അലന്‍ എം ട്യൂറിംഗ്
( 1912 - 1954 )
ഇംഗ്ലണ്ടില്‍ ജനിച്ചു. ഗണിത ശാസ്‌ത്രജ്‌ഞന്‍. 1940ല്‍ കോഡു ഭാഷയിലെഴുതിയ രഹസ്യസന്ദേശങ്ങള്‍ വായിച്ചെടുക്കുന്ന ഭബോംബ' കംപ്യൂട്ടര്‍ നിര്‍മ്മിച്ചു. ട്യൂറിംഗ് ടെസ്‌റ്റിലൂടെ യന്ത്രങ്ങള്‍ക്ക് ബുദ്ധിയുണ്ടോ എന്ന് കണ്ടെത്താമെന്നും 1936ല്‍ ഭഓണ്‍ കംപ്യൂട്ടബിള്‍ നമ്പേഴ്‌സ്' എന്ന പ്രബന്‌ധത്തിലൂടെ കൃത്രിമബുദ്ധി എന്ന ആശയത്തിനും തുടക്കമിട്ടു. ചെസ് കളിക്കുള്ള ആദ്യത്തെ പ്രോഗ്രാം വികസിപ്പിച്ചു.'
`ബുദ്ധിയുള്ള യന്ത്രം' അതായിരുന്നു അയാളുടെ സ്വപ്‌നം. രണ്ടായിരാമാണ്ടില്‍ ബുദ്ധിയുള്ള യന്ത്രങ്ങള്‍ യാഥാര്‍ത്‌ഥ്യമാകുമെന്ന് കരുതിയ ഈ അതിമാനുഷന്‍ ആരെന്നല്ലേ. കൃത്രിമ ബുദ്ധി എന്ന ആശയത്തിന് തുടക്കമിട്ട അലന്‍ മാത്തിസണ്‍ ട്യൂറിംഗ് എന്ന അലന്‍ എം ട്യൂറിംഗ്.ഇംഗ്ലണ്ടിലെ ലണ്ടനില്‍ 1912 ജൂണ്‍ 23നാണ് അലന്‍ മാത്തിസണ്‍ ട്യൂറിംഗ് ജനിച്ചത്. ഇന്ത്യയില്‍ ബ്രിട്ടീഷ് സിവില്‍ സര്‍വ്വീസിലായിരുന്നു അച്‌ഛന്‍ ജൂലിയസ് മാത്തിസണിന് ജോലി. മദ്രാസ് പ്രവിശ്യയിലെ റെയില്‍വെ ചീഫ് എന്‍ജിനീയറുടെ മകളായ എഥേല്‍ സാറാ റ്റോണിയാണ് അമ്മ. രണ്ട് മക്കളില്‍ ഇളയവനായ അലനെ ഒരു വയസ്സായപ്പോഴേക്കും ഇംഗ്ലണ്ടില്‍ തന്നെയുള്ള ബന്‌ധുക്കളെ ഏല്‍പ്പിച്ച് ഭര്‍ത്താവിന്റെ കൂടെ ഇന്ത്യയിലേക്ക് വന്നതിനാല്‍ അമ്മ സാറയ്‌ക്ക് ഏറെ സ്‌നേഹമൊന്നും അലന് നല്‍കാനായില്ല. ഈയൊരു അകല്‍ച്ച അലന്റെ ജീവിതത്തില്‍ ഏറെ പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നായിരുന്നു. മാതാപിതാക്കള്‍ അടുത്തില്ലാതെ ബോര്‍ഡിംഗില്‍ താമസിച്ചു പഠിക്കേണ്ടി വന്ന അലന്‍ സമൂഹവുമായി ഇടപഴകുന്നതില്‍ ഏറെ അന്തരം പാലിച്ചു.കുട്ടിക്കാലത്തു തന്നെ സ്‌പോര്‍ട്‌സിലും ചെസ്സിലും കമ്പമുണ്ടായിരുന്ന അലന്‍ മികച്ച അത്‌ലറ്റ് എന്ന രീതിയിലുള്ള പ്രശസ്‌തിയും നേടിയിരുന്നു. മാത്രമല്ല പഠനത്തില്‍ ഏറെ മികവുപുലര്‍ത്തിയ ഈ വിദ്യാര്‍ത്‌ഥിയുടെ ഇഷ്‌ട വിഷയം ഗണിതശാസ്‌ത്രവും. അദ്ധ്യാപകര്‍ പഠിപ്പിക്കുന്ന രീതിയില്‍ നിന്നെല്ലാം മാറി തന്റേതായ വഴിയിലൂടെയാണ് കണക്കിലെ ഉത്തരങ്ങള്‍ അലന്‍ കണ്ടെത്തിയിരുന്നത്. ഏറെ ചിന്തിക്കാന്‍ ഇഷ്‌ടപ്പെട്ടിരുന്ന ഈ ബാലന്‍ അന്ന് ഗണിതശാസ്‌ത്ര മത്സരങ്ങളിലെല്ലാം ഒന്നാം സ്‌ഥാനവും നേടിയിട്ടുണ്ട്. ഗണിതത്തോടൊപ്പം രസതന്ത്രത്തേയും സ്‌നേഹിച്ച അലന് ഇംഗ്ലീഷ് വിഷയം കീറാമുട്ടിയായി തന്നെ കിടന്നു. എങ്കിലും മികച്ച വിദ്യാര്‍ത്‌ഥിയെന്ന പദവി നിലനിര്‍ത്തിയിരുന്നു. ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റീനിന്റെ ആപേക്‌ഷിതാ സിദ്ധാന്തവും ക്വാണ്ടം മെക്കാനിക്‌സിലെ പുതിയ അറിവുകളും വളരെ ചെറുപ്പത്തില്‍ തന്നെ വായിച്ചു മനസ്സിലാക്കിയ അലന്റെ ജീവിതം ഏറെ സംഭവബഹുലമായിരുന്നു. സ്‌കൂളില്‍ തന്റെ കൂട്ടുകാരനായിരുന്ന ക്രിസ്‌റ്റഫര്‍ മോര്‍കോമിനോട് ശാസ്‌ത്ര സംബന്‌ധിയായി തന്റെ മനസ്സിലുദിക്കുന്ന കാര്യങ്ങള്‍ അലന്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഈ സുഹൃത്ത്‌ബന്‌ധം ഏറെക്കാലം നിലനിര്‍ത്താന്‍ ഈശ്വരന്‍ അനുവദിച്ചില്ല. 1930ല്‍ ക്രിസ്‌റ്റഫര്‍ മരിച്ചു. ഇത് ശാസ്‌ത്രത്തിന് കണ്ടുപിടിക്കാന്‍ കഴിയാത്ത പല അസുഖങ്ങളുടെയും രൂപത്തില്‍ അലനെ വേട്ടയാടി. എങ്കിലും ഏറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ എല്ലാം ഭേദമായി വര്‍ദ്ധിച്ച ആവേശത്തോടെ ട്യൂറിംഗ് തിരിച്ചെത്തുകയായിരുന്നു.കാംബ്രിഡ്‌ജിലെ കിംഗ്‌സ് കോളേജില്‍ നിന്ന് 1931ല്‍ ഗണിതശാസ്ര്‌തത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ട്യൂറിംഗിന് 1938ല്‍ പ്രിന്‍സ്‌ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി. എച്ച്‌ഡി. ബിരുദവും നേടാനായി. 1935ല്‍ കിംഗ്‌സ് കോളേജിലെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ട ട്യൂറിംഗ് 1936ല്‍ പ്രസിദ്ധീകരിച്ച -¨ 'On Computable Numbers, with an application to the Entscheidngs Problem ' എന്ന പ്രബന്‌ധത്തിലാണ് `ട്യൂറിംഗ് മെഷീന്‍' എന്ന ആശയത്തിനുള്ള അടിത്തറപാകിയത്. എല്ലാ ഗണിതക്രിയകളും കേവലം യാന്ത്രികമായി ചെയ്യാന്‍ പറ്റില്ലെന്നാണ് '`കണക്കു കൂട്ടാവുന്ന സംഖ്യകളെ പറ്റി...' എന്ന പ്രബന്‌ധത്തിലൂടെ ട്യൂറിംഗ് സ്‌ഥാപിച്ചത്. ഇതിനായി ഒരു സാര്‍വലൗകിക കണക്കുകൂട്ടല്‍ യന്ത്രം അദ്ദേഹം വിഭാവനം ചെയ്‌തു. വ്യത്യസ്‌ത ഖണ്‌ഡങ്ങളിലായി വിവരങ്ങള്‍ രേഖപ്പെടുത്തിയ അനന്തമായി നീണ്ടുപോകുന്ന ടേപ്പും വിവരങ്ങള്‍ പരിശോധിക്കുവാനും അച്ചടിക്കാനുമുള്ള സംവിധാനവുമാണിത്. ഓരോ ഖണ്‌ഡത്തിലെ വിവരങ്ങള്‍ക്കും ഒന്നോ രണ്ടോ സാധ്യതകള്‍ സാധ്യതകള്‍. അവ ഗണിതഭാഷയില്‍ യന്ത്രം മനസ്സിലാക്കുന്നു. നിശ്‌ചിത ആവശ്യത്തിന് നാടയിലെ വിവരങ്ങള്‍ തിരഞ്ഞ് വേണ്ടത് സ്വീകരിക്കുന്നു. പിന്നീട് 'ട്യൂറിംഗ് യന്ത്രം' എന്നു വിളിക്കപ്പെട്ട ഇത് വിവരങ്ങള്‍ പ്രോഗ്രാം ചെയ്‌ത് ആവശ്യത്തിന് എടുത്തുപ്രയോഗിക്കുന്ന ആധുനിക ഡിജിറ്റല്‍ കംപ്യൂട്ടറിന്റെ രൂപരേഖയായി.രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സര്‍ക്കാരിന്റെ രഹസ്യ ഭാഷാ വിഭാഗത്തോടനുബന്‌ധിച്ച ഗവണ്‍മെന്റ് കോഡ് ആന്‍ഡ് സൈബര്‍ സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ ചിന്തിക്കുന്ന യന്ത്രമെന്ന ആശയം ഭാഗികമായി പരീക്‌ഷിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. രഹസ്യ സന്ദേശങ്ങള്‍ ഗൂഢലിപികളിലാക്കി അയയ്‌ക്കുന്നതിന് ജര്‍മന്‍കാര്‍ '`എനിഗ്‌മ' എന്ന യന്ത്രം കണ്ടുപടിച്ച സമയമായിരുന്നു അത്. കറങ്ങുന്ന മൂന്നു ദണ്‌ഡുകള്‍ ഘടിപ്പിച്ച ഒരു ഇലക്‌ട്രിക് ടൈപ്പ് റൈറ്ററാണ് ഇതിന്റെ ലളിതരൂപം. ഓരോ ദണ്‌ഡിലും 26 അക്‌ഷരങ്ങള്‍. കീബോര്‍ഡില്‍ അമര്‍ത്തുമ്പോള്‍ ദണ്‌ഡുകള്‍ കറങ്ങും. മൂന്നു ദണ്‌ഡിലെയും ഏതെങ്കിലും ഒരക്‌ഷരമാണ് പതിയുക. ഒരിക്കലും കീബോര്‍ഡില്‍ അടിച്ച അക്‌ഷരം സന്ദേശത്തില്‍ പതിയില്ല. ഇതുവഴി കമ്പി സന്ദേശമയയ്‌ക്കുമ്പോള്‍ യഥാര്‍ത്‌ഥ വാക്കിനു പകരം അക്‌ഷരങ്ങള്‍ മാറിറഞ്ഞാണ് പോവുക. ശത്രുക്കള്‍ പിടിച്ചെടുത്താലും രഹസ്യഭാഷയുടെ രഹസ്യഭാഷയുടെ ചുരുളഴിക്കാനാവില്ല. ഈ നിഗൂഢ ലിപികള്‍ വായിച്ചെടുക്കുന്നതിനുള്ള സംവിധാനമാണ് ട്യൂറിംഗിനും കൂട്ടര്‍ക്കും വികസിപ്പിക്കേണ്ടിയിരുന്നത്.പ്രഗത്‌ഭ ഗണിതശാസ്‌ത്രജ്‌ഞരെയും ഭാഷാശാസ്‌ത്ര വിദഗ്‌ദ്ധരെയും ചെസ് ചാമ്പ്യന്‍മാരെയുമെല്ലാം ഒരുമിച്ച് ചേര്‍ത്ത് ടൂറിംഗ് പ്രവര്‍ത്തനമാരംഭിച്ചു. ഓരോ സന്ദേശവും അക്‌ഷരങ്ങള്‍ മാറ്റി ലക്‌ഷക്കണക്കിനു രീതിയില്‍ മാറ്റി അടിക്കാവുന്നതായിരുന്നു ജര്‍മന്‍കാരുടെ എനിഗ്‌മ. ഈ സാധ്യതകളെല്ലാം പരിശോധിച്ച് യഥാര്‍ത്‌ഥ വാക്കുകളില്‍ സന്ദേശം വായിച്ചെടുക്കുന്നതിന് ട്യൂറിംഗും സംഘവും ഒരു കംപ്യൂട്ടര്‍ വികസിപ്പിച്ചെടുത്തു. ഓരോ അക്‌ഷരത്തിനും പകരം മറ്റ് അക്‌ഷരങ്ങള്‍ വച്ച് സാധ്യതയില്ലാത്തവ തള്ളിക്കളഞ്ഞ് യഥാര്‍ത്‌ഥ സന്ദേശത്തിലേക്കു നയിക്കുന്ന ഈ യന്ത്രത്തെ `ബോംബ` (Bombe) എന്നാണു വിളിച്ചത്. 1940 ഓടെ ജര്‍മന്‍കാരുടെ രഹസ്യസന്ദേശങ്ങള്‍ വായിച്ചെടുക്കുന്നതില്‍ ബോംബ വിജയിച്ചു. ശത്രു നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ട് പ്രതിരോധനീക്കങ്ങള്‍ നടത്തുന്നതിന് സഖ്യകക്‌ഷികള്‍ക്കു കഴിഞ്ഞു. യുദ്ധകാലത്തു നടന്ന ഈ ഗവേഷണപ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്‌ണ വിവരം ഇനിയും പുറത്തുവിട്ടിട്ടില്ല. എങ്കിലും ഈ സേവനത്തെ മുന്‍നിര്‍ത്തി ബ്രിട്ടീഷ് സര്‍ക്കാര്‍ ട്യൂറിംഗിന് ബഹുമതി സമ്മാനിച്ചു. കാംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയുടെ സ്‌മിത്ത് പ്രൈസ് 1936ല്‍ സ്വന്തമാക്കിയ അലന്‍ എം ട്യൂറിംഗ് 1951ല്‍ റോയല്‍ സൊസൈറ്റി വിശിഷാംഗത്വ പദവിയും നേടുകയുണ്ടായി.രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ അലന്‍ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ ചേര്‍ന്നു. അവര്‍ക്ക് വേണ്ടി ഒരു കംപ്യൂട്ടര്‍ രൂപകല്‍പ്പന ചെയ്യുകയായിരുന്നു ലക്‌ഷ്യം. ആധുനിക സാങ്കേതിക വിദ്യയോടെ ഇന്ന് പുറത്തിറങ്ങുന്ന കംപ്യൂട്ടറിന്റെ ഗുണവിശേഷങ്ങളെല്ലാം അടങ്ങിയ ഒന്നാണ് അന്ന് അലന്റെ മനസ്സിലുണ്ടായിരുന്നത്. അതിന് ഓട്ടോമാറ്റിക് കംപ്യൂട്ടിംഗ് എന്‍ജിന്‍ എന്ന പേരും നല്‍കി. എന്നാല്‍ ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ അലന്‍ അവിടെ നിന്നില്ല. ഇതിനിടെ 1947-48ല്‍ ന്യൂറോളജിയും ഫിസിയോളജിയും പഠിക്കാനായി കാംബ്രിഡ്‌ജിലും അലന്‍ തിരിച്ചെത്തിയിരുന്നു. ഗണിതത്തില്‍ മാത്രമല്ല ജീവശാസ്‌ത്രത്തിലും തനത് വൈദഗ്‌ദ്ധ്യം പ്രകടിപ്പിച്ച അലന്‍ 1952ല്‍ `ദി കെമിക്കല്‍ ബേസിസ് ഓഫ് മോര്‍ഫോജെനിസിസ്' എന്ന പ്രബന്‌ധവും തയ്യാറാക്കി. ഇതിനിടെ പല പ്രബന്‌ധങ്ങളും തയ്യാറാക്കിയെങ്കിലും ട്യൂറിംഗിന്റെ കാലശേഷമാണ് പലതും വെളിച്ചം കാണുന്നത്. ജീവജാലങ്ങളുടെ ഭൗതിക ഘടനയെപറ്റി ഏറെ പഠിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച അദ്ദേഹത്തിന് കോടിക്കണക്കിന് കോശങ്ങളുള്ള മനുഷ്യനും ചെടികളും ഘടനയില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നറിയാന്‍ ഏറെ ആകാംക്‌ഷയുണ്ടായിരുന്നു. ഇത് എങ്ങനെ സംഭവിക്കുന്നു എന്നറിയാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ നിന്ന് രാജി വച്ചതിനെ തുടര്‍ന്ന് മാഞ്ചസ്‌റ്റര്‍ യൂണിവേഴ്‌സിറ്റിയിലെത്തിയ അലന് അവിടെ, മാഞ്ചസ്‌റ്റര്‍ ഓട്ടോമാറ്റിക് ഡിജിറ്റല്‍ മെഷീന്‍ രൂപകല്‍പ്പന ചെയ്യുകയായിരുന്നു ഉദ്ദേശ്യം. 1950ല്‍ മൈന്‍ഡ് മാസികയില്‍ പ്രസിദ്ധീകരിച്ച `കംപ്യൂട്ടിംഗ് മെഷിനറി ആന്‍ഡ് ഇന്റലിജന്‍സ്' എന്ന പ്രബന്‌ധത്തിലാണ് കൃത്രിമ ബുദ്ധി അല്ലെങ്കില്‍ നിര്‍മ്മിത ബുദ്ധിയെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നത്. കംപ്യൂട്ടര്‍ മേഖലയില്‍ ഏറെ ചലനങ്ങളുവാക്കിയ ഈ പ്രബന്‌ധത്തിന് ഇന്നും പ്രസക്തിയുണ്ട്. ചെസ് കളിക്കാനുള്ള ആദ്യത്തെ പ്രോഗ്രാം വികസിപ്പിച്ചതും ട്യൂറിംഗ് ആണ്. കംപ്യൂട്ടര്‍ രംഗത്തെ മികച്ച ബഹുമതിയായി കണക്കാക്കുന്ന ട്യൂറിംഗ് അവാര്‍ഡ് ഇദ്ദേഹത്തിന്റെ സ്‌മരണാര്‍ത്‌ഥമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.ഇതെല്ലാം ഒരു ഭാഗത്ത് ട്യൂറിംഗിന് പ്രശസ്‌തി നല്‍കുമ്പോള്‍ ജീവിതത്തിലെ താളപ്പിഴകള്‍ മറുഭാഗത്ത് കുഴിതോണ്ടുകയായിരുന്നു. ആളുകളോട് ചങ്ങാത്തം കുറഞ്ഞിരുന്ന അലന്‍ സ്വവര്‍ഗ്ഗരതിക്കാരനായിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ നിയമനടപടിയുണ്ടായി. ലൈംഗികാസക്തി കുറയ്‌ക്കാനുള്ള സ്‌ത്രൈണ ഹോര്‍മോണ്‍ കുത്തിവയ്‌പ് ചികിത്സ തുടരുന്നതിനിടെ മനസ്സ് മാറിയ അലന്‍ 1954 ജൂണ്‍ ഏഴിന് 41-ാം വയസ്സില്‍ പൊട്ടാസ്യം സൈനഡ് കഴിച്ച് ആത്‌മഹത്യ ചെയ്യുകയായിരുന്നു. ജീവിതം പാതിവഴിയില്‍ അവസാനിപ്പിച്ച അലന്‍ എം ട്യൂറിംഗ് നല്‍കിയ സംഭാവന കംപ്യൂട്ടര്‍ മേഖലയ്‌ക്ക് നല്‍കിയത് ഒരു പുതുജീവിതമാണ്. നിര്‍മ്മിത ബുദ്ധിയെന്ന പുതിയ അറിവും നാനോ ടെക്‌നോളജിയുടെ വികാസവും പാരമ്യത്തിലെത്തുമ്പോള്‍ ഈ പുതു നൂറ്റാണ്ടില്‍ നമുക്ക് ലഭിക്കുക ബുദ്ധിയുള്ള യന്ത്രങ്ങളും യന്ത്രങ്ങള്‍ ശരീരത്തിനുള്ളിലേറി നടക്കുന്ന മനുഷ്യരെയുമായിരിക്കും
No comments:
Post a Comment