Thursday, November 12, 2009

പഠനം ഇനി മൊബൈല്‍വഴിയും

ഇനി വിദ്യാഭ്യാസം മൊബൈല്‍ ഫോണ്‍ വഴിയുമാവാം. ഇന്ത്യയില്‍ മൊബൈല്‍ഫോണ്‍ വഴിയുള്ള അദ്ധ്യയനത്തിന് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) തുടക്കമിട്ടുകഴിഞ്ഞു. മൊബൈല്‍ നിര്‍മ്മാതാക്കളില്‍ പ്രമുഖരായ എറിക്സണുമായി സഹകരിച്ചാണ് ഇഗ്നോ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. ഒക്ടോബര്‍ 29ന് ഇതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ മൂന്നാംതലമുറ (തേര്‍ഡ് ജനറേഷന്‍ - ത്രി ജി) മൊബൈല്‍ഫോണുകള്‍ വഴി ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുകയാണ് ഇപ്പോള്‍ ഇഗ്നോ. ആയിരത്തിലധികം കുട്ടികള്‍ പങ്കെടുക്കുന്ന ഈ കോഴ്സ് ഫലപ്രാപ്തിയിലെത്തുകയാണെങ്കില്‍ മറ്റു കോഴ്സുകള്‍ കൂടി ഈ രീതിയില്‍ കൈകാര്യം ചെയ്യാനാണ് വിദൂര വിദ്യാഭ്യാസ പദ്ധതിയ്ക്ക് ഏറെ ഊന്നല്‍ നല്‍കുന്ന ഇഗ്നോ ആലോചിക്കുന്നത്. പദ്ധതി വിജയപ്രദമാകുന്നതോടെ രാജ്യത്തെ 25 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും. ഈ പദ്ധതിയുടെ ചുവടുപിടിച്ച് കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷണല്‍ ടെക്നോളജിയും മൊബൈല്‍ വഴി വിദ്യാഭ്യാസം പകര്‍ന്നു നല്‍കാനുള്ള പദ്ധതി നടപ്പാക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ആദ്യപടി എന്ന നിലയില്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ മൊബൈല്‍ പങ്കാളികളെ ക്ഷണിച്ചുകൊണ്ടുള്ള ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാനദിവസം നവംബര്‍ 20. മൂന്നാം തലമുറയില്‍പെട്ട മൊബൈല്‍ ഫോണുകളില്‍ പാഠഭാഗങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലുള്ള സംവിധാനമാണ് ഇഗ്നോയ്ക്ക് വേണ്ടി എറിക്സണ്‍ ഒരുക്കുന്നത്. വീഡിയോ, ഓഡിയോ ഫോര്‍മാറ്റിലുള്ള പാഠഭാഗങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി ഡൌണ്‍ലോഡ് ചെയ്ത് കാണാനും കേള്‍ക്കാനും കഴിയുന്നതിനു പുറമെ ഇന്റര്‍നെറ്റ് ബ്രൌസിംഗിലൂടെ ആവശ്യമുള്ള വിവരങ്ങള്‍ തപ്പിയെടുക്കാനും ത്രി ജി മൊബൈല്‍ സംവിധാനം പഠിതാക്കളെ സഹായിക്കും. ആര്‍ക്കും ഏതു സമയത്തും എവിടെയിരുന്നും ഇത്തരം ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഒരിടത്ത് ക്ളാസ്സ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ മറ്റൊരു സ്ഥലത്തിരുന്ന് ഒരാള്‍ ഇതിനെ ആംഗ്യഭാഷയിലേക്ക് മാറ്റിയാല്‍ ശബ്ദ-ശ്രവണ വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഈ പഠനത്തില്‍ പങ്കുചേരാനാവും. പുതിയ സാങ്കേതികവിദ്യയില്‍ ഇതു മൂന്നും ഒരേസമയം തന്നെ നടത്താന്‍ പറ്റുന്നതുമാണ്.

മെച്ചം
പുതിയതരത്തിലുള്ള കോഴ്സിന് സാധാരണ കോഴ്സ് ഫീസിന് പുറമെ ഇഗ്നോ അധികമായി ഈടാക്കുന്നത് 20 മുതല്‍ 25 രൂപവരെയാണ്.
പഠനസാമഗ്രികള്‍ക്ക് സാമ്പത്തികചെലവ് ഏറുമെന്ന പോരായ്മ കൂടുതല്‍ കുട്ടികള്‍ കോഴ്സിന് ചേരുന്നതോടെ കുറയ്ക്കാന്‍ കഴിയും.
പാഠപുസ്തകം വിതരണം ചെയ്യാനുള്ള കാലതാമസം ഇവിടെയുണ്ടാകില്ല. എപ്പോള്‍ വേണമെങ്കിലും അധികൃതര്‍ക്ക് പാഠഭാഗങ്ങള്‍ പുതുക്കുകയുമാവാം. അത് അപ്പോള്‍ തന്നെ പഠിതാവിന്റെ മൊബൈലിലേക്ക് എത്തിക്കാന്‍ എസ്. എം. എസ് അലേര്‍ട്ട് സേവനവുമുണ്ട്.

സാധ്യത

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ടെലിഫോണ്‍ സാന്ദ്രത മൊബൈല്‍ വിദ്യാഭ്യാസത്തിന്റെ സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ മൂന്നിലൊരാള്‍ക്ക് മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ഉണ്ടെന്ന നിലയാണ്. മാത്രമല്ല ബ്രോഡ്ബാന്‍ഡ് സംവിധാനം രാജ്യത്തിന്റെ മുക്കിലും മൂലയിലുംവരെ ലഭ്യമായിട്ടുമുണ്ട്.
ഇപ്പോള്‍ വിപണിയില്‍ എത്തുന്ന ഭൂരിഭാഗം ലാപ്ടോപ്പുകളിലും നെറ്റ്ബുക്കുകളിലും ത്രി ജി സംവിധാനം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അക്കാദമിക് കൌണ്‍സിലര്‍മാര്‍ക്കും കോഴ്സ് കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കും വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കാന്‍ ഇത് അനുഗ്രഹമാവും.
പഠനസാമഗ്രികള്‍ തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും വന്‍ ചെലവുവരുമെന്നിരിക്കെ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ടെക്നോളജിയിലൂടെ ചെലവുകുറഞ്ഞ രീതിയിലും കാര്യക്ഷമമായും വിദ്യാഭ്യാസം താഴെ തട്ടിലേക്കു കൂടി എത്തിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു മേന്മ.

ടി.വി.സിജു

1 comment:

cyberspace history said...

ഇനി വിദ്യാഭ്യാസം മൊബൈല്‍ ഫോണ്‍ വഴിയുമാവാം. ഇന്ത്യയില്‍ മൊബൈല്‍ഫോണ്‍ വഴിയുള്ള അദ്ധ്യയനത്തിന് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) തുടക്കമിട്ടുകഴിഞ്ഞു.