Monday, November 16, 2009

സ്മാര്‍ട്ട്ഫോണ്‍ ജ്വരം കൂടുന്നു...



അങ്ങോട്ടുമിങ്ങോട്ടും വിളിക്കാന്‍ മാത്രം സൌകര്യമുള്ള മൊബൈല്‍ഫോണുകള്‍ ഇന്നൊരു കാഴ്ചവസ്തു മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. കാര്യമായ ഫീച്ചറുകളൊന്നുമില്ലാത്ത ബേസിക് മൊബൈല്‍ ഹാന്‍ഡ്സെറ്റ് സൌജന്യമായി കൊടുത്താല്‍ പോലും ആരും വാങ്ങാത്ത സ്ഥിതിയും. ഒരു കംപ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ തക്ക സംവിധാനമുള്ള സ്മാര്‍ട്ട്ഫോണുകളാണ് ഇന്ന് വിപണി കയ്യടക്കിക്കൊണ്ടിരിക്കുന്നത്. അത്യാധുനിക സൌകര്യങ്ങളോടെ ആപ്പിള്‍ വിപണയിലെത്തിക്കുന്ന ഐ ഫോണ്‍ പോലുള്ള മോഡലുകളാണ് പലരുടെയും ലക്ഷ്യം. രൂപകല്പനയിലും സാങ്കേതികവിദ്യയിലും ഏറെ മികച്ചു നില്ക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ പ്രതിദിനമെന്നോണം വിപണിയില്‍ എത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. ഒന്ന് വാങ്ങാമെന്ന് കരുതിയാലോ തൊട്ടാല്‍ പൊള്ളുന്ന വിലയും.


എങ്കിലിതാ കേട്ടോളൂ. ഒരു മിനി കംപ്യൂട്ടറിന്റെ തന്നെ ശേഷിയുള്ള സ്മാര്‍ട്ട്ഫോണിന്റെ വില കുത്തനെ താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഇതുമാത്രമാവില്ല സെല്‍ഫോണ്‍ വിപണിയെ നയിക്കുന്നത്. സ്ഥാനം മനസ്സിലാക്കാന്‍ കഴിയുന്ന ഗ്ളോബല്‍ പൊസിഷനിംഗ് സിസ്റ്റം കൂടി ഹാന്‍ഡ്സെറ്റുകളുടെ ഭാഗമായി മാറിക്കഴിഞ്ഞു. ഓണ്‍ബോര്‍ഡ് ജി.പി.എസ് സംവിധാനമുള്ള ഫോണുകളാവും ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുന്നത്. വിപണിയുടെ 21 ശതമാനവും ഇത്തരം സെല്‍ഫോണുകളാവും. മാത്രമല്ല 2015ല്‍ കമ്പോളത്തില്‍ നിലവിലുള്ള പകുതിയോളം സ്മാര്‍ട്ട്ഫോണുകള്‍ക്കും അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍ മാത്രമേ വിലയുണ്ടാവൂ.


മൊബൈല്‍ ഉപയോക്താക്കളില്‍ പലരും സെറ്റിന്റെ പുറംമോടിയിലും അപ്ളിക്കേഷനിലുമാണ് ഇതുവരെ ശ്രദ്ധയൂന്നിയത്. അല്ലാതെ അതില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിലല്ല. ഈയൊരു കാഴ്ചപ്പാട് മാറ്റം വന്നത് ആപ്പിളിന്റെ ഐ ഫോണിന്റെ വരവോടെയായിരുന്നു. ഇപ്പോള്‍ ഫോണില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്‍ പോലും ആളുകളുകള്‍ താരതമ്യം ചെയ്യുന്നുണ്ട്. 2007ല്‍ വിപണിയിലുണ്ടായിരുന്ന സ്മാര്‍ട്ട്ഫോണുകളില്‍ 200 ഡോളറിന് താഴെ വിലയുണ്ടായിരുന്നത് 18 ശതമാനം ഫോണുകള്‍ക്ക് മാത്രമായിരുന്നു. എന്നാല്‍ 2009ല്‍ അത് 27 ശതമാനമായി ഉയര്‍ന്നു. ഈ വ്യതിയാനം സൂചിപ്പിക്കുന്നത് സ്മാര്‍ട്ട്ഫോണിനോടുള്ള ഭ്രമം കൂടി എന്നതുതന്നെയാണ്.


2012ല്‍ സ്മാര്‍ട്ട്ഫോണ്‍ വില്പന മൊബൈല്‍ഫോണിനെ മറികടക്കുമെന്നാണ് ഈയിടെ നടന്ന ഒരു സര്‍വ്വെയില്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാമ്പത്തികവര്‍ഷത്തിലെ രണ്ടാംപാദത്തില്‍ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ മൊബൈല്‍, വൈ-ഫൈ ഫോണുകളുടെ വില്‍പ്പനയില്‍ പത്തുശതമാനം മുന്നേറ്റം പ്രകടമാണ്. സ്മാര്‍ട്ട്ഫോണ്‍ വില്പന മാത്രം പതിനാലര ശതമാനമാണ് വര്‍ദ്ധിച്ചത്. 2013 ആകുമ്പോഴേക്കും ഇതിന്റെ വളര്‍ച്ചാനിരക്ക് 21 ശതമാനം ആകുമെന്നും സര്‍വ്വെയില്‍ പറയുന്നു. 2009ല്‍ ഇതുവരെ 110 കോടി മൊബൈല്‍ഫോണുകള്‍ ആഗോളതലത്തില്‍ വിറ്റഴിഞ്ഞു. ഇതില്‍ നോക്കിയയ്ക്കാണ് ഒന്നാംസ്ഥാനം. സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇപ്പോഴും ആപ്പിളിന്റെ ഐഫോണിനു തന്നെയാണ് മുന്‍തൂക്കം. തൊട്ടുപിന്നില്‍ ബ്ളാക്ക്ബെറിയുമുണ്ട്.


ടി.വി. സിജു

Tekmirror,

Kerala Kaumudi Flash



1 comment:

cyberspace history said...

കാര്യമായ ഫീച്ചറുകളൊന്നുമില്ലാത്ത ബേസിക് മൊബൈല്‍ ഹാന്‍ഡ്സെറ്റ് സൌജന്യമായി കൊടുത്താല്‍ പോലും ആരും വാങ്ങാത്ത സ്ഥിതിയും. ഒരു കംപ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ തക്ക സംവിധാനമുള്ള സ്മാര്‍ട്ട്ഫോണുകളാണ് ഇന്ന് വിപണി കയ്യടക്കിക്കൊണ്ടിരിക്കുന്നത്.