എനിയാക്
എനിയാക് - ആധുനിക ഡിജിറ്റല്‍ കംപ്യൂട്ടറുകളുടെ മുതുമുത്തച്‌ഛന്‍ ജനിച്ചിട്ട് അറുപത് വര്‍ഷം പൂര്‍ത്തിയായി. ഇലക്‌ട്രോണിക് ന്യൂമെറിക്കല്‍ ഇന്റഗ്രേറ്റര്‍ ആന്റ് കാല്‍ക്കുലേറ്റര്‍ എന്നറിയപ്പെടുന്ന എനിയാക് 1946ലെ വാലന്റൈന്‍ ദിനമായ ഫെബ്രുവരി 14നാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. ജനതയുടെ ഹരമായി മാറിയ കംപ്യൂട്ടര്‍ ഇന്ന് കയ്യടക്കാത്ത മേഖലകളില്ല. എല്ലാറ്റിലും മേധാവിത്വം പുലര്‍ത്തുന്ന കംപ്യൂട്ടറിന്റെ ആദ്യകാല പരീക്‌ഷണ കഥകള്‍ അറിയുന്നത് രസാവഹം തന്നെ.ഇലക്‌ട്രിക് വയറുകളുടെ ഒരുകൂട്ടം സാമ്പിളുകള്‍ നിറച്ച കൂട്ടില്‍ എലികളെ വളര്‍ത്തി, പരീക്‌ഷണം നടത്തുക. അതിന് ശേഷം ഒരു കംപ്യൂട്ടര്‍ രൂപപ്പെടുത്തിയെടുക്കുക. ഇത്രയും അറിഞ്ഞപ്പോള്‍ എന്ത് തോന്നുന്നു. മുഴുവട്ട്, എന്നാവും നിങ്ങളുടെ ചിന്ത. എന്നാല്‍ ഇതിലും കാര്യമുണ്ട്. എലി, വയറുകള്‍ കാര്‍ന്നു തിന്നുന്ന തോത് അറിയുകയായിരുന്നു ഈ പരീക്‌ഷണത്തിന്റെ ലക്‌ഷ്യം. എലികള്‍ കൂടുതല്‍ കടിച്ചുമുറിക്കാന്‍ ഇഷ്‌ടപ്പെടാത്ത ഇന്‍സുലേഷനുള്ള ഇലക്‌ട്രിക് വയറുകള്‍ ഉപയോഗിച്ചാല്‍ എലികളില്‍ നിന്ന് ഉപകരണത്തെ രക്‌ഷപ്പെടുത്താം എന്ന ചിന്തയാണ് ഈ പരീക്‌ഷണത്തിന്റെ മുഖ്യ ഉദ്ദേശ്യമായുണ്ടായിരുന്നത്. പീരങ്കികളുടെയും മറ്റും ഗതിനിര്‍ണ്ണയിക്കുന്ന കംപ്യൂട്ടര്‍ സംവിധാനമായതിനാല്‍ എലികളെക്കൊണ്ടുള്ള ശല്യം പ്രശ്‌നം സൃഷ്‌ടിക്കും. ഇത് ഒഴിവാക്കാനാണ് അങ്ങനെയൊരു കടുംകൈ കാണിക്കാന്‍ പ്രധാന ശില്‍പ്പിയായ ജോണ്‍ പ്രസ്‌പര്‍ ഇക്കര്‍ട്ട് തുനിഞ്ഞത്. കിലോമീറ്ററുകള്‍ നീളം വരുന്ന വയറുകളാണ് ആദ്യകാല കംപ്യൂട്ടറുകളില്‍ ഉപയോഗിക്കേണ്ടി വന്നിരുന്നത് എന്നത് ഈ `പരീക്‌ഷണ'ത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.60 വര്‍ഷത്തിനു ശേഷം കംപ്യൂട്ടറിനെക്കുറിച്ച് അറിയുമ്പോള്‍ വയറുകള്‍ കരണ്ടുതിന്നാന്‍ വരുന്ന എലികളെക്കുറിച്ച് ആലോചിക്കേണ്ടതുപോലുമില്ല. നാമമാത്ര നീളത്തിലുള്ള വയറുകളേ കംപ്യൂട്ടറിനുള്ളില്‍ ഇന്ന് ഉപയോഗിക്കുന്നുള്ളൂ. പക്‌ഷെ മറ്റൊരു എലി - മൗസ്, മേശപ്പുറത്തെ കംപ്യൂട്ടറിനടുത്ത്‌് നമുക്ക് എപ്പോഴും കൂട്ടായിരിക്കുകയും ചെയ്യുന്നുണ്ട്. കംപ്യൂട്ടറില്‍ ഉപയോഗിച്ചിരിക്കുന്ന മറ്റ് ഇലക്‌ട്രോണിക് അനുബന്‌ധ ഉപകരണങ്ങളുടെ എണ്‌ണം കണക്കിലെടുക്കുമ്പോള്‍ ഈ നീളം എത്രയോ നിസ്സാരം. അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ ബാലിസ്‌റ്റിക് റിസര്‍ച്ച് ലബോറട്ടറിക്ക് വേണ്ടി ഒരു ഇലക്‌ട്രോണിക് കംപ്യൂട്ടര്‍ സംവിധാനം വികസിപ്പിക്കേണ്ടി വന്നു. `പ്രോജക്‌ട് പി. എക്‌സ്' എന്ന പേരിലുള്ള സൈനിക പദ്ധതിക്കു വേണ്ടി കംപ്യൂട്ടര്‍ വികസിപ്പിച്ചെടുക്കാനുള്ള ഈ ധൗത്യം ഏറ്റെടുത്തത് പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ മൂര്‍ സ്‌കൂള്‍ ഓഫ് ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിംഗ് ആണ്. കംപ്യൂട്ടര്‍ നിര്‍മ്മാണത്തിന് പിന്നില്‍ നിരവധി ആളുകള്‍ അഹോരാത്രം കഷ്‌ടപ്പെട്ടിട്ടുണ്ടെങ്കിലും ജോണ്‍ പ്രസ്‌പര്‍ ഇക്കര്‍ട്ട്, ജോണ്‍ ഡബ്‌ള്യു. മോക്‌ലി ഇവരാണ് പ്രധാന ശില്‍പ്പികള്‍. ഇവരെ കൂടാതെ ജോണ്‍ വോണ്‍ ന്യൂമാന്‍, ഹെര്‍മ്മന്‍ ഗോള്‍ഡ്‌സ്‌റ്റൈന്‍, ആര്‍തര്‍ ബ്രൂക്‌സ് തുടങ്ങിയ പ്രതിഭാശാലികളുടെ മികച്ച പിന്തുണയും ഇവര്‍ക്കുണ്ടായിരുന്നു. സൈനിക ആവശ്യത്തിനുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രധാന ഉപകരണമായി രൂപപ്പെടുത്തിയെടുത്ത എനിയാക് എന്ന കംപ്യൂട്ടര്‍ പില്‍ക്കാല ചരിത്രം തന്നെ മാറ്റിയെഴുതി.300 അക്കങ്ങള്‍ വരെ സൂക്‌ഷിക്കാന്‍ കഴിവുള്ള റീഡ് ഓണ്‍ലി മെമ്മറിയും ഇന്‍പുട്ട് - ഔട്ട്‌പുട്ട് എന്നിവയ്‌ക്കായി കാര്‍ഡ് റീഡറും പഞ്ച് കാര്‍ഡുകളും എനിയാക്കില്‍ ഉപയോഗിച്ചു. 17468 വാക്വം ട്യൂബുകള്‍, 70000 റെസിസ്‌റ്ററുകള്‍, 10000 കപ്പാസിറ്റര്‍, 1500 റിലേകള്‍, 6000 മാന്വല്‍ സിച്ചുകള്‍ എന്നിവ ഉപയോഗപ്പെടുത്തിയ ഇതിന് പ്രവര്‍ത്തിക്കാന്‍ 140 കിലോവാട്ട് വൈദ്യുതിയും ആവശ്യമായിരുന്നു. ഒരു സെക്കന്റില്‍ അയ്യായിരം സങ്കലന ക്രിയയും 300 ഗുണിത ക്രിയയും നടത്താന്‍ ശേഷിയുണ്ടായിരുന്ന ഈ കംപ്യൂട്ടറിന് ഇന്നത്തെ കംപ്യൂട്ടറിനെ അപേക്‌ഷിച്ച് പതിനായിരം മടങ്ങ് വലുപ്പമുണ്ടായിരുന്നു.കംപ്യൂട്ടറിന് വേഗതയേറുമ്പോഴും വലുപ്പം കുറയുമ്പോഴും നാം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് ഓര്‍ക്കാറേയില്ല. എന്നാല്‍ കംപ്യൂട്ടറിന്റെ ചരിത്രം തിരുത്തിക്കുറിക്കാന്‍ സഹായിച്ച എനിയാക്കിന്റെ കണ്ടുപിടിത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് അറിയുന്നത് പ്രയോജനകരമായിരിക്കും
No comments:
Post a Comment