ഇനി ആര്‍ക്കും എഴുതാം, തിരുത്താം
ml.web4all.in
കണ്ണൂര്‍: ഇതുവരെ പുസ്തക രൂപത്തില്‍ മാത്രം പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന സര്‍വവിജ്ഞാനകോശം ഇനി ഓണ്‍ലൈനിലേക്കും. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് പുതുക്കുന്ന പതിപ്പുകള്‍ ഓണ്‍ലൈനില്‍ നല്കാന് പാകത്തില്‍ തയ്യാറാക്കുകയാണ്. ഓണ്‍ലൈന്‍ വിജ്ഞാനകോശത്തിന്റെ ഉദ്ഘാടനം മേയ് മാസം നടക്കും.
വിജ്ഞാനകോശത്തിന്റെ പഴയ പതിപ്പുകള്‍ ഇപ്പോള്‍ പുതുക്കിക്കൊണ്ടിരിക്കുകയാണ്. ഇവ ഓരോന്നും പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഓണ്‍ലൈനില്‍ ലഭ്യമാക്കാനാണ് പദ്ധതി. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഒന്നാം വാള്യത്തിന്റെ ജോലി പൂര്‍ത്തിയായിക്കഴിഞ്ഞു. ബാക്കി വാള്യങ്ങളുടെ ജോലി പുരോഗമിക്കുകയാണ്. ഇതുവരെ 13 വാള്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 20 വാള്യങ്ങള്‍ പുറത്തിറക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം.
പതിന്നാലാമത്തെ വാള്യത്തിന്റെ കൂടി പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ശേഷമുള്ള വാള്യങ്ങളില്‍ പ്രസിദ്ധീകരിക്കേണ്ട വിഷയങ്ങള്‍ അക്ഷരമാലാക്രമത്തില്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കും. നിശ്ചിതസമയപരിധിയില്‍ ആര്‍ക്കും എഴുതാനും തിരുത്തല്വരുത്താനുമുള്ള സൌകര്യങ്ങള്‍ ഓണ്‍ലൈനില്‍ ഒരുക്കും. വളണ്ടിയര്‍മാര്‍ സംഭാവന ചെയ്യുന്ന ഈ ലേഖനങ്ങളും ഫോട്ടോകളും പിന്നീട് എഡിറ്റിംഗിലൂടെ ശരിയാക്കും. സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലായിരിക്കും എഡിറ്റിംഗ് ജോലി നടക്കുക. തുടര്‍ന്ന് അത് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതോടൊപ്പം ഓണ്‍ലൈന്‍ പതിപ്പും തയ്യാറാക്കും.
ഒന്നാം വാള്യത്തിലെ 1200 ഓളം ലേഖനങ്ങളാണ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായിരിക്കുന്നത്. സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ പദ്ധതിയുമായി കുടുംബശ്രീയും സഹകരിക്കുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ ബാക്കിയുള്ള പുസ്തകങ്ങള്‍ ഇന്റര്‍നെറ്റിലേക്ക് മാറ്റാനാവുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍. ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമായിട്ടുള്ള സ്വതന്ത്രവിജ്ഞാനകോശമായ മലയാളം 'വിക്കിപീഡിയ'യുടെ അടിസ്ഥാന മാതൃകയിലാണ് ഇതും നിര്‍മ്മിക്കുന്നത്.
വിജ്ഞാനവും വിവരങ്ങളും ഓണ്‍ലൈനില്‍ മലയാളത്തില്‍ എഴുതി സൂക്ഷിക്കാനുള്ള ബൃഹദ്സംരംഭത്തിന്റെ ഭാഗമായി നടക്കുന്ന ഈ പദ്ധതി ഭാഷാസ്നേഹികള്‍ക്ക് മാത്രമല്ല മലയാളികള്‍ക്ക് മൊത്തം മുതല്‍ക്കൂട്ടായിരിക്കും.
മുഴുനീളം വര്‍ണ്ണചിത്രങ്ങള്‍ ചേര്‍ത്തുകൊണ്ട് പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് അനുഭവപ്പെട്ടിരുന്ന പ്രയാസം ഓണ്‍ലൈനില്‍ ഡാറ്റാബേസ് തയ്യാറാക്കുമ്പോള്‍ ഉണ്ടാവില്ല. മാത്രമല്ല, വെബില്‍ ലേഖനങ്ങളോടൊപ്പം ഫോട്ടോ ഗ്യാലറി തന്നെ കൂട്ടിച്ചേര്‍ക്കാമെന്ന ഗുണവും കൂടിയുണ്ട്. കൂടുതല്‍ വര്‍ണ്ണചിത്രങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുത്തുന്നത് പുതിയ പാഠ്യപദ്ധതി പ്രകാരം പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രമല്ല, ഇതിലെ അറിവുകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അനുഗ്രഹമാവുകയും ചെയ്യും.
വെബിലേക്കുള്ള വിവരങ്ങള്‍ മലയാളം യൂണികോഡിലാണ് തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ ഇതിലെ വിവരങ്ങള്‍ വായിക്കാന്‍ ഫോണ്ടുകളൊന്നും പുതുതായി കംപ്യൂട്ടറില്‍ ചേര്‍ക്കേണ്ട. ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എന്‍ജിനുകള്‍ യൂണികോഡ് സെര്‍ച്ചിംഗ് പിന്തുണയ്ക്കുന്നതിനാല്‍ മലയാള വാക്കുകള്‍ ഉപയോഗിച്ചു തന്നെ വെബ്സൈറ്റില്‍ തിരയാം. സര്‍വ വിജ്ഞാനകോശം ഓണ്ലൈനാവുന്നതോടെ മലയാള ഭാഷയുടെ സ്വാധീനം ഇന്റര്‍നെറ്റില്‍ കൂടും.
ടി.വി.സിജു (കേരളകൗമുദി, ഏപ്രില്‍ 27)
4 comments:
ഇതുവരെ പുസ്തക രൂപത്തില്‍ മാത്രം പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന സര്‍വവിജ്ഞാനകോശം ഇനി ഓണ്‍ലൈനിലേക്കും. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് പുതുക്കുന്ന പതിപ്പുകള്‍ ഓണ്‍ലൈനില്‍ നല്കാന് പാകത്തില്‍ തയ്യാറാക്കുകയാണ്. ഓണ്‍ലൈന്‍ വിജ്ഞാനകോശത്തിന്റെ ഉദ്ഘാടനം മേയ് മാസം നടക്കും.
എന്തുകൊണ്ട് ഇത് ml.wikipedia.org-ഉം ആയി മെര്‍ജ് ചെയ്യുന്നില്ല. എഫര്‍ട്ട് ഇങ്ങനെ വിഘടിച്ചുപോകുന്നത് നല്ലതല്ലല്ലോ. രണ്ടിന്റേയും ലൈസന്‍സ് GNU FDL ആയതിനാല്‍ മെര്‍ജിംഗ് ഒരു പ്രശ്നമാവേണ്ടതുമില്ല.
ഇതിലെ ചില ഉദ്ദ്യേശ ലക്ഷ്യങ്ങള്‍ അടിസ്ഥാനമാക്കി തന്നെയാണ് മലയാളം വിക്കിപീഡിയയും പ്രവര്‍ത്തിക്കുന്നത്. എങ്കിലും വിക്കിപീഡിയ ഏതെങ്കിലും ഒരു സര്‍വ്വവിജ്ഞാനകോശത്തെ അടിസ്ഥാനമാക്കിയല്ല എന്നു മാത്രം. വിക്കിപീഡിയയും സര്‍വ്വവിജ്ഞാനകോശവും GNU FDL ലൈസന്‍സ് കീഴില്‍ പ്രസിദ്ധീകരിക്കുന്നതിനാല്‍ ഉള്ളടക്കം കോപ്പി ചെയ്യപ്പെടാനും സാദ്ധ്യതയുണ്ട്. ഈ ഒരു സംരഭത്തിന്റെ ഉദ്ദ്യേശ ലക്ഷ്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും മലയാളം വിക്കിപീഡിയ ഇന്ത്യന്‍ വിക്കിപീഡിയകളില്‍ തന്നെ ഏറ്റവും സജീവമായ ഒരു വിക്കിപീഡിയയായി നിലകൊള്ളുന്ന ഈ അവസരത്തില്‍.
excellent article. Its upto the govt to take decision on 'how to make an alliance/ merge with ml.wikipedia.org' . any way if they are taking such a step, it would be an asset and a model for other indian states.
congrats for posting this :-)
Post a Comment