അഗസ്‌റ്റ അഡ ബൈറണ്‍
( 1815 - 1852 )
ഇംഗ്ലണ്ടില്‍ജനിച്ചു.ലോകത്തിലെ ആദ്യത്തെ വനിതാ പ്രോഗ്രാമര്‍. അനലിറ്റക്കല്‍ എന്‍ജിനെക്കുറിച്ച് 1841ല്‍ ഇറ്റാലിക്കാരനായ ലൂയിസ് മെനേബ്ര ഫ്രഞ്ചില്‍ തയ്യാറാക്കിയ കുറിപ്പ് അഡ തന്റെ വകയായുള്ള പരിഷ്‌ക്കാരങ്ങള്‍ സഹിതം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്‌തു. അമേരിക്കന്‍ പ്രതിരോധ വകുപ്പ് 1979ല്‍ തയ്യാറാക്കിയ ഒരു കംപ്യൂട്ടര്‍ പ്രോഗ്രാമിന് അഡയുടെ പേരാണ് നല്‍കിയിരിക്കുന്നത്.
കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് രംഗത്ത് പ്രഥമ സ്‌ഥാനം. അതും ഒരു വനിതയ്‌ക്ക്. മാത്രമല്ല അവര്‍ ഒരു പ്രഭ്വിയും. ഈ വിശേഷണങ്ങളെല്ലാം ചേരുന്നത് ലോകത്തിലെ ആദ്യത്തെ വനിതാ പ്രോഗ്രാമറായി അറിയപ്പെടുന്ന അഗസ്‌റ്റാ അഡയ്‌ക്ക്. അമേരിക്കന്‍ പ്രതിരോധ വകുപ്പ് 1979ല്‍ തയ്യാറാക്കിയ ഒരു കംപ്യൂട്ടര്‍ പ്രോഗ്രാമിന് അഡയുടെ പേരാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ നിന്ന് ഇവരുടെ പ്രാധാന്യം ഊഹിക്കാം. പ്രസിദ്ധ കവി ലോര്‍ഡ് ബൈറന്റെ പുത്രിയായി 1815 ഡിസംബര്‍ 10ന് ഇംഗ്ലണ്ടില്‍ ജനിച്ച അഗസ്‌റ്റാ അഡാ ബൈറണ്‍ സൈബര്‍ സ്‌പേസിലെ `സ്‌റ്റാറ്റ്യൂ ഓഫ് ലിബര്‍ട്ടി' എന്ന നിലയിലും അറിയപ്പെടുന്നു.
ലോര്‍ഡ് ബൈറണും ആനി ഇസബെല്ല (അന്നബെല്ല)യും വിവാഹിതരായത് 1815 ജനുവരി രണ്ടിനാണ്. ഒരു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും 1816 ജനുവരി 16ന് വേര്‍പിരിഞ്ഞു. അതിനിടയിലാണ് അഡ ജനിക്കുന്നത്. മകളുടെ ജനനത്തിന് ശേഷം ഒരു മാസം മാത്രമേ പിതാവ് ഒപ്പമുണ്ടായിരുന്നുള്ളൂ. അതിനാല്‍ പിതാവിന്റെ പരിലാളനകള്‍ അഡയ്‌ക്ക് ലഭിച്ചിരുന്നില്ല. പിന്നെ മാതാവാണ് അഡയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. കവി കൂടിയായ പിതാവിന്റെ പാതയിലേക്ക് അഡ വഴിമാറിയേക്കുമെന്ന് ഭയന്ന മാതാവ് തന്റെ ഇഷ്‌ട വിഷയമായ ഗണിതശാസ്‌ത്രം മകളെ പഠിപ്പിക്കുന്നതിന് വളരെയേറെ അദ്ധ്വാനിച്ചിരുന്നു. മകളുടെ ഇഷ്‌ട വിഷയവും കണക്കായതിനാല്‍ പിന്നീടുള്ള കാര്യങ്ങള്‍ എളുപ്പമായി തീര്‍ന്നു.
തന്റെ പതിനേഴാമത്തെ വയസ്സില്‍ മേരി സോമര്‍വെല്ലിയുടെ ശിക്‌ഷണത്തില്‍ ഗണിതപഠനം മെച്ചപ്പെടുത്തിയ അഡ 1833ലാണ് കംപ്യൂട്ടറിന്റെ പിതാവായി അറിയപ്പെടുന്ന ചാള്‍സ് ബാബേജിനെ കാണുന്നത്. ശാസ്‌ത്രജ്‌ഞനും ഗണിതകാരനുമായ ബാബേജുമായുള്ള അടുപ്പം അഡയെ വിജ്‌ഞാനത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയായിരുന്നു. ബാബേജിന്റെ പക്കല്‍ നിര്‍മ്മാണത്തിലിരുന്ന ഡിഫറന്‍സ് എന്‍ജിന്റെ പ്രവര്‍ത്തനം മനസ്സിലാക്കിയ അഡ അദ്ദേഹത്തെ സഹായിക്കാനായാണ് പിന്നീടുള്ള കാലം കഴിച്ചുകൂട്ടിയത്. 1841ല്‍ ഇറ്റാലിക്കാരനായ ലൂയിസ് മെനേബ്ര, അനലിറ്റക്കല്‍ എന്‍ജിനെക്കുറിച്ച് ഫ്രഞ്ചില്‍ തയ്യാറാക്കിയ കുറിപ്പ് അഡ തന്റെ വകയായുള്ള പരിഷ്‌ക്കാരങ്ങള്‍ സഹിതം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്‌തു. ബാബേജിന്റെ കണ്ണിലെ കൃഷ്‌ണമണിയായി കണക്കാക്കപ്പെടുന്ന അഡയെ പ്രശസ്‌തയാക്കിയതും ഈ കുറിപ്പുകളാണ്.
അഡയുടെ പിതാവ് 1824ല്‍ ഗ്രീസില്‍ വച്ച് മരിച്ചു. പത്തൊമ്പതാമത്തെ വയസ്സില്‍ വില്യം കിങ്ങിനെ വിവാഹം കഴിച്ചതോടെ അഡയുടെ ജീവിതത്തിലും തിരക്കേറി. മൂന്ന് കുട്ടികളുടെ മാതാവായ അഡ ഭര്‍ത്താവായ വില്യം കിങ്ങിന് പ്രഭു പദവി ലഭിച്ചതോടെ 1838ല്‍ പ്രഭ്വിയുമായി. അതോടെ അഗസ്‌റ്റ അഡ എന്ന പേര് മാറി അഡ ലൗലേസ് എന്നായി. വീണ്ടും പഠനം തുടങ്ങിയ അഡ 1841ല്‍ ഡീ മോര്‍ഗന്റെ സഹായത്തോടെയാണ് ഗണിതശാസ്‌ത്രം അഭ്യസിച്ചത്. സ്വയം `അനലിസ്‌റ്റ്' എന്ന വിശേഷിപ്പിച്ചിരുന്ന അഡ 1843ലാണ് അനലിറ്റക്കല്‍ എന്‍ജിനെക്കുറിച്ചുള്ള വിവര്‍ത്തനം പ്രസിദ്ധപ്പെടുത്തുന്നത്. അതോടെ അവര്‍ പ്രശസ്‌തിയിലേക്ക് ഉയരുകയും ചെയ്‌തു.
ചെറിയ ജീവിതകാലത്തിനിടയില്‍ ചെയ്‌തുവച്ച വലിയ കാര്യങ്ങളാണ് അഡയെ പ്രശസ്‌തയാക്കിയത്. ഇരുപത്തിയേഴാമത്തെ വയസ്സുമുതല്‍ ശാരീരാകാസ്വാസ്‌ഥ്യതകള്‍ അലട്ടി തുടങ്ങിയ അഡ 1852 നവംബര്‍ 27ന് മരണത്തിന് കീഴടങ്ങി. ജീവിതകാലത്തിനിടയില്‍ ഒന്നിക്കാനായില്ലെങ്കിലും മരണത്തിലെങ്കിലും പിതാവിനൊപ്പം കഴിയണമെന്ന ആഗ്രഹത്താല്‍ അഡയുടെ മൃതദേഹം പിതാവിന്റെ ഭൗതിക ശരീരം അടക്കം ചെയ്‌തിടത്തു തന്നെ സംസ്‌കരിച്ചു. അഡ ലൗലേസ് തയ്യാറാക്കിയ ലേഖനങ്ങള്‍ പലതും സമാഹരിച്ച് പ്രസിദ്ധീകരിക്കാന്‍ ചാള്‍സ് ബാബേജ് ശ്രമിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് മിക്കവയും കണ്ടുകിട്ടിയത്. ആധുനിക കംപ്യൂട്ടറുകള്‍ രൂപപ്പെടുത്തുന്നതിന് പ്രധാന പങ്കുവഹിച്ച ഡിഫറന്‍സ് എന്‍ജിന്റെയും അനലിറ്റിക്കല്‍ എന്‍ജിന്റെയും പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിച്ച അഡയുടെ പേരില്‍ ഇന്ന് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോകം ആഗോളഗ്രാമമായി ചുരുങ്ങുമ്പോഴും അഡ എന്ന സ്‌ത്രീരത്‌നത്തിന്റെ മാറ്റ് വര്‍ദ്ധിച്ചുവരുന്നതേയുള്ളൂ.
No comments:
Post a Comment