Tuesday, May 29, 2007


ലിബ്‌നിറ്റ്‌സ്‌ഗോട്ടിഫ്രെഡ്‌ വില്യം ലിബ്‌നിറ്റ്‌സ്‌

(1646 - 1716)

ജര്‍മ്മനിയില്‍ ജനിച്ചു. ബൈനറി സംഖ്യാ സമ്പ്രദായത്തിന്റെ ഉപജ്‌ഞാതാവ്‌. ലീപ്‌സിഗ്‌ സര്‍വ്വകലാശാലയിലെ തത്വചിന്താ പ്രൊഫസറായിരുന്നു. അടിസ്‌ഥാന ഗണിതക്രിയകള്‍ക്ക്‌ പുറമെ വര്‍ഗ്‌ഗമൂലം കാണാന്‍ സാധിക്കുന്ന കണക്കു കൂട്ടല്‍ ഉപകരണം ഉണ്ടാക്കി. രസമുപയോഗിക്കാത്ത അനറോയ്‌ഡ്‌ ബാരോമീറ്റര്‍ നിര്‍മ്മിച്ചു. കലന (കാല്‍ക്കുലസ്‌) ശാസ്‌ത്രത്തിന്‌ കനത്ത സംഭാവന നല്‍കി



`` ഒന്നുമില്ലായ്‌മയില്‍ നിന്ന്‌ ദൈവം എല്ലാം സൃഷ്‌ടിച്ചു. ഒന്നുമില്ലായ്‌മയെ പൂജ്യമായും ദൈവത്തെ ഒന്നായും സങ്കല്‍പ്പിക്കുക. സംഖ്യകള്‍ അനന്തമാണ്‌. അങ്ങനെയെങ്കില്‍ 0, 1 എന്നീ അക്കങ്ങള്‍ ഉപയോഗിച്ചും അനന്തമായ സംഖ്യകളെ രേഖപ്പെടുത്തുകയുമാവാം. അതുപോലെ ഒന്നുമില്ലായ്‌മയില്‍ നിന്നും ദൈവത്തിന്‌ എല്ലാ സൃഷ്‌ടിക്കാം'' - ലിബ്‌നിറ്റ്‌സിന്റെ ആശയത്തില്‍ നിന്ന്‌.മതപരമായ ഒരു വിശ്വാസത്തെ ഗണിതശാസ്‌ത്രപരമായ ഒരു തെളിവ്‌ സഹിതം ചൈനീസ്‌ ചക്രവര്‍ത്തിക്ക്‌ ക്രിസ്‌തുമത തത്വം വിശദീകരിച്ചു നല്‍കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഇങ്ങനെ ആശയം ലിബ്‌നിറ്റ്‌സിനുണ്ടായത്‌. ഇതായിരുന്നു ബൈനറി സമ്പ്രദായത്തിന്റെ തുടക്കം. രണ്ടേ രണ്ട്‌ സംഖ്യകള്‍ ഉപയോഗിച്ച്‌ കംപ്യൂട്ടറില്‍ ക്രിയകള്‍ നടത്താന്‍ അടിസ്‌ഥാനപരമായ ആശയം നല്‍കിയ ലിബ്‌നിറ്റ്‌സ്‌ ജര്‍മ്മനിയിലെ ലീപ്‌സിഗ്‌ നഗരത്തില്‍ 1646 ജൂലായ്‌ ഒന്നാം തീയതി ജനിച്ചു. മുഴുവന്‍ പേര്‌ - ഗോട്ടിഫ്രെഡ്‌ വില്യം വോണ്‍ ലിബ്‌നിറ്റ്‌സ്‌ . ആറു വയസ്സുള്ളപ്പോള്‍ അച്‌ഛന്‍ ഫ്രീഡ്‌റിഷ്‌ മരിച്ചു. ലീപ്‌സിഗ്‌ സര്‍വ്വകലാശാലയിലെ തത്വചിന്താ പ്രൊഫസറായിരുന്നു അദ്ദേഹം. പിന്നീട്‌ അമ്മ കാതറിന ഷുമാക്കാണ്‌ ലിബ്‌നിസ്‌റ്റിനെ വളര്‍ത്തിയത്‌. പതിനാലാം വയസ്സില്‍ ലീപ്‌സിഗ്‌ സര്‍വ്വകലാശാലയില്‍ തത്വചിന്തയും ഗണിതവും പഠിക്കാന്‍ ചേര്‍ന്ന ലിബ്‌നിറ്റ്‌സ്‌ 1663ല്‍ ബിരുദം നേടി. തുടര്‍ന്ന്‌ നിയമത്തില്‍ ഡോക്‌ടറേറ്റിനായി ശ്രമിച്ചെങ്കിലും എന്തുകൊണ്ടോ അത്‌ അദ്ദേഹത്തിന്‌ നിഷേധിക്കപ്പെട്ടു. ഡോക്‌ടറേറ്റ്‌ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന്‌ അദ്ദേഹം ലീപ്‌സിഗ്‌ സര്‍വ്വകലാശാലയില്‍ നിന്നും വിടവാങ്ങി. തുടര്‍ന്ന്‌ ന്യൂറംബര്‍ഗ്‌ഗ്‌ സര്‍വ്വകലാശാലയിത്തില്‍ എത്തിയ ലിബ്‌നിറ്റ്‌സിനെ അവര്‍ ഡോക്‌ടറേറ്റ്‌ പദവിയും ജോലിയും നല്‍കി സ്വീകരിച്ചു. പക്‌ഷെ ജോലി സ്വീകരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. പകരം ഒരു നയതന്ത്ര പ്രതിനിധിയായി പാരീസിലേക്ക്‌ പോവുകയായിരുന്നു. നയതന്ത്ര ദൗത്യങ്ങളുമായി അദ്ദേഹം യൂറോപ്പ്‌ മുഴുവന്‍ സന്ദര്‍ശിച്ചു. യൂറോപ്പിലെ പ്രതിഭാശാലികളായ ഗണിതശാസ്‌ത്രജ്‌ഞന്‍മാരുമായി ചര്‍ച്ച നടത്താനും കണ്ടുപിടുത്തങ്ങള്‍ പങ്കുവയ്‌ക്കാനും ഈ സ്‌ഥലംമാറ്റം ലിബ്‌നിറ്റ്‌സിന്‌ വളരെ ഉപകാരപ്പെട്ടു.ഗണിതശാസ്‌ത്രരംഗത്ത്‌ ലിബ്‌നിറ്റ്‌സിന്റെ സംഭാവന അതുല്യമായിരുന്നു. പാസ്‌കല്‍ കണ്ടുപിടിച്ച കണക്കുകൂട്ടല്‍ യന്ത്രത്തിന്‌ സങ്കലനവും വ്യവകലനവും മാത്രമേ ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഗുണനം, ഹരണം, വര്‍ഗ്‌ഗമൂലം എന്നിവ അതിന്‌ അപ്രാപ്യമായിരുന്നു. ഇതെല്ലാം സാധിക്കുന്ന രീതിയിലുള്ള ഒരു ഉപകരണം ലിബ്‌നിറ്റ്‌സ്‌ രൂപകല്‍പ്പന ചെയ്‌ത്‌ ഉണ്ടാക്കി. ഗണിതത്തില്‍ ഗവേഷണം നടത്തുന്നതിനിടയില്‍ തന്നെ മതപ്രവര്‍ത്തനം നടത്താനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. അന്തരീക്‌ഷ മര്‍ദ്ദം അളക്കുന്നതിന്‌ രസമുപയോഗിക്കാത്ത അനറോയ്‌ഡ്‌ ബാരോമീറ്റര്‍ നിര്‍മ്മിച്ചതും ഇദ്ദേഹം തന്നെ. ഇദ്ദേഹം വികസിപ്പിച്ചെടുത്ത കലനം (കാല്‍ക്കുലസ്‌) എന്ന ശാസ്‌ത്രശാഖയുടെ പ്രായോഗികത കാരണം ഇന്ന്‌ എല്ലാം മേഖലകളിലും അത്‌ ഉപയോഗിക്കുന്നുണ്ട്‌. ഗണിതശാസ്‌ത്രത്തിന്‌ സാര്‍വ്വത്രികമായ ഒരു ഭാഷ കണ്ടെത്തുക എന്ന ലക്‌ഷ്യം കൂടി അന്ന്‌ ലിബ്‌നിറ്റ്‌സിനുണ്ടായിരുന്നു. ഈ ശ്രമമാണ്‌ ബൈനറി സമ്പ്രദായത്തിലേക്കും `സിമ്പോളിക്‌ ലോജിക്‌' എന്ന ചിന്തയിലേക്കും ഇദ്ദേഹത്തെ നയിച്ചത്‌. ഐസക്‌ ന്യൂട്ടനും ലിബ്‌നിറ്റ്‌സും ഏതാണ്ട്‌ ഒരേ സമയത്ത്‌ തന്നെയാണ്‌ കാല്‍ക്കുലസിന്റെ ഗവേഷണവുമായി മുന്നോട്ടുനീങ്ങിയിരുന്നത്‌. ലിബ്‌നിറ്റ്‌സില്‍ ഇതിലുപയോഗിച്ച സംജ്‌ഞകളായിരുന്നു ന്യൂട്ടന്റേതിനെക്കാള്‍ മെച്ചപ്പെട്ടവ. കാല്‍ക്കുലസിന്റെ പിതൃത്വം സംബന്‌ധിച്ചുണ്ടായ വിവാദത്തില്‍ ഇടപെട്ട റോയല്‍ സൊസൈറ്റി ന്യൂട്ടന്‌ അനുകൂലമായി വിധിയെഴുതിയെങ്കിലും ന്യൂട്ടന്റെ അനുയായികളായിരുന്നു ഇത്‌ സംബന്‌ധിച്ച അന്വേഷണ കമ്മിഷനില്‍ ഉണ്ടായിരുന്നതെന്ന യാഥാര്‍ത്‌ഥ്യം ഒരു വിരോധാഭാസമായി ഇന്നും അവശേഷിക്കുന്നു. കാല്‍ക്കുലസിന്റെ പിതൃത്വം സംബന്‌ധിച്ചുണ്ടായ തര്‍ക്കം ലിബ്‌നിറ്റിസിനെ മാനസികമായി ഏറെ അലോസരപ്പെടുത്തിയിരുന്നു.1682ല്‍ ലിബ്‌നിറ്റ്‌സിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഗണിതശാസ്‌ത്ര പ്രസിദ്ധീകരണം നിരവധി പ്രതിഭാശാലികള്‍ക്ക്‌ കരുത്തുപകരുന്നതായിരുന്നു. ലണ്ടനിലെ റോയല്‍ സൊസൈറ്റിയുടെയും പാരീസിലെ അക്കാദമി ഓഫ്‌ സയന്‍സിന്റെയും ചുവടുപിടിച്ച്‌ ബെര്‍ലിന്‍ സയന്‍സ്‌ അക്കാദമിക്ക്‌ രൂപം നല്‍കിയ ലിബ്‌നിറ്റ്‌സ്‌ കര്‍മ്മകുശലനായ ഒരു മതപ്രചാരകന്‍ കൂടിയായിരുന്നു. കത്തോലിക്കാ മതത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഇദ്ദേഹം സാമ്പത്തികശാസ്‌ത്രം, ജിയോളജി, അന്താരാഷ്‌ട്ര നിയമങ്ങള്‍ തുടങ്ങിയ മേഖലകളിലും തനതായ നേട്ടമുണ്ടാക്കിയിരുന്നു. എന്നിരുന്നാലും ഇദ്ദേഹത്തിന്റെ അവസാനകാലം ദുരിതപൂര്‍ണ്ണമായിരുന്നു. യൂറോപ്പിലുണ്ടായ ചില അധികാരമാറ്റങ്ങള്‍ ലിബ്‌നിറ്റ്‌സിനെ വിസ്‌മൃതയിലാഴ്‌ത്തി. അവസാന കാലത്ത്‌ എല്ലാവരാലും അവഗണിക്കപ്പെട്ട ലിബ്‌നിറ്റസ്‌ ഏറെ നിരാശയിലായിരുന്നു. ലിബ്‌നിറ്റസ്‌ 1716ല്‍ അന്തരിച്ചു. ഒന്നുമില്ലായ്‌മയില്‍ നിന്നും എല്ലാം ദൈവം സൃഷ്‌ടിച്ചുവെന്ന്‌ വെളിവാക്കിയ ലിബ്‌നിറ്റ്‌സ്‌ തെളിച്ചു തന്ന വഴിയിലൂടെ, പൂജ്യത്തിനും ഒന്നിനും ഇടയിലൂടെ ഏറെദൂരം സഞ്ചരിച്ച നമ്മള്‍ ഇന്ന്‌ എത്തിനില്‍ക്കുന്നത്‌ ആധുനിക സൂപ്പര്‍ കംപ്യൂട്ടര്‍ എന്ന വലിയ ഒന്നിലാണ്‌.

No comments: