Tuesday, May 29, 2007


ജോണ്‍ ബാര്‍ഡീന്‍

(1908 - 1991)


അമേരിക്കയിലെ വിസ്‌കോസിനില്‍ ജനിച്ചു. രണ്ട്‌ തവണ നോബല്‍ സമ്മാനം ലഭിച്ചു. ആദ്യ പുരസ്‌ക്കാരം ട്രാന്‍സിസ്‌റ്ററിന്‍െറ കണ്ടുപിടിത്തത്തിനും രണ്ടാമത്തേത്‌ സൂപ്‌പര്‍ കണ്ടക്‌ടിവിറ്റി എന്ന അതിചാലകതയെക്കുറിച്ച്‌ വിശദീകരണം നല്‍കിയ സിദ്ധാന്തത്തിനും. ബെല്‍ ലബോറട്ടറി, മിനസോട്ട യൂണിവേഴ്‌സിറ്റി, ഇല്‌ളിനോയ്‌സ്‌ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ ജോലി ചെയ്‌തിട്ടുണ്ട്‌.




കംപ്യൂട്ടറുകള്‍ ഇന്ന്‌ മനുഷ്യന്റെ സന്തത സഹചാരിയായി കഴിഞ്ഞു. ഒരു കെട്ടിടത്തിന്റെ വലിപ്പമുണ്ടായിരുന്ന കംപ്യൂട്ടറുകള്‍ രക്തത്തിലൂടെ ഓടി നടക്കാന്‍ പാകത്തിലുള്ള നാനോ കംപ്യൂട്ടറുകള്‍ക്ക്‌ വഴിമാറി. ഇതിനെല്ലാം കാരണമായത്‌ ആധുനിക ഇലക്‌ട്രോണിക്‌സിന്റെ വളര്‍ച്ചയാണ്‌.വാക്വം ട്യൂബുകള്‍ ഉപയോഗിച്ച്‌ നിര്‍മ്മിച്ചിരുന്ന പഴയകാല ഭീമന്‍ കംപ്യൂട്ടറുകളെ നമ്മുടെ ഉള്ളംകൈയിലൊതുക്കിയത്‌ ട്രാന്‍സിസ്‌റ്റര്‍ എന്ന ഉപകരണത്തിന്റെ കണ്ടുപിടുത്തത്തോടെയാണ്‌. മൂന്നു കാലുകളുമായി പിറന്ന ട്രാന്‍സ്‌റ്റിസ്‌റ്റര്‍ എന്ന ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന്‌ പിന്നില്‍ മൂന്ന്‌ ബുദ്ധികേന്ദ്രങ്ങളുണ്ടായിരുന്നു എന്നത്‌ യാദൃശ്‌ചികമാവാം. ജോണ്‍ ബാര്‍ഡീന്‍, വില്യം ഷോക്‌ലി, വാള്‍ട്ടര്‍ ബ്രറ്റയിന്‍ എന്നിവരാണ്‌ ഈ പ്രതിഭകള്‍.വാക്വം ട്യൂബിന്‌ പകരം നില്‍ക്കുന്ന ട്രാന്‍സിസ്‌റ്ററുകളെ പ്രിയങ്കരനാക്കിയത്‌ അവയുടെ വലിപ്പക്കുറവും പ്രവര്‍ത്തിക്കാന്‍ കുറൗ അളവില്‍ ഊര്‍ജ്‌ജം മതിയെന്നതുമാണ്‌. ഒരു സെന്റിമീറ്റര്‍ സ്‌ക്വയര്‍ അളവില്‍ ദശലക്‌ഷക്കണക്കിന്‌ ട്രാന്‍സിസ്‌റ്ററുകള്‍ ഉള്‍ക്കൊള്ളിച്ച്‌ തയ്യാറാക്കുന്ന അതിസൂക്‌ഷ്‌മ ചിപ്പുകള്‍ ഇന്ന്‌ പുതുമയല്ല. ആധുനിക ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങളുടെ അടിസ്‌ഥാനശിലയായി മാറിയ ട്രാന്‍സിസ്‌റ്ററിന്റെ കണ്ടുപിടിത്തത്തിന്‌ 1956ല്‍ മൂവര്‍ക്കും സംയുക്തമായി നോബല്‍ സമ്മാനം ലഭിച്ചു.നോബല്‍ സമ്മാനം ലഭിക്കുക എന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ശാസ്‌ത്ര വിഷയങ്ങളില്‍ രണ്ട്‌ തവണ നോബല്‍ സമ്മാനം ലഭിച്ചാലോ. പിന്നെ പറയാനില്ല. അങ്ങനെ രണ്ട്‌ തവണ നോബല്‍ സമ്മാനം ലഭിച്ചയാളാണ്‌ ജോണ്‍ ബാര്‍ഡീന്‍ എന്ന ശാസ്‌ത്രജ്‌ഞന്‍. ആദ്യ പുരസ്‌ക്കാരത്തിന്‌ ബാര്‍ഡീനെ അര്‍ഹനാക്കിയത്‌ ട്രാന്‍സിസ്‌റ്ററിന്റെ കണ്ടുപിടിത്തവും രണ്ടാമത്തേത്‌ സൂപ്പര്‍ കണ്ടക്‌ടിവിറ്റി എന്നറിയപ്പെടുന്ന അതിചാലകതയെ കുറിച്ച്‌ വിശദീകരണം നല്‍കിയ സിദ്ധാന്തത്തിനും.1908 മേയ്‌ 23ന്‌ അമേരിക്കയിലെ വിസ്‌കോസിനില്‍ ആയിരുന്നു ജോണ്‍ ബാര്‍ഡീന്‍ ജനിച്ചത്‌. വിസ്‌കോസിന്‍ സര്‍വ്വകലാശാലയിലെ മെഡിക്കല്‍ സ്‌കൂളിലെ ഡീന്‍ ആയിരുന്നു പിതാവ്‌. എന്‍ജിനീയറിംഗ്‌ ബിരുദത്തിന്‌ ശേഷം 1936ല്‍ പ്രിന്‍സ്‌റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ പിഎച്ച്‌.ഡി. കരസ്‌ഥമാക്കിയ ബാര്‍ഡീന്‍ നോബല്‍ സമ്മാന ജേതാവായ യൂജിന്‍ പി. വിഗ്‌നറുടെ കീഴില്‍ ഗവേഷണം ആരംഭിച്ചു. 1938 മുതല്‍ മൂന്ന്‌ വര്‍ഷക്കാലം മിനസോട്ട യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപകനായി ജോലി നോക്കിയ ബാര്‍ഡീന്‍ രണ്ടാം ലോക മഹായുദ്ധ കാലത്ത്‌ അമേരിക്കന്‍ നാവിക ആയുധ ഗവേഷണശാലയില്‍ മുഖ്യ ശാസ്‌ത്രജ്‌ഞനായി ചേര്‍ന്നു. തുടര്‍ന്ന്‌ 1946ല്‍ അദ്ദേഹം ബെല്‍ ടെലിഫോണ്‍സ്‌ ലബോറട്ടറിയിലെത്തി. സുഹൃത്തായ വില്യം ഷോക്‌ലിയുടെ ക്‌ഷണമനുസരിച്ച്‌ ബെല്‍ ലാബില്‍ ചേര്‍ന്ന ബാര്‍ഡീന്‍ അവിടെതന്നെയുണ്ടായിരുന്ന വാള്‍ട്ടര്‍ ബ്രറ്റയിനും ചേര്‍ന്ന്‌ അര്‍ദ്ധചാലക പദാര്‍ത്‌ഥങ്ങളുടെ സ്വഭാവത്തെക്കുറിച്ച്‌ ഗവേഷണമാരംഭിച്ചു. ഇതാണ്‌ ഒടുവില്‍ ലോകചരിത്രത്തിന്റെ ഗതിവിഗതികളെ മുഴുവന്‍ മാറ്റിമറിച്ച ട്രാന്‍സിസ്‌റ്റര്‍ എന്ന കണ്ടുപിടിത്തത്തിലേക്ക്‌ നയിച്ചത്‌. 1947 നവംബര്‍ 17ന്‌ അവര്‍ ആദ്യത്തെ ട്രാന്‍സിസ്‌റ്റര്‍ രൂപപ്പെടുത്തിയെടുത്തു. ഇതിന്‌ 1956ല്‍ ഭൗതികത്തിനുള്ള നോബല്‍ സമ്മാനം ഇവര്‍ മൂവര്‍ക്കുമായി നേടിക്കൊടുത്തു.ട്രാന്‍സിസ്‌റ്റര്‍ ഗവേഷണം പൂര്‍ത്തിയായതിനെ തുടര്‍ന്ന്‌ ബെല്‍ ലാബ്‌സ്‌ വിട്ട ബാര്‍ഡീന്‍ 1957ല്‍ ഇല്ലിനോയ്‌സ്‌ സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. തുടര്‍ന്ന്‌ അവിടെയുള്ള രണ്ട്‌ സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന്‌ അതിചാലകതയെക്കുറിച്ചുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. പ്രത്യേക താപനിലയിലെത്തുമ്പോള്‍ ചില പദാര്‍ത്‌ഥങ്ങള്‍ക്ക്‌ വൈദ്യുത പ്രതിരോധം നഷ്‌ടപ്പെടുന്ന പ്രതിഭാസം എങ്ങനെ യുക്തിഭദ്രമായി വിശദീകരിക്കാം എന്നതായിരുന്നു ഗവേഷണത്തിന്‌ പിന്നിലുണ്ടായിരുന്ന ലക്‌ഷ്യം. 1957 ആയപ്പോഴേക്കും കൂപ്പര്‍, ഫ്രീഷദ്ദ എന്നിവരോടൊത്ത്‌ ചേര്‍ന്ന്‌ ബാര്‍ഡീന്‍ ലക്‌ഷ്യം കണ്ടു. പില്‍ക്കാലത്ത്‌, അതിചാലകതയിലുണ്ടായ എല്ലാ സൈദ്ധാന്തിക പഠനങ്ങള്‍ക്കും അടിത്തറയായത്‌ ഇവരുടെ ഈ സിദ്ധാന്തമായിരുന്നു. ഈ കണ്ടുപിടിത്തത്തിനായി ജോണ്‍ ബാര്‍ഡീന്‌ ഒരിക്കല്‍ കൂടി നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി. ഇതിന്‌ പുറമെ അര്‍ദ്ധചാലകങ്ങളുടെ ചില പ്രത്യേക ധര്‍മ്മങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന മറ്റൊരു സിദ്ധാന്തത്തിന്റെ കര്‍ത്താവ്‌ കൂടിയാണ്‌ ബാര്‍ഡീന്‍.ഇലക്‌ട്രോണിക്‌്‌സ്‌ ഉപകരണങ്ങളുടെ അടിസ്‌ഥാന ഘടകമായി മാറിയ ട്രാന്‍സിസ്‌റ്റര്‍ നമ്മുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എത്രയോ വലുതാണ്‌. വലുപ്പം കൂടിയ പല ഉപകരണങ്ങളും ഇന്ന്‌ നഗ്‌ന നേത്രങ്ങള്‍ കൊണ്ട്‌ കാണാന്‍ പോലും കഴിയാത്തത്ര ചെറുതായിരിക്കുന്നു. അതിന്‌ വഴിവെളിച്ചമാറിയ ജോണ്‍ ബാര്‍ഡീന്‍ 1991 ഫെബ്രുവരി എട്ടിന്‌ ബോസ്‌റ്റണില്‍ വച്ച്‌ അന്തരിച്ചു.

No comments: