Tuesday, May 29, 2007


ഫെഡറിക്കോ ഫാഗിന്‍

( 1941 - * )



ഇറ്റലിയിലെ വിയന്നയില്‍ ജനിച്ചു. 1970ല്‍ `ഇന്റലി'ല്‍ റിസര്‍ച്ച്‌ ആന്റ്‌ ഡവലപ്‌മെന്റ്‌ വിഭാഗം മേധാവിയായി. മൈക്രോപ്രോസസര്‍ വികസിപ്പിച്ചെടുത്ത ഇന്റലിലെ ശാസ്‌ത്രജ്‌ഞന്‍മാരുടെ സംഘത്തിലെ പ്രമുഖന്‍. `സിലോഗ്‌' കോര്‍പ്പറേഷന്‍, `സിഗ്‌നെറ്റ്‌' , `സിനാപ്‌റ്റിക്‌സ്‌' എന്നീ കമ്പനികളുടെ സ്‌ഥാപകനാണ്‌. നിരവധി അവാര്‍ഡുകളും ഫെലോഷിപ്പുകളും കിട്ടിയിട്ടുണ്ട്‌.


1971 ജനുവരിയിലെ ഒരു സായാഹ്‌നം. ഫെഡറിക്കോ ഫാഗിന്‍ തന്റെ ജോലിയില്‍ മുഴുകിയിരിക്കുകയാണ്‌. അന്നത്തെ ജോലിയെല്ലാം മിക്കവാറും തീര്‍ന്നു കഴിഞ്ഞിരുന്നു. അപ്പോഴാണ്‌ തന്റെ നിര്‍ദ്ദേശ പ്രകാരം ഇന്റല്‍ കോര്‍പ്പറേഷന്റെ ലാബില്‍ നിര്‍മ്മിച്ച ഇന്റഗ്രേറ്റഡ്‌ സര്‍ക്യൂട്ടിന്റെ സിലിക്കണ്‍ വാഫര്‍ ഫാഗിന്‌ ലഭിക്കുന്നത്‌. സമയം വൈകിട്ട്‌ ആറ്‌ മണിയായി കാണും. തന്റെ സഹപ്രവര്‍ത്തകരെല്ലാം ജോലി മതിയാക്കി വീട്ടിലേക്ക്‌ മടങ്ങിത്തുടങ്ങിയിരുന്നു. പക്‌ഷെ ഫാഗിന്റെ മനസ്സിലിപ്പോള്‍ ലാബില്‍ നിന്ന്‌ നിര്‍മ്മിച്ച്‌ നല്‍കിയ വാഫറിനെക്കുറിച്ച്‌ മാത്രമാണ്‌ ചിന്ത. ലാബിലെ ടെസ്‌റ്റിംഗ്‌ യൂണിറ്റുമായി തന്റെ കയ്യിലുള്ള ഉപകരണത്തെ ഘടിപ്പിച്ചു. ഫാഗിന്റെ നെഞ്ചിലിപ്പോള്‍ തീയാണ്‌. കൈകള്‍ വിറയ്‌ക്കുന്നു. അപ്പോഴതാ ലാബിലെ ടെസ്‌റ്റിംഗ്‌ മോണിറ്ററുകളില്‍ നിന്ന്‌ അനുകൂലമായ സിഗ്‌നലുകള്‍ ലഭിച്ചു തുടങ്ങി. ഫാഗിന്‍ സന്തോഷത്തിന്റെ കൊടുമുടിയിലേക്ക്‌....... അപ്പോഴേക്കും സമയം വെളുപ്പിന്‌ മൂന്ന്‌ മണി. തന്നെയും കാത്ത്‌ വീട്ടില്‍ തനിച്ചിരിക്കുന്ന ഭാര്യയെ ഫാഗിന്‍ ഓര്‍ത്തില്ല. ഉടന്‍ വീട്ടിലേക്ക്‌ മടങ്ങി തന്റെ നിര്‍ണ്ണായകമായ കണ്ടുപിടിത്തത്തിന്റെ ഫലം ഭാര്യ എല്‍വിയയോട്‌ പറഞ്ഞു.ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ മികച്ച കണ്ടുപിടിത്തം എന്ന്‌ വിശേഷിപ്പിക്കാവുന്ന മൈക്രോപ്രോസസറിന്റെ ടെസ്‌റ്റിംഗ്‌ വേളയായിരുന്നു ജനുവരിയിലെ ആ സായാഹ്‌നം. ലോകത്തെ തന്നെ മാറ്റിമറിച്ച കണ്ടുപിടിത്തം. മിക്ക ഉപകരണങ്ങളുടെയും നിയന്ത്രണം മൈക്രോപ്രോസസറുകളും മൈക്രോ കണ്‍ട്രോളറുകളും ഏറ്റെടുത്തിരിക്കുന്ന ഇന്നത്തെ സാഹചര്യം അന്ന്‌ ടെഡ്‌ ഹോഫും ഫെഡറിക്കോ ഫാഗിനും സ്‌റ്റാന്‍ലി മേസറും അടങ്ങുന്ന, മൈക്രോപ്രോസസര്‍ വികസിപ്പിച്ചെടുത്ത ഇന്റലിലെ ശാസ്‌ത്രജ്‌ഞ സംഘത്തിന്‌ ഭാവനയില്‍പോലും ദര്‍ശിക്കാന്‍ പറ്റുന്നതായിരുന്നില്ല.1941 ഡിസംബര്‍ ഒന്നിന്‌ ഇറ്റലിയിലെ വിയന്നയില്‍ ജനിച്ച ഫെഡറിക്കോ ഫാഗിന്‍ പഠനത്തില്‍ മിടുക്കനായിരുന്നു. 1960ല്‍ ബിരുദം നേടിയ ഫാഗിന്‍ 65ല്‍ ഡോക്‌ടറേറ്റും കരസ്‌ഥമാക്കി. ഇറ്റലിയിലെ Padua യൂണിവേഴ്‌സിറ്റിയില്‍ അതേ വര്‍ഷം അസിസ്‌റ്റന്റ്‌ പ്രൊഫസറായി ജോലി തരപ്പെടുത്തി. തുടര്‍ന്ന്‌ 1966ല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും രാജിവച്ച്‌ CERES കോര്‍പ്പറേഷനില്‍ സീനിയര്‍ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചു. അവിടെയും ഫാഗിന്‌ ഇരിപ്പുറച്ചില്ല. ഫാഗിന്‍ നേരെ മിലനിലെ '`എസ്‌.ജി. എസ്‌. ഫെയര്‍ചൈല്‍ഡ'്‌ കമ്പനിയില്‍ അവസരം നേടി. തുടര്‍ന്ന്‌ അവിടെ നിന്ന്‌ മെറ്റല്‍ ഓക്‌സൈഡ്‌ സെമികണ്ടക്‌ടര്‍ ഐ.സി. വികസിപ്പിക്കുകയും ചെയ്‌തു. അവിടെ തുടങ്ങുന്നു ഫാഗിന്റെ വിജയ കഥ. 1968ല്‍ ഫെയര്‍ചൈല്‍ഡിന്റെ മാതൃസ്‌ഥാപനമായ കാലിഫോര്‍ണിയയിലെ '`ഫെയര്‍ചൈല്‍ഡി'ലേക്ക്‌ മാറിയ ഫാഗിന്‍ അവിടെയും തിളങ്ങി. സിലിക്കണ്‍ ഉപകരണങ്ങളില്‍ അതുവരെ ഉപയോഗിച്ചുവന്ന അലുമിനിയം കണ്‍ട്രോള്‍ ഗേറ്റ്‌ ടെക്‌നോളജിക്ക്‌ പകരം സിലിക്കണ്‍ കണ്‍ട്രോള്‍ ഗേറ്റ്‌ ടെക്‌നോളജി ഫാഗിന്‍ പരീക്‌ഷിച്ചു. ഇന്ന്‌ 90 ശതമാനം സിലിക്കണ്‍ ഉപകരണങ്ങളിലും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിവരുന്നു.1970ല്‍ ഫാഗിന്‍ '`ഫെയര്‍ചൈല്‍ഡ്‌' ഉപേക്‌ഷിച്ച്‌ `ഇന്റലി'ലേക്ക്‌ കുടിയേറി. റിസര്‍ച്ച്‌ ആന്റ്‌ ഡവലപ്‌മെന്റ്‌ വിഭാഗം മേധാവിയായ ഫാഗിന്‍ അവിടെ വച്ചാണ്‌ ടെഡ്‌ ഹോഫിന്റെയും സ്‌റ്റാന്‍ലിയുടെയും സഹകരണത്തോടെ ചരിത്രത്തിലിടം നേടിയ മൈക്രോപ്രോസസര്‍ എന്ന അത്‌ഭുത ഉപകരണത്തിന്‌ ജന്‍മമേകിയത്‌. പിന്നീട്‌ വളര്‍ച്ചയുടെ പടവുകള്‍ കയറി തുടങ്ങിയ മൈക്രോപ്രോസസര്‍ നിര്‍മ്മാണം ബിസിനസ്‌ രംഗത്ത്‌ വന്‍ സാധ്യതകളാണ്‌ തുറന്നിട്ടത്‌.1974ല്‍ `ഇന്റല്‍' വിട്ട്‌ `സിലോഗ്‌' കോര്‍പ്പറേഷന്‍ സ്‌ഥാപിക്കുമ്പോള്‍ ഫാഗിന്റെ മനസ്സിലുണ്ടായിരുന്ന ലക്‌ഷ്യം മൈക്രോപ്രോസസര്‍ നിര്‍മ്മാണരംഗത്തെ അതികായരായി തന്റെ കമ്പനിയെ വളര്‍ത്തുകയെന്നതാണ്‌. ഈ രംഗത്ത്‌ ഇന്റലുമായി മത്സരിക്കാന്‍ തുനിഞ്ഞ സിലോഗിനെ 1981ല്‍ മറ്റൊരു കമ്പനി ഏറ്റെടുത്തു. അതോടെ അവിടം വിട്ട ഫാഗിന്‍ `സിഗ്‌നെറ്റ്‌' എന്ന പേരില്‍ മറ്റൊരു കമ്പനി സ്‌ഥാപിച്ച്‌ കംപ്യൂട്ടറിന്‌ വേണ്ട വോയ്‌സ്‌, ഡാറ്റാ ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. അവിടെയും ഫാഗിന്‌ തന്റെ മനസ്സിനെ കുടിയിരുത്താനായില്ല. 1986ല്‍ `സിനാപ്‌റ്റിക്‌സ്‌' എന്നൊരു സ്‌ഥാപനം കൂടി അദ്ദേഹം തുടങ്ങി. ന്യൂറല്‍ നെറ്റ്‌വര്‍ക്കുകളും അനുബന്‌ധ സാങ്കേതികവിദ്യയും വികസിപ്പിക്കാന്‍ ഉദ്ദേശിച്ച്‌ രൂപീകരിച്ച ഈ കമ്പനിയുടെ ചെയര്‍മാനായി 1999 മുതല്‍ ഫാഗിന്‍ തുടര്‍ന്നു. മറ്റു ചില സാങ്കേതിക സ്‌ഥാപനങ്ങളില്‍ കൂടി അദ്ദേഹം ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസറായും അവയുടെ പ്രസിഡന്റ്‌ സ്‌ഥാനവും ഏറ്റെടുത്തിട്ടുണ്ട്‌. `സിമോസ്‌' ഇമേജ്‌ സെന്‍സറുകളുടെ ഉല്‍പ്പാദനത്തിലും വിതരണത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന FOVOEN കമ്പനിയുടെ സി. ഇ. ഒ, പ്രസിഡന്റ്‌ എന്നീ നിലകളില്‍ 2003 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഫാഗിന്‍ കംപ്യൂട്ടര്‍ ലോകത്തിന്‌ നല്‍കിയ സംഭാവന അമൂല്യം തന്നെ.മികവിനുള്ള അംഗീകാരമായി നിരവധി അവാര്‍ഡുകളും ഫെലോഷിപ്പുകളും ഫാഗിനെ തേടിയെത്തിയിട്ടുണ്ട്‌. 1988ല്‍ ലഭിച്ച ഇന്റര്‍നാഷണല്‍ മാര്‍ക്കോണി ഫെലോഷിപ്പും 1994ല്‍ ലഭിച്ച എ. ഇ. ഇ. ഇ.യുടെ വാലസ്‌ മക്‌ ഡൊണാള്‍ഡ്‌ അവാര്‍ഡും 1997ല്‍ ലഭിച്ച ക്യോട്ടോ പ്രൈസും അവയില്‍ ചിലത്‌ മാത്രം. കംപ്യൂട്ടര്‍ സയന്‍സില്‍ മിലന്‍ യൂണിവേഴ്‌സിറ്റിയും ഇലക്‌ട്രോണിക്‌സ്‌ എന്‍ജിനീയറിംഗില്‍ റോം യൂണിവേഴ്‌സിറ്റിയും ഇദ്ദേഹത്തിന്‌ ഹോണററി ഡോക്‌ടറേറ്റ്‌ ബിരുദങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്‌. പ്രശസ്‌തിയുടെ പടിവാതിലുകള്‍ താണ്ടുമ്പോഴും അങ്ങകലെ തന്റെ ഓഫീസിലിരുന്ന്‌ സാങ്കേതിക വിദ്യയുടെ വികാസത്തോടൊപ്പം കംപ്യൂട്ടറിന്റെ സൂക്ഷ്‌മവല്‍ക്കരണം നോക്കിക്കാണുകയാണ്‌ ഫാഗിന്‍.

No comments: