Tuesday, May 29, 2007


ക്‌ളിഫോഡ്‌ ബെറി

(1918 - 1963 )


അയോവയിലെ ഗ്‌ളാഡ്‌ബ്രൂക്കില്‍ ജനനം. ജോണ്‍ വി അതാനസോഫിന്റെ നേതൃത്വത്തില്‍ ആദ്യത്തെ ഡിജിറ്റല്‍ കംപ്യൂട്ടര്‍ വികസിപ്പിച്ചു. പതിനാറാമത്തെ വയസ്സില്‍ ബിരുദം നേടി! കാലിഫോര്‍ണിയയിലെ കണ്‍സോളിഡേറ്റഡ്‌ എന്‍ജിനീയറിംഗ്‌ കോര്‍പ്പറേഷനില്‍ ടെക്‌നിക്കല്‍ ഡയറക്‌ടറായിരിക്കെ 1963ല്‍ രാജിവച്ചു. പിന്നീട്‌ ന്യൂയോര്‍ക്കിലെ വാക്വം - ഇലക്‌ട്രോണിക്‌സ്‌ കോര്‍പ്പറേഷനില്‍ മാനേജരായി.



ഗ്‌ളാഡ്‌ ബ്രൂക്ക്‌ നഗരത്തിലെ ഫ്രെഡ്‌ ഗോര്‍ഡന്‍ ബെറിയുടെ വീട്‌. അവിടെ എന്നും ആള്‍ത്തിരക്കാണ്‌. കാരണമെന്തെന്നെല്ലേ? നാട്ടിലെ ആദ്യത്തെ റേഡിയോ സെറ്റ്‌ കാണാനും പരിപാടികള്‍ കേള്‍ക്കാനുമാണ്‌ ഈ തിരക്ക്‌. വീട്ടിലെ തിരക്ക്‌ ഗോര്‍ഡന്‍ ബെറിയുടെ മൂത്ത പുത്രനായ ക്‌ളിഫോഡ്‌ ബെറിക്ക്‌ എന്നും കൗതുകമായിരുന്നു. റേഡിയോവിനെ കുറിച്ച്‌ കണ്ടറിഞ്ഞും കേട്ടറിഞ്ഞും വീട്ടിലെത്തുന്നവരുടെ എണ്ണം ക്‌ളിഫോഡിനെയും ആവേശംകൊള്ളിച്ചു. തന്റെ അച്‌ഛന്റെ ഇലക്‌ട്രിക്കല്‍ റിപ്പയര്‍ ഷോപ്പില്‍ നിത്യ സന്ദര്‍ശകനായിരുന്നു ക്‌ളിഫോഡ്‌. അവിടെ വച്ച്‌ അച്‌ഛന്റെ സഹായത്തോടെ പതിനൊന്നാം വയസ്സില്‍ ബെറി മറ്റൊരു റേഡിയോ നിര്‍മ്മിച്ചു. അത്‌ ഹാം റേഡിയോ ആയിരുന്നു. നാട്ടിലെ മികച്ച ഭഹാമു'കളിലൊരാളായി മാറാന്‍ ബെറിക്ക്‌ പിന്നീട്‌ ഏറെക്കാലം വേണ്ടിവന്നില്ല.ക്‌ളിഫോഡ്‌ എഡ്‌വാഡ്‌ ബെറിയെന്ന ക്‌ളിഫോഡ്‌ ബെറി ആരെന്നല്ലേ? ജോണ്‍ വി അറ്റനസോഫിന്റെ നേതൃത്വത്തില്‍ ആദ്യത്തെ ഡിജിറ്റല്‍ കംപ്യൂട്ടര്‍ വികസിപ്പിക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിച്ചയാളാണ്‌ ഈ പ്രതിഭാശാലി. 1918ല്‍ ഇയോവയിലെ ഗ്‌ളാഡ്‌ബ്രൂക്കില്‍ ഏപ്രില്‍ 19നാണ്‌ ക്‌ളിഫോഡ്‌ ബെറി ജനിച്ചത്‌. പഠനത്തില്‍ ഏറെ മികവുകാട്ടിയിരുന്ന ബെറി പതിനാറാമത്തെ വയസ്സില്‍ ബിരുദം പൂര്‍ത്തിയാക്കി! തന്റെ പതിനൊന്നാം വയസ്സില്‍ അച്‌ഛന്‍ വെടിയേറ്റ്‌ മരിച്ചത്‌ ബെറിയെ ഏറെ വിഷമിപ്പിച്ചു. പിന്നെ ക്‌ളിഫോഡിനുള്ള ആശ്രയം അമ്മ ഗ്രേസ്‌ സ്‌ട്രോം മാത്രമായിരുന്നു. ഇയോവ സ്‌റ്റേറ്റ്‌ കോളേജില്‍ നിന്ന്‌ 1939ല്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടുമ്പോള്‍ കോളേജിലെ മികച്ച വിദ്യാര്‍ത്‌ഥിയെന്ന ബഹുമതിയും ക്‌ളിഫോഡ്‌ സ്വന്തമാക്കിയിരുന്നു. ആയിടെയാണ്‌ ജോണ്‍ വി. അറ്റനസോഫ്‌ ഡിജിറ്റല്‍ കംപ്യൂട്ടര്‍ നിര്‍മ്മിക്കുകയെന്ന പദ്ധതിയുമായി മുന്നോട്ടുവന്നത്‌. ഇതില്‍ സഹായിക്കുന്നതിന്‌ ആരെയെങ്കിലും കണ്ടെത്തിത്തരണമെന്ന്‌ തന്റെ സുഹൃത്തും ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിംഗ്‌ പ്രൊഫസറുമായ ഹാറോള്‍ഡ്‌ ആന്‍ഡേഴ്‌സണോട്‌ അറ്റനസോഫ്‌ ആവശ്യപ്പെട്ടിരുന്നു. ക്‌ളിഫോഡ്‌ ബെറിയെന്ന വിദ്യാര്‍ത്‌ഥിയെക്കുറിച്ച്‌ ഏറെ മതിപ്പ്‌ പുലര്‍ത്തിയിരുന്ന ഹാറോള്‍ഡ്‌ മറ്റൊരാളെക്കുറിച്ചും പിന്നെ ആലോചില്ല. ക്‌ളിഫോഡിനെ അറ്റനസോഫുമായി പരിചയപ്പെടുത്തിക്കൊടുത്ത ഹാറോള്‍ഡിന്റെ ലക്‌ഷ്യം സഫലമായി. അങ്ങനെ 1939ല്‍ ആദ്യത്തെ ഡിജിറ്റല്‍ കംപ്യൂട്ടര്‍ എന്ന സ്വപ്‌നവും പൂവണിഞ്ഞു. അറ്റനസോഫ്‌ - ബെറി എന്നിവരുടെ സംയുക്ത സംരംഭമായ ഈ കംപ്യൂട്ടറിന്‌ അറ്റനസോഫ്‌ - ബെറി കംപ്യൂട്ടര്‍ ( എ.ബി.സി) എന്ന്‌ പിന്നീട്‌ നാമകരണവും ചെയ്‌തു. പേറ്റന്റ്‌ സംബന്‌ധിച്ച വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ 'എനിയാക്കി'ല്‍ നിന്നും ആദ്യത്തെ ഡിജിറ്റല്‍ കംപ്യൂട്ടര്‍ എന്ന ഖ്യാതി എ.ബി.സി. കംപ്യൂട്ടര്‍ നേടിയെടുത്തിരുന്നു. ഗ്രാജ്വേറ്റ്‌ അസിസ്‌റ്റന്റായി അറ്റനസോഫിന്‌ കീഴില്‍ ജോലി ചെയ്യുമ്പോഴും ക്‌ളിഫോഡ്‌, ഫിസിക്‌സ്‌ വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടാനുള്ള ഒരുക്കത്തിലായിരുന്നു. ഈ പഠനത്തിനിടെ അറ്റനസോഫിന്റെ ഡിപ്പാര്‍ട്ട്‌മെന്റ്‌ സെക്രട്ടറിയായിരുന്ന മാര്‍ത്താ ജീന്‍ റീഡിനെ ബെറി പരിചയപ്പെടാനിടയായി. ഈ പരിചയം പ്രണയത്തിലേക്ക്‌ വഴിമാറി. 1941ല്‍ ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ ബെറി, 1942ല്‍ റീഡിനെ ജീവിത സഖിയായി സ്വീകരിച്ചു. തുടര്‍ന്ന്‌ കാലിഫോര്‍ണിയയിലെ പസദേനയില്‍ കണ്‍സോളിഡേറ്റഡ്‌ എന്‍ജിനീയറിംഗ്‌ കോര്‍പ്പറേഷനില്‍ (സി. ഇ.സി) ജോലി ലഭിച്ചതോടെ ബെറിയും കുടുംബവും താമസം അങ്ങോട്ട്‌ മാറ്റി. 1948ല്‍ പി എച്ച്‌.ഡി. നേടിയ ബെറി '49ല്‍ സി. ഇ.സി. യില്‍ ചീഫ്‌ ഫിസിസ്‌റ്റായി. പിന്നീട്‌ റിസര്‍ച്ച്‌ വിഭാഗം അസി. ഡയറക്‌ടര്‍, ടെക്‌നിക്കല്‍ ഡയറക്‌ടര്‍ എന്നീ നിലകളിലേക്ക്‌ ഉയര്‍ന്ന ബെറി 1963ല്‍ സി. ഇ.സി. കമ്പനിയില്‍ നിന്ന്‌ രാജിവച്ചു. തുടര്‍ന്ന്‌ 1963ല്‍ ന്യൂയോര്‍ക്കിലെ വാക്വം - ഇലക്‌ട്രോണിക്‌സ്‌ കോര്‍പ്പറേഷനില്‍ മാനേജരായ ഡോ. ബെറിയെ അതേ വര്‍ഷം ഒക്‌ടോബര്‍ 30ന്‌ മരണം മാടി വിളിച്ചു.അമേരിക്കന്‍ ഫിസിക്കല്‍ സൊസൈറ്റി, അമേരിക്കന്‍ വാക്വം സൊസൈറ്റി, അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ്‌ ഓഫ്‌ സയന്‍സ്‌ തുടങ്ങിയ നിരവധി കമ്മിറ്റികളില്‍ അംഗമായിരുന്ന ബെറിയുടെ ജീവിതം സാങ്കേതിക വിദ്യയ്‌ക്ക്‌ വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു.നിരവധി പാറ്റന്റുകള്‍ സ്വന്തമാക്കിയ ബെറി ആത്‌മഹത്യയിലൂടെ മരണത്തെ പുല്‍കിയെങ്കിലും സ്വന്തം പേരില്‍ ആദ്യത്തെ കംപ്യൂട്ടര്‍ നിര്‍മ്മിച്ചെന്ന ഖ്യാതി ഇപ്പോഴും നിലനില്‍ക്കുന്നു.

No comments: