Friday, November 20, 2009

തിരിച്ചറിയല്‍ നമ്പറില്ലേ...?

30 കഴിഞ്ഞാല്‍ മൊബൈല്‍ പരിധിക്ക് പുറത്ത്

നിങ്ങളുടേത് ചൈനീസ് നിര്‍മ്മിത മൊബൈല്‍ ആണോ? തിരിച്ചറിയല്‍ നമ്പര്‍ ഇല്ലേ? എങ്കില്‍, ഈ ഫോണില്‍ നിന്ന് നവംബര്‍ 30ന് ശേഷം എവിടേക്കും വിളിക്കാനാവില്ല. ഡിസംബര്‍ ഒന്നു മുതല്‍ തിരിച്ചറിയല്‍ നമ്പറില്ലാത്ത ഫോണുകളില്‍ നിന്ന് വിളിക്കുന്നതിന് ടെലികോംവകുപ്പ് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്. ചൈനീസ് നിര്‍മ്മിത ഫോണുകളാണ് തിരിച്ചറിയല്‍ നമ്പറുകളില്ലാത്തവയില്‍ ഏറെയും. സംസ്ഥാനത്ത് അത് ഏകദേശം പത്ത്-പന്ത്രണ്ട് ലക്ഷം വരും. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ചൈനീസ് സെല്‍ഫോണുകള്‍ ഏറ്റവും കൂടുതലുള്ളതെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു-മൂന്നുലക്ഷം വീതം. സംസ്ഥാനത്തിന്റെ തീരമേഖലകളില്‍ കൂടുതല്‍ പ്രചാരവും ഇത്തരം ഫോണുകള്‍ക്കാണത്രേ. പാറശ്ശാല, മൂന്നാര്‍, കാസര്‍കോട് തുടങ്ങിയ അതിര്‍ത്തിമേഖലകളിലും രണ്ട് സിം കാര്‍ഡ് ഉപയോഗിക്കാവുന്ന ചൈനീസ് ഫോണുകള്‍ വ്യാപകമാണ്. ഇത്തരം ഫോണുകള്‍ നിരോധിക്കുന്നതിനു മുമ്പ് 'മൊബൈല്‍ ഐഡന്റിറ്റി നമ്പര്‍' കരസ്ഥമാക്കാന്‍ ഉപയോക്താക്കള്‍ക്ക് ഒരു തവണ കൂടി ടെലികോം വകുപ്പ് അവസരം നല്‍കിയിട്ടുണ്ട്. ചെറിയൊരു ഫീസ് ഈടാക്കി ഈ നമ്പര്‍ നല്കുന്നതിന്റെ ചുമതല സെല്ലുലാര്‍ അസോസിയേഷന്‍ ഒഫ് ഇന്ത്യ (സി.ഒ.എ.ഐ), മൊബൈല്‍ സ്റ്റാന്‍ഡേര്‍ഡ് അലയന്‍സ് ഒഫ് ഇന്ത്യ (എം.എസ്.എ.ഐ) എന്നീ ഏജന്‍സികളെ ഏല്പിച്ചിരിക്കുകയാണ്. നമ്പര്‍ നല്‍കാനായി സംസ്ഥാനത്ത് 32 കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. 199 രൂപ ഫീസടച്ച് ഐ.എം.ഇ.ഐ നമ്പര്‍ നേടാന്‍ ഇനി ദിവസങ്ങള്‍ മാത്രം.





നമ്പറുണ്ടോ എന്നറിയാന്‍




ഓരോ ഫോണിനും പ്രത്യേകമായ ഐ.എം.ഇ.എ നമ്പര്‍ ഉണ്ടാകും. ഈ നമ്പര്‍ അറിയുന്നതിനായി മൊബൈല്‍ ഫോണില്‍ *#06# എന്ന് ടൈപ്പ് ചെയ്യുക. അപ്പോഴേക്കും സ്ക്രീനില്‍ ഒരു 15 അക്ക സംഖ്യ തെളിഞ്ഞുവരും. ഇതാണ് ആ ഫോണിന്റെ തിരിച്ചറിയല്‍ നമ്പര്‍. ഇതുകൂടാതെ ഫോണില്‍ ബാറ്ററി ഘടിപ്പിച്ചിരിക്കുന്ന സ്ഥലത്തും ഐ.എം.ഇ.ഐ നമ്പര്‍ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ കാണാം. ഇതിന്റെ ആധികാരികത പരിശോധിക്കാന്‍ 57886 നമ്പറിലേക്ക് ഒരു എസ്.എം.എസ് അയക്കേണ്ട ചെലവേയുള്ളൂ. ഉദാഹരണത്തിന് ഐ എം ഇ ഐ എന്ന് ടൈപ്പ് ചെയ്ത് ഒരു സ്പേസ് ഇട്ട് നമ്മുടെ സെല്‍ഫോണിന്റെ തിരിച്ചറിയല്‍ നമ്പര്‍ കൂടി രേഖപ്പെടുത്തി മെസേജ് അയക്കുക. മൂന്നു രൂപ നിരക്കിലുള്ള മെസേജിന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ അതിനുള്ള മറുപടിയും ലഭിക്കും. ബ്രാന്‍ഡ് നെയിം, മോഡല്‍ നമ്പര്‍ എന്നിവയോടൊപ്പം തിരിച്ചറിയല്‍ നമ്പര്‍ യഥാര്‍ത്ഥമാണോ അതോ വ്യാജമാണെന്നോ ഉള്ള അറിയിപ്പും കൂടി ഉണ്ടാവും.





നമ്പര്‍ എങ്ങനെ കിട്ടും?




മൊബൈല്‍ഫോണുമായി യഥാര്‍ത്ഥ ഉടമ ടെലികോം വകുപ്പിന്റെ ഐ.എം.ഇ.ഐ നമ്പര്‍ നല്‍കുന്ന കേന്ദ്രത്തിലെത്തുക. ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവയിലൊന്നിന്റെ പകര്‍പ്പും ഒരു ഫോട്ടോയും നല്കണം. ഫോട്ടോയില്ലെങ്കില്‍ ഏജന്‍സി അവരുടെ ചെലവില്‍ ഫോട്ടോ എടുക്കും. 180 രൂപയും നികുതിയും ചേര്‍ത്ത് 199 രൂപ അടച്ചാല്‍ തിരിച്ചറിയല്‍ നമ്പര്‍ തരും. രണ്ട് സിം ഉപയോഗിക്കാവുന്ന ഫോണിന് ഫീസ് 398 രൂപ. 'മൊബൈല്‍ സ്റ്റാന്‍ഡേര്‍ഡ് അലയന്‍സ് ഒഫ് ഇന്ത്യ'യുടെ കൊച്ചിയിലെ ഓഫീസിലേക്ക് 0484-2207838 എന്ന നമ്പരില്‍ വിളിച്ചാല്‍ നിങ്ങളുടെ ജില്ലയിലെ അംഗീകൃത കേന്ദ്രങ്ങള്‍ എവിടെയൊക്കെയെന്ന് അറിയാം. http://www.msai.in എന്ന വെബ്സൈറ്റില്‍ 32 കേന്ദ്രങ്ങളുടെയും വിലാസമുണ്ട്.







T.V.Siju,




Kerala Kaumudi

1 comment:

cyberspace history said...

നിങ്ങളുടേത് ചൈനീസ് നിര്‍മ്മിത മൊബൈല്‍ ആണോ? തിരിച്ചറിയല്‍ നമ്പര്‍ ഇല്ലേ? എങ്കില്‍, ഈ ഫോണില്‍ നിന്ന് നവംബര്‍ 30ന് ശേഷം എവിടേക്കും വിളിക്കാനാവില്ല. ഡിസംബര്‍ ഒന്നു മുതല്‍ തിരിച്ചറിയല്‍ നമ്പറില്ലാത്ത ഫോണുകളില്‍ നിന്ന് വിളിക്കുന്നതിന് ടെലികോംവകുപ്പ് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്.