Monday, April 12, 2010


മൊബൈലുകാര്‍ക്കും
കോടതിയുണ്ടേ!


നിലവില്‍ സേവനദാതാവിനെതിരെ പരാതിയുണ്ടായാല്‍ സാധാരണ കോടതികളെ ആശ്രയിക്കണം. അല്ലെങ്കില്‍ ടെലികോം റഗുലേറ്ററി അതോറിറ്റിയെ സമീപിക്കാം സമയക്കുറവും ചെലവും കാരണം പല ഉപഭോക്താക്കളും കേസ് കൊടുക്കാന്‍ മടിക്കുന്നു. അത് മൊബൈല്‍കമ്പനികള്‍ മുതലാക്കുന്നു

സെല്‍ഫോണിന്റെ ഉപയോഗസാധ്യത വര്‍ദ്ധിച്ചപ്പോള്‍ അതുവഴിയുള്ള കുത്തകൃത്യങ്ങളും കുത്തനെ കൂടി. മൊബൈല്‍ ക്യാമറ ദുരുപയോഗം, മിസ്ഡ് കോള്‍ പ്രണയം എന്നുവേണ്ട ഉപദ്രവങ്ങള്‍ പലവിധത്തിലാണ് സെല്‍ഫോണ്‍ ഉപയോഗിച്ചുള്ളത്. ഇതിനിടെ മൊബൈല്‍ ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിന് മാത്രമായി കണ്‍സ്യൂമര്‍ കോടതി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനുള്ള നടപടികള്‍ തുടങ്ങാന്‍ കേന്ദ്രനിയമവകുപ്പ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഐ.ടി മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചുകഴിഞ്ഞെന്നാണ് അറിയുന്നത്.
ഇന്ത്യയിലെ അമ്പതുകോടിയോളം സെല്‍ഫോണ്‍ ഉപഭോക്താക്കളില്‍ തൊണ്ണൂറു ശതമാനത്തിലേറെയും പ്രീ പെയ്ഡ് ഉപഭോക്താക്കളാണ്. ഇതില്‍ പല ഉപഭോക്താക്കള്‍ക്കുമുണ്ടാകുന്ന പരാതികള്‍ തീര്‍പ്പാകാതെ കിടക്കുകയാണ്. സെല്‍ഫോണ്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകം സംവിധാനമൊരുക്കേണ്ട സമയം അതിക്രമിച്ചെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
നിലവില്‍ മൊബൈല്‍ സേവനദാതാവിനെതിരെ പരാതിയുണ്ടായാല്‍ സാധാരണ കോടതികളെ ആശ്രയിക്കുകയേ മാര്‍ഗ്ഗമുള്ളൂ. അല്ലെങ്കില്‍ ടെലികോം റഗുലേറ്ററി അതോറിറ്റിയെ സമീപിക്കണം. സമയക്കുറവും ചെലവേറിയ കാര്യമായതിനാലും പല ഉപഭോക്താക്കളും കേസുകള്‍ കൊടുക്കാന്‍ മടിക്കുകയാണ്. അത് മൊബൈല്‍കമ്പനികള്‍ ശരിക്കും മുതലാക്കുന്നുമുണ്ട്. രാജ്യത്തെ ചില നഗരങ്ങളില്‍ ഈയിടെ നടന്ന ഒരു സര്‍വെയില്‍ കണ്ടെത്തിയത് മൊബൈലിലേക്കുള്ള കോളുകള്‍ കട്ടായി പോവുന്നത് പതിവായിട്ടുണ്ടെന്നാണ്. ഓരോ പത്തു കോളുകള്‍ക്കിടയിലും ഒന്നോ രണ്ടോ കോളുകള്‍ ഇത്തരത്തില്‍ കട്ടായി പോവുന്നുണ്ടെന്നാണ് കണ്ടെത്തല്‍. മെട്രോ നഗരങ്ങളില്‍ ഇതിന്റെ എണ്ണം മൂന്നും നാലുമായി ഉയരുമെന്ന് സര്‍വ്വെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ കോളുകള്‍ക്കൊക്കെ സേവനദാതാക്കള്‍ ഉപഭോക്താവിന്റെ കൈയില്‍ നിന്ന് കൃത്യമായി തുക വസൂലാക്കുകയും ചെയ്യുന്നുണ്ട്. ബില്ലിംഗ് സംബന്ധമായ പ്രശ്നങ്ങളാണ് പരിഹരിക്കപ്പെടാതെ പോകുന്ന മറ്റൊരു പ്രശ്നം. ഇവയ്ക്കെല്ലാം പ്രത്യേക കോടതി വരുന്നതോടെ തീരുമാനമാകും. സര്‍വീസിന്റെ കാര്യത്തില്‍ ഓപ്പറേറ്റര്‍മാര്‍ ജാഗരൂകരാകുമെന്ന മെച്ചവുമുണ്ട്.

ടി.വി. സിജു
കേരളകൌമുദി ഫ്ളാഷ്

1 comment:

cyberspace history said...

നിലവില്‍ സേവനദാതാവിനെതിരെ പരാതിയുണ്ടായാല്‍ സാധാരണ കോടതികളെ ആശ്രയിക്കണം. അല്ലെങ്കില്‍ ടെലികോം റഗുലേറ്ററി അതോറിറ്റിയെ സമീപിക്കാം സമയക്കുറവും ചെലവും കാരണം പല ഉപഭോക്താക്കളും കേസ് കൊടുക്കാന്‍ മടിക്കുന്നു. അത് മൊബൈല്‍കമ്പനികള്‍ മുതലാക്കുന്നു