Tuesday, May 29, 2007


സ്‌റ്റാന്‍ലി മേസര്‍

( 1941 - * )


ചിക്കാഗോയില്‍ ജനിച്ചു. 1964ല്‍ `സിംബല്‍' എന്ന ഹൈ ലെവല്‍ ലാംഗ്വേജ്‌ രൂപപ്പെടുത്തി. 1969ല്‍ ഇന്റല്‍ കോര്‍പ്പറേഷനില്‍ ചേര്‍ന്നു. `ഇന്റല്‍ 4004' എന്ന ആദ്യത്തെ മൈക്രോപ്രോസസറിന്‌ വേണ്ട പ്രോഗ്രാം എഴുതി.ഹാര്‍ഡ്‌വെയര്‍ ഡിസൈന്‍ സംബന്‌ധിച്ച എ ഗൈഡ്‌ ടു വി. എച്ച്‌.ഡി.എല്‍' എന്ന പുസ്‌തകം രചിച്ചു. നിരവധി പുരസ്‌ക്കാരങ്ങള്‍ക്ക്‌ അര്‍ഹനായിട്ടുണ്ട്‌.


ഹെലികോപ്‌ടറുകളുടെയും സ്വപ്‌നങ്ങളുടെയും തേരിലേറി നടന്ന ബാലന്‌ പില്‍ക്കാല ജീവിതവും സ്വപ്‌നതുല്യമായി. ഹെലികോപ്‌ടറുകളുടെ ഡിസൈനും നിര്‍മ്മാണവും ഹോബിയാക്കിയ ഈ വിദ്യാര്‍ത്‌ഥി ഇടിച്ചു കയറിയതോ സാങ്കേതികവിദ്യയുടെ ഉയരങ്ങളിലേക്കും. കംപ്യൂട്ടറിന്റെ പരിണാമ സാധ്യതകള്‍ക്ക്‌ വെളിച്ചം പകര്‍ന്നുകൊണ്ട്‌ ഇന്റല്‍ കോര്‍പ്പറേഷന്റെ ലാബില്‍ പിറന്ന മൈക്രോപ്രോസസറിന്‌ ആവശ്യമായ പ്രോഗ്രാമെഴുതി ചരിത്രത്തില്‍ ഇടം നേടിയ ഈ കൊച്ചു പയ്യനെ നിങ്ങള്‍ ഇന്നറിയും.1941 ഒക്‌ടോബര്‍ 22ന്‌ ചിക്കാഗോയിലെ ഇല്ലിനോയ്‌സില്‍ ജനിച്ച സ്‌റ്റാന്‍ലി മേസര്‍ (Stanley Mazor) എന്ന പയ്യനാണ്‌ കംപ്യൂട്ടറിനെ ചെറുതാക്കാനുള്ള സൂത്രവിദ്യ - മൈക്രോപ്രോസസര്‍, വികസിപ്പിച്ചെടുക്കുന്നതില്‍ പങ്കാളിയായത്‌. 1959ല്‍ ബിരുദം പൂര്‍ത്തിയാക്കിയ സ്‌റ്റാന്‍ലി, തുടര്‍ന്ന്‌ സാന്‍ഫ്രാന്‍സിസ്‌കോ സ്‌റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. അവിടെ വച്ച്‌ പ്രണയത്തിലായ മൗറീന്‍ എന്ന വിദ്യാര്‍ത്‌ഥിനിയെ ജീവിത സഖിയാക്കുന്നത്‌ 1962ല്‍. ഇതേസമയം തന്നെ കംപ്യൂട്ടറുകളുമായി പ്രണയത്തിലായ സ്‌റ്റാന്‍ലി, യൂണിവേഴ്‌സിറ്റിയിലെ ഐ.ബി. എം. 1620 എന്ന കംപ്യൂട്ടറില്‍ പ്രോഗ്രാമിംഗ്‌ പഠനവും ആരംഭിച്ചു. ഈ പഠനത്തിനിടയില്‍ പ്രൊഫസറുടെ അസിസ്‌റ്റന്റായി വിദ്യാര്‍ത്‌ഥികള്‍ക്ക്‌ ക്‌ളാസ്സെടുക്കാനുള്ള `ശേഷി'യും മേസര്‍ നേടിയിരുന്നു. നല്ല സാങ്കേതിക ജ്‌ഞാനമുണ്ടായിരുന്ന മേസറിന്‌ 1964ല്‍ `ഫെയര്‍ചൈല്‍ഡ്‌' കമ്പനിയില്‍ പ്രോഗ്രാമറായി ജോലി കിട്ടി. തുടര്‍ന്ന്‌ റിസര്‍ച്ച്‌ വിഭാഗത്തില്‍ കംപ്യൂട്ടര്‍ ഡിസൈനറായ സ്‌റ്റാന്‍ലി `സിംബല്‍' എന്ന ഹൈ ലെവല്‍ ലാംഗ്വേജ്‌ രൂപപ്പെടുത്തിയെടുക്കുന്നതില്‍ പങ്കു വഹിച്ചു, ഇതിന്റെ പേറ്റന്റും നേടിയെടുത്തു.തുടര്‍ന്ന്‌ അവിടം വിട്ട സ്‌റ്റാന്‍ലി 1969ല്‍ ഇന്റല്‍ കോര്‍പ്പറേഷനില്‍ ചേര്‍ന്നു. കംപ്യൂട്ടറിനെ ഒറ്റ ചിപ്പില്‍ ഒതുക്കുകയെന്ന സ്വപ്‌നവുമായി നടക്കുന്ന ടെഡ്‌ ഹോഫുമായും അവരെ സഹായിക്കാനെത്തിയ ഫെഡറിക്കോ ഫാഗിനുമായും അവിടെ വച്ച്‌ ചങ്ങാത്തം കൂടിയ സ്‌റ്റാന്‍ലി എത്തിപ്പെട്ടതോ സൂക്‌ഷ്‌മവല്‍ക്കരണത്തിന്റെ അത്യഗാധ തലങ്ങളിലേക്കും. `ഇന്റല്‍ 4004' എന്ന ആദ്യത്തെ മൈക്രോപ്രോസസര്‍ പിറവിയെടുക്കുമ്പോള്‍ അതിന്‌ വേണ്ട പ്രോഗ്രാം എഴുതാനുള്ള നിയോഗം സ്‌റ്റാന്‍ലിക്കായിരുന്നു. മേസറുടെ വ്യക്തിഗത നേട്ടത്തിനോടൊപ്പം മൈക്രോപ്രോസസറിന്റെ വിജയഗാഥയും അങ്ങനെ അതിരുകടന്നു. കംപ്യൂട്ടര്‍ ഡിസൈനറായി ആറ്‌ വര്‍ഷക്കാലത്തെ സേവനത്തിന്‌ ശേഷം ഇന്റല്‍ കമ്പനിക്ക്‌ വേണ്ടി ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ അപ്‌ളിക്കേഷന്‍ എന്‍ജിനീയറായി ജോലി നോക്കാനും മേസര്‍ക്ക്‌ അവസരമുണ്ടായി. കമ്പനിയുടെ ഉപഭോക്താക്കളെ സഹായിക്കാനായി നിയോഗിക്കപ്പെട്ട മേസര്‍, അവിടെ നിന്നും ഒരു വര്‍ഷത്തിനു ശേഷം കാലിഫോര്‍ണിയയിലേക്ക്‌ മടങ്ങിയെത്തി. തിരിച്ചുവരവ്‌ സ്‌റ്റാന്‍ലിയെ എത്തിച്ചത്‌ അദ്ധ്യാപനത്തിന്റെ ലോകത്തേക്ക്‌. ഇന്റലിലെ ആദ്യത്തെ ടെക്‌നിക്കല്‍ ട്രെയിനിംഗ്‌ ഗ്രൂപ്പില്‍ അംഗമായ സ്‌റ്റാന്‍ലി പിന്നീട്‌ സ്‌റ്റാന്‍ഫോര്‍ഡ്‌, സാന്താക്‌ളാര എന്നീ യൂണിവേഴ്‌സിറ്റികള്‍ക്ക്‌ പുറമെ ലോകത്തിന്റെ പല ഭാഗത്തും ക്‌ളാസ്സുകള്‍ നടത്താനായി പറന്നു നടന്നു. ചെറു പ്രായത്തില്‍ ഹെലികോപ്‌ടറുകളെ സ്വപ്‌നം കണ്ട്‌ നടന്നിരുന്നെങ്കിലും പില്‍ക്കാലത്ത്‌ വിമാനത്തില്‍ ലോകം ചുറ്റാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം.ദക്‌ഷിണാഫ്രിക്ക, ചൈന, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പറന്നു നടന്ന്‌ ക്‌ളാസ്സുകള്‍ സംഘടിപ്പിച്ച സ്‌റ്റാന്‍ലി 1984ല്‍ `സിലിക്കണ്‍ കംപെയ്‌ലര്‍ സിസ്‌റ്റംസി'ല്‍ ചേര്‍ന്നു. കസ്‌റ്റമര്‍ എന്‍ജിനീയറിംഗ്‌ സര്‍വ്വീസിന്റെ ഡയറക്‌ടറായി ചുമതല വഹിച്ചിരുന്ന സ്‌റ്റാന്‍ലി പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള ഐ.സി. വികസിപ്പിക്കുന്ന ഈ കമ്പനിയില്‍ നിന്നും 1988ല്‍ രാജിയായി. ഇതേ വര്‍ഷം തന്നെ `സിനോപ്‌സിസ്‌' കമ്പനിയുടെ ടെക്‌നിക്കല്‍ ട്രെയിനിംഗ്‌ മാനേജരായി നിയമിതനായ സ്‌റ്റാന്‍ലി ഹാര്‍ഡ്‌വെയര്‍ ഡിസൈനിംഗ്‌ പ്രതിവാദ്യ വിഷയമായ 'A Guide to VHDL' എന്ന പുസ്‌തകത്തിന്റെ രചനയും പൂര്‍ത്തിയാക്കി. സെമികണ്ടക്‌ടര്‍ സൂക്‌ഷ്‌മവല്‍ക്കരണ സംബന്‌ധമായ അമ്പതോളം ലേഖനങ്ങളും അവരുടേതായി അതിനകം പുറത്തുവന്നു.ക്യോട്ടോ പ്രൈസ്‌, പി.സി. മാഗസിന്‍ ലൈഫ്‌ടൈം എച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌, അമേരിക്കന്‍ കണ്ടുപിടുത്തക്കാര്‍ക്കുള്ള റോബര്‍ട്ട്‌ ബ്രൗണ്‍ അവാര്‍ഡ്‌, സെമികണ്ടക്‌ടര്‍ ഇന്‍ഡസ്‌ട്രീസ്‌ അസോസിയേഷന്റെ വകയായുള്ള റോബര്‍ട്ട്‌ നോയ്‌സ്‌ അവാര്‍ഡ്‌ തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ക്ക്‌ അദ്ദേഹം അര്‍ഹനായിട്ടുണ്ട്‌.സാഹസിക വിനോദമായ സെയ്‌ലിംഗ്‌ ഏറെ ഇഷ്‌ടപ്പെടുന്ന ഈ ആര്‍ക്കിടെക്‌റ്റിന്‌ പാചകവും ഏറെ താല്‍പര്യമുള്ള വിഷയമാണ്‌. ചെറുപ്പത്തില്‍ ഹെലികോപ്‌ടറുകളെ സ്വപ്‌നം കണ്ടിരുന്നെങ്കിലും ഇന്ന്‌ പ്രശസ്‌തിയുടെ വര്‍ണ്ണചിറകിലേറി നടക്കുന്ന സ്‌റ്റാന്‍ലി ഇപ്പോള്‍ `ബി. ഇ. എ. സിസ്‌റ്റംസി'ന്റെ ട്രെയിനിംഗ്‌ ഡയറക്‌ടറായി ജോലി ചെയ്യുകയാണ്‌. തന്റെ പിന്‍ഗാമികള്‍ കംപ്യൂട്ടര്‍ മേഖലയില്‍ വരുത്തിയ മാറ്റങ്ങള്‍ കാണുമ്പോള്‍ മോഹന സ്വപ്‌നങ്ങള്‍ നെഞ്ചിലേറ്റ നടന്ന സ്‌റ്റാന്‍ലി മേസര്‍ക്ക്‌ ഇന്ന്‌ ചാരിത്യാര്‍ത്‌ഥ്യമാണുള്ളത്‌.

No comments: