്വെയറും ഉള്‍പ്പെടുത്തണം. എങ്കില്‍ മാത്രമേ സേവനം പൂര്‍ണ്ണതോതില്‍ ഉപയോഗപ്പെടുത്താനാവൂ. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന കോഡ് (എം പിന്‍) ഉപയോഗിച്ചാവും പിന്നീടുള്ള സാമ്പത്തികഇടപാടുകള്‍ നടത്തുക. ഈ സര്‍വ്വീസ് വഴി പ്രതിദിനം അമ്പതിനായിരം രൂപ വരെയുള്ള ക്രയവിക്രയങ്ങള്‍ നടത്താന്‍ ഇപ്പോള്‍ മിക്ക ബാങ്കുകളും അനുവദിക്കുന്നുണ്ട്. രണ്ട് ലക്ഷം ഇടപാടുകളിലൂടെ ഒരു മാസം 12 കോടി രൂപ കൈമാറ്റം ചെയ്യപ്പെടുമെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ കണക്കുകൂട്ടല്‍.
ജനസംഖ്യയുടെ 41ശതമാനം പേര്‍ മൊബൈല്‍ ഉപയോക്താക്കളായുള്ളതില്‍ 46 ശതമാനം പേര്‍ക്കും ബാങ്ക് അക്കൌണ്ടുകള്‍ നിലവിലില്ലെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ഇതിന് പരിഹാരമാവുകയാണ് മൊബൈല്‍ ബാങ്കിംഗ്. 2013 ആവുമ്പോഴേക്കും 90 കോടി ജനങ്ങളും മൊബൈല്‍വരിക്കാരാവുമെന്ന കണക്കുകൂട്ടലുകളാണ് മൊബൈല്‍സേവനദാതാക്കള്‍ക്കുള്ളത്.

1 comment:

cyberspace history said...

രാജ്യത്ത് മൊബൈല്‍ ബാങ്കിംഗ് സംവിധാനം ജൂലായ് മുതല്‍ വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. രാജ്യത്തെ 32 ബാങ്കുകള്‍ക്കാണ് അനുമതി. ഇതില്‍ 21 എണ്ണവും മൊബൈല്‍ ബാങ്കിംഗ് സൌകര്യങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ബാക്കിയുള്ള ബാങ്കുകളും വൈകാതെ ഈ സേവനം ലഭ്യമാക്കും.