Tuesday, May 29, 2007


വില്യം ബ്രാഡ്‌ഫെഡ്‌ ഷോക്‌ലി


( 1910 - 1989 )


ലണ്ടനില്‍ ജനിച്ചു. 1947 ഡിസംബറില്‍ വാള്‍ട്ടര്‍ ബ്രറ്റന്‍, ജോണ്‍ ബര്‍ഡീന്‍ എന്നിവരും ചേര്‍ന്ന്‌ ബെല്‍ ലബോറട്ടറിയില്‍ വച്ച്‌ ട്രാന്‍സിസ്‌റ്ററിന്‌ രൂപം നല്‍കി. ഇതിന്‌ മൂവര്‍ക്കും 1956ല്‍ നോബേല്‍ സമ്മാനം ലഭിച്ചു. 1948ല്‍ ഷോക്‌ലി സ്വന്തമായി ജംഗ്‌ഷന്‍ ട്രാന്‍സിസ്‌റ്ററര്‍ വികസിപ്പിച്ചു. 1956ല്‍ `ഷോക്‌ലി സെമികണ്ടക്‌ടര്‍ ലബോറട്ടറി' തുടങ്ങി. സ്‌റ്റാന്‍ഫഡ്‌ സര്‍വ്വകലാശാലയില്‍ പ്രൊഫസറായിരുന്നിട്ടുണ്ട്‌.








1939 ഡിസംബര്‍ 29ന്‌ ഷോക്‌ലി തന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചിട്ടു: ``വാക്വം ട്യൂബുകള്‍ ഉപയോഗിക്കാതെ, അര്‍ദ്ധചാലക വസ്‌തുക്കള്‍ ഉപയോഗിച്ച്‌ ഒരു ആംപ്‌ളിഫയര്‍ ഉണ്ടാക്കാന്‍ തത്വത്തില്‍ സാധിക്കുമെന്ന്‌ തോന്നുന്നു'' - അത്‌ കഴിഞ്ഞ്‌ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ തന്റെ ഈ സ്വപ്‌നം പൂവണിയിക്കാന്‍ ഷോക്‌ലിക്ക്‌ കഴിഞ്ഞുവെന്നുള്ളത്‌ യാഥാര്‍ത്‌ഥ്യമാണ്‌. ഇലക്‌ട്രോണിക്‌സ്‌ വിപ്‌ളവത്തിന്‌ വഴിതെളിച്ച കണ്ടുപിടുത്തമായ ട്രാന്‍സിസ്‌റ്ററിന്റെ നിര്‍മ്മാണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച മറ്റൊരു ബുദ്ധികേന്ദ്രമായിരുന്നു വില്യം ബി ഷോക്‌ലി. ലണ്ടനില്‍, മൈനിംഗ്‌ എന്‍ജിനീയറുടെ മകനായി 1910ല്‍ ജനിച്ച ഷോക്‌ലി അമേരിക്കയിലെ കാലിഫോര്‍ണിയ ഇന്‍സ്‌റ്റിറ്റ്യൂട്ടിലും ഹാര്‍വാര്‍ഡ്‌ സര്‍വ്വകലാശാലയിലുമാണ്‌ പഠനം പൂര്‍ത്തിയതാക്കിയത്‌. 1936ല്‍ ഡോക്‌ടറേറ്റ്‌ ബിരുദം പൂര്‍ത്തിയാക്കി ഹാര്‍വാര്‍ഡ്‌ സര്‍വ്വകലാശാലയില്‍ നിന്നിറങ്ങിയ ഷോക്‌ലി അതേ വര്‍ഷം തന്നെ പ്രശസ്‌തമായ ബെല്‍ ലബോറട്ടറിയില്‍ ചേര്‍ന്നു. അമേരിക്കന്‍ ടെലിഫോണ്‍ ആന്‍ഡ്‌ ടെലിഗ്രാഫ്‌ (എ. ടി. & ടി) എന്ന പ്രമുഖ ടെലികോം കമ്പനിയുടെ ഗവേഷണ വിഭാഗമാണ്‌ അലക്‌സാണ്ടര്‍ ഗ്രഹാംബെലിന്റെ പേരിലുള്ള ബെല്‍ ലബോറട്ടറീസ്‌.എ.ടി. ആന്‍ഡ്‌ ടി കമ്പനിക്ക്‌ രാജ്യാന്തര ഫോണ്‍ സര്‍വ്വീസ്‌ തുടങ്ങാനുള്ള പരിപാടിയാണ്‌ ട്രാന്‍സിസ്‌റ്ററിന്റെ പിറവിക്ക്‌ നിദാനമായത്‌. രാജ്യാന്തര സര്‍വ്വീസിന്‌ വ്യക്തത വര്‍ദ്ധിപ്പിക്കുന്നതാനിയി കമ്പി വഴിയെത്തുന്ന സന്ദേശത്തെ ഇടയ്‌ക്കിടെ വാക്വം ട്യൂബ്‌ ട്രയോഡുകള്‍ വച്ച്‌ ആംപ്‌ളിഫിക്കേഷന്‍ നടത്തേണ്ടിയിരുന്നു. എന്നാല്‍ വാക്വംട്യൂബിന്റെ പോരായ്‌മ മനസ്സിലാക്കിയ ബെല്ലിന്റെ ഗവേഷണ വിഭാഗം മേധാവി മെര്‍വിന്‍ കെല്ലി, ഇതിന്‌ പകരംവയ്‌ക്കാവുന്ന ഉപകരണങ്ങള്‍ കണ്ടെത്താനുള്ള നിര്‍ദ്ദേശം ഗവേഷണ വിഭാഗത്തിന്‌ നല്‍കി. ഉപകരണം കണ്ടെത്താനുള്ള ചുമതല വില്യം ബ്രാഡ്‌ഫെഡ്‌ ഷോക്‌ലിക്കായിരുന്നു. തന്റെ സഹപ്രവര്‍ത്തകനായ വാള്‍ട്ടര്‍ ഹൗസര്‍ ബ്രറ്റനും മിനസോട്ട സര്‍വ്വകലാശാലയില്‍ ഗവേഷകനായിരുന്ന ജോണ്‍ ബര്‍ഡീനുമായിരുന്നു ഇദ്ദേഹത്തിന്‌ സഹായത്തിനുണ്ടായിരുന്നത്‌.അതിഭാവനാശാലിയായ വില്യം ബി ഷോക്‌ലിയാണ്‌ ട്രാന്‍സിസ്‌റ്റര്‍ എന്ന സുന്ദര സ്വപ്‌നം വിഭാവനം ചെയ്‌തത്‌. ഷോക്‌ലിയുടെ ഭാവനയ്‌ക്ക്‌ പ്രായോഗിക രൂപം നല്‍കിയതാവട്ടെ വാള്‍ട്ടര്‍ ബ്രറ്റനും. പരീക്‌ഷണ ഫലങ്ങള്‍ക്ക്‌ സൈന്താന്തിക വിശദീകരണം നല്‍കുകയെന്ന ദൗത്യം ജോണ്‍ ബര്‍ഡീനും ഏറ്റെടുത്തപ്പോള്‍ ട്രാന്‍സിസ്‌റ്റര്‍ എന്ന സ്വപ്‌നം പൂവണിയുകയായിരുന്നു. ഗവേഷണത്തിന്‌ ദാര്‍ശിക നേതൃത്വം നല്‍കിയിരുന്ന ഷോക്‌ലി പലപ്പോഴും പരീക്‌ഷണങ്ങളില്‍ സജീവമായിരുന്നില്ല. ബര്‍ഡീനും ബ്രറ്റനും ചേര്‍ന്ന്‌ ആദ്യത്തെ ട്രാന്‍സിസ്‌റ്റര്‍ വികസിപ്പിച്ചെടുത്തപ്പോള്‍ ഷോക്‌ലി ഗവേഷണശാലയിലുണ്ടായിരുന്നില്ല. 1947 ഡിസംബറിലാണ്‌ ആദ്യത്തെ ട്രാന്‍സിസ്‌റ്ററിന്‌ ജന്‍മം നല്‍കുന്നത്‌. താനില്ലാത്തപ്പോള്‍ മറ്റ്‌ രണ്ടു പേര്‍ ചേര്‍ന്ന്‌ നടത്തിയ ഗവേഷണം വിജയത്തിലെത്തിയത്‌ ഷോക്‌ലിയെ കുപിതനാക്കി. ഇതോടെ സംഘത്തില്‍ ഭിന്നത രൂക്‌ഷമായി. തുടര്‍ന്ന്‌ സ്വന്തമായി ഇതിലും മികച്ച ട്രാന്‍സിസ്‌റ്റര്‍ കണ്ടുപിടിക്കാനാവുമോ എന്ന്‌ ഷോക്‌ലി ചിന്തിച്ചു. ആ ശ്രമം 1948ല്‍ വിജയിക്കുകയും ചെയ്‌തു. ഷോക്‌ലി അന്ന്‌ വികസിപ്പിച്ചെടുത്ത ജംഗ്‌ഷന്‍ ട്രാന്‍സിസ്‌റ്റററായിരുന്നു പ്രായോഗിക ആവശ്യങ്ങള്‍ക്ക്‌ ഏറെ അനുയോജ്യമായിരുന്നത്‌.രണ്ടാം ലോകമഹായുദ്ധ സമയത്ത്‌ അമേരിക്കന്‍ നാവികസേനയുടെ അന്തര്‍വാഹിനി പ്രതിരോധ സേനയില്‍ പ്രവര്‍ത്തന പരീക്‌ഷണ സംഘത്തിന്റെ ഡയറക്‌ടറായി ഷോക്‌ലി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1954ല്‍ പ്രതിരോധ വിഭാഗത്തിന്റെ ആയുധവ്യൂഹങ്ങളുടെ മൂല്യനിര്‍ണ്ണയ സംഘത്തിന്റെ ഡെപ്യൂട്ടി ഡയറക്‌ടറായും നിയമിതനായി. യുദ്ധാനന്തരം ബെല്‍ ലബോറട്ടറിയില്‍ ട്രാന്‍സിസ്‌റ്റര്‍ ഗവേഷണത്തിന്റെ തലവനായി ഷോക്‌ലി ചേക്കേറി. ട്രാന്‍സിസ്‌റ്റര്‍ കണ്ടുപിടിത്തത്തിന്റെ അവകാശം സ്വന്തമാക്കാന്‍ ഷോക്‌ലി പിന്നീട്‌ നടത്തിയ ശ്രമം മറ്റുള്ളവരെ ചൊടിപ്പിച്ചു. തന്‍മൂലം ഷോക്‌ലി മറ്റുള്ളവരില്‍ നിന്നും ഏറെ അകന്നു. വടംവലിയില്‍ തളര്‍ന്ന ഷോക്‌ലി 1956ല്‍ ബെല്‍ ലബോറട്ടറി ഉപേക്‌ഷിച്ച്‌ സാന്‍ഫ്രാന്‍സിസ്‌കോയില്‍ `ഷോക്‌ലി സെമികണ്ടക്‌ടര്‍ ലബോറട്ടറി` എന്ന പേരില്‍ സ്വന്തം സ്‌ഥാപനം തുടങ്ങി. ഇവിടെ വച്ച്‌ ജര്‍മ്മേനിയത്തിന്‌ പകരം സിലിക്കണ്‍ പരലുകള്‍ ഉപയോഗിച്ച്‌ ട്രാന്‍സിസ്‌റ്റര്‍ നിര്‍മ്മിക്കാനുളള ശ്രമം ആരംഭിച്ചു. ഇതിനായി ഒരു സംഘം ശാസ്‌ത്രജ്‌ഞരെ അദ്ദേഹം തിരഞ്ഞെടുത്തു. പക്‌ഷെ ഷോക്‌ലിയുടെ തലതിരിഞ്ഞ സ്വഭാവം ഇവിടെയും പ്രശ്‌നങ്ങളുണ്ടാക്കി. ആരുമായും ഒത്തൊരുമയില്‍ പോകാനാവാതിരുന്ന ഷോക്‌ലിയുടെ സ്‌ഥാപനത്തില്‍ നിന്നും ഇതിനിടെ ശാസ്‌ത്രജ്‌ഞന്‍ ഒഴിഞ്ഞുപോക്കാരംഭിച്ചു. ഇവിടം വിട്ട റോബര്‍ട്ട്‌ നോര്‍ട്ടന്‍ നോയ്‌സും ഗോര്‍ഡന്‍ മൂറും ചേര്‍ന്ന്‌ സ്‌ഥാപിച്ചതാണ്‌ ഇന്ന്‌ പ്രശസ്‌തിയുടെ പടിവാതിലിലുള്ള ഇന്റല്‍ കോര്‍പ്പറേഷന്‍. ഒറ്റ ട്രാന്‍സിസ്‌റ്ററിന്റെ ലോകത്ത്‌ നിന്നും അവര്‍ വിടവാങ്ങിയത്‌ ഒരിഞ്ച്‌ സ്‌ഥലത്ത്‌ ലക്‌ഷക്കണക്കിന്‌ ട്രാന്‍സിസ്‌റ്ററുകള്‍ ഒന്നായിനിര്‍ത്തുന്ന സാങ്കേതിവിദ്യയിലേക്കായിരുന്നു. ഇവരുടെ കമ്പനി ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടാന്‍ തുടങ്ങിയിട്ടും ഷോക്‌ലിയുടെ സ്‌ഥാപനത്തിന്‌ വാണിജ്യാടിസ്‌ഥാനത്തില്‍ ഒരു ഉല്‍പ്പന്നം പോലും പുറത്തിറക്കാനായില്ലെന്നത്‌ ദു:ഖ സത്യം തന്നെ.ഹിറ്റ്‌ലറുടെ ശുദ്ധവര്‍ഗ്‌ഗ സിദ്ധാന്തത്തിന്റെ പ്രചാരകനായിരുന്നു ഷോക്‌ലി. അമേരിക്കന്‍ നീഗ്രോകളുടെ അധമാവസ്‌ഥയ്‌ക്ക്‌ കാരണം അവരുടെ വംശപരമായ ജനിതക തകരാറുകളാണെന്ന അദ്ദേഹത്തിന്റെ പരസ്യ പ്രസ്‌താവന അമേരിക്കയില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കി. അമേരിക്കയിലെ ഏറ്റവും നികൃഷ്‌ടനായി ഇയാളെ കണക്കാക്കി, ചിലര്‍ അദ്ദേഹത്തിന്റെ കോലങ്ങള്‍ നഗരവീഥിയിലുടനീളം അഗ്‌നിക്കിരയാക്കി. കൂടാതെ പല സര്‍വ്വകലാശാലകളും അദ്ദേഹത്തെ ബഹിഷ്‌ക്കരിക്കുയും ചെയ്‌തു. എന്നിട്ടും കിട്ടുന്ന അവസരങ്ങളെല്ലാം തന്റെ സിദ്ധാന്തം പ്രചരിപ്പിക്കാനായി ഉപയോഗിച്ച ഷോക്‌ലി ഒരു ഭാവ വ്യത്യാസവുമില്ലാതെ മുന്നോട്ടുപോയി. അവസാനം സ്‌റ്റാന്‍ഫോര്‍ഡ്‌ സര്‍വ്വകലാശാലയില്‍ എമിററ്റ്‌സ്‌ പ്രൊഫസറായി ജോലി നോക്കിയിരുന്ന ഷോക്‌ലി 1989ല്‍ ഇഹലോകവാസം വെടിഞ്ഞു.ഇലക്‌ട്രോണിന്റെ പ്രവാഹം നിയന്ത്രിക്കുന്നതിനുള്ള അര്‍ദ്ധചാലകമാണ്‌ ട്രാന്‍സിസ്‌റ്റര്‍ എന്നറിയുമ്പോഴും ടെക്‌നോളജിയുടെ കുത്തൊഴുക്കില്‍ ട്രാന്‍സിസ്‌റ്ററുകള്‍ ഇന്നും ഒരു വിസ്‌മയമായി കാലും നീട്ടിയിരിക്കുന്നു.

2 comments:

Unknown said...

very informative dr. thank you

Dileep said...

Thank you for such a marvellous work.Congratulations