Monday, March 22, 2010


സ്വകാര്യദൃശ്യങ്ങള്‍ സ്വന്തം
ഫോണില്‍ നിന്നും ചോരും!


കോഴിക്കോട്ടുള്ള ഒരു ഹോട്ടലിലെ ബാത്ത്റൂമില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഏറെ ചര്‍ച്ചാ വിഷയമായതാണ്. ഈ സംഭവത്തിനു ശേഷം പലര്‍ക്കും മൊബൈലില്‍ രസകരമായ എസ്.എം.എസ് കിട്ടി. ഹോട്ടലില്‍ നിന്ന് ഊണുകഴിച്ച ശേഷം ടോയ്ലറ്റില്‍ പോകണമെന്ന് ആവശ്യപ്പെട്ട ഭാര്യയോട് ഭര്‍ത്താവ് ഉപദേശിക്കുന്നത് ഇങ്ങനെ: അത്യാവശ്യമെങ്കില്‍ ഹോട്ടലിന് പുറത്ത് റോഡില്‍ ഇരുന്ന് കാര്യം നടത്തിക്കൊള്ളൂ. അത് നാലാളുകള്‍ മാത്രമേ കാണൂ. ടോയ്ലറ്റിനുള്ളിലാണെങ്കില്‍ പിന്നെ ലോകം മുഴുവന്‍ ദൃശ്യം കാണും.... അതാണ് അവസ്ഥ.

ഇതിലും ഭീകരമാണ് ഇനി വരാന്‍ പോകുന്നത്. മൊബൈല്‍ സാങ്കേതികവിദ്യയും ഉപകരണത്തിന്റെശേഷിയും അനുദിനം വളരുകയാണ്. ഒരു കംപ്യൂട്ടറിന്റെ ശേഷി തന്നെയുണ്ട് ഇന്നത്തെ സെല്‍ഫോണുകള്‍ക്ക്. കംപ്യൂട്ടറില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ഇന്ന് സെല്‍ഫോണ്‍ ഉപയോഗിച്ചും ചെയ്യാം. മുഴുവന്‍ സമയ ഇന്റര്‍നെറ്റ് സേവനവും മൊബൈല്‍ ലഭ്യമാണ്. നെറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകള്‍ ആക്രമണത്തിന് ഇരയാകുന്നതുപോലെ സെല്‍ഫോണുകളും സൈബര്‍ക്രിമിനിലുകളുടെ ചെയ്തികള്‍ക്ക് വശംവദമാവുകയാണ്.

ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ബാങ്കിംഗ് സംബന്ധമായ വിവരങ്ങളും മറ്റും ചോര്‍ത്തുന്ന മൊബൈല്‍വൈറസുകള്‍ ഇന്ന് വളരെ പ്രചാരത്തിലുണ്ട്. അതോടൊപ്പം വൈറസുകളുടെ പ്രഹരശേഷിയും അവയുണ്ടാക്കുന്ന പൊല്ലാപ്പുകളും കൂടിവരികയാണ്. മൊബൈല്‍ഫോണ്‍ നമ്മുടെ സന്തതസഹചാരിയാണ്. ഈ സാധ്യതയാണ് അദൃശ്യനായ അക്രമി മുതലെടുക്കുന്നത്. കംപ്യൂട്ടറുകളെ പോലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സഹായത്തോടെയാണ് സ്മാര്‍ട്ട്ഫോണുകളും പ്രവര്‍ത്തിക്കുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്റ്റ്വെയറുകളുടെ പ്രവര്‍ത്തനത്തെ വഴിതിരിച്ചുവിട്ടോ കബളിപ്പിച്ചോ വൈറസുകള്‍ ഉപയോക്താക്കളെ കുഴിയില്‍ ചാടിക്കുകയാണ്. ഇനി മാനഹാനിയുണ്ടായാല്‍ ഒളി ക്യാമറയെ കുറ്റംപറയാന്‍ കഴിയില്ല. അതിനുള്ള പഴി സ്വന്തം തലയില്‍ കെട്ടിവയ്ക്കേണ്ടിവരും! റൂട്ട്കിറ്റ് വിഭാഗത്തില്‍പെടുന്ന വൈറസുകളാണ് ആളുകളെ പറ്റിക്കാന്‍ കാത്തിരിക്കുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിക്കുന്ന വിനാശകാരികളായ സോഫ്ട്വെയറുകളാണ് റൂട്ട്കിറ്റ് വിഭാഗത്തില്‍പെടുന്നത്. ടെക്സ്റ്റ് മെസേജുകള്‍ വഴിയോ ബ്ളൂ ടൂത്ത് വഴിയോ ആക്രമണം നടക്കാം. ഫോണിന്റെ നിയന്ത്രണം വൈറസിന് ലഭിച്ചുകഴിഞ്ഞാല്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താം, മറ്റൊരാളുമായി സംസാരിക്കുന്നത് 'ഒളിഞ്ഞി'രുന്ന് കേള്‍ക്കാം, ജി.പി. എസ് സംവിധാനമുണ്ടെങ്കില്‍ ഫോണ്‍ ഉപയോഗിക്കുന്ന ആള്‍ എവിടെയുണ്ടെന്ന വിവരം ചോര്‍ത്താം. ഈ വിവരം ഉപയോഗപ്പെടുത്തി ഉപയോക്താവിന്റെ പിന്നാലെ പാത്തുംപതുങ്ങിയും നടക്കാം. ഇതൊന്നും പോരെങ്കില്‍ ഫോണ്‍ ബാറ്ററിയില്‍ ഒന്നും അവശേഷിപ്പിക്കാത്ത വിധം ചാര്‍ജും വറ്റിക്കാം! നാമറിയാതെ വീട്ടിലെ മുറിയില്‍ വച്ചിരിക്കുന്ന സ്വന്തം മൊബൈലിലെ മൈക്രോഫോണിലൂടെ ശബ്ദവും ക്യാമറയിലൂടെ ദൃശ്യങ്ങളും വിദൂരതയിലിരിക്കുന്ന ആക്രമിക്ക് കൃത്യമായി ലഭിച്ചുകൊണ്ടിരിക്കും. ഇത് വൈറസിന്റെ കുസൃതികളില്‍ ചിലതു മാത്രം. കിടപ്പറദൃശ്യത്തിനും കുളിമുറിയിലെ കാഴ്ചകള്‍ക്കുമാവാം ഇന്റര്‍നെറ്റിലൂടെ ലോകംമുഴുവന്‍ പ്രചരിക്കുന്നത്.

ഫോണിന്റെ കീപാഡില്‍ അമര്‍ത്തുന്ന നമ്പറിലേക്കാവും സാധാരണ കോളുകള്‍ പോവുക. വൈറസ്ബാധയേറ്റ ഫോണില്‍ ഇത് ശരിയായിക്കൊള്ളണമെന്നില്ല. ബാങ്കിലെ ഫോണ്‍നമ്പറിലേക്ക് വിളിച്ചാല്‍ 'കൊള്ളക്കാര'ന്റെ കയ്യിലാവും ലഭിക്കുക. ബാങ്കിലെ ജീവനക്കാരനെയാണ് ലഭിച്ചിരിക്കുന്നതെന്ന ധാരണയില്‍ ഫോണില്‍ സംസാരിച്ചാല്‍ വിവരങ്ങളെല്ലാം ചോരും. അക്കൌണ്ടും കാലിയാവും. പുതിയ ആന്റിവൈറസ് പ്രോഗ്രാമുകള്‍ക്കുപോലും ആക്രമണങ്ങള്‍ കണ്ടുപിടിക്കാന്‍ പറ്റിയെന്നു വരില്ല. ഉപഭോക്താക്കള്‍ വീണ്ടും പ്രതിരോധത്തിലാവുകയാണ്.


ടി.വി.സിജു
കേരള കൌമുദി ഫ്ലാഷ്

1 comment:

cyberspace history said...

ഒരു കംപ്യൂട്ടറിന്റെ ശേഷി തന്നെയുണ്ട് ഇന്നത്തെ സെല്‍ഫോണുകള്‍ക്ക്. കംപ്യൂട്ടറില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ഇന്ന് സെല്‍ഫോണ്‍ ഉപയോഗിച്ചും ചെയ്യാം. മുഴുവന്‍ സമയ ഇന്റര്‍നെറ്റ് സേവനവും മൊബൈല്‍ ലഭ്യമാണ്. നെറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകള്‍ ആക്രമണത്തിന് ഇരയാകുന്നതുപോലെ സെല്‍ഫോണുകളും സൈബര്‍ക്രിമിനിലുകളുടെ ചെയ്തികള്‍ക്ക് വശംവദമാവുകയാണ്.