Wednesday, March 17, 2010


വീട്ടിലിരുന്ന്
ത്രി ഡി സിനിമ കാണാം!


ത്രി ഡി സിനിമ കാണാന്‍ തിയേറ്ററുകളില്‍ പോകുന്ന ശീലവും മാറാന്‍ പോവുകയാണ്. ഇനി വീട്ടിലെ സോഫയില്‍ ചാരിക്കിടന്നും ത്രി ഡി സിനിമയും ദൃശ്യങ്ങളും ആസ്വദിക്കാം! ഇതിനായി പ്രത്യേകം ത്രി ഡി ഡിസ്ക് പ്ളെയറുകള്‍ വിപണിയിലെത്തിക്കഴിഞ്ഞു.



1984 കാലഘട്ടം. തിയേറ്ററില്‍ നിന്ന് 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' എന്ന സിനിമ കണ്ടിരുന്നവര്‍ ശരിക്കും ഞെട്ടി. കണ്‍മുന്നില്‍ നടക്കുന്ന സംഭവം പോലെയുണ്ട് സിനിമ. കാണാന്‍ സ്പെഷല്‍ കണ്ണട ധരിക്കണമെന്ന 'പ്രശ്നം' ഒഴിവാക്കിയാല്‍ പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു ഇതു നല്‍കിയത്. സൂപ്പര്‍ഹിറ്റായ ഈ ചിത്രമാണ് ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി സിനിമ. അതിനു ശേഷം കുറേ ത്രി ഡി ചിത്രങ്ങള്‍ വന്നുപോയി. 1997ല്‍ കുട്ടിച്ചാത്തന്റെ തന്നെ പുതിയ ഡി.ടി.എസ് പതിപ്പും തിയേറ്ററുകളില്‍ എത്തി. ഇപ്പോള്‍ ത്രി ഡി എന്നത് പുതുമയേയല്ല. ത്രി ഡി സിനിമ കാണാന്‍ തിയേറ്ററുകളില്‍ പോകുന്ന ശീലവും മാറാന്‍ പോവുകയാണ്. ഇനി വീട്ടിലെ സോഫയില്‍ ചാരിക്കിടന്നും ത്രി ഡി സിനിമയും ദൃശ്യങ്ങളും ആസ്വദിക്കാം! ഇതിനായി പ്രത്യേകം ത്രി ഡി ഡിസ്ക് പ്ളെയറുകള്‍ വിപണിയിലെത്തിക്കഴിഞ്ഞു. അതോടൊപ്പം തന്നെ ത്രി ഡി വിപ്ളവത്തിന് അരങ്ങൊരുക്കി ഇ.എസ്.പി,എന്‍, ഡിസ്കവറി തുടങ്ങിയ പ്രമുഖ ചാനലുകള്‍ ത്രി ഡിയിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങളും ധ്രുതഗതിയില്‍ നടക്കുകയാണ്.
സിനിമ, ടെലിവിഷന്‍, മ്യൂസിക്, ക്യാമറ എല്ലാം തന്നെ ത്രിമാനതയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അവതാരങ്ങളെ ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ വിജയിച്ചു തുടങ്ങിയതോടെ മനുഷ്യരെ ഒഴിവാക്കിയുള്ള ചിത്രങ്ങള്‍ പുറത്തിറക്കാനാണ് വിവിധ കമ്പനികളുടെ ലക്ഷ്യം. ത്രി ഡി ചിത്രങ്ങള്‍ വ്യാപകമായതോടെ ടെലിവിഷന്‍ നിര്‍മ്മാണ കമ്പനികളും ത്രി ഡി ഉല്പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ത്രി ഡി ഉള്ളടക്കം ലഭിക്കുന്ന വെബ്സൈറ്റുകളും ഓണ്‍ലൈനില്‍ ലഭ്യമാണ്.
ത്രി ഡി ദൃശ്യം ടെലിവിഷനിലൂടെ കണ്ട് ആസ്വദിക്കണമെങ്കില്‍ അതിനനുയോജ്യമായ സെറ്റായിരിക്കണം നമ്മുടേത്. നിലവില്‍ ദ്വിമാന ചിത്രങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയേ നമ്മുടെ നാട്ടിലുള്ള ടെലിവിഷനുള്ളൂ. ഇത് ത്രി ഡി ദൃശ്യങ്ങള്‍ കാണാന്‍ പര്യാപ്തമല്ല.
ഇതിന് പരിഹാരമായി സോണി, പാനസോണിക്, എല്‍.ജി, സാംസങ് തുടങ്ങിയ പ്രമുഖരായ ടി.വി നിര്‍മ്മാതാക്കളെല്ലാം ത്രി ഡി സ്ക്രീന്‍ ടെക്നോളജി അവതരിപ്പിച്ചുകഴിഞ്ഞു. നിലവില്‍ സംപ്രേഷണം ചെയ്യുന്ന 2 ഡി ഇമേജിനെ തത്സമയം തന്നെ ത്രി ഡി യിലേക്ക് മാറ്റി കാണിക്കാന്‍ സാധിക്കുന്ന 'സെല്‍ ടി.വി'യുമായാണ് തോഷിബയുടെ വരവ്. നേരത്തെ ദ്വിമാനരീതിയില്‍ റെക്കോര്‍ഡ് ചെയ്തുവച്ചിരിക്കുന്ന വീഡിയോ ഗെയിം മുതല്‍ സ്പോര്‍ട്സ് ചാനല്‍ പരിപാടി വരെ ഇതിലൂടെ ത്രിമാനമായി ദര്‍ശിക്കാം. നിലവിലുള്ള ടെലിവിഷന്‍ സെറ്റുകളുടെ 143 ഇരട്ടി പ്രോസസ്സിംഗ് ശേഷിയുണ്ടിതിന്. സെല്‍ ടി.വിക്ക് വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം അഞ്ച് ലക്ഷം രൂപയോളം വിലവരുമെന്നാണ് കരുതുന്നത്.
വില ഭീമമാണെങ്കിലും ദൃശ്യചാരുത ആരെയും ആകര്‍ഷിക്കുമെന്നാണ് ഉല്പാദകരുടെ വിലയിരുത്തല്‍. രണ്ടു തരം ത്രി ഡി ടെലിവിഷന്‍ സീരിസുകള്‍ പുറത്തിറക്കാനാണ് സോണി തീരുമാനിച്ചിട്ടുള്ളത്. ഒന്ന് ത്രി ഡിയുടെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളിച്ചിട്ടുള്ള സര്‍ക്യൂട്ടുകള്‍ അടങ്ങുന്ന ടി.വി. മറ്റൊന്ന് ദ്വിമാന ദൃശ്യങ്ങളെ ത്രിമാനതയിലേക്ക് മാറ്റാന്‍ സഹായിക്കുന്ന കണ്‍വെര്‍ട്ടര്‍ ബോക്സിനൊപ്പം രണ്ടു സെറ്റ് ത്രി ഡി കണ്ണടയുമുണ്ടാവും. കണ്ണട ഉപയോഗിക്കാതെ തന്നെ ത്രി ഡി ദൃശ്യപ്പൊലിമ കാണാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതിന് കുറച്ചു വര്‍ഷങ്ങള്‍ എടുക്കും എന്നുതന്നെയാണ് ഗവേഷണരംഗത്തു നിന്ന് കിട്ടുന്ന സൂചനകള്‍.
രണ്ടുതരം കണ്ണടകള്‍ ഇപ്പോള്‍ നിലവിലുണ്ട്. ചുവപ്പ്, നീല ലെന്‍സ് പതിച്ച കാര്‍ഡ്ബോര്‍ഡ് ഗ്ളാസ്സുകളാണ് ഒരു വിഭാഗം. വളരെ വേഗതയോടെ ഒരേക്രമത്തില്‍ പ്രവര്‍ത്തിക്കുന്ന ഷട്ടറുകള്‍ ഘടപ്പിച്ച കണ്ണടയാണ് മറ്റൊന്ന്. ഇതുരണ്ടും നമ്മുടെ മസ്തിഷ്ക്കത്തെ കബളിപ്പിക്കുകയാണ്. അങ്ങനെയാണ് ത്രി ഡി ദൃശ്യാനുഭവം നമുക്ക് ലഭിക്കുന്നത്. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള 'റിയല്‍ ഡി' എന്ന കമ്പനിയാണ് ആക്ടീവ് ഷട്ടര്‍ ടെക്നോളജി സഹിതമുള്ള കണ്ണടകള്‍ നിര്‍മ്മിക്കുന്നത്. 50 ഡോളര്‍ വില വരുന്ന ഈ കണ്ണട ലഭ്യമാക്കാനായി പ്രമുഖ ടി.വി കമ്പനികളൊക്കെ ഇവരുമായി കരാറിലേര്‍പ്പെട്ടുകഴിഞ്ഞു.
ജൂണ്‍ 11 മുതല്‍ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് ഇ.എസ്.പി.എന്‍ ത്രി ഡിയില്‍ സംപ്രേഷണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ആദ്യവര്‍ഷം 85 ഓളം മത്സരങ്ങള്‍ ഇത്തരത്തില്‍ പ്രേക്ഷകരിലെത്തിക്കാനാണ് പദ്ധതി. സിനിമയ്ക്ക് പുറമെ പ്രകൃതി സംബന്ധമായ പരിപാടികള്‍, ശൂന്യാകാശ പര്യവേഷണം, സാഹസിക പ്രകടനങ്ങള്‍, കുട്ടികളുടെ പരിപാടികള്‍ തുടങ്ങിയവയിലൂടെ അടുത്ത വര്‍ഷം ആദ്യം പ്രേക്ഷക മനസ്സില്‍ ഇടംപിടിക്കാനാണ് ഡിസ്കവറിയുടെ തയ്യാറെടുപ്പ്.
പലരും തങ്ങളുടെ പക്കലുള്ള കാഥോഡ് റേ ട്യൂബ് ഉപയോഗിച്ചുള്ള ടി.വി ഒഴിവാക്കിയത് അടുത്തകാലത്താണ്. അതിനു പകരം വിലകൂടിയ എല്‍.സി.ഡി / പ്ളാസ്മ ടി.വി കള്‍ പലരും വാങ്ങിയിട്ടുമുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നമ്പോള്‍ പ്ളാസ്മാ ടിവിയേക്കാള്‍ ഇരുപതിനായിരത്തില്‍പരം രൂപ ത്രി ഡി ടിവിയ്ക്ക് അധികംകൊടുക്കേണ്ടി വരും. 2010ല്‍ 22 ലക്ഷം ത്രി ഡി ടി.വി സെറ്റുകള്‍ വിറ്റഴിയുമെന്നാണ് കണക്കുകൂട്ടലുകളെങ്കിലും കാര്യങ്ങളൊക്കെ എവിടെയെത്തുമെന്ന് കണ്ടറിയുക തന്നെ വേണം.

ടി.വി. സിജു
കേരള കൌമുദി

1 comment:

cyberspace history said...

ത്രി ഡി സിനിമ കാണാന്‍ തിയേറ്ററുകളില്‍ പോകുന്ന ശീലവും മാറാന്‍ പോവുകയാണ്. ഇനി വീട്ടിലെ സോഫയില്‍ ചാരിക്കിടന്നും ത്രി ഡി സിനിമയും ദൃശ്യങ്ങളും ആസ്വദിക്കാം! ഇതിനായി പ്രത്യേകം ത്രി ഡി ഡിസ്ക് പ്ളെയറുകള്‍ വിപണിയിലെത്തിക്കഴിഞ്ഞു.