ജാക് എസ് കില്‍ബി
( 1923 - 2005 )
മിസൗറിയിലെ ജെഫേഴ്‌സണ്‍ സിറ്റിയില്‍ ജനിച്ചു. 1958 ല്‍ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് ചിപ്പ് നിര്‍മ്മിച്ചു. മൂന്നാംതലമുറ കംപ്യൂട്ടറുകളുടെ ആവിര്‍ഭാവത്തിന് ഇത് കാരണമായി. 2000ല്‍ ജാക് എസ് കില്‍ബിക്ക് നോബല്‍ സമ്മാനം ലഭിച്ചു. അറുപതിലധികം പേറ്റന്റുകളും കില്‍ബി സ്വന്തമാക്കിയിരുന്നു. 1970ല്‍ അമേരിക്ക, സയന്‍സിനുള്ള ദേശീയ മെഡല്‍ അദ്ദേഹത്തിന് സമ്മാനിക്കുകയുണ്ടായി.
ട്രാന്‍സിസ്‌റ്ററുകളുടെ കണ്ടുപിടിത്തത്തോടെ ഇലക്‌ട്രോണിക്‌സ് മേഖലയില്‍ ആവേശകരമായ മുന്നേറ്റമുണ്ടായി. എല്ലാ ഉപകരണങ്ങളിലും ട്രാന്‍സിസ്‌റ്ററുകള്‍ ആധിപത്യം സ്‌ഥാപിച്ചു. വാക്വം ട്യൂബുകളെ അപേക്‌ഷിച്ച് മികച്ച പ്രകടനം കാഴ്‌ചവച്ചെങ്കിലും ട്രാന്‍സിസ്‌റ്ററുകള്‍, കപ്പാസിറ്ററുകള്‍, റെസിസ്‌റ്ററുകള്‍ തുടങ്ങി ഒരു ഉപകരണത്തിലെ ഘടക ഭാഗങ്ങള്‍ പലതും ഒരുമിച്ച് കമ്പികള്‍കൊണ്ട് ബന്‌ധിപ്പിക്കുപ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ രൂക്‌ഷമായിരുന്നു. സങ്കീര്‍ണ്ണ ഉപകരണങ്ങള്‍ കൂടിയാകുമ്പോള്‍ പ്രശ്‌നം ഗുരുതരമാകും. സിലിക്കണ്‍ പോലുള്ള ക്രിസ്‌റ്റലുകള്‍ ഉപയോഗിച്ചാണ് ഇതിലെ മിക്കഭാഗങ്ങളും തയ്യാറാക്കുന്നത്. ഇവയെല്ലാം ഒരേ ക്രിസ്‌റ്റലില്‍ തന്നെ രൂപപ്പെടുത്തിയെടുത്താല്‍ കൂട്ടിയിണക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നം ഒഴിവാക്കാനാവുമല്ലോ? ഈ ചിന്തയാണ് വളരെ പ്രശസ്‌തമായ ഇന്റര്‍ഗ്രേറ്റഡ് സര്‍ക്യൂട്ട് എന്ന ഐ.സി.യുടെ കണ്ടുപിടിത്തത്തിലേക്ക് ജാക് എസ്. കില്‍ബിയെ നയിച്ചത്.മിസൗറിയിലെ ജെഫേഴ്‌സണ്‍ സിറ്റിയില്‍ 1923 നവംബര്‍ എട്ടിന് കില്‍ബി ജനിച്ചു. ഒരു ചെറിയ ഇലക്‌ട്രിക് കമ്പനി ഉടമയായിരുന്നു കില്‍ബിയുടെ അച്‌ഛന്‍. ചെറുപ്പം മുതലേ സാങ്കേതികവിദ്യയില്‍ കമ്പമുണ്ടായിരുന്ന കില്‍ബി ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി. അതിന് ശേഷം വിസ്‌കോണ്‍സിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇതേ വിഷയത്തില്‍ മാസ്‌റ്റര്‍ ബിരുദവും കരസ്‌ഥമാക്കിയിട്ടുണ്ട്.ഗ്‌ളോബല്‍ യൂണിയന്‍ ഇന്‍ കോര്‍പ്പറേഷന്റെ മില്‍വാക്കിയിലുള്ള സെന്‍ട്രല്‍ ലാബ് ഡിവിഷനില്‍ സെറാമിക് അടിസ്‌ഥാനമാക്കിയുള്ള സില്‍ക് സ്‌ക്രീന്‍ഡ് സര്‍ക്യൂട്ട് വികസിപ്പിച്ചുകൊണ്ട് ജോലിയാരംഭിച്ച കില്‍ബി പിന്നീട് ടെക്‌സാസ് ഇന്‍സ്‌ട്രുമെന്റ്‌സില്‍ ചേര്‍ന്നു. കമ്പനിയില്‍ എല്ലാവരും വേനലവധിയിലായിരുന്നപ്പോള്‍ കില്‍ബിക്ക് മാത്രം അവധി നിഷേധിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജോലിയില്‍ ചേര്‍ന്നയാള്‍ക്ക് വേനലവധിക്ക് അവകാശമില്ല, കാരണമതായിരുന്നു. ഇതായിരിക്കും ഒരു പക്‌ഷെ കില്‍ബിക്ക് തുണയായത്. കോളേജില്‍ പഠിക്കുന്ന സമയത്ത് ബെല്‍ ലാബില്‍ നിര്‍മ്മിച്ച ട്രാന്‍സിസ്‌റ്റര്‍ പ്രൊഫസര്‍ തന്റെ ശിഷ്യന്‍മാര്‍ക്ക് കാട്ടിക്കൊടുത്തിരുന്നു. ഇതില്‍ പണ്ടേ കില്‍ബിയുടെ മനസ്സുടക്കിയിരുന്നു. ജോലി ചെയ്യാനില്ലാത്തതിനാല്‍ കില്‍ബി ഏറെ സമയം ട്രാന്‍സിസ്‌റ്ററുകളെക്കുറിച്ച് ചിന്തിച്ചുകൊണ്ടേയിരുന്നു. ട്രാന്‍സിസ്‌റ്ററുകളും മറ്റും അര്‍ദ്ധചാലക ക്രിസ്‌റ്റലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്. എന്തുകൊണ്ട് കപ്പാസിറ്റര്‍, റെസിസ്‌റ്റര്‍ തുടങ്ങിയ മറ്റ് ഇലക്‌ട്രോണിക് ഘടകങ്ങളും അര്‍ദ്ധചാലകങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചുകൂടാ. അങ്ങനെയെങ്കില്‍ ഇവയെല്ലാം ഒരുമിച്ച് ഒറ്റ ക്രിസ്‌റ്റലില്‍ തന്നെ രൂപപ്പെടുത്തിയെടുക്കാമെന്ന ചിന്തയും കില്‍ബിയുടെ മനസ്സില്‍ തെളിഞ്ഞുവന്നു. എങ്കില്‍ എല്ലാം ഒരൊറ്റ അര്‍ദ്ധചാലക ക്രിസ്‌റ്റലില്‍ ആയിരിക്കുമ്പോള്‍ അതിന്റെ നിര്‍മ്മാണവും ഉപയോഗവും എളുപ്പമാവുകയും ചെയ്യും. ഈയൊരു ചിന്ത മനസ്സിനെ മദിച്ചപ്പോള്‍ അക്കാര്യം കില്‍ബി തന്റെ ബോസിനെ അറിയിച്ചു. ഇക്കാര്യം ഏറെ താല്‍പര്യത്തോടെ ശ്രവിച്ച അധികാരികള്‍ അത്തരമൊരു പദ്ധതിക്കുള്ള അനുവാദവും നല്‍കി. അങ്ങനെ കില്‍ബി 1958 സെപ്‌തംബര്‍ 12ന് അതിന്റെ ഒരു വര്‍ക്കിംഗ് മോഡല്‍ തയ്യാറാക്കി. പിറ്റെ വര്‍ഷം ഫെബ്രുവരി ആറിന് അതിന്റെ പേറ്റന്റിന് അപേക്‌ഷ നല്‍കുകയും ചെയ്‌തു.ഒരു ട്രാന്‍സ്‌റ്റിര്‍, ഒരു കപ്പാസിറ്റര്‍, മൂന്ന് റെസിസ്‌റ്ററുകള്‍ എന്നിവയടങ്ങിയ ആദ്യത്തെ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടിന് ഒരു പേപ്പര്‍ ക്‌ളിപ്പിന്റെ പകുതിയോളമേ വലിപ്പമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ആധുനിക സാങ്കേതികവിദ്യയനുസരിച്ച് ഇന്ന് അതേ വലിപ്പത്തില്‍ ഐ.സി. നിര്‍മ്മിച്ചാല്‍ അതില്‍ 125 മില്യനിലധികം ട്രാന്‍സിസ്‌റ്ററുകള്‍ ഉള്‍ക്കൊള്ളിക്കാനാവും. അത്രമാത്രം പുരോഗതിയാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്.ഇന്റഗ്രേറ്റഡ് ചിപ്പുകളുടെ കണ്ടുപിടുത്തം മൂന്നാംതലമുറ കംപ്യൂട്ടറുകളുടെ ആവിര്‍ഭാവത്തിന് കാരണമായി. പിന്നെ ഐ.സി. ഉപയോഗിക്കാത്ത ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ ഇല്ലെന്ന അവസ്‌ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. ലോകത്തെ മാറ്റിമറിച്ച ഐ.സി.യുടെ കണ്ടുപിടിത്തത്തിന് 2000ല്‍ ജാക് എസ് കില്‍ബിക്ക് നോബല്‍ സമ്മാനം ലഭിച്ചു. അതേതുടര്‍ന്ന് കില്‍ബിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ``ഞാന്‍ നിര്‍മ്മിച്ച ഐ.സി. ഇലക്‌ട്രോണിക്‌സ് മേഖലയ്‌ക്ക് വളരെ അത്യാവശ്യമായിരുന്നു എന്ന് എനിക്കറിയാമായിരുന്നു. പക്‌ഷെ അത് ഈ മേഖലയില്‍ ഇത്രമാത്രം മാറ്റം വരുത്തുമെന്ന് എനിക്ക് അന്ന് തോന്നിയതേയില്ല''.കില്‍ബി ഐ.സി. വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അതേകാലത്ത് തന്നെ കാലിഫോര്‍ണിയയില്‍ റോബര്‍ട്ട് നോര്‍ട്ടണ്‍ നോയ്‌സ് എന്ന ശാസ്‌ത്രജ്‌ഞനും ഇതേ ചിന്തയില്‍ മുഴുകി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അതിന്റെ ഫലമായി അവരും ഉപകരണം വികസിപ്പിച്ചിരുന്നു. 1959ല്‍ പേറ്റന്റിനായി അപേക്‌ഷ നല്‍കിയപ്പോള്‍ മാത്രമാണ് രണ്ട് സ്‌ഥലത്ത് നിന്ന് ഒരേ രീതിയിലുള്ള ഉപകരണം നിര്‍മ്മിച്ചിട്ടുണ്ടെന്ന് ഇരുവരും മനസ്സിലാക്കുന്നത്. സാങ്കേതികവിദ്യയില്‍ ഇത്തിരി മാറ്റങ്ങള്‍ ഉണ്ടെങ്കിലും രണ്ടിന്റെയും ഉദ്ദേശ്യം ഒന്നുതന്നെയായിരുന്നു. കില്‍ബിയായിരുന്നു ആദ്യം പേറ്റന്റിനായി അപേക്‌ഷ നല്‍കിയിരുന്നത്. അതിനെ തുടര്‍ന്ന് പേറ്റന്റ് ആര് നേടുമെന്നുള്ള പ്രശ്‌നമായി. അങ്ങനെയുണ്ടായ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ സാങ്കേതികവിദ്യയിലെ മികവ് കണക്കിലെടുത്ത് 1961 ഏപ്രില്‍ 25ന് റോബര്‍ട്ട് നോയ്‌സിന് ഐ.സി.യുടെ പേറ്റന്റ് അവകാശം നല്‍കി. കില്‍ബി ജര്‍മ്മേനിയവും നോയ്‌സ് സിലിക്കണ്‍ ക്രിസ്‌റ്റലുകളുമാണ് ഐ.സി.യുടെ നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തിയിരുന്നത്. എന്നിരുന്നാലും ഐ.സി. ആദ്യം കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് ജാക് എസ് കില്‍ബിക്ക് അവകാശപ്പെട്ടത് തന്നെ.1961ല്‍ ഐ.സി. വ്യാവസായികാടിസ്‌ഥാനത്തില്‍ ഫെയര്‍ചൈല്‍ഡ് സെമികണ്ടക്‌ടര്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കി. അമേരിക്കന്‍ സൈന്യത്തിന് വേണ്ടി നിര്‍മ്മിച്ച കംപ്യൂട്ടറുകളിലും മിസൈലിലുമാണ് ആദ്യമായി ഐ.സി. ഉപയോഗിച്ചു തുടങ്ങിയത്.കില്‍ബിയുടെ മറ്റൊരു കണ്ടുപിടിത്തമാണ് പോര്‍ട്ടബിള്‍ കാല്‍ക്കുലേറ്റര്‍. 1967ല്‍ കണ്ടുപിടിച്ച ഈ ഉപകരണത്തിന് പുറമെ വിവിധ കണ്ടുപിടുത്തങ്ങള്‍ക്കായി അറുപതിലധികം പേറ്റന്റുകളും കില്‍ബി സ്വന്തമാക്കിയിരുന്നു. 1970ല്‍ അമേരിക്ക സയന്‍സിനുള്ള ദേശീയ മെഡല്‍ അദ്ദേഹത്തിന് സമ്മാനിക്കുകയുണ്ടായി. അവസാനകാലത്ത് ടെക്‌സാസ് ഇന്‍സ്‌ട്രുമെന്റ്‌സിന്റെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്ന കില്‍ബി 1983ല്‍ അവിടെ നിന്നും വിരമിച്ചു. 154 മില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മ്മിച്ച ഗവേഷണ വികസന കോംപ്‌ളക്‌സിന് ടെക്‌സാസ് ഇന്‍സ്‌ട്രുമെന്റ്‌സ് കില്‍ബിയുടെ ആദരസൂചകമായി അദ്ദേഹത്തിന്റെ പേരും നല്‍കി. കാന്‍സര്‍ ബാധയോട് മല്ലിട്ട് ഈ മഹാപ്രതിഭ 2005 ജൂണ്‍ 20ന് നമ്മെ വിട്ടുപിരിഞ്ഞു.`കണ്ടുപിടിത്തമെന്നത് ബ്രഹ്‌മവിദ്യയൊന്നുമല്ല. നിങ്ങള്‍ക്ക് അതീവ താല്‍പര്യമുള്ള മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ കണ്ടുപിടിത്തം താനെ നടന്നുകൊള്ളും. അതൊരു പ്രകൃതി പ്രതിഭാസം മാത്രമാണത്'- കില്‍ബിയുടെ ഈ വാക്കുകള്‍ ഇന്നത്തെ തലമുറയ്‌ക്കുള്ള ഉപദേശമാണ്.
No comments:
Post a Comment