Saturday, April 3, 2010


'സെല്‍ഫോണ്‍ എല്‍ബോ'
മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഒരു അസുഖം കൂടി


സെല്‍ഫോണ്‍ ഇന്ന് ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിക്കഴിഞ്ഞു. ഉറങ്ങുന്ന സമയത്തും മൊബൈല്‍ഫോണിനെ കൈവിടാത്തവരാണ് ഭൂരിഭാഗവും. എന്തൊക്കെയോ നഷ്ടപ്പെടുമെന്ന ഭീതിയാണ് സെല്‍ഫോണിനെ സന്തതസഹചാരിയായി കൊണ്ടുനടക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. സുരക്ഷയും വിശ്വാസവും നേടിത്തരുന്നതില്‍ മൊബൈല്‍ഫോണ്‍ മുന്നിലുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഉപയോക്താക്കളില്‍ അധികവും. മനുഷ്യനെ നിയന്ത്രിക്കുന്ന റിമോട്ട് കണ്‍ട്രോളായി സെല്‍ഫോണ്‍ മാറിയിട്ടുണ്ടെന്ന സര്‍വ്വെ റിപ്പോര്‍ട്ടുകളും പുറത്തുവന്നുകഴിഞ്ഞു. ആഗോളതലത്തില്‍ സിനൊവേറ്റ് ഗവേഷണസംഘമാണ് ഇത്തരത്തില്‍ ഒരു സര്‍വ്വെ നടത്തിയത്. അതോടൊപ്പം മറ്റൊരു അസ്വസ്ഥതയും മൊബൈല്‍ ഉപയോക്താക്കളെ തേടിയെത്തിത്തുടങ്ങി. 'സെല്‍ഫോണ്‍ എല്‍ബോ' എന്ന ഓമന പേരിലാണ് ഇത് അറിയിപ്പെടുന്നത്.
ചെവിയോടു ചേര്‍ത്ത് മൊബൈല്‍ഫോണില്‍ ഏറെനേരെ സംസാരിക്കുമ്പോള്‍ കൈവിരലുകളില്‍ തരിപ്പ് അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കുക. സെല്‍ഫോണ്‍ എല്‍ബോയുടെ തുടക്കം ഇങ്ങനെയാണ്. ഏറെനേരം കൈമുട്ട് മടക്കിപ്പിടിച്ച് മൊബൈല്‍ഫോണില്‍ സംഭാഷണത്തിലേര്‍പ്പെടുന്നവര്‍ക്ക് ഉണ്ടാകുന്ന പ്രശ്നമാണിത്. വിരലുകളില്‍ തടിപ്പോ തുടിപ്പോ അനുഭവപ്പെടുന്നതാണ് തുടക്കം. കൈയിലെ ഞരമ്പുകള്‍ക്ക് സംഭവിക്കുന്ന തകരാറാണിതിന് കാരണമാകുന്നത്. ആഗോളവ്യാപകമായി ഈ പ്രശ്നം വ്യാപിച്ചുവരികയാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ സൂചന നല്‍കിക്കഴിഞ്ഞു.
കൈമുട്ട് മടക്കിപ്പിടിച്ചുകൊണ്ട് ഏറെനേരം ഫോണില്‍ സംസാരിക്കുന്നത് ചെറുവിരലിലെ ഞരമ്പുകളിലാണ് ഏറെയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഈ നിലയില്‍ കൂടുതല്‍സമയം സംസാരിക്കുന്നത് ചെറുവിരലിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നതുമൂലം ചെറുവിരലിലും മോതിരവിരലിലും തരിപ്പ് അനുഭവപ്പെടും. ചിലപ്പോള്‍ വിരലുകളില്‍ ചെറിയ തുടിപ്പുകളും ഇതോടൊപ്പം പ്രത്യക്ഷമാകും. മെഡിക്കല്‍ ഭാഷയില്‍ 'ക്യുബിറ്റല്‍ ടണല്‍ സിന്‍ഡ്രോം' എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.
കൈ വിരലുകള്‍ക്ക് സ്വാധീനക്കുറവും അതോടൊപ്പം സംഗീതോപകരണങ്ങള്‍ വായിക്കുവാനും ജാറുകള്‍ തുറക്കുവാനും പ്രയാസം അനുഭവപ്പെടുന്നതുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ടൈപ്പ് ചെയ്യാനും എഴുതാനുമുള്ള ശേഷിയും കുറയാന്‍ ഈ രോഗം കാരണമാകാറുണ്ട്.
ആവശ്യത്തിനു മാത്രം സെല്‍ഫോണ്‍ ഉപയോഗിക്കുക. ഇനി ഏറെനേരം ഫോണില്‍ സംസാരിക്കണമെങ്കില്‍ ഹെഡ്സെറ്റ് ഉപയോഗിക്കുക. തരിപ്പ് അനുഭവപ്പെടുമ്പോള്‍ തന്നെ ഫോണ്‍ കൈമാറ്റി പിടിച്ച് സംസാരം തുടരുക. ഇതൊക്കെയുള്ളൂ ഇതിനുള്ള പ്രതിവിധികള്‍. രോഗം വഷളായാല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരും.

* കൈമുട്ടുകള്‍ ഏറെനേരം മടക്കിപ്പിടിച്ച് സെല്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുണ്ടാകുന്ന അസുഖം

*
ചെവിയോട് ചേര്‍ത്ത് കൂടുതല്‍ സമയം ഫോണില്‍ സംസാരിക്കുന്നത് ഞരമ്പുകളിലൂടെയുള്ള രക്തപ്രവാഹത്തിന്റെ തോത് കുറയ്ക്കുന്നത് കൊണ്ടാണിത് സംഭവിക്കുന്നത്.

*
സംസാരത്തിനിടെ വിരലില്‍ തരിപ്പ് അനുഭവപ്പെടുമ്പോള്‍ കൈമാറ്റി പിടിക്കുകയോ അല്ലെങ്കില്‍ ഹെഡ്സെറ്റ് ഉപയോഗിച്ച് സംഭാഷണത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുക.

* രോഗം രൂക്ഷമായാല്‍ ഓപ്പറേഷന്‍ ആണ് പ്രതിവിധി

1 comment:

cyberspace history said...

ഏറെനേരം കൈമുട്ട് മടക്കിപ്പിടിച്ച് മൊബൈല്‍ഫോണില്‍ സംഭാഷണത്തിലേര്‍പ്പെടുന്നവര്‍ക്ക് ഉണ്ടാകുന്ന പ്രശ്നമാണിത്. വിരലുകളില്‍ തടിപ്പോ തുടിപ്പോ അനുഭവപ്പെടുന്നതാണ് തുടക്കം. കൈയിലെ ഞരമ്പുകള്‍ക്ക് സംഭവിക്കുന്ന തകരാറാണിതിന് കാരണമാകുന്നത്. ആഗോളവ്യാപകമായി ഈ പ്രശ്നം വ്യാപിച്ചുവരികയാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ സൂചന നല്‍കിക്കഴിഞ്ഞു.