( 1902 - 1987 )
ചൈനയിലെ അമോയ് എന്ന സ്‌ഥലത്ത് ജനിച്ചു. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌റ്റാന്‍ഡേര്‍ഡ് ആന്റ് ടെക്‌നോളജിയില്‍ ശാസ്‌ത്രജ്‌ഞനായി. തുടര്‍ന്ന് ബെല്‍ ടെലിഫോണ്‍ ലബോറട്ടറിയിലെത്തി ട്രാന്‍സിസ്‌റ്റര്‍ കണ്ടുപിടിച്ചു. ഹാര്‍ഡ്‌വാര്‍ഡ്, മിനസോട്ട, വാഷിംഗ്‌ടണ്‍ യൂണിവേഴ്‌സിറ്റികളിലും വിസിറ്റിംഗ് ലക്‌ചററായിരുന്നു. നിരവധി പേറ്റന്‍റുകളും സ്വന്തമാക്കിയിട്ടുണ്ട്.
ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയപ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച മഹാശാസ്‌ത്രജ്‌ഞരുടെ പ്രവര്‍ത്തനങ്ങള്‍ എന്നും സ്‌മരിക്കപ്പെടേണ്ടതാണ്. 1906ല്‍ ലീ ഡി ഫോറസ്‌റ്റ് എന്ന അമേരിക്കാരന്‍ വാക്വം ട്യൂബ് ഉപയോഗിച്ചുണ്ടാക്കിയ ട്രയോഡ് ആണ് ഇലക്‌ട്രോണിക്‌സ് എന്ന ശാസ്‌ത്രശാഖയ്‌ക്ക് അടിസ്‌ഥാനമായത്. ഏറെ ഊര്‍ജ്‌ജം ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന വാക്വം ട്യൂബുകളെ മെരുക്കിയെടുക്കാനാണ് അന്ന് ശാസ്‌ത്രലോകം ശ്രമിച്ചിരുന്നത്. ഇതിന് അമേരിക്കയിലെ ബെല്‍ ലബോറട്ടറിയില്‍ ഫലപ്രാപ്‌തിയുണ്ടായി. 1947ല്‍ വില്യം ബി ഷോക്‌ലി, ജോണ്‍ ബാര്‍ഡീന്‍, വാള്‍ട്ടര്‍ എച്ച്. ബ്രറ്റന്‍ എന്നിവര്‍ ചേര്‍ന്ന് ട്രാന്‍സിസ്‌റ്റര്‍ എന്ന ഉപകരണത്തിന് ജന്‍മം നല്‍കി. ഈ ട്രാന്‍സിസ്‌റ്റര്‍ ഇലക്‌ട്രോണിക്‌സ് രംഗത്ത് വരുത്തിവച്ച മാറ്റങ്ങള്‍ അതിശയകരമായിരുന്നു. കെട്ടിടങ്ങളുടെ വലിപ്പമുണ്ടായിരുന്ന കംപ്യൂട്ടറുകളും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും ചെറുതായി. ചെറുതാകല്‍ എന്ന പ്രക്രിയ ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇനി ചെറുതാക്കാന്‍ കഴിയാത്തത്രയും സൂക്‌ഷ്‌മതയിലേക്ക് ട്രാന്‍സിസ്‌റ്ററുകള്‍ വളര്‍ന്ന് '`വലുതാ'യി കഴിഞ്ഞു. വര്‍ഷങ്ങളുടെ ഗവേഷണഫലമായി രൂപംകൊണ്ട ട്രാന്‍സിസ്‌റ്ററുകള്‍ ഇന്ന് ഉപയോഗിക്കാത്ത ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളില്ല. ബഹിരാകാശ രംഗം മുതല്‍ അടുക്കള വരെ ഇലക്‌ട്രോണിക്‌സിലെ ഈ അംഗത്തിന്റെ സാന്നിദ്ധ്യം അറിഞ്ഞുകഴിഞ്ഞു. ഇവയുടെ ഭാവി, പ്രവചനങ്ങള്‍ക്ക് അപ്പുറമാണെങ്കിലും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച വില്യം ബി ഷോക്‌ലിയെയും ജോണ്‍ ബാര്‍ഡീനെയും നിങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞു. ഇനിയുള്ളത് വാള്‍ട്ടര്‍ എച്ച്. ബ്രറ്റന്‍ എന്ന ശാസ്‌ത്രജ്‌ഞനാണ്.വാള്‍ട്ടര്‍ എച്ച്. ബ്രറ്റന്‍ 1902ല്‍ ചൈനയിലെ അമോയ് എന്ന സ്‌ഥലത്ത് ജനിച്ചു. അമേരിക്കയിലെ മിനസോട്ട സര്‍വ്വകലാശാലയില്‍ നിന്ന് ഫിസിക്‌സില്‍ പി എച്ച്.ഡി. ബിരുദം നേടിയ ബ്രറ്റന്‍, നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌റ്റാന്‍ഡേര്‍ഡ് ആന്റ് ടെക്‌നോളജിയില്‍ ശാസ്‌ത്രജ്‌ഞനായി. തുടര്‍ന്ന് 1929ല്‍ ബെല്‍ ടെലിഫോണ്‍ ലബോറട്ടറിയിലേക്ക് ചേക്കേറിയ ബ്രറ്റന്‍ തന്റെ സഹപ്രവര്‍ത്തകരോടൊപ്പം പ്രശസ്‌തമായ കണ്ടുപിടിത്തത്തിന്റെ വഴികാട്ടിയാവുകായിരുന്നു.ഖരപദാര്‍ത്‌ഥങ്ങളുടെ ഉപരിതലസ്വഭാവത്തെക്കുറിച്ച്, പ്രത്യേകിച്ച് അവയുടെ ആന്തര ഭാഗത്തെ അണുഘടനയില്‍ നിന്നും വിഭിന്നമായിരിക്കുന്ന ഉപരിതലത്തിലെ അണുഘടനയെ പറ്റി ഗവേഷണം നടത്തിയ ബ്രറ്റന്‍ എത്തിപ്പെട്ടത് സെമികണ്ടക്‌ടറുകളുടെ വിസ്‌മയ ലോകത്തേക്കായിരുന്നു. 1962ല്‍ ബെല്‍ ലാബില്‍ നിന്നും വിടവാങ്ങിയ ബ്രറ്റന്‍ പത്ത് വര്‍ഷക്കാലം വാഷിംഗ്‌ടണിലെ വിറ്റ്‌മാന്‍ കോളേജില്‍ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്‌ഠിച്ചു. കൂടാതെ ഹാര്‍ഡ്‌വാര്‍ഡ്, മിനസോട്ട, വാഷിംഗ്‌ടണ്‍ യൂണിവേഴ്‌സിറ്റികളിലും വിസിറ്റിംഗ് ലക്‌ചററായി ഇദ്ദേഹം ജോലി നോക്കിയിട്ടുണ്ട്.ബെല്‍ ലബോട്ടറിയില്‍ പതിനാല് വര്‍ഷത്തെ ഗവേഷണം ഫലപ്രാപ്‌തിയിലെത്താതത് തനിക്ക് മാനസിക പിരിമുറുക്കമുണ്ടാക്കിയെങ്കിലും കമ്പനി അധികൃതര്‍ ഗവേഷണം നിര്‍ത്തിവെക്കാനോ ഗവേഷണ മേഖല മാറ്റനോ പറായാതിരുന്നത് അനുഗ്രഹമായെന്നാണ് ബ്രറ്റന്‍ പിന്നീട് അതേപറ്റി വിലയിരുത്തിയത്. കോപ്പര്‍ ഓക്‌സൈഡ് അടിസ്‌ഥാനമാക്കിയുള്ള ട്രയോഡ് ഉപയോഗിച്ച് ജെ. എ. ബെക്കറും ബ്രറ്റനും ചേര്‍ന്ന് നടത്തിയ പരീക്‌ഷണം ഫലപ്രാപ്‌തിയിലെത്തിയില്ല. തുടര്‍ന്ന് സ്‌ഥാപനത്തിലെത്തിയ വില്യം ഷോക്‌ലിയും ജോണ്‍ ബാര്‍ഡീനും ചേര്‍ന്ന് നടത്തിയ പരീക്‌ഷണങ്ങളാണ് ട്രാന്‍സ്‌സിസ്‌റ്ററിന്റെ ജന്‍മത്തിന് വഴിയായത്.ട്രാന്‍സിസ്‌റ്റര്‍ നിര്‍മ്മാണം കോടികളുടെ വിറ്റുവരവുള്ള ഇലക്‌ട്രോണിക്‌സ് വ്യവസായത്തിന് നാന്ദികുറിച്ചെങ്കിലും ഇതിന്റെ നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഷോക്‌ലി, ബാര്‍ഡീന്‍, ബ്രറ്റന്‍ എന്നിവര്‍ക്ക് കാര്യമായ സാമ്പത്തിക നേട്ടമൊന്നും ഉണ്ടാക്കാനായില്ല. ഗവേഷണ രംഗത്ത് നിരവധി പേറ്റന്റുകള്‍ സ്വന്തമാക്കിയ ബ്രറ്റന്‍, ട്രാന്‍സിസ്‌റ്റര്‍ നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതിന് 1956ല്‍ നോബല്‍ സമ്മാനവും നേടി. ഇലക്‌ട്രോണിക്‌സും വിവര സാങ്കേതികവിദ്യയും അരങ്ങുതകര്‍ക്കുന്ന ഈ നൂറ്റാണ്ടില്‍ ട്രാന്‍സിസ്‌റ്റര്‍ വിപ്‌ളവത്തിന് നേതൃത്വം നല്‍കിയ വാള്‍ട്ടര്‍ എച്ച് ബ്രറ്റന്‍ തന്റെ 85ാം വയസ്സില്‍ -1987ല്‍ നമ്മോട് വിട പറഞ്ഞു.
No comments:
Post a Comment