Thursday, May 29, 2008

പ്രാദേശികഭാഷ കംപ്യൂട്ടിംഗ് പുതിയ ഉയരങ്ങളിലേക്ക്

മലയാളം മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒരു കൂട്ടം ആളുകള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം അസ്ഥാനത്തത്താവുമെന്നാണ് പുതിയ വിവരം. പല വമ്പന്‍ കംപ്യൂട്ടര്‍ കമ്പനികളും അവരുടെ ഉല്പന്നങ്ങള്‍ അതത് ലോക്കല്‍ ഭാഷയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇനി ഏറ്റവും അധികം വളര്‍ച്ചയുള്ള ഭാഷ ഹിന്ദിയും ചൈനീസും ആയിരിക്കുമെന്നാണ് നിരീക്ഷണം. അതുപോലെ തന്നെ മലയാളത്തിനും അതിന്റേതായ സാധ്യതയുണ്ട്.

മൈക്രോസോഫ്റ്റ് പോലുള്ള പല സ്ഥാപനങ്ങളും അവരുടെ ഉല്പന്നങ്ങള്‍ മലയാളത്തിലേക്കടക്കം വിവിധ ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലേക്ക് മാറ്റിക്കഴിഞ്ഞു. ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ മലയാളത്തിലേക്കുള്ള മൊഴിമാറ്റവും നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ മിക്കതിന്റെയും ജോലി കൂടുതലും നടക്കുന്നത് ചെന്നൈ കേന്ദ്രമാക്കിയാണ്. അവിടെ മൈക്രോസോഫ്റ്റിനെ കൂടാതെ മറ്റു പല കമ്പനികളും തങ്ങളുടെ ഉല്പന്നങ്ങള്‍ പ്രാദേശിക ഭാഷയിലേക്ക് മാറ്റി കൂടുതല്‍ ഉപഭോക്താക്കളെ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്. ഇവരില്‍ ഗൂഗിള്‍, യാഹൂ, നോക്കിയ, അമേരിക്കന്‍ ഓണ്‍ലൈന്‍, ടാറ്റാ എ.ഐ.ജി. ഇന്‍ഷ്വറന്‍സ്, മോട്ടറോള തുടങ്ങിയ പ്രമുഖരൊക്കെയുണ്ട്.

ഇന്ന് പല വെബ്സൈറ്റുകളും അതിന്റെ മലയാളം പതിപ്പും ഇംഗ്ളീഷിനോടൊപ്പം ഇന്റര്‍നെറ്റില്‍ നിക്ഷേപിച്ചിട്ടുണ്ട്. പ്രാദേശികഭാഷ പതിപ്പിലേക്കുള്ള മൊഴിമാറ്റത്തിനു വേണ്ടി മാത്രം ചെന്നൈയില്‍ ചെറുകിട, വന്‍കിട കമ്പനികളടക്കം നൂറോളമുണ്ട്. ഇവയില്‍ പലതിനും മലയാളത്തില്‍ ശക്തമായ ഭാഷസ്വാധീനമുള്ളവരെ കിട്ടാനുള്ള ബുദ്ധിമുട്ടുണ്ട്. ഒരു വാക്കിന് 75 പൈസ മുതല്‍ രണ്ട് രൂപ വരെയാണ് മൊഴിമാറ്റത്തിന് ലോക്കല്‍ കമ്പനികള്‍ നല്‍കുന്ന തുക. ഒരുദിവസം ശരാശരി 500 മുതല്‍ 3000 വാക്കുകള്‍ വരെ ഇങ്ങനെ മൊഴിമാറ്റിക്കൊടുക്കുന്നവരുണ്ട്. ഐ.ടി. കമ്പനിയില്‍ അല്ല ജോലി ചെയ്യുന്നതെങ്കിലും ഓഫീസ് സമയത്ത് ഇതുപോലുള്ള പരിപാടികളിലൂടെ ആയിരങ്ങള്‍ സമ്പാദിക്കുന്നവര്‍ ഇവിടങ്ങളില്‍ ഉണ്ടെന്നാണ് അനുഭവസ്ഥര്‍ സൂചിപ്പിക്കുന്നത്.

ലോക്കലൈസേഷന്‍ കമ്പനികള്‍ പലതും ജോലിക്കു വേണ്ടി ഓണ്‍ലൈന്‍ ടെസ്റ്റിനുള്ള സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില കമ്പനികള്‍ ഈ പരീക്ഷയ്ക്ക് ഡോളര്‍ നിരക്കിലാണ് ചാര്‍ജ് ഈടാക്കുന്നത്. മറ്റു ചിലത് സൌജന്യമായും. അമേരിക്ക ഓണ്‍ലൈന്‍ പോലുള്ള കമ്പനികള്‍ മലയാളത്തിലേക്ക് കാലെത്തുടുവയ്ക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. അതോടെ ഇവിടെ വമ്പന്‍ മാറ്റത്തിന് അരങ്ങൊരുങ്ങും. ഇതിനുള്ള ഓഫീസ് നടപടികള്‍ ആരംഭിച്ചതായാണ് അറിയുന്നത്.

പ്രാദേശിക ഭാഷാ കംപ്യൂട്ടിംഗ് വിപുലപ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയില്‍ ഏകദേശം അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് ദേശീയ വിജ്ഞാന കമ്മിഷന്‍ അദ്ധ്യക്ഷന്‍ സാം പിട്രോഡയുടെ അഭിപ്രായം.

ഇംഗ്ളീഷ് ഭാഷ കൈകാര്യം ചെയ്യുന്നവര്‍ക്ക് അക്ഷയഖനിയായിരുന്നു ഇതുവരെ ഐ.ടി.രംഗത്തെ തൊഴില്‍രംഗം. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പല അന്താരാഷ്ട്ര കമ്പനികളും തങ്ങളുടെ ഉല്പന്നങ്ങളും മറ്റും പ്രാദേശിക ഭാഷയിലേക്ക് മാറ്റിത്തുടങ്ങിയതോടെ മലയാളമടക്കം പല പ്രാദേശിക ഭാഷകളും വളര്‍ച്ചയുടെ പാതയിലാണ്. ഇന്ന് പ്രാദേശിക ഭാഷയിലെ മികവിന്റെ അടിസ്ഥാനത്തില്‍ പല കമ്പനികളും ഉദ്യോഗാര്‍ത്ഥികളെ നിയമിച്ചുതുടങ്ങിയിട്ടുണ്ട്.

നിലവിലുള്ള ഇംഗ്ളീഷ് പ്രയോഗങ്ങളും മറ്റും പ്രാദേശിക ഭാഷയിലേക്ക് മാറ്റുക എന്നതു മാത്രമല്ല ലോക്കലൈസേഷന്‍ എന്ന പ്രാദേശികവല്‍ക്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രാദേശിക ഭാഷകളില്‍ കൂടുതല്‍ പ്രയോഗങ്ങളും പ്രോഗ്രാമുകളും ഡിസൈന്‍ ചെയ്ത് വികസിപ്പിച്ചെടുക്കുക, അതിന്റെ ടെസ്റ്റിംഗ്, അവയ്ക്കു വേണ്ട ഉപഭോക്തൃ സഹായികള്‍ തയ്യാറാക്കല്‍, ഫോണ്ട് തയ്യാറാക്കല്‍ തുടങ്ങി ഒട്ടേറെ അവസരങ്ങളാണ് ഭാഷാസ്നേഹികളായ സാങ്കേതിക വിദഗദ്ധര്‍ക്ക് മുന്നിലുള്ളത്.

ഭാഷ അസ്സലായി കൈകാര്യം ചെയ്യുന്നവര്‍ക്ക് തിളങ്ങാന്‍ പറ്റിയ ഒരു മേഖലയാണിത്. പ്രാദേശിക ഭാഷയില്‍ സ്പെല്‍ ചെക്കര്‍ (ലിപി പരിശോധനോപാധി) ഉണ്ടാക്കുക, വ്യാകരണ പരിശോധനോപാധി (ഗ്രാമര്‍ ചെക്കര്‍) ഉണ്ടാക്കുക എന്നിവ തൊട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഷാന്തരീകരണം വരെ ലോക്കലൈസേഷന്റെ പരിധിയില്‍ വരും. ലിപ്യന്തരണം (ട്രാന്‍സ്ലിറ്ററേഷന്‍) അടിസ്ഥാനമാക്കി ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയറുകള്‍ ഉണ്ടാക്കുന്നതും ഇതിന്റെ പരിധിയില്‍പെടുന്നതാണ്.

ഇതിന്റെ വെളിച്ചത്തില്‍ പല യൂണിവേഴ്സിറ്റികളും തങ്ങളുടെ കരിക്കുലത്തില്‍ ഭാഷാ കംപ്യൂട്ടിംഗ് എന്ന വിഷയം എടുത്തുപയോഗിച്ചുകഴിഞ്ഞു. ദ്രാവിഡ ഭാഷകള്‍ക്കും ദ്രാവിഡ സംസ്കാരത്തിനും മാത്രം ഊന്നല്‍നല്‍കി കോഴ്സുകള്‍ നടത്തുന്ന ദ്രാവിഡിയ യൂണിവേഴ്സിറ്റി കംപ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്സ് എന്ന പ്രത്യേക വകുപ്പുതന്നെ രൂപീകരിച്ചുകഴിഞ്ഞു. ഇന്ത്യന്‍ ഭാഷകളുടെ വികസത്തിനായി നിലകൊള്ളുന്ന മൈസൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ്സും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഭാഷാപരമായ കാര്യങ്ങളില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളെ ഉപദേശിക്കാനും സഹായിക്കുമാനുള്ള ബാധ്യത മൈസൂരിലെ ഈ സ്ഥാപനത്തിനുണ്ട്.

ഭാഷാ കംപ്യൂട്ടിംഗ് സാങ്കേതികവിദ്യ എന്നത് ചിലരെങ്കിലും കേള്‍ക്കുന്നത് ഇത് നടാടെയായിരിക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് രണ്ട് സ്ഥാപനങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
1. www.dravidiauniversity.ac.in
2. www.ciil.org

മാതൃഭാഷയിലൂടെയുള്ള കംപ്യൂട്ടര്‍ ഉപയോഗത്തിലൂടെ മാത്രമേ കംപ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ ജനസമൂഹത്തിലേക്ക് എത്തുകയുള്ളൂ. ഭാഷാ കംപ്യൂട്ടിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വാര്‍ത്താ വിനിമയ - വിവര സാങ്കേതിക മന്ത്രാലയം വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമായി വിവിധ പ്രാദേശിക ഭാഷകള്‍ക്ക് വേണ്ടി അനുയോജ്യമായ സോഫ്റ്റ്വെയര്‍ ഉപകരണങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ ടൂളുകള്‍ സൌജന്യമായി സി.ഡി യാക്കി വിതരണം ചെയ്തുവരുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.ildc.gov.in
www.ildc.in


ടി.വി. സിജു,
(മലയാള മനോരമ,
കരിയര്‍ ഗുരു- 2008)

2 comments:

cyberspace history said...

പ്രാദേശിക ഭാഷാ കംപ്യൂട്ടിംഗ് വിപുലപ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയില്‍ ഏകദേശം അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് ദേശീയ വിജ്ഞാന കമ്മിഷന്‍ അദ്ധ്യക്ഷന്‍ സാം പിട്രോഡയുടെ അഭിപ്രായം

Anonymous said...

ഒരു വാക്കിന് 75 പൈസ മുതല്‍ രണ്ട് രൂപ വരെയാണ് മൊഴിമാറ്റത്തിന് ലോക്കല്‍ കമ്പനികള്‍ നല്‍കുന്ന തുക. ഒരുദിവസം ശരാശരി 500 മുതല്‍ 3000 വാക്കുകള്‍ വരെ ഇങ്ങനെ മൊഴിമാറ്റിക്കൊടുക്കുന്നവരുണ്ട്.

അഞ്ചു പൈസ വാങ്ങിയ്ക്കാതെ സ്വന്തം ഭാഷയോടുള്ള സ്നേഹം കൊണ്ടും ഒരുമിച്ചു് ചെയ്യുന്നതിലുള്ള സന്തോഷം കൊണ്ടും മാത്രം ഉണ്ടാക്കിയെടുത്തതിന്റെ ഫലമാണു് ഈ തിരചിത്രം

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമായുള്ള ഇന്ത്യന്‍ ഭാഷ കമ്പ്യൂട്ടിങ്ങ് വളരെ മുന്നോട്ടു പോയിക്കൊണ്ടിരിയ്ക്കുന്ന കാലഘട്ടമാണിതു് എല്ലാ ഇന്ത്യന്‍ ഭാഷകളുടേയും കമ്പ്യൂട്ടിങ്ങിനായി നിലകൊള്ളുന്ന ഇന്‍ഡ്ലിനക്സ് , കന്നഡയ്ക്കുവേണ്ടി പ്രവര്‍ത്തിയ്ക്കുന്ന , മലയാള ഭാഷയ്ക്കായി പ്രവര്‍ത്തിയ്ക്കുന്ന സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് തുടങ്ങി അതാതു് ഭാഷകള്‍ക്കായി ഒട്ടേറെ കൂട്ടായ്മകളുണ്ടു് .... സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ ഉള്ള പല GUI കളില്‍ ഒന്നായ ഗ്നോം ഏതാണ്ടു് പൂര്‍ണ്ണമായ രീതിയില്‍ മലയാളത്തിലായി കഴിഞ്ഞു. മുന്‍പെ പറഞ്ഞ തിരചിത്രം ഈ സംരംഭത്തിന്റെ ഫലമായാണു് ഉണ്ടായതു്.

ബ്ലോഗില്‍ സൂചിപ്പിച്ചതുപോലെ. പ്രാദേശികവത്കരണത്തില്‍ ഉപരിയായി ഒരുപാടു് സാധ്യതകളുണ്ടു് ഭാഷ കമ്പ്യൂട്ടിങ്ങിനു്.. ഗ്നു ആസ്പെല്‍ അടിസ്ഥാനമാക്കിയുള്ള മലയാളം ലിപിവിന്യാസ പരിശോധകനില്‍(spell checker) ഹിന്ദിയില്‍ 25000-ഓളം വാക്കുകളും, മലയാളത്തില്‍ ഒന്നേകാല്‍ ലക്ഷത്തോളം വാക്കുകളുമുണ്ടു്.
ഇതുപോലുള്ളവ സ്വന്തം താത്പര്യത്തിന്റെ പുറത്തു് കൂട്ടായ്മയുടെ ഫലമായിട്ടുണ്ടായവയാണെങ്കില്‍, സരായി പോലുള്ള ഗവേഷണ സ്ഥാപനങ്ങളുടെ ഫണ്ടിന്റെ അടിസ്ഥാനത്തിലും പ്രോജക്റ്റുകള്‍ ചെയ്തുവരുന്നു.. വിദ്യാര്‍ത്ഥികള്‍ക്കു് പ്രോജക്റ്റ് ചെയ്യുന്നതിനു് പ്രതിഫലം തരുന്ന ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പോലുള്ള പദ്ധതികള്‍ നമ്മുക്കു് നമ്മുടെ ഭാഷാ സാങ്കേതിക വിദ്യ പുരോഗമിയ്ക്കുന്നതിനായി ഉപയോഗിയ്ക്കാവുന്നതാണു്.


(വാല്‍കഷ്ണം :കേരള സര്‍ക്കാരും സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ സ്വീകരിച്ചു കഴിഞ്ഞു ഇനിയും എന്തിനാണു് മൈക്രോസോഫ്റ്റാദികളുടെ പിന്നാലെ പോകുന്നതു്?നമുക്കു തന്നെ നമുക്കാവശ്യമുള്ളതു് ഉണ്ടാക്കാലോ.അതിനു് അവര്‍ക്കു് വാക്കു് മാത്രം പറഞ്ഞു കൊടുത്തു് അവരെ കൊണ്ടു ചെയ്യിയ്ക്കണോ?;-) )