Monday, December 3, 2007

ഇനി ആര്‍ക്കും തെങ്ങില്‍ കേറാം....

തിക്കോടിയിലെ ചാത്തുക്കുട്ടിയുടെ വീട്ടിലെ തേങ്ങ പറിച്ചുകൊടുക്കാത്തതിന്‌ തെങ്ങുകയറ്റക്കാരന്‍ ശ്രീധരനെതിരെ വക്കീല്‍ നോട്ടീസ്‌! പുതുമയുള്ള കാര്യമാണെങ്കിലും തെങ്ങു കയറ്റത്തൊഴിലാളികളെ കിട്ടാനില്ലെന്നുള്ളത്‌ ദുഃഖസത്യവും. ഇതിന്‌ പരിഹാരമായി കോഴിക്കോട്ടെ പരേതനായ കെ. എന്‍. രാമദാസ്‌ വൈദ്യര്‍ സ്‌ഥാപിച്ച തെങ്ങുകയറ്റ കോളേജ്‌ നാടുനീളെ സ്വാശ്രയാടിസ്‌ഥാനത്തില്‍ തുടങ്ങിക്കൂടേ എന്ന്‌ നിങ്ങള്‍ ചോദിച്ചേക്കാം. പക്‌ഷേ, അതൊക്കെ നടക്കുന്ന കാര്യമാണോ?തെങ്ങില്‍ കയറാന്‍ ഇനി കോളേജിലൊന്നും പോകേണ്ട. ആര്‍ക്കു വേണമെങ്കിലും തെങ്ങിലെന്നല്ല എവിടെയും ചാടിപിടിച്ച്‌ കയറാം, തലകീഴായി തൂങ്ങി നടക്കാം. ഒരു പ്രശ്‌നവുമില്ല. എല്ലാം ശുഭമായി നടക്കും. എന്താ സുഹൃത്തേ, നിങ്ങള്‍ക്ക്‌ വട്ടായോ? ചോദ്യം നിങ്ങളുടെ നാവിന്‍ തുമ്പത്ത്‌ എത്തിയത്‌ അറിയുന്നുണ്ട്‌. പക്‌ഷേ, അതിനുള്ള ഉത്തരം സ്‌പൈഡര്‍മാന്‍ തരും.പടുകൂറ്റന്‍ കെട്ടിടങ്ങളുടെ വശങ്ങളിലൂടെയും മറ്റും പിടിച്ച്‌ മുകളിലേക്ക്‌ കയറുകയും ഒരു കെട്ടിടത്തില്‍ നിന്ന്‌ മറ്റൊരു കെട്ടിടത്തിലേക്ക്‌ ചാടി മറിയുകയും ചെയ്യുന്ന സ്‌പൈഡര്‍മാന്‍ കുട്ടികളുടെ ഹരമായിരുന്നു. പല്ലിക്കും വെള്ളിത്തിരയിലെ സ്‌പൈഡര്‍മാനും അല്ലാതെ നമുക്കും ഇക്കാര്യം ഭംഗിയായി നിര്‍വ്വഹിക്കാന്‍ കഴിയുമെന്നാണോ? അതെ. അതിനുള്ള സാധ്യതകള്‍ തെളിയുകയാണെന്നാണ്‌ ഗവേഷണരംഗത്തെ പുത്തന്‍ പ്രവണതകള്‍ നല്‍കുന്ന സൂചന.പല്ലിയുടെ സ്വഭാവ സവിശേഷതകള്‍ (മുഴുവനല്ല) അനുകരിക്കാനായാല്‍ നമുക്ക്‌ പല നിലകളിലുള്ള കെട്ടിടത്തിന്‌ പുറമേ കൂടി തന്നെ ഓരോ നിലയിലേക്കും കടക്കാം. കുറച്ചു മാസങ്ങള്‍ക്ക്‌ മുമ്പ്‌ സ്‌പൈഡര്‍മാനെ അനുകരിക്കാനുള്ള ഒരു ശ്രമം വിദേശത്ത്‌ പൊലീസ്‌ തടഞ്ഞത്‌ വാര്‍ത്തയായതാണ്‌. ഒരു മുന്നൊരുക്കവുമില്ലാതെ പടുകൂറ്റന്‍ ബില്‍ഡിംഗിന്റെ അഴികളിലും മറ്റും പിടിച്ചുകയറി തുടങ്ങിയ യുവാവിനെ പൊലീസ്‌ വിരട്ടി ഓടിക്കുകയായിരുന്നു. എന്തുകൊണ്ടോ അന്ന്‌ യുവാവ്‌ രക്‌ഷപ്പെട്ടു. പക്‌ഷേ, ആ യുവാവിനെ പോലുള്ളവരുടെ സ്വപ്‌നമാണ്‌ പൂവണിയുന്നത്‌.പ്രത്യേകതരം നാരുകള്‍ കൊണ്ട്‌ നിര്‍മ്മിച്ച കയ്യുറയും കാലുകളും അടങ്ങുന്ന വസ്‌ത്രമാണ്‌ ഇതിനായി തയ്യാറാക്കുന്നത്‌. നാനോ ടെക്‌നോളജിയാണ്‌ നമ്മുടെ ഈ മോഹത്തിനുള്ള ചവിട്ടു പടികളിടുന്നത്‌. ഇതിന്‌ പല്ലിയുടെ ചില സ്വഭാവ സവിശേഷതകള്‍ കടമെടുക്കുകയാണ്‌ ഇവിടെ. ശരീരത്തിനടിയിലുള്ള പ്രത്യേക രോമങ്ങളാണ്‌ പല്ലികള്‍ക്ക്‌ ഭിത്തിയില്‍ കയറുന്നതിനുള്ള ശേഷി നല്‍കുന്നത്‌. അതുപോലെയുള്ള രോമങ്ങള്‍ കൃത്രിമമായി നിര്‍മ്മിച്ച്‌ അവയുടെ പ്രവര്‍ത്തനം അനുകരിക്കാനാവുമോ എന്നാണ്‌ നോട്ടം.ഇറ്റലിയിലെ ട്യൂറിന്‍ പോളിടെക്‌നിക്കിലെ നിക്കോള പഗ്‌നോ ഇതുമായി ബന്‌ധപ്പെട്ട്‌ പ്രസിദ്ധീകരിച്ച പ്രബന്‌ധത്തിലാണ്‌ സ്‌പൈഡര്‍മാനെ അനുകരിക്കാനായേക്കാ വുന്ന സ്യൂട്ട്‌ നിര്‍മ്മിക്കാനുള്ള തന്ത്രങ്ങളെക്കുറിച്ച്‌ പറയുന്നത്‌. നമ്മുടെ തലമുടിയുടെ അമ്പതിനായിരത്തില്‍ ഒരു ഭാഗം വണ്ണമുള്ളതും വളരെ ശക്തിയേറിയതുമായ കാര്‍ബണ്‍ നാനോ ട്യൂബുകള്‍ ഉപയോഗിച്ച്‌ സൃഷ്‌ടിച്ചെടുക്കുന്ന കൃത്രിമ രോമങ്ങളാവും ഈ സ്യൂട്ടില്‍ ഉപയോഗിക്കുക. ഇനിയും ഒരുപാട്‌ കടമ്പകള്‍ കൂടി കടന്നുപോയാല്‍ മാത്രമേ നാം വിചാരിക്കുന്ന രീതിയിലുള്ള ഒരു സ്യൂട്ട്‌ തയ്യാറാകുകയുള്ളൂ. എങ്കിലും അത്‌ സുസാധ്യമാക്കാനുള്ള ലക്‌ഷ്യവുമായാണ്‌ ബ്രിട്ടനിലെ ചില ഗവേഷണ ഏജന്‍സികള്‍ മുന്നോട്ടുനീങ്ങുന്നത്‌.

വാല്‍ക്കഷ്‌ണം:
ഇനി ആരെങ്കിലും ചുവരില്‍ തൂങ്ങിയിരിക്കുന്നത്‌ കണ്ടാല്‍ നിലവിളിച്ചേക്കരുത്‌. അവരുടെ കഴുത്തില്‍ കുരുക്കൊന്നുമുണ്ടാവില്ല; തൂങ്ങിച്ചാവാന്‍ പോവുകയാണെന്നും തെറ്റിദ്ധരിച്ചേക്കരുത്‌. ഒരു പക്‌ഷേ, മച്ചിന്‍ പുറത്തെ മാറാലയെങ്ങാനും തൂത്തു കളയാന്‍ തലകീഴായി കിടക്കുകയായിരിക്കും കക്‌ഷി. അതുകൊണ്ട്‌ ആര്‍ത്തുവിളിക്കുന്നതിന്‌ മുമ്പ്‌ ഇനി ഒരു നിമിഷം ശ്രദ്ധാപൂര്‍വ്വം ഒന്നു നോക്കുക.

ടി.വി. സിജു
(മലയാള മനോരമ, ശ്രീ,
നവം ബര്‍ , 2007 )

1 comment:

cyberspace history said...

തെങ്ങില്‍ കയറാന്‍ ഇനി കോളേജിലൊന്നും പോകേണ്ട. ആര്‍ക്കു വേണമെങ്കിലും തെങ്ങിലെന്നല്ല എവിടെയും ചാടിപിടിച്ച്‌ കയറാം, തലകീഴായി തൂങ്ങി നടക്കാം. ഒരു പ്രശ്‌നവുമില്ല. എല്ലാം ശുഭമായി നടക്കും.