Tuesday, May 29, 2007


റോബര്‍ട്ട്‌ നോര്‍ട്ടണ്‍ നോയ്‌സ്‌
( 1927 - 1990 )


ഡെന്‍മാര്‍ക്കില്‍ ജനിച്ചു. 1959ലാണ്‌ നോയ്‌സിന്റെ നേതൃത്വത്തില്‍ ഐ.സി. കണ്ടുപിടിച്ചത്‌. ജാക്‌സ്‌ എസ്‌ കില്‍ബിയും ഈ സമയത്തു തന്നെ ഐ.സി. നിര്‍മ്മിച്ചിരുന്നു.സങ്കീര്‍ണ്ണമായ സര്‍ക്യൂട്ടുകള്‍ ഉപയോഗപ്പെടുത്തി ഐ.സി. നിര്‍മ്മിച്ച നോയ്‌സിനാണ്‌ പാറ്റന്റ്‌ ലഭിച്ചത്‌. 1968 ല്‍ ഇന്റല്‍ കമ്പനി സ്‌ഥാപിച്ചു. 1975 വരെ ഇന്റലിന്റെ പ്രസിഡന്റായും 1975-79 വരെ കമ്പനി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.



ചെറുതാക്കുന്നതിലൂടെ വലുതാകുന്ന ലോകമാണ്‌ കംപ്യൂട്ടര്‍ രംഗവും ഇലക്‌ട്രോണിക്‌സ്‌ മേഖലയും. ട്രാന്‍സിസ്‌റ്ററുകളും പിന്നാലെ വന്ന ഇന്റര്‍ഗ്രേറ്റഡ്‌ സര്‍ക്യൂട്ടുകളുമാണ്‌ ഉപകരണങ്ങളുടെ ചുരുങ്ങല്‍ പ്രക്രിയയ്‌ക്ക്‌ തുടക്കം കുറിച്ചത്‌. റോബര്‍ട്ട്‌ നോര്‍ട്ടണ്‍ നോയ്‌സും ജാക്‌ എസ്‌ കില്‍ബിയും ഒരേ സമയത്ത്‌ വിവിധ ദിശകളിലൂടെ നടത്തിയ പരീക്‌ഷണം യുവതലമുറയ്‌ക്ക്‌ സമ്മാനിച്ചത്‌ കൈപ്പിടിയിലൊതുങ്ങിയ കംപ്യൂട്ടറും അതുവഴി വിരല്‍തുമ്പത്തെത്തിയ വിജ്‌ഞാനവും.ഇലക്‌ട്രോണിക്‌ ഘടകവസ്‌തുക്കളെ ചെറുതാക്കിയതിലൂടെ `വലുതായ' ശാസ്‌ത്രജ്‌ഞനാണ്‌ റോബര്‍ട്ട്‌ നോര്‍ട്ടണ്‍ നോയ്‌സ്‌. `സിലിക്കണ്‍വാലിയുടെ മേയര്‍' എന്ന പേരില്‍ അറിയപ്പെട്ട അദ്ദേഹമാണ്‌ ഇന്നത്തെ പ്രശസ്‌തമായ ഇന്റല്‍ കമ്പനി സ്‌ഥാപിച്ചത്‌. ചിപ്പ്‌ നിര്‍മ്മാണരംഗത്തെ പ്രശസ്‌തരായ ഇന്റലിനെക്കുറിച്ച്‌ അറിയാത്തവരായി ഇന്ന്‌ ആരുമുണ്ടാകില്ല. ഇന്റല്‍ പെന്റിയം ഒരുകാലത്ത്‌ അതിപ്രശസ്‌തമായിരുന്നു. അതിനേക്കാള്‍ ഉയര്‍ന്ന ശേഷിയുള്ള മൈക്രോപ്രോസര്‍ ചിപ്പുകളുമായി വിപണിയില്‍ ശക്തമായ മത്സരം കാഴ്‌ചവയ്‌ക്കുന്നതില്‍ ഇന്റല്‍ ഇന്നും മുന്നിലാണ്‌. ചിപ്പ്‌ നിര്‍മ്മാണരംഗത്തെ അതികായരായി വളര്‍ന്നുവരാന്‍ തങ്ങള്‍ക്കാവുമെന്ന്‌ റോബര്‍ട്ട്‌ നോയ്‌സും ഗോര്‍ഡന്‍ മൂറും കമ്പനി സ്‌ഥാപിക്കുമ്പോള്‍ ആലോചിച്ചുണ്ടാവില്ല.ഡെന്‍മാര്‍ക്കിലെ അയോവയില്‍ 1927 ഡിസംബര്‍ 12നാണ്‌ റോബര്‍ട്ട്‌ നോര്‍ട്ടണ്‍ നോയ്‌സ്‌ ജനിച്ചത്‌. സുവിശേഷകന്റെ മകനായി പിറന്ന നോയ്‌സ്‌ 1949ല്‍ ഗ്രിന്നല്‍ കോളേജില്‍ നിന്ന്‌ ബി. എ.യും 1953ല്‍ പ്രശസ്‌തമായ മസാച്ചുസെറ്റ്‌സ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ നിന്ന്‌ ഫിസിക്കല്‍ ഇലക്‌ട്രോണിക്‌സില്‍ പി എച്ച്‌. ഡി. ബിരുദവും നേടി. തുടര്‍ന്ന്‌ 1956 വരെ ഫിലാഡല്‍ഫിയയിലെ `ഫില്‍കോ'യില്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടു. അതിനുശേഷം ട്രാന്‍സിസ്‌റ്റര്‍ കണ്ടുപിടിച്ച വില്യം ഷോക്‌ലി സ്‌ഥാപിച്ച `ഷോക്‌ലി സെമികണ്ടക്‌ട'റില്‍ ചേര്‍ന്നു. അവിടെയും റോബര്‍ട്ടിന്‌ ഇരിപ്പുറച്ചില്ല. ആരുമായും ഒത്തുപോകാത്ത സ്വഭാവത്തിനുടമായ ഷോക്‌ലിയുമായി തെറ്റിപ്പിരിഞ്ഞ്‌ റോബര്‍ട്ട്‌ നോയ്‌സ്‌ മടങ്ങുകയായിരുന്നു. നോയ്‌സിനോടൊപ്പം മറ്റ്‌ ഏഴു പേര്‍ കൂട്ടിനുണ്ടായിരുന്നു. അങ്ങിനെ 1957ല്‍ റോബര്‍ട്ട്‌ നോയ്‌സ്‌ , `ഫെയര്‍ചൈല്‍ഡ്‌ സെമികണ്ടക്‌ടര്‍' എന്ന സ്‌ഥാപനം തുടങ്ങി. പിന്നീട്‌ അതിന്റെ ജനറല്‍ മാനേജര്‍ സ്‌ഥാനം ഏറ്റെടുത്ത നോയ്‌സിന്‌ പിന്നെ ഒരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നില്ല.കോളേജില്‍ പഠിക്കുന്ന സമയത്ത്‌ ട്രാന്‍സിസ്‌റ്ററുകളെ കുറിച്ച്‌ മനസ്സിലാക്കിയപ്പോള്‍ തന്നെ അതിന്റെ ഭാവി സാദ്ധ്യതകളെ പറ്റി നോയ്‌സ്‌ ഏറെ ആലോചിച്ചിരുന്നു. മസാച്ചുസെറ്റ്‌സ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ പഠിക്കുമ്പോഴേക്കും ട്രാന്‍സിസ്‌റ്റര്‍ മേഖലയില്‍ തന്റെ പ്രൊഫസറെക്കാളേറെ വിവരം നോയ്‌സ്‌ സ്വന്തമാക്കി.1959ലാണ്‌ നോയ്‌സിന്റെ നേതൃത്വത്തില്‍ ഐ.സി. എന്ന ഇന്റര്‍ഗ്രേറ്റഡ്‌ സര്‍ക്യൂട്ട്‌ കണ്ടുപിടിച്ചത്‌. അതിന്‌ മുമ്പ്‌ ടെക്‌സാസ്‌ ഇന്‍സ്‌ട്രുമെന്റ്‌സിലെ ജാക്‌ എസ്‌ കില്‍ബിയും ഇതുപോലുള്ള ഒരു ഉപകരണം നിര്‍മ്മിച്ചിരുന്നു. അലുമിനിയം ബാഷ്‌പം ഉപയോഗിച്ച്‌ വിവിധ ഭാഗങ്ങളെ കൂട്ടിയിണക്കി പ്‌ളാനാര്‍ പ്രക്രിയ വഴി രൂപപ്പെടുത്തിയെടുത്ത ഐ.സി.യുടെ പേറ്റന്റിനായി നോയ്‌സ്‌ അപേക്‌ഷ നല്‍കി. അപ്പോഴാണ്‌ മറ്റൊരാള്‍ ഇതേ രീതിയിലുള്ള ഉപകരണത്തിന്‌ പേറ്റന്റിനായി കാത്തിരിക്കുന്നത്‌ അറിഞ്ഞത്‌. അതിന്‌ ശേഷം സാങ്കേതിക പ്രശ്‌നങ്ങളിലൂന്നിയുള്ള കത്തിടപാടുകള്‍ പാറ്റന്റ്‌ ഓഫീസും ഇരു ശാസ്‌ത്രജ്‌ഞന്‍മാരും തമ്മില്‍ നടന്നു. സങ്കീര്‍ണ്ണമായ സര്‍ക്യൂട്ടുകള്‍ ഉപയോഗപ്പെടുത്തി ഐ.സി. നിര്‍മ്മിച്ച നോയ്‌സിനാണ്‌ കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കാനായത്‌. ഇതിനെ തുടര്‍ന്ന്‌ റോബര്‍ട്ട്‌ നോയ്‌സിന്‌ പാറ്റന്റ്‌ അനുവദിക്കുകയും ചെയ്‌തു. രണ്ടാമത്‌ അപേക്‌ഷിച്ചയാള്‍ക്ക്‌ പാറ്റന്റ്‌ നല്‍കിയതിനെതിരെ കില്‍ബി നിയമയുദ്ധം നടത്തിയെങ്കിലും രക്‌ഷയുണ്ടായില്ല. 1968ല്‍ പാറ്റന്റ്‌ ലഭിച്ചതിനെ തുടര്‍ന്ന്‌ വ്യാവസായികാടിസ്‌ഥാനത്തില്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയ ഐ.സി. ഇലക്‌ട്രോണിക്‌സ്‌ മേഖലയെയാകെ അടിമുടി മാറ്റിമറിച്ചു.1968ല്‍ ഫെയര്‍ ചൈല്‍ഡ്‌ സെമികണ്ടക്‌ടര്‍ കമ്പനിയിലുണ്ടായിരുന്ന അവകാശം വിറ്റ നോയ്‌സ്‌, ഐ.സി. വികസിപ്പിക്കുന്നതില്‍ തന്റെ പങ്കാളിയായിരുന്ന ഗോര്‍ഡന്‍ മൂറുമായി ചേര്‍ന്ന്‌ ജൂലായില്‍ ഇന്റല്‍ കമ്പനി സ്‌ഥാപിച്ചു. വില്യം ഷോക്‌ലിയുടെ കൂടെയുണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്ന തൊഴിലുടമ - തൊഴിലാളി പ്രശ്‌നങ്ങള്‍ തങ്ങളുടെ കമ്പനിയില്‍ ആവര്‍ത്തിക്കരുതെന്ന കാര്യത്തില്‍ നോയ്‌സിന്‌ വളരെ നിഷ്‌കര്‍ഷയുണ്ടായിരുന്നു. അത്‌ പുതിയൊരു തൊഴില്‍ സംസ്‌കാരത്തിന്‌ തന്നെ തുടക്കം കുറിച്ചു. ഇന്ന്‌ കംപ്യൂട്ടര്‍ മേഖലയില്‍ അനുഭവിക്കുന്ന സുഖസൗകര്യങ്ങള്‍ക്കെല്ലാം കാരണം അന്ന്‌ സിലിക്കണ്‍വാലിയില്‍ റോബര്‍ട്ട്‌ നോയ്‌സും കൂട്ടരും എടുത്ത തീരുമാനം പിന്നീട്‌ വളര്‍ന്നുവന്ന കമ്പനികള്‍ അതുപോലെ പകര്‍ത്തിയതായിരുന്നു. റോബര്‍ട്ട്‌ നോയ്‌സ്‌ 1975 വരെ `ഇന്റലി'ന്റെ പ്രസിഡന്റായും 1975 - 79 വരെ കമ്പനി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കംപ്യൂട്ടര്‍ എന്ന്‌ കേള്‍ക്കുമ്പോള്‍ അത്‌ `പെന്റിയ'മാണോ എന്ന്‌ അന്വേഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അതും കടന്ന്‌ ജിഗാ ഹെര്‍ട്‌സിലേക്ക്‌ കംപ്യൂട്ടറിന്റെ വേഗത മാറിക്കഴിഞ്ഞു. ദ്രുതഗതിയിലുള്ള ഈ മാറ്റത്തിനിടയില്‍ ഇലക്‌ട്രോണിക്‌സ്‌ മേഖലയില്‍ മുടിചൂടാമന്നനായി വാണ റോബര്‍ട്ട്‌ നോര്‍ട്ടണ്‍ നോയ്‌സ്‌ 1990ല്‍ അന്തരിച്ചു.

2 comments:

cyberspace history said...

ചെറുതാക്കുന്നതിലൂടെ വലുതാകുന്ന ലോകമാണ്‌ കംപ്യൂട്ടര്‍ രംഗവും ഇലക്‌ട്രോണിക്‌സ്‌ മേഖലയും. ട്രാന്‍സിസ്‌റ്ററുകളും പിന്നാലെ വന്ന ഇന്റര്‍ഗ്രേറ്റഡ്‌ സര്‍ക്യൂട്ടുകളുമാണ്‌ ഉപകരണങ്ങളുടെ ചുരുങ്ങല്‍ പ്രക്രിയയ്‌ക്ക്‌ തുടക്കം കുറിച്ചത്‌.

Anonymous said...

It isn't hard at all to start making money online in the hush-hush world of [URL=http://www.www.blackhatmoneymaker.com]seo blackhat[/URL], Don’t feel silly if you haven’t heard of it before. Blackhat marketing uses little-known or not-so-known ways to generate an income online.