Friday, April 23, 2010

ലോകകപ്പ് ഫുട്ബാള്‍: ആരാധകരുടെ
കീശ കാലിയാക്കാന്‍ സൈബര്‍ക്രിമിനലുകള്‍


ലോകകപ്പ് ജ്വരം ആഗോളതലത്തില്‍ പടരുമ്പോള്‍ ഫുട്ബാള്‍ ആരാധകരുടെ 'കീശ മുറിക്കാന്‍' തക്കംപാര്‍ത്തിരിക്കുകയാണ് ഇന്റര്‍നെറ്റിലെ സൈബര്‍ക്രിമിനലുകള്‍. ജൂലായ് മാസം സൌത്ത് ആഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബാള്‍ മത്സരത്തിന് മുന്നോടിയായി 'വേള്‍ഡ്കപ്പ് ട്രാവല്‍ ഗൈഡ് ' എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഇ-മെയിലിലൂടെയാണ് സൈബര്‍ കള്ളന്മാര്‍ പണം തട്ടിയെടുക്കാന്‍ പദ്ധതി. ഇതിനായി 'ഫിഫ വേള്‍ഡ് കപ്പ് 2010' എന്ന പേരില്‍ പ്രത്യേക കാമ്പൈന്‍ തന്നെ സൈബര്‍ലോകത്ത് നടക്കുന്നുണ്ടെന്ന് കംപ്യൂട്ടര്‍ സുരക്ഷാരംഗത്തെ പ്രശസ്തരായ സെമാന്റക് കോര്‍പ്പറേഷന്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ലോകകപ്പ് വിവരങ്ങളുമായി ഇ-മെയിലില്‍ എത്തുന്ന ഏതെങ്കിലുമൊന്നില്‍ ക്ളിക്ക് ചെയ്യുന്നതോടെ കംപ്യൂട്ടറിലേക്ക് വൈറസുകള്‍ ഉള്‍പ്പെടെയുള്ള അനാവശ്യപ്രോഗ്രാമുകള്‍ കയറിക്കൂടും. ഹാര്‍ഡ്ഡിസ്ക്കില്‍ സൂക്ഷിച്ചിരിക്കുന്ന വ്യക്തിഗത വിവരങ്ങളും ക്രെഡിറ്റ് കാര്‍ഡ് / ബാങ്ക് അക്കൌണ്ട് വിവരങ്ങളും പാസ്വേര്‍ഡുകളും മറ്റും കള്ളന്‍മാര്‍ക്ക് ചോര്‍ത്തിക്കൊടുത്തുകൊണ്ട് ഇത്തരം വൈറസുകള്‍ സാമര്‍ത്ഥ്യം തെളിയിക്കുന്നതോടൊപ്പം കംപ്യൂട്ടറില്‍ ഒളിക്കുകയും ചെയ്യും.
ഫുട്ബാള്‍ മാമാങ്കത്തില്‍ സംബന്ധിക്കാന്‍ എത്തുന്ന വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍, ടൂറിസ്റ്റുകള്‍, ഫുട്ബാള്‍ ആരാധകര്‍ തുടങ്ങിയവരുള്‍പ്പടെയുള്ളവര്‍ക്ക് സൌജന്യമായാണ് ട്രാവല്‍ ഗൈഡ് ഇ-മെയില്‍ വിലാസത്തില്‍ എത്തുന്നത്. ഔദ്യോഗിക വെബ്സൈറ്റുകളില്‍ ലഭ്യമല്ലാത്ത വിവരങ്ങള്‍ പോലും ഉള്‍പ്പെടുത്തിയ ലോകകപ്പ്യാത്രാഗൈഡ് താല്‍പര്യമുള്ളവര്‍ക്ക് ഇന്റര്‍നെറ്റിലൂടെ ഫോര്‍വേര്‍ഡ് ചെയ്തുകൊടുക്കണമെന്ന അഭ്യര്‍ത്ഥനയും ഇ-മെയിലിലുണ്ട്.
മത്സരം തുടങ്ങുന്നതിനു മുമ്പുതന്നെ വാതുവയ്പ് സജീവമാവുന്ന ലോകകപ്പ്മത്സരങ്ങളില്‍ സൈബര്‍ ക്രിമിനലുകള്‍ നോട്ടമിട്ടുള്ളതിലേറെയും ഇത്തരം ധനമോഹികളെയാണ് . ദക്ഷിണാഫ്രിക്കയിലെ ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ അപര്യപ്തത കഴിഞ്ഞ ദിവസം ടിക്കറ്റ് വില്പനയില്‍ ഏറെ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.
കഴിഞ്ഞ ഒളിമ്പിക്സിലേതുപോലെ ഔദ്യോഗിക ടിക്കറ്റ് വില്പന സൈറ്റുകളുടെ മറപറ്റിയും തട്ടിപ്പ് നടത്താന്‍ പദ്ധതി ഒരുങ്ങിയിട്ടുണ്ട്. യഥാര്‍ത്ഥമാണെന്നു കരുതി ഇത്തരം വെബ്സൈറ്റുകളില്‍ നല്‍കുന്ന വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുക മാത്രമല്ല അവരുടെ ബാങ്ക് അക്കൌണ്ടിലോ ക്രെഡിറ്റ് കാര്‍ഡിലോ അവശേഷിക്കുന്ന പണവും കള്ളന്മാര്‍ നിമിഷങ്ങള്‍ക്കകം കാലിയാക്കും. വ്യാജ ടിക്കറ്റുകള്‍ നല്‍കുന്ന എട്ട് വ്യാജ വെബ്സൈറ്റുകളാണ് ഒളിമ്പിക്സില്‍ അന്ന് കണ്ടെത്തിയിരുന്നത്.
അഡോബിയുടെ അക്രോബാറ്റ് റീഡര്‍ വഴിയാണ് ഈ ആക്രമണങ്ങളിലധികവും പ്ളാന്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ഈ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നവര്‍ അത് അപ്ഡേറ്റ് ചെയ്യുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും കമ്പനിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നതാവും ഉചിതം.

ടി.വി. സിജു,
കേരള കൌമുദി

1 comment:

cyberspace history said...

ജൂലായ് മാസം സൌത്ത് ആഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബാള്‍ മത്സരത്തിന് മുന്നോടിയായി 'വേള്‍ഡ്കപ്പ് ട്രാവല്‍ ഗൈഡ് ' എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഇ-മെയിലിലൂടെയാണ് സൈബര്‍ കള്ളന്മാര്‍ പണം തട്ടിയെടുക്കാന്‍ പദ്ധതി. ഇതിനായി 'ഫിഫ വേള്‍ഡ് കപ്പ് 2010' എന്ന പേരില്‍ പ്രത്യേക കാമ്പൈന്‍ തന്നെ സൈബര്‍ലോകത്ത് നടക്കുന്നുണ്ടെന്ന് കംപ്യൂട്ടര്‍ സുരക്ഷാരംഗത്തെ പ്രശസ്തരായ സെമാന്റക് കോര്‍പ്പറേഷന്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.