ജോണ്‍ ലൂയിസ് വോണ്‍ ന്യൂമാന്‍
( 1903 - 1957 )
ഹംഗറിയിെല ബുഡാപെസ്‌റ്റി ല്‍ ജനിച്ചു. ഗണിതശാസ്‌ത്രജ്‌ഞന്‍. രണ്ടാം േലാക മഹായുദ്ധത്തിനു ശേഷം അതിവേഗ കംപ്യൂട്ടറുകളുെട വികസനത്തിന് തുടക്കമിട്ടു. അണുേബാംബിന്‍െറ നിര്‍മ്മാണത്തിലും സഹകരിച്ചു.'സ്‌റ്റോര്‍ഡ് േ്രപാ്രഗാം കണ്‍സെപ്‌റ്റ്' എന്ന രീതി െകാണ്ടുവന്നു. 1950ല്‍ െഎ.ബി.എമ്മിെന്റ കണ്‍സള്‍ട്ടന്റായി. എഡ്‌വാക്ക് എന്ന കംപ്യൂട്ടറിന്‍െറ നിര്‍മ്മിതിയിലും സഹായിച്ചു
ജോണി എന്നും രാവിലെ ബാത്ത്‌റൂമിലെത്തുന്നത് രണ്ട് തടിച്ച പുസ്‌തകങ്ങളുമായാണ്. എന്തിനാണെന്നല്ലേ. പ്രാഥമിക കാര്യങ്ങള്‍ ചെയ്യുന്നതോടൊപ്പം വായിക്കാനാണ് ഈ പുസ്‌തകങ്ങള്‍. എല്ലാം ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സില്‍ പതിയുന്ന ജോണി ദൈനംദിന ക്രിയ ചെയ്യുന്നതിനിടയില്‍ പുസ്‌തകം വായിച്ചു തീര്‍ന്നേക്കുമോ എന്ന് പേടിച്ചാണത്രെ രണ്ട് പുസ്‌തകങ്ങള്‍ ബാത്ത്‌റൂമില്‍ കൊണ്ടുപോകുന്നത്. മികച്ച ഓര്‍മ്മശക്തി വരദാനമായി ലഭിച്ച ജോണിക്ക് കാണുന്നതെന്തും ഓര്‍മ്മയില്‍ സൂക്‌ഷിക്കാനുള്ള അപാരമായ കഴിവുണ്ടായിരുന്നു. ഓര്‍മ്മയുമായി ബന്‌ധപ്പെടുത്തി ഇദ്ദേഹത്തെക്കുറിച്ച് പറയുന്ന തമാശയാണ് ഈ ബാത്ത്‌റൂം വിശേഷം. ഇനി ഈ ജോണി ആരെന്നല്ലേ?കംപ്യൂട്ടറുകള്‍ക്ക് പിന്നിലെ ഗണിതശാസ്‌ത്ര തത്വങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ സമഗ്രമായ സംഭാവനകള്‍ നല്‍കിയ ശാസ്‌ത്രജ്‌ഞനാണ് ജോണ്‍ ലൂയിസ് വോണ്‍ ന്യൂമാന്‍. കംപ്യൂട്ടര്‍ നിര്‍മ്മാണത്തിലും വൈദഗ്‌ദ്ധ്യം പുലര്‍ത്തിയിരുന്ന പ്രശസ്‌ത ശാസ്‌ത്രജ്‌ഞനാണ് ഇദ്ദേഹം. ജോണി എന്ന ചെല്ലപ്പേരില്‍ അറിയപ്പെട്ടിരുന്ന ന്യൂമാനെ വീട്ടില്‍ ബന്‌ധുക്കള്‍ വിരുന്നിനെത്തിയാല്‍ ചെയ്യിക്കുന്ന മറ്റൊരു കുസൃതിയുണ്ട്. ടെലിഫോണ്‍ ഡയറക്‌ടറി ജോണിയുടെ കയ്യില്‍ വച്ചുകൊടുക്കും. എന്നിട്ട് അല്‍പസമയം അത് മറിച്ചു നോക്കാന്‍ അനുവദിക്കും. പിന്നീട് തിരിച്ചുവാങ്ങും. എന്നിട്ട് അവര്‍ ചോദിക്കുന്നയാളുടെ ഫോണ്‍ നമ്പറോ മേല്‍വിലാസമോ തെറ്റാതെ പറഞ്ഞു കേള്‍പ്പിക്കണം. ഇതെല്ലാം ജോണിക്ക് നിഷ്‌പ്രയാസം സാധിച്ചിരുന്നു.ഹംഗറിയിലെ ബുഡാപെസ്‌റ്റിലായിരുന്നു ന്യൂമാന്‍ ജനിച്ചത്. മാക്‌സ് ന്യൂമാന്റെയും മാര്‍ഗ്‌ഗരറ്റ് കാനിന്റെയും നാലു മക്കളില്‍ മൂത്ത മകനായ ജോണി ചെറുപ്പത്തില്‍ തന്നെ തന്റെ മിടുക്കുകാട്ടിയിരുന്നു. ആറാം വയസ്സില്‍ ജോണിക്ക് രണ്ട് എട്ടക്ക സംഖ്യകള്‍ തമ്മില്‍ മനസ്സില്‍ ഹരിച്ച് അതിന്റെ ഉത്തരം പറയാന്‍ സാധിച്ചിരുന്നു. എട്ടാം വയസ്സായപ്പോഴേക്കും ഗണിതത്തിലെ 'അനാലസിസ്' ശാഖയെക്കുറിച്ച് മനസ്സിലാക്കി. പത്ത് വയസ്സുള്ളപ്പോള്‍ ആറ് ഭാഷകള്‍ കൈകാര്യം ചെയ്‌തിരുന്നു. ഡിഗ്രി നിലവാരത്തിലുള്ള കണക്കുകള്‍ ചെയ്‌തു തുടങ്ങുമ്പോള്‍ ജോണിക്ക് പ്രായം പന്ത്രണ്ട്. പതിനെട്ടാം വയസ്സില്‍ ആദ്യത്തെ പ്രബന്‌ധവും അവതരിപ്പിച്ചു.വണ്ടി ഓടിക്കുമ്പോഴും മറ്റും പുസ്‌തകം വായിക്കുന്നതാണ് ജോണിയുടെ മറ്റൊരു കുസൃതി. അത് കാരണം വണ്ടി പലയിടത്തും ഇടിക്കും. ഇതുമൂലം പരിക്കുകളും സ്വാഭാവികം. തുടര്‍ന്ന് നിയമ ലംഘനത്തിന് അറസ്‌റ്റ് ചെയ്യാനെത്തുന്ന പൊലീസ് കൂടിയാവുമ്പോള്‍ ചിത്രം പൂര്‍ണ്ണമാവും. ഭക്‌ഷണപ്രിയനായിരുന്ന ജോണി ആഡംബര ജീവിതമായിരുന്നു എപ്പോഴും നയിച്ചിരുന്നത്.23-ാം വയസ്സില്‍ ബുഡാപെസ്‌റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാത്തമാറ്റിക്‌സില്‍ പി എച്ച്.ഡി. ബിരുദം നേടി. അതേസമയം കെമിക്കല്‍ എന്‍ജിനീയറിംഗിലും പരിശീലനം നേടിയ ജോണി 1930ല്‍ പ്രിന്‍സ്‌റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്‌ഡ് സ്‌റ്റഡീസില്‍ ഫാക്കല്‍ട്ടിയായി ചേര്‍ന്നു. 1936 മുതല്‍ രണ്ട് വര്‍ഷക്കാലം ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്‌ഥിയായിരുന്ന അലന്‍ ട്യൂറിംഗുമായി ജോണ്‍ വോണ്‍ ന്യൂമാന്‍ പരിചയം സ്‌ഥാപിച്ചു. ഈ ബന്‌ധം ജോണിയെ പല പുതിയ ആശയങ്ങളിലേക്കും നയിച്ചിരുന്നു. 1930ല്‍ ന്യൂമാന്റെ വിവാഹം നടന്നു. മാരിയറ്റ് കൊവേസിയുമായുള്ള ദാമ്പത്യ ബന്‌ധം ഏഴു വര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളൂ. ഇതിനിടെ 1937ല്‍ അമേരിക്കന്‍ പൗരത്വം നേടിയ ജോണി ഇതേ വര്‍ഷം വിവാഹബന്‌ധവും വേര്‍പ്പെടുത്തി. ഈ ബന്‌ധത്തില്‍ ഒരു മകളുണ്ട്. തുടര്‍ന്ന് 1938ല്‍ ക്‌ളാര ഡാനിനെ രണ്ടാം വിവാഹം ചെയ്‌തു. 1950ല്‍ ന്യൂമാന്‍ ഐ.ബി. എം. കമ്പനിയുടെ കണ്‍സള്‍ട്ടന്റായി നിയമിക്കപ്പെട്ടു. ഒരു ബാങ്കില്‍ അഭിഭാഷകനായ അച്‌ഛന് ജോണിയുടെ കണക്കിലുള്ള താല്‍പര്യം അത്ര പിടിച്ചിരുന്നില്ല. മകന്‍ കണക്ക് പഠിച്ചതുകൊണ്ട് തന്റെ കുടുംബ സമ്പാദ്യം വര്‍ദ്ധിപ്പിക്കാനാവില്ലെന്നതായിരുന്നു അവരുടെ കണ്ടെത്തല്‍. കണക്കില്‍ നിന്ന് മകന്റെ ശ്രദ്ധതിരിക്കുന്നതിനായി അച്‌ഛന്‍ പല ഉപായങ്ങളും ചെയ്‌തുനോക്കിയിരുന്നു. ബിസിനസ്സിലേക്ക് മകനെ വഴിതിരിച്ചുവിടാനായിരുന്നു അച്‌ഛന്റെ ശ്രമം.രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അതിവേഗ കംപ്യൂട്ടറുകളുടെ വികസനത്തിന് അദ്ദേഹം വലിയ സഹായങ്ങള്‍ നല്‍കി. ന്യൂമാന്റെ കംപ്യൂട്ടറുകളിലൊന്ന് ഹൈഡ്രജന്‍ ബോംബിന്റെ നിര്‍മ്മാണത്തിന് അത്യാവശ്യമായിരുന്നു. തിയറി ഓഫ് ഗെയിംസ് ആന്‍ഡ് ഇക്കണോമിക് ബിഹേവിയര്‍ (1944) എന്ന പ്രബന്‌ധത്തിന്റെ സഹഗ്രന്‌ഥകര്‍ത്താവായ അദ്ദേഹം ഗെയിം സിദ്ധാന്തത്തിന്റെ ഉപജ്‌ഞാതാക്കളില്‍ ഒരാളുമാണ്. ഒരു നിശ്‌ചിത പ്രവൃത്തി ചെയ്യാന്‍ ഒരു നിശ്‌ചിത യന്ത്രം എന്ന പഴയ രീതിയില്‍ നിന്നുമാറി ഉപയോക്താവ് മുന്‍കൂട്ടി നല്‍കുന്ന നിര്‍ദ്ദേശങ്ങളിലൂടെ ഒരു യന്ത്രത്തെക്കൊണ്ട് വിവിധ പ്രവൃത്തികള്‍ ചെയ്യിക്കാന്‍ സജ്‌ജമാക്കുക എന്ന രീതി ആദ്യമായി നിര്‍ദ്ദേശിച്ചത് ഇദ്ദേഹമാണ്. 'സ്‌റ്റോര്‍ഡ് പ്രോഗ്രാം കണ്‍സെപ്‌റ്റ്' എന്ന ഈ രീതിയാണ് ഇന്നത്തെ എല്ലാ കംപ്യൂട്ടറുകളും അനുവര്‍ത്തിക്കുന്നത്. ഗണിതശാസ്‌ത്രം കൂടാതെ ഗെയിം തിയറി, മെറ്റീറിയോളജി, ഹൈഡ്രോ ഡയനാമിക്‌സ്, സ്‌റ്റാറ്റിസ്‌റ്റിക്‌സ്, ബാലിസ്‌റ്റിക്‌സ് തുടങ്ങിയ വിഷയങ്ങളിലും ന്യൂമാന്‍ പഠനം നടത്തി. യുദ്ധകാലത്ത് ഈ പഠനങ്ങള്‍ പല പുതിയ പദ്ധതികളും ആവിഷ്‌ക്കരിക്കുന്നതിന് സഹായകമായി. ആദ്യത്തെ കംപ്യൂട്ടറായ എനിയാക്കുമായി സഹകരിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. പില്‍ക്കാലത്ത് പല കംപ്യൂട്ടറുകളുടെയും നിര്‍മ്മിതിയില്‍ ന്യൂമാന്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്‌ഡ് സ്‌റ്റഡീസ് ഒരു യന്ത്രം വികസിപ്പിച്ചെടുത്തു. എനിയാക്കിന്റെ പിന്‍ഗാമിയായി വന്ന എഡ്‌വാക്ക് എന്ന കംപ്യൂട്ടറിന്റെ നിര്‍മ്മിതിയിലും ന്യൂമാന്‍ മികച്ച സംഭാവന നല്‍കുകയുണ്ടായി.1940 മുതല്‍ ബാലിസ്‌റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറിയുടെ ശാസ്‌ത്ര ഉപദേശക സമിതിയില്‍ അംഗമായിരുന്നു. 1941 മുതല്‍ 1955 വരെ നേവി ബ്യൂറോ ഓഫ് ഓര്‍ഡന്‍സില്‍ അംഗമായിരുന്ന ന്യൂമാന്‍ 43 മുതല്‍ 55 വരെ ലോസ് ആല്‍മോസ് സയന്റിഫിക് ലബോറട്ടറിയുടെ കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1950 മുതല്‍ 55 വരെ വാഷിംഗ്‌ടണിലെ ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ വെപ്പണ്‍സ് പ്രോജക്‌ടില്‍ അംഗമായിരുന്ന ജോണിയെ 55ല്‍ ആറ്റമിക് എനര്‍ജി കമ്മിഷനില്‍ ഡയറക്‌ടറായി നിയമിക്കുകയായിരുന്നു.1933ല്‍ അനാല്‍സ് ഓഫ് മാത്തമാക്‌സിന്റെയും രണ്ട് വര്‍ഷത്തിനു ശേഷം കോംപസിറ്റോ മാത്തമാറ്റിക്കയുടെയും സഹപത്രാധിപ സ്‌ഥാനം വഹിച്ചിരുന്ന ജോണി മരണം വരെ ഈ സ്‌ഥാനങ്ങള്‍ ഉപേക്‌ഷിച്ചിരുന്നില്ല. നൂറ്റമ്പതോളം പ്രബന്‌ധങ്ങള്‍ തയ്യാറാക്കി ചുരുങ്ങിയ കാലം കൊണ്ട് കംപ്യൂട്ടര്‍ മേഖലയില്‍ മാത്രമല്ല മറ്റു നിരവധി മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ജോണ്‍ വോണ്‍ ന്യൂമാന്‍ ഇന്ന് ഓര്‍മ്മ മാത്രമാണ്. ന്യൂമാന്റെ സ്‌മരണാര്‍ത്‌ഥം വിവിധ മേഖലയില്‍ വ്യക്തിഗത മുദ്ര പതിപ്പിക്കുന്നവര്‍ക്ക് നിരവധി സ്‌ഥാപനങ്ങള്‍ അവാര്‍ഡുകളും പുരസ്‌ക്കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഇദ്ദേഹത്തിന്റെ ബഹുമാനാര്‍ത്‌ഥം അമേരിക്കന്‍ പോസ്‌റ്റല്‍ വകുപ്പ് ഒരു തപാല്‍ സ്‌റ്റാമ്പ് തന്നെ പുറത്തിറക്കിയിട്ടുണ്ട്.നിരവധി അവാര്‍ഡുകളും വിശിഷ്‌ടാംഗത്വങ്ങളും ന്യൂമാനെ തേടിയെത്തി. പ്രിന്‍സ്‌റ്റണ്‍ യൂണിവേഴ്‌സിറ്റി, പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി, ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി, ഇസ്‌താംബൂള്‍ യൂണിവേഴ്‌സിറ്റി, മെറിലാന്‍ഡ് യൂണിവേഴ്‌സിറ്റി, കെയ്‌സ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മ്യൂനിക്കിലെ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് പോളിടെക്‌നിക്‌്‌സ് എന്നിവ ഓണററി ബിരുദം നല്‍കിയാണ് ന്യൂമാനെ ആദരിച്ചത്. 1947ല്‍ മെഡല്‍ ഓഫ് മെറിറ്റും സിവിലിയന്‍ സര്‍വ്വീസ് അവാര്‍ഡും കരസ്‌ഥമാക്കിയ ജോണി 1956ല്‍ മെഡല്‍ ഓഫ് ഫ്രീഡം അവാര്‍ഡിന് അര്‍ഹനായി. ആല്‍ബേര്‍ട്ട് ഐന്‍സ്‌റ്റീന്‍ കൊമറേറ്റീവ് അവാര്‍ഡ്, എന്‍റിക്കോ ഫെര്‍മ്മി അവാര്‍ഡ് തുടങ്ങിയവയും ന്യൂമാനെ തേടിയെത്തി.ജീവിതം ഏറെ പ്രയാസമുള്ളതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്തവര്‍ക്ക് ഗണിതം ലഘുവായി തോന്നില്ലെന്ന് അഭിപ്രായപ്പെട്ട ന്യൂമാന് ആറ്റംബോംബിന്റെ നിര്‍മ്മാണത്തിലും സഹകരിക്കേണ്ടി വന്നിരുന്നു. ഇതിന്റെ ഫലമായുണ്ടായ റേഡിയേഷന്‍ മൂലം കാന്‍സര്‍ബാധിതനായ ജോണ്‍ വോണ്‍ ന്യൂമാന്‍ 1957 ഫെബ്രുവരി 8ന് അമേരിക്കയിലെ വാഷിംഗ്‌ടണ്‍ ഡി.സി.യില്‍ അന്തരിച്ചു.
No comments:
Post a Comment