ലോകപുസ്തക ദിനം ഏപ്രില്‍ 23ന്
മാറുന്ന പുസ്തക ലോകം
കൂമന്‍കാവില്‍ ബസ്സു ചെന്നു നിന്നപ്പോള്‍ ആ സ്ഥലം രവിയ്ക്ക് അപരിചിതമായി തോന്നിയില്ല. അങ്ങിനെ പടര്‍ന്നുപന്തലിച്ച മാവുകള്‍ക്കിടയില്‍ നാലഞ്ച് ഏറുമാടങ്ങളുടെ നടുവില്‍ താന്‍ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം. വരുംവരായ്കകളുടെ ഓര്‍മ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടുകണ്ടു ഹൃദിസ്ഥമായിത്തീര്‍ന്നതാണ്. കനിവു നിറഞ്ഞ വാര്‍ദ്ധക്യം, കുഷ്ഠം പറ്റിയ വേരുകള്‍ എല്ലാമതുതന്നെ.
ആളുകള്‍ ബസ്സിറങ്ങി പിരിഞ്ഞുപോകാന്‍ തുടങ്ങി. അവിടം ബസ്സുറൂട്ടിന്റെ അവസാനമാണ്. ഒരു ദശാസന്ധിപോലെ ആ ചെറിയ പീടികകളുടെ നടുവില്‍ വെട്ടുവഴി അവസാനിച്ചു. അതും താണ്ടിയുള്ള യാത്രയില്‍ ഇത്തിരി വിശ്രമം ലാഭിച്ചെടുക്കാനെന്നോണം അയാള്‍ ബസ്സിനകത്ത് ചാരിയിരുന്നു.
ഒ.വി. വിജയന്റെ പ്രശസ്ത നോവലായ 'ഖസാക്കിന്റെ ഇതിഹാസം' തുടങ്ങുന്നത് ഇങ്ങനെയാണ്.
ഈ നോവലില്‍ രവിയുടെ പേരിന്റെ സ്ഥാനത്ത് നിങ്ങളുടെ പേരും നോവലിലെ മറ്റു കഥാപാത്രങ്ങളുടെ പേരുകള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടേതുമാക്കി മാറ്റി വായിച്ചുനോക്കിയാലോ. അത്തരമൊരു പുത്തന്‍ അനുഭവ ത്തിനായി കാത്തിരിക്കുക.
വായന (കേള്‍വി)യുടെ പുതുരീതി
പുസ്തക വായന തുടങ്ങും മുമ്പ് നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ഇനി നല്‍കേണ്ടി വരും! അതുകഴിഞ്ഞേ വായിക്കാനാവൂ. പിന്നെ നിങ്ങളുടെ ഇഷ്ടം പോലെ കഥയോ നോവലോ വായിച്ചോളൂ (ക്ഷമിക്കണം പുസ്തകം വായിക്കുകയല്ല, വായിക്കുന്നത് കേട്ടോളൂ). ഇതിലെല്ലാം നായിക അല്ലെങ്കില്‍ നായകന്‍ നിങ്ങളായിരിക്കാം. നിങ്ങളുടെ വീട് തന്നെയാവാം ഒരു പക്ഷേ, കഥയുടെ പശ്ചാത്തലം. നായകനും നായികയും കഥാപശ്ചാത്തലവും മറ്റ് നിശ്ചയിക്കപ്പെടുന്നത് നിങ്ങള്‍ ആദ്യം നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. ഇപ്പോള്‍ മനസ്സിലായോ പുസ്തകം വായിക്കുന്നതിന് മുമ്പ് അല്ല, കേള്‍ക്കുന്നതിന് മുമ്പ് എന്തിനാണ് വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ടതെന്ന്.
വായനയുടെ സമുദ്രത്തില്‍ നിങ്ങളെ മുക്കിയെടുക്കാനുള്ള സാധ്യതയാണ് സാങ്കേതികലോകം വരുതിയില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. വായനക്കാരനും പുസ്തകവും തമ്മിലുള്ള മികച്ച സംവേദനത്തിലൂടെ വായനയുടെ പുതുലോകത്തിലൂടെയാണ് ഈ യാത്ര ആരംഭി ക്കുന്നത്. ഈ യാത്ര ഇപ്പോള്‍ എത്തിനില്‍ക്കുന്നതോ സെല്‍ഫോണിലും, മൊബൈല്‍ നോവല്‍ എന്ന പുതുസങ്കല്പത്തിലൂടെ.
എഴുത്തില്ലാത്ത ബുക്കും
ബുക്കില്ലാത്ത ലൈബ്രറിയും
ഒന്നും എഴുതാത്ത ഒരു ബുക്ക്. മുഴുവന്‍ താളുകളും പ്ളാസ്റ്റിക് നിര്‍മ്മിതം. ഈ ബുക്ക് കംപ്യൂട്ടറുമായോ, ടെലിഫോണ്‍ ലൈനുമായോ ബന്ധിപ്പിക്കുക. അപ്പോഴേക്കും എഴുത്തില്ലാത്ത പുസ്തകം നിറയെ കുനുകുനായുള്ള അക്ഷരങ്ങള്‍ നിറയുന്നു. ഇത് ഒരു കഥയോ നോവലോ കവിതയോ ലേഖനമോ ഒക്കെ ആവാം. ഇനി നേരെ വായനാലോകത്തേക്ക്. അത് വായിച്ചു തീര്‍ന്നാല്‍ വീണ്ടും കണക്ട് ചെയ്ത് മറ്റൊന്ന്. അങ്ങനെ ഒരായിരം തവണ. ഇത് വായനയുടെ ലോകത്തെ പുതിയ വിപ്ളവം.
സാങ്കേതികരംഗത്തുണ്ടായ വളര്‍ച്ച നമ്മുടെ ഗ്രന്ഥശാലാ സങ്കല്‍പ്പങ്ങളെ അടിമുടി മാറ്റിയിരിക്കുന്നു. ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വലിയ ലൈബ്രറിയിലെ വിവരങ്ങള്‍ മൊത്തം ശേഖരിക്കാന്‍ വെറും ഒരു ഡി.വി.ഡി. തന്നെ ധാരാളം! - പുതുസാങ്കേതിക വിദ്യ നല്‍കുന്ന സൂചന ഇതാണ്. 3 ഡി ഡിജിറ്റല്‍ സ്റ്റോറേജ് സംവിധാനം എന്നറിയപ്പെടുന്ന ഈ പുതിയ ടെക്നോളജിക്ക് കരുത്തുപകരുന്നത് സെന്‍ട്രല്‍ ഫ്ളോറിഡ യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘമാണ്.
എല്ളാം "ഇ' (ഇലക്ട്രോണിക്)യില്‍ തുടങ്ങുന്ന ഈ നൂറ്റാണ്ടില്‍ ഇ-ബുക്കുകളും എത്തിക്കഴിഞ്ഞു. പുസ്തകങ്ങളുടെ ഡിജിറ്റല്‍ രൂപങ്ങളാണ് ഇ-ബുക്കുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇ-ബുക്ക് റീഡറുകളോ കംപ്യൂട്ടറോ ഉപയോഗിച്ച് ഇത്തരം ഡിജിറ്റല്‍ ബുക്കുകള്‍ വായിക്കാനാവും. നാവില്‍ വിരലുകള്‍ തൊട്ട് പേജ് മറിക്കേണ്ടതില്ളെന്ന് മാത്രമല്ള വായിച്ചു നിര്‍ത്തിയിടത്ത് അടയാളവും വെക്കേണ്ട. അരക്കിലോയില്‍ താഴെ ഭാരമുള്ളതും കയ്യില്‍ കൊണ്ടു നടക്കാന്‍ പറ്റുന്നതും, ഇലക്ട്രോണിക് ഫോര്‍മാറ്റില്‍ ഇറങ്ങുന്നതുമായ പുസ്തകങ്ങള്‍ വായിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണമാണ് ഇ-ബുക്ക് റീഡര്‍ എന്ന പേരിലറിയപ്പെടുന്നത്ബുക്ക് റീഡറില്‍ പുസ്തകങ്ങള്‍ വായിക്കാനായി പ്രത്യേക സോഫ്റ്റ്വെയ റുകളും വേണം.
ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇവയില്‍ അക്ഷരങ്ങളും ചിത്രങ്ങളും ഇഷ്ടമുള്ള അളവില്‍ ഇഷ്ടമുള്ള നിറങ്ങളില്‍ സ്ക്രീനില്‍ കാണാനാവും. ഇതില്‍ പേജുകള്‍ മുന്നോട്ടും പിന്നോട്ടും മറിക്കുന്നതിന് ബട്ടണുകള്‍ അമര്‍ത്തിയാല്‍ മാത്രം മതി. പേജ് ഏതായാലും വാക്കുകള്‍ സെക്കന്‍റുകള്‍ക്കുള്ളില്‍ തിരഞ്ഞ് കണ്ടുപിടിക്കാം. വായനയ്ക്കിടയില്‍ ചിലര്‍ മാര്‍ജിനില്‍ കുറിപ്പെഴുതുകയും പ്രധാനപ്പെട്ട വരികള്‍ അടിവരയിട്ട് വയ്ക്കുന്നതും ശ്രദ്ധിച്ചിട്ടില്ലേ. ഈ ഉപകരണം ഉപയോഗിച്ച് ഇതും നിഷ്പ്രയാസം സാധിക്കും. മാത്രമല്ള വാക്കുകളുടെ അര്‍ത്ഥമറിയാന്‍ ഡിക്ഷണറിയൊന്നും അന്വേഷിച്ച് പോകേണ്ടതുമില്ള. റീഡറില്‍ ഡിക്ഷണറിയുമുണ്ട്.
സെല്‍ഫോണ്‍ മാജിക്
സെല്‍ഫോണ്‍ എന്ന മൊബൈല്‍ ഫോണിനെ പിരിഞ്ഞിരിക്കാന്‍ ആവില്ലെന്ന സ്ഥിതിവിശേഷമാണ് യുവ തലമുറയ്ക്ക്. ഭക്ഷണം കിട്ടിയില്ലെങ്കിലും ജീവിക്കും. പക്ഷേ, സെല്‍ഫോണ്‍ കയ്യിലില്ലെങ്കില്‍ കഷ്ടം തന്നെ, പുതിയ തലമുറയുടെ നെഞ്ചിടിപ്പാണിത്. ഈയൊരു വൈകാരിക അടുപ്പം മുതലെടുക്കാന്‍ സെല്‍ഫോണ്‍ കമ്പനികള്‍ അരയുംതലയും മുറുക്കി രംഗത്തുണ്ട്.
സാഹിത്യവും സാങ്കേതികവിദ്യയും ഒത്തൊരുമിക്കുന്ന ഈ നൂറ്റാണ്ടില്‍ ഇനി മുതല്‍ നോവലുകള്‍ സെല്‍ഫോണുകളിലൂടെ പറന്നെത്തും. 2004ല്‍ ഡീപ് ലൌ എന്ന പേരില്‍ ആദ്യമായി ജപ്പാനില്‍ ഇറങ്ങിയ മൊബൈല്‍ നോവല്‍ പിന്നീട് കൊറിയ, ചൈന, സ്വിറ്റ്സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ അതിന്റെ വിപണി സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചു.
സെല്‍ഫോണ്‍ നോവല്‍, മൊബൈല്‍ ഫിക്ഷന്‍ എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ഇതിന് പിന്നീട് ഇന്ത്യയില്‍ വേരുകളുണ്ടായി. ജപ്പാനീസ് ഭാഷയില്‍ തയ്യാറാക്കിയ മാജിക് ലാന്‍ഡ്, കൊയ്സോറ എന്നീ മൊബൈല്‍ ഫോണ്‍ നോവലുകള്‍ ഈ രംഗത്തുള്ള പുത്തന്‍ സംരംഭമാണ്. ഇന്ത്യയില്‍ പെന്‍ഗ്വിന്‍ ബുക്സും മൊബൈല്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന കമ്പനിയായ മൊബൈല്‍ഫ്യൂഷനുമായി ചേര്‍ന്ന് മൂന്ന് മൊബൈല്‍ നോവലുകള്‍ ഉപഭോക്താക്കള്‍ക്കായി തയ്യാറാവുന്നുണ്ട്. ജയാ ചാലിഹയും എഡ്വാര്‍ഡ് ലി ജോയിയും ചേര്‍ന്ന് തയ്യാറാക്കിയ 'ദി ജോയ് ഓഫ് ലിവിംഗ്: എ ഗൈഡ് ഫോര്‍ ഡെയ്ലി ലിവിംഗ് വിത്ത് മദര്‍ തെരേസാ', ദലൈലാമയുടെ 'ദി പാത്ത് ടു ട്രാങ്ക്വിലിറ്റി', രേണുകാ നാരായണന്റെ 'ദി ബുക്ക് ഓഫ് പ്രയര്‍' എന്ന പുസ്തകങ്ങള്‍ ഇന്ത്യയില്‍ തന്നെ ആദ്യം പബ്ളിഷ് ചെയ്യാനാണ് കമ്പനിയുടെ നോട്ടം. എവിടെയും മുമ്പിലെത്താനുള്ള ത്വരയുള്ള മലയാളി ഇവിടെയും മുന്‍പന്തിയിലുണ്ട്.
പ്രാദേശിക ഭാഷയില്‍ ഇന്ത്യയിലിറങ്ങിയ ആദ്യത്തെ മൊബൈല്‍ നോവല്‍ എന്ന ബഹുമതി പി. ആര്‍. ഹരികുമാറിനാണ്. 'നീലക്കണ്ണുകള്‍' എന്ന മലയാളം നോവലാണ് വായനക്കാരെ തേടി മൊബൈല്‍ ഫോണിലൂടെ യാത്ര തുടങ്ങിയത്. ആറ് ചാപ്റ്ററുകളുള്ള 70 കിലോബൈറ്റ് വരുന്ന ഈ നോവല്‍ ജാവാ അധിഷ്ഠിത പ്ളാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കും.
ഇന്ത്യയില്‍ മികച്ച വളര്‍ച്ചാ നിരക്കാണ് മൊബൈല്‍ ഫോണ്‍ കമ്പനികള്‍ നേടിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ മൂന്നില്‍ ഒരാള്‍ക്ക് സെല്‍ഫോണ്‍ ഉണ്ടെന്നാണ് കണക്കുകള്‍. അത് ഇനിയും വര്‍ദ്ധിക്കുകയാണ്. സെല്‍ഫോണുകള്‍ ഇടയ്ക്കിടെ പരതുകയും പരിശോധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന രോഗം - റിംഗ്സെറ്റിയ, ആളുകള്‍ക്ക് ബാധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സെല്‍ഫോണിലെത്തുന്ന നോവല്‍ സംരംഭങ്ങള്‍ വന്‍ വിജയമായിത്തീരുമെന്നാണ് പ്രസാധകരുടെ വിശ്വാസം.
നോവലിലെഴുത്തിലെ നഗ്നത
കാരള്‍ മസ്കറോണ്‍ എന്ന അമേരിക്കന്‍ നോവലിസ്റ്റ് നോവലെഴുതി 'പ്രശസ്തി' പിടിച്ചുപറ്റി. പ്രശസ്തി നഗ്നതാ പ്രദര്‍ശനത്തിലൂടെയാണെന്ന് മാത്രം. നഗ്നയായി ഓണ്‍ലൈനില്‍ നോവലെഴുതുകയായിരുന്നു ഇവര്‍. 'മൈ മിഡില്‍ ക്ളാസ് ഗേള്‍' എന്നാണ് വിവാദ നോവലിന്‍െറ പേര്.
നോവലുകള്‍ നിശ്ചിത സമയങ്ങള്‍ക്കകം വായിച്ചില്ളെങ്കില്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ പിന്നെ വായിക്കാനാകാതെ വന്നേക്കാം. സമയാധിഷ്ഠിത വായന നടത്തുന്നതിനായി ഇന്‍റര്‍നെറ്റിലൂടെയും ഡിസ്പോസിബിള്‍ ഡി.വി.ഡി.യിലൂടെയും പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ ഇന്ന് മാര്‍ക്കറ്റിലുണ്ട്. അഗഥ ക്രിസ്റ്റിയുടെ നോവലും ഇങ്ങനെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരുഡോളര്‍ നല്‍കിയാല്‍ കമ്പനി ഇവരുടെ നോവലിന്‍െറ ഇലക്ട്രോണിക് കോപ്പി നിങ്ങളുടെ കംപ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കും. പക്ഷേ ഇത് 10 മണിക്കൂറിനകം നിങ്ങള്‍ വായിച്ചു തീര്‍ക്കണം. അല്ളെങ്കില്‍ പിന്നെ അത് തുറക്കാന്‍ തന്നെ സാധിക്കില്ള. ഇതേ നോവലിന്‍െറ എത്ര തവണയും വായിക്കാവുന്ന കോപ്പിയും ജാലികയില്‍ ലഭിക്കും. പക്ഷേ അതിന് വിലകൂടുമെന്ന് മാത്രം. മരുന്നുകളുടെ എക്സ്പെയറി ഡേറ്റ് കഴിയുന്നത് പോലെ പുസ്തകങ്ങള്‍ക്കും എക്സ്പെയറി ഡേറ്റ് സംവിധാനം വന്നുവെന്ന് സാരം!
മാറുന്ന പേപ്പര്‍ സങ്കല്പം
ലോകത്തെ കടലാസില്ലാതെയുള്ള ആദ്യ ഇലക്ട്രാേേണിക് ദിനപത്രം - 'ദെ തിജ്ത്', ബല്‍ജിയത്തില്‍ പുറത്തുവന്നുകഴിഞ്ഞു. ഇ- പത്രമെന്നാല്‍ ദിനപത്രത്താളിന്റെ കനവും വലിപ്പവുമുള്ള, കൊണ്ടുനടക്കാവുന്ന ഇലക്ട്രോണിക് ഉപകരണം. ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്നതോടെ അതതു ദിവസത്തെ പത്രം താളുകളില്‍ തെളിഞ്ഞുതുടങ്ങും. മാറുന്ന സംഭവവികാസകള്‍ക്കൊത്ത് പത്രം പലതവണ പുതുക്കപ്പെടും. ഒരു ദിവസം കഴിഞ്ഞാല്‍ വലിച്ചെറിയേണ്ട. അടുത്ത ദിവസം പഴയ വാര്‍ത്തകളുടെ സ്ഥാനത്ത് പുതിയ വാര്‍ത്തകള്‍ വന്നു നിറയും. ഇന്ന് ബ്രോഡ്ബാന്‍ഡ് സംവിധാനം വ്യാപകമായതിനാല്‍ ടെലിഫോണ്‍ ലൈനില്‍ വളരെ ചുരുങ്ങിയ സമയം കണക്ട് ചെയ്യുകയേ വേണ്ടൂ. ഒരിക്കല്‍ അക്ഷരങ്ങള്‍ തെളിഞ്ഞു കഴിഞ്ഞാല്‍ പിന്നീട് അത് നിലനിര്‍ത്താന്‍ വൈദ്യുതി ചെലവാക്കേണ്ടതില്ല.
പേപ്പറില്‍ അച്ചടിച്ച പുസ്തകങ്ങള്‍ തന്നെ വായിക്കണമെന്ന രീതി വിട്ട് കൊണ്ടുനടക്കാന്‍ പറ്റുന്ന ഉപകരണങ്ങളില്‍ പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളിക്കുകയെന്ന പുതിയ രീതിക്ക് വന്‍സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുംപുറമെയാണ് ഇ- പേപ്പറുകള്‍ എന്ന പുതുസാങ്കേതികവിദ്യ കൂടി രംഗത്തെത്തിയിരിക്കുന്നത്. സാധാരണ അച്ചടി പേപ്പറുകളിലെന്നപോലെ ടെക്സ്റ്റുകളും കളര്‍ ഇമേജുകളും വീഡിയോ ദൃശ്യങ്ങളുമടക്കം പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ഇ-പേപ്പറിന്റെ ഭാവിഭദ്രമാണെന്ന് നിര്‍മ്മാതാക്കള്‍ കരുതുന്നു. കടലാസിനായി വനംതെളിക്കുന്ന പ്രക്രിയ അവസാനിപ്പിച്ച്, പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് ഒരു വിവര വിനിമയ വിപ്ളവം സാദ്ധ്യമാക്കാന്‍ പുതുസാങ്കേതികവിദ്യ മുന്നേറട്ടെ.
- ടി.വി.സിജു
(തേജസ്, ഏപ്രില്‍ 20)
1 comment:
ഒന്നും എഴുതാത്ത ഒരു ബുക്ക്. മുഴുവന്‍ താളുകളും പ്ളാസ്റ്റിക് നിര്‍മ്മിതം. ഈ ബുക്ക് കംപ്യൂട്ടറുമായോ, ടെലിഫോണ്‍ ലൈനുമായോ ബന്ധിപ്പിക്കുക. അപ്പോഴേക്കും എഴുത്തില്ലാത്ത പുസ്തകം നിറയെ കുനുകുനായുള്ള അക്ഷരങ്ങള്‍ നിറയുന്നു. ഇത് ഒരു കഥയോ നോവലോ കവിതയോ ലേഖനമോ ഒക്കെ ആവാം. ഇനി നേരെ വായനാലോകത്തേക്ക്. അത് വായിച്ചു തീര്‍ന്നാല്‍ വീണ്ടും കണക്ട് ചെയ്ത് മറ്റൊന്ന്. അങ്ങനെ ഒരായിരം തവണ. ഇത് വായനയുടെ ലോകത്തെ പുതിയ വിപ്ളവം.
Post a Comment