Tuesday, March 16, 2010


ഇന്ത്യയും ചൈനയും
ഇ-മാലിന്യരംഗത്തെ ടൈംബോംബുകള്‍: യു।എന്‍

ചവറ്റുകുട്ടയില്‍ എറിയപ്പെടുന്ന ഇലക്ട്രോണിക് സാധനങ്ങള്‍ തീര്‍ക്കുന്ന മാലിന്യക്കൂമ്പാരം (ഇ-മാലിന്യം) ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങളിലെ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും വന്‍ഭീഷണി മാറിയിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭാ പരിസ്ഥിതി സമിതി (യു.എന്‍.ഇ.പി) തയ്യാറാക്കിയ പഠനറിപ്പോര്‍ട്ട്. ഉപേക്ഷിക്കപ്പെടുന്ന കംപ്യൂട്ടറുകളും സെല്‍ഫോണുകളും തീര്‍ക്കുന്ന മാലിന്യക്കൂമ്പാരങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്കും പരിസ്ഥിതിക്കുമുണ്ടാക്കുന്ന കോട്ടങ്ങള്‍ വളരെ ഗൌരവത്തിലെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഈ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഇതിനെതിരെ വികസ്വരരാജ്യങ്ങള്‍ നിയമനടപടികള്‍ സ്വീകരിക്കാത്തതാണ് ഈയൊരു ദു:സ്ഥിതിക്ക് കാരണമായിരിക്കുന്നത്.
അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ, ചൈന, ആഫ്രിക്ക, ലാറ്റിനമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വില്പന ക്രമാതീതമായി ഉയരുമെന്നും യു.എന്‍ റിപ്പോര്‍ട്ടിലുണ്ട്. പുതിയ ഉപകരണങ്ങള്‍ എത്തുന്നതോടെ പഴയവ ഭൂരിഭാഗവും ചവറ്റുകൊട്ടയിലുമെത്തും.
2020 ആകുമ്പോഴേക്കും ചൈനയിലും ആഫ്രിക്കയിലും വലിച്ചെറിയപ്പെടുന്ന പഴയ കംപ്യൂട്ടറുകളുടെ എണ്ണം 200 മുതല്‍ 400 ശതമാനം വരെ വര്‍ദ്ധിക്കും. 2007ല്‍ നിലവിലുള്ള അവസ്ഥയില്‍ നിന്നാണ് ഇത്രയും ഭീമമായൊരു വര്‍ദ്ധന. ഇന്ത്യയിലാകട്ടെ ഇത് 500 ശതമാനത്തിലേറെയും! സെല്‍ഫോണ്‍ വലിച്ചെറിയുന്നത് ചൈനയില്‍ ഏഴിരട്ടി വര്‍ദ്ധിക്കുമ്പോള്‍ ഇന്ത്യയില്‍ അതിന്റെ അനുപാതം പതിനെട്ട് മടങ്ങാവും.
അതത് രാജ്യങ്ങളില്‍ കാര്യക്ഷമമായ രീതിയില്‍ റീസൈക്കിളിംഗ് പ്ളാന്റുകളും അതിനനുബന്ധ സൌകര്യങ്ങളും ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ഏറിയിട്ടുണ്ട്. റീസൈക്ളിംഗ് പ്രക്രിയ കാര്യക്ഷമമായ രീതിയില്‍ നടത്തിയില്ലെങ്കില്‍ ഇന്ത്യ, ചൈന, ബ്രസീല്‍, മെക്സികോ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ മോശമാവും - യു.എന്‍.ഇ.പി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷിം സ്റ്റെയ്നര്‍ പറയുന്നു.
ആഗോളവ്യാപകമായി പ്രതിവര്‍ഷം 40 മില്യണ്‍ ടണ്‍ ഇ-വേസ്റ്റ് കൂടുതലായി സൃഷ്ടിക്കപ്പെടുന്നുണ്ട്. 'റീസൈക്കളിംഗ് - ഫ്രം ഇ വേസ്റ്റ് ടു റിസോഴ്സസ്' എന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടുന്ന ഇ-വേസ്റ്റ് കണക്കുകള്‍ ഇപ്രകാരമാണ്. ടെലിവിഷന്‍- 2.7 ലക്ഷം ടണ്‍, റെഫ്രിജറേറ്ററുകള്‍ (ഒരു ലക്ഷം ടണ്‍), പേഴ്സണല്‍ കംപ്യൂട്ടറുകള്‍ (56,300 ടണ്‍), മൊബൈല്‍ഫോണ്‍ (1,700 ടണ്‍), പ്രിന്ററുകള്‍ (4,700 ടണ്‍). 2007ല്‍ ഉപേക്ഷിക്കപ്പെട്ട കംപ്യൂട്ടറുകളുടെ അഞ്ച് ഇരിട്ടി കംപ്യൂട്ടറുകള്‍ 2020ല്‍ ചവറ്റുകുട്ടയിലെത്തും. റെഫ്രിജറേറ്റര്‍ വേസ്റ്റ് രണ്ടോ മൂന്നോ ഇരിട്ടിയായും വര്‍ദ്ധിക്കും.
ഇ-മാലിന്യങ്ങളുടെ സംസ്കരണവും പുനരുപയോഗവും അതീവ സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ ലോഹങ്ങള്‍ ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാണത്തില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഒരു കംപ്യൂട്ടര്‍ മദര്‍ബോര്‍ഡില്‍ നിന്ന് ഏകദേശം ഒരു ഗ്രാം വരെ സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കാനാവും. നഗരപ്രാന്തങ്ങളില്‍ കുടില്‍ വ്യവസായം പോലെ പ്രവര്‍ത്തിക്കുന്ന അനധികൃത റീസൈക്ളിംഗ് ഏജന്‍സികള്‍ പലതും ഇത്തരം ലോഹങ്ങള്‍ വേര്‍തിരിക്കാനായി സര്‍ക്യൂട്ട് ബോര്‍ഡുകള്‍ കൂട്ടിയിട്ട് കത്തിക്കുകയോ സ്വര്‍ണ്ണം ലയിക്കുന്ന അക്വാറീജിയ പോലെയുള്ള ആസിഡ് ലായിനികളില്‍ മുക്കിയെടുക്കുകയോ ആണ് പതിവ്. രണ്ടു രീതിയായാലും അന്തരീക്ഷ മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും തന്നെയാണ് ഫലം.

ഇന്ത്യയില്‍ കരട് നിയമം ഈ മാസത്തോടെ
ചവറ്റുകുട്ടയില്‍ എറിയപ്പെടുന്ന ഇലക്ട്രോണിക് സാധനങ്ങള്‍ (ഇ-വേസ്റ്റ്) സൃഷ്ടിക്കുന്ന പരിസ്ഥിതി, ആരോഗ്യപ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റ് പുതിയ നിയമനിര്‍മ്മാണം നടത്താന്‍ ഒരുങ്ങുകയാണ്. ഇ-വേസ്റ്റ് കൈകാര്യം ചെയ്യാനുള്ള കരട് നിയമം മാര്‍ച്ച് മാസത്തോടെ തയ്യാറാവും. ഇപ്പോള്‍ ഇതുസംബന്ധമായുള്ള നിയമമൊന്നും നിലവിലില്ല. മറ്റു രാജ്യങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങള്‍ പഠിച്ചശേഷം അത് ഇന്ത്യന്‍ ചുറ്റുപാടുകള്‍ക്ക് അനുസൃതമായ രീതിയില്‍ മാറ്റംവരുത്തി ഉപയോഗപ്പെടുത്തും. വേസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നതിന് ഇലക്ട്രോണിക് ഉല്പന്ന നിര്‍മ്മാതാക്കളുടെ ബാധ്യതയും അതോടൊപ്പം വിശദീകരിക്കും.
രാജ്യത്ത് പ്രതിവര്‍ഷം പത്തു ശതമാനം നിരക്കിലാണ് ഇലക്ട്രോണിക് വേസ്റ്റ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ അഞ്ചു ശതമാനം മാത്രമാണ് യഥാര്‍ത്ഥമായ രീതിയില്‍ പുനരുല്പാദന പ്രക്രിയയ്ക്ക് വിധേയമാകുന്നത്. വേണ്ടത്ര സുരക്ഷയോ മറ്റു സൌകര്യങ്ങളോ ഇല്ലാതെ നഗരപ്രാന്തങ്ങളില്‍ ഇ-വേസ്റ്റ് പുനരുല്പാദന പ്രക്രിയയില്‍ ഏര്‍പ്പെട്ടിട്ടുള്ളവരുടെ എണ്ണം ഇരുപത്തയ്യായിരത്തിലേറെയാണ്.
1989ലെ ബേസല്‍ ബാന്‍ അമന്‍മെന്റ് നിയമപ്രകാരം അപകടകരമായ അവശിഷ്ടങ്ങള്‍ ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. അമേരിക്ക പോലുള്ള സമ്പന്ന രാഷ്ട്രങ്ങള്‍ അവരുടെ രാജ്യത്ത് ഈ നിയമം നടപ്പാക്കിയിട്ടില്ല. അമേരിക്കയ്ക്ക് പുറമെ സിങ്കപ്പൂര്‍, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നും നിരവധി ഇലക്ട്രോണിക് സാധനങ്ങള്‍ രണ്ടാമത് ഉപയോഗത്തിനെന്ന പേരില്‍ ഇന്ത്യ, പാക്കിസ്ഥാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ എത്തുന്നുണ്ട്്. ഇവിടുത്തെ പണിക്കൂലിയും പരിസ്ഥിതി നിയമങ്ങളിലുള്ള പഴുതുകളുമാണ് അവര്‍ക്ക് പ്രോത്സാഹനമാകുന്നത്. നല്ല ലാഭമുള്ള ബിസിനസ്സായതിനാല്‍ ഇവിടെയുള്ള ആളുകള്‍ അതിന് കൂട്ടുനില്‍ക്കുകയാണ്. ഇത്തരത്തില്‍ കേരളത്തില്‍ കൊച്ചിയിലും സാധനങ്ങള്‍ എത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം ഇറക്കുമതികള്‍ ചൈന നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ മൂന്ന് കോടി കംപ്യൂട്ടറുകളും 50 കോടി സെല്‍ഫോണും ഉണ്ടെന്നാണ് കണക്കുകള്‍. ഡെസ്ക്ടോപ്പ് വിഭാഗത്തില്‍പ്പെടുന്നതാണ് കംപ്യൂട്ടറുകളില്‍ 80 ശതമാനവും. കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പുകളും നെറ്റ്ബുക്കുകളും സെല്‍ഫോണുകളും വിപണിയില്‍ സുലഭമാകുന്നതോടെ ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളില്‍ പലതും മൂലയിലൊതുങ്ങും. രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ പകുതിയിലധികം മൊബൈല്‍ഫോണുകളും ചവറ്റുകുട്ടകളിലേക്ക് എറിയപ്പെടും.
മുപ്പതിനായിരം കോടി ചെലവില്‍ റൂര്‍ക്കിയില്‍ ആരംഭിച്ച ഇ-വേസ്റ്റ് റീസൈക്കിളിംഗ് പദ്ധതി മാസങ്ങള്‍ക്ക് മുമ്പാണ് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാം ഉദ്ഘാടനം ചെയ്തത്. ഒരു വര്‍ഷം 36,000 ടണ്‍ ഇ-വേസ്റ്റ് കൈകാര്യം ചെയ്യാന്‍ ഈ പ്ളാന്റിന് ശേഷിയുണ്ട്. രാജ്യത്തിന്റെ പലഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 150 ഏജന്‍സികള്‍ വഴി ശേഖരിക്കുന്ന ഇ-വേസ്റ്റാണ് ഇവിടെ സംസ്കരിച്ചെടുക്കുക.

ഇ-വേസ്റ്റ്
ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ സാധാരണക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. അതോടൊപ്പം ഇ-വേസ്റ്റുകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി, ആരോഗ്യ പ്രശ്നങ്ങളും രൂക്ഷമാവുകയാണ്. ഇലക്ട്രോണിക് അവശിഷ്ടങ്ങളുടെ കൂട്ടത്തില്‍ ഉപയോഗശൂന്യമായ കംപ്യൂട്ടറുകള്‍, മോണിറ്ററുകള്‍, ടെലിഫോണുകള്‍, ടെലിവിഷനുകള്‍, സെല്ലുലാര്‍ ഫോണുകള്‍, വിവിധ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇത്തരം ഉപകരണങ്ങളിലെ ഇലക്ട്രോണിക്് പാര്‍ട്സുകളില്‍ അടങ്ങിയിരിക്കുന്ന ലെഡ്, മെര്‍ക്കുറി, ബെറിലിയം തുടങ്ങിയ വിഷവസ്തുക്കള്‍ മണ്ണിലും ജലത്തിലും മറ്റും അലിഞ്ഞു ചേര്‍ന്നാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ നിരവധിയാണ്. സെമികണ്ടക്ടറുകളിലും റസിസ്റ്ററുകളിലുമടങ്ങിയ കാഡ്മിയം മനുഷ്യശരീരത്തിന് പൊതുവെയും വൃക്കകള്‍ക്ക് പ്രത്യേകിച്ചും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ബാറ്ററികളിലും സ്വിച്ചുകളിലുമെല്ലാം അടങ്ങിയിരിക്കുന്ന മെര്‍ക്കുറി ശരീരത്തില്‍ പ്രവേശിച്ചാല്‍ അത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ക്രോമിയം ശക്തിയായ അലര്‍ജി സൃഷ്ടിക്കുകയും ചെയ്യും. ഇതിനെല്ലാം പുറമെ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ മിക്കതിന്റെയും പുറംചട്ട പ്ളാസ്റ്റിക്ക് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഭൂമിക്ക് ഒഴിയാബാധയായി തീര്‍ന്നിട്ടുമുണ്ട്.
കംപ്യൂട്ടറുകളിലെ മോണിറ്ററിലും ടെലിവിഷനിലും ഉപയോഗിക്കുന്ന കാഥോഡ് റേ ട്യൂബില്‍ (സി.ആര്‍.ടി) ഏകദേശം രണ്ടു മുതല്‍ നാലര കിലോഗ്രാം ലെഡ് അടങ്ങിയിട്ടുണ്ടത്രേ. നാഡീ വ്യവസ്ഥയേയും രക്തചംക്രമണത്തേയും വൃക്കര്‍കളുടെ പ്രവര്‍ത്തനത്തേയും ലെഡിന്റെ സാന്നിദ്ധ്യം ദോഷകരമായി ബാധിക്കും. കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയേയും ലെഡ് പ്രതികൂലമായി ബാധിക്കും. സസ്യജാലങ്ങളിലും ഇതിന്റെ സാന്നിദ്ധ്യം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

ടി.വി.സിജു
കേരള കൌമുദി

1 comment:

cyberspace history said...

ചവറ്റുകുട്ടയില്‍ എറിയപ്പെടുന്ന ഇലക്ട്രോണിക് സാധനങ്ങള്‍ തീര്‍ക്കുന്ന മാലിന്യക്കൂമ്പാരം (ഇ-മാലിന്യം) ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങളിലെ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും വന്‍ഭീഷണി മാറിയിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭാ പരിസ്ഥിതി സമിതി (യു.എന്‍.ഇ.പി) തയ്യാറാക്കിയ പഠനറിപ്പോര്‍ട്ട്.