Tuesday, May 29, 2007


ഹെര്‍മ്മന്‍ ഹോള്‍റിത്ത്‌

( 1860 - 1929 )

ന്യൂയോര്‍ക്കില്‍ ജനനം. 1890ലെ യു. എസ്‌. സെന്‍സസിന്റെ വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനായി പഞ്ച്‌ഡ്‌ കാര്‍ഡ്‌ മെഷീനുകള്‍ നിര്‍മ്മിച്ചു. ഐ.ബി. എം. കംപ്യൂട്ടര്‍ കമ്പനി രൂപീകരണത്തില്‍ നിസ്‌തുല പങ്കാണ്‌ വഹിച്ചത്‌. സെന്‍സസ്‌ ബ്യൂറോ, പേറ്റന്റ്‌ ഓഫീസ്‌, പ്രശസ്‌തമായ എം. ഐ.ടി.യില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്‌ ലക്‌ചറര്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്‌ഠിച്ചിരുന്നു.



അമേരിക്കയിലെ സെന്‍സസ്‌ എന്ന്‌ കേള്‍ക്കുമ്പോള്‍ എപ്പോഴും ഓര്‍ക്കുന്ന ഒരു പേരുണ്ട്‌ - ഹെര്‍മ്മന്‍ ഹോള്‍റിത്ത്‌. ഇദ്ദേഹമാണ്‌ സെന്‍സസ്‌ വിവരങ്ങള്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ക്രോഡീകരിക്കാനുള്ള യന്ത്രം നിര്‍മ്മിച്ച്‌ അജയ്യനായത്‌. ഒരു രാഷ്‌ട്രത്തിന്‌ വളരെ അത്യാവശ്യമുള്ള വിവരങ്ങളാണ്‌ സെന്‍സസിലൂടെ ലഭിക്കുക. അക്കാലത്ത്‌ സെന്‍സസ്‌ എന്നത്‌ വളരെയേറെ മനുഷ്യാദ്ധ്വാനം ആവശ്യമുള്ള ജോലിയായിരുന്നു. ഓരോ സെന്‍സസ്‌ പൂര്‍ത്തിയായി വരുമ്പോഴേക്കും അടുത്ത സെന്‍സസ്‌ വര്‍ഷം എത്തിയിരിക്കും. അപ്പോഴേക്കും തൊട്ടുമുമ്പ്‌ ലഭിച്ച പല വിവരങ്ങളും കാലഹരണപ്പെട്ടിരിക്കും. അങ്ങനെയിരിക്കുമ്പോഴാണ്‌ ഹെര്‍മ്മന്‍ ഹോള്‍റിത്തിന്റെ രംഗപ്രവേശം. യന്ത്രം വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി തുടങ്ങി. ആധുനിക ഓട്ടോമാറ്റിക്‌ കംപ്യൂട്ടേഷന്റെ പിതാവായി അറിയപ്പെടുന്ന ഹെര്‍മ്മന്‍ ഹോള്‍റിത്ത്‌ കംപ്യൂട്ടര്‍ ലോകത്തിന്‌ നല്‍കിയ അമൂല്യമാണ്‌. പഞ്ച്‌ഡ്‌ കാര്‍ഡ്‌ മെഷീനുകളുടെ നിര്‍മ്മാണത്തിലൂടെ പ്രശസ്‌തയിലേക്കുയര്‍ന്ന ഹെര്‍മ്മന്‍ ഹോള്‍റിത്താണ്‌ ഇന്നത്തെ പ്രശസ്‌തമായ ഇന്റര്‍നാഷണല്‍ ബിസിനസ്സ്‌ മെഷീന്‍സ്‌ എന്ന ഐ.ബി. എം. കംപ്യൂട്ടര്‍ കമ്പനി രൂപീകരണത്തില്‍ നിസ്‌തുല പങ്കുവഹിച്ചത്‌.ജര്‍മ്മനിയില്‍ നിന്നും അമേരിക്കയിലേക്ക്‌ കുടിയേറിയ ദമ്പതികളുടെ മകനാണ്‌ ഹെര്‍മ്മന്‍ ഹോള്‍റിത്ത്‌. 1860 ഫെബ്രുവരി 29ന്‌ ന്യൂയോര്‍ക്കിലെ ബഫാലോയിലായിരുന്നു ഹോള്‍റിത്തിന്റെ ജനനം. 1879ല്‍ കൊളംബിയ സ്‌കൂള്‍ ഓഫ്‌ മൈന്‍സില്‍ നിന്നും എന്‍ജിനീയറിംഗ്‌ ഡിഗ്രി നേടി. പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയ ഹെര്‍മ്മന്‍ പിന്നീട്‌ തന്റെ പ്രൊഫസറായിരുന്ന ഡബ്‌ള്യു.പി. ട്രോബ്രിഡ്‌ജിന്റെ അസിസ്‌റ്റന്റായി. തുടര്‍ന്ന്‌ ട്രോബ്രിഡ്‌ജ്‌ സെന്‍സസ്‌ ബ്യൂറോയുടെ ചീഫ്‌ സ്‌പെഷ്യല്‍ ഏജന്റായപ്പോള്‍ ഹെര്‍മ്മന്‍ ഹോള്‍റിത്തും അദ്ദേഹത്തോടൊപ്പം കൂടി. ഈ നിയമനം ഒരു പക്‌ഷെ ചരിത്രത്തിലേക്കുള്ള ഹോള്‍റിത്തിന്റെ കാല്‍വയ്‌പായിരുന്നു. സെന്‍സസ്‌ ബ്യൂറോയിലെ കണക്ക്‌ കൂമ്പാരത്തിന്‌ നടുവിലിരിക്കുമ്പോഴാണ്‌ അവിടെ തന്നെയുള്ള ഡോ. ജോണ്‍ ഷാ ബില്ലിംഗ്‌സ്‌ തന്റെ മനസ്സിലിരിപ്പ്‌ ഹെര്‍മ്മനോട്‌ പറഞ്ഞത്‌. ജനസംഖ്യാ സംബന്‌ധമായ കണക്കുകളും മറ്റും ടാബുലേറ്റ്‌ ചെയ്യുന്നതിന്‌ ഒരു യന്ത്രമുണ്ടായിരുന്നെങ്കില്‍ എന്ന ഡോ. ജോണ്‍ ഷായുടെ സ്വപ്‌നം ഹോള്‍റിത്ത്‌ പ്രവൃത്തിയിലൂടെ യാഥാര്‍ത്‌ഥ്യമാക്കുകയായിരുന്നു. ഇത്‌ പിന്നീട്‌ ചരിത്രമായി മാറി.ഇടക്കാലത്ത്‌ സെന്‍സസ്‌ ബ്യൂറോയിലെ ജോലി മതിയാക്കി ഹോള്‍റിത്ത്‌ പ്രശസ്‌തമായ മസാച്ചുസെറ്റ്‌സ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്‌ പഠിപ്പിക്കാന്‍ വന്നു. ഇക്കാലത്ത്‌, അപഗ്രഥിച്ച വിവരങ്ങള്‍ പ്രോസസ്‌ ചെയ്യാനും സൂക്‌ഷിക്കാനുമായി പേപ്പര്‍ ടേപ്പ്‌ ഉപയോഗിക്കാനാവുമോ എന്ന പരീക്‌ഷണം നടത്തിനോക്കി. പക്‌ഷെ അതിന്റെ പോരായ്‌മ ഹോള്‍റിത്തിനെ നിരാശനാക്കിയില്ല. തുടര്‍ന്നാണ്‌ അദ്ദേഹം പഞ്ച്‌ഡ്‌ കാര്‍ഡിലേക്ക്‌ തന്റെ ശ്രദ്ധതിരിക്കുന്നത്‌. ജോസഫ്‌ മേരി ജക്കാര്‍ഡിന്റെ തറികളില്‍ ഉപയോഗിച്ചിരുന്ന പഞ്ച്‌ കാര്‍ഡ്‌ ഉപയോഗപ്പെടുത്തി സെന്‍സസിനാവശ്യമായ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ കഴിയുമോ എന്ന ചിന്തയാണ്‌ പഞ്ച്‌ഡ്‌ കാര്‍ഡ്‌ മെഷീനിന്റെ നിര്‍മ്മാണത്തില്‍ വഴിത്തിരിവായത്‌. എന്നാല്‍ ജക്കാര്‍ഡിന്റെ രീതിയിലുള്ള പഞ്ച്‌കാര്‍ഡ്‌ തന്റെ മനസ്സിലുള്ള യന്ത്രത്തിന്‌ യോജിച്ചതല്ലെന്ന്‌ മനസ്സിലാക്കിയ ഹോള്‍റിത്ത്‌ ട്രെയിനില്‍ ടിക്കറ്റ്‌ പഞ്ച്‌ ചെയ്യുന്നത്‌ കണ്ടപ്പോഴാണ്‌ പഞ്ച്‌ഡ്‌ കാര്‍ഡ്‌ മെഷീനിന്‌ ഇതേ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനാവുമെന്ന്‌ ഹോള്‍റിത്ത്‌ ചിന്തിക്കുന്നത്‌. അദ്ധ്യാപനത്തില്‍ താല്‍പര്യമില്ലാത്തിതനാല്‍ 1884ല്‍ വാഷിംഗ്‌ടണ്‍ ഡി.സി.യിലെ പാറ്റന്റ്‌ ഓഫീസില്‍ ഒരു ജോലി കരസ്‌ഥമാക്കി. ഇവിടെ നിന്ന്‌ പേറ്റന്റ്‌ നേടുന്നതിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും മനസ്സിലാക്കി. തന്റെ കണ്ടുപിടുത്തങ്ങള്‍ക്ക്‌ പേറ്റന്റ്‌ നേടാന്‍ ഈ ഓഫീസിലെ ജോലി പരിചയം ഹെര്‍മ്മന്‌ വളരെ സഹായകമായി.ഹോള്‍റിത്ത്‌ നിര്‍മ്മിച്ച ഇലക്‌ട്രിക്‌ ടാബുലേറ്റിംഗ്‌ സിസ്‌റ്റം എന്ന ഉപകരണം ബാള്‍ട്ടിമോറിലാണ്‌ ആദ്യമായി പരീക്‌ഷിച്ചു നോക്കിയത്‌. തുടര്‍ന്ന്‌ ന്യൂജേഴ്‌സിയിലും പരീക്‌ഷിച്ച പഞ്ച്‌ഡ്‌ കാര്‍ഡ്‌ മെഷീന്‍ 1890ലെ യു. എസ്‌. സെന്‍സസില്‍ ഉപയോഗിക്കാനുള്ള യോഗ്യത നേടുകയായിരുന്നു. 6,26,22,250 ജനസംഖ്യയുണ്ടായിരുന്ന അന്നത്തെ സെന്‍സസ്‌ പ്രവര്‍ത്തനങ്ങള്‍ വെറും മൂന്നു മാസത്തിനകം ക്രോഡീകരിക്കാനായത്‌ ഈ യന്ത്രത്തിന്റെ യശസ്‌ വര്‍ദ്ധിപ്പിച്ചു. സാധാരണ രീതിയിലായിരുന്നുവെങ്കില്‍ കണക്കുകള്‍ രൂപപ്പെടുത്തിയെടുക്കാന്‍ രണ്ട്‌ വര്‍ഷമെങ്കിലും വേണ്ടിവന്നേനെ. അതാണ്‌ വെറും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ യന്ത്രം ചെയ്‌തു തീര്‍ത്തത്‌. അഞ്ച്‌ മില്യന്‍ ഡോളര്‍ ചെലവ്‌ ചുരുക്കി സെന്‍സസ്‌ പൂര്‍ത്തിയാക്കിയത്‌ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന്‌ കാനഡ, നോര്‍വെ, ആസ്‌ട്രിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെ സെന്‍സസ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടിയും ഈ യന്ത്രത്തിന്റെ സേവനം ഉപയോഗപ്പെടുത്തി. യന്ത്രത്തിന്റെ പ്രശസ്‌തിക്ക്‌ പുറമെ ഹോള്‍റിത്തിനെ തേടി നിരവധി പുരസ്‌ക്കാരങ്ങളും പിന്നാലെ എത്തി.1896ല്‍ ഹോള്‍റിത്ത്‌ ടാബുലേറ്റിംഗ്‌ മെഷീന്‍ കമ്പനി എന്ന പേരില്‍ സ്‌ഥാപനം ആരംഭിച്ചു. ഇക്കാലത്ത്‌ അദ്ദേഹം മെഷീനില്‍ നിരവധി പരിഷ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഡാറ്റാ പ്രോസസിംഗിന്‌ പേരുകേട്ട ഈ കമ്പനി 1911ല്‍ മറ്റൊരു കമ്പനിയുമായി ലയിച്ച്‌ കംപ്യൂട്ടര്‍ ടാബുലേറ്റിംഗ്‌ റെക്കോര്‍ഡിംഗ്‌ കമ്പനി എന്ന പേര്‌ സ്വീകരിച്ചു. 1921ല്‍ റിട്ടയര്‍ ചെയ്യുന്നതു വരെ ഹെര്‍മ്മന്‍ ഹോള്‍റിത്തായിരുന്നു ഈ സ്‌ഥാപനത്തിന്റെ കണ്‍സട്ടിംഗ്‌ എന്‍ജിനീയര്‍. 1924ല്‍ ഇതിന്റെ പേര്‌ വീണ്ടും മാറി. അതാണ്‌ ഇന്നത്തെ ഐ.ബി. എം. എന്ന പേരില്‍ അറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ ബിസിനസ്‌ മെഷീന്‍സ്‌ കോര്‍പ്പറേഷന്‍.ഹോള്‍റിത്തിന്റെ പ്രധാന കണ്ടുപിടുത്തം ടാബുലേറ്റിംഗ്‌ മെഷീനായിരുന്നുവെങ്കിലും ട്രെയിനുകളില്‍ ഉപയോഗിക്കാവുന്ന ഇലക്‌ട്രിക്‌ ബ്രേക്ക്‌ സിസ്‌റ്റവും ഇദ്ദേഹത്തിന്റെ സംഭാവനയായിരുന്നു. ഈ മേഖലയില്‍ നടന്ന മറ്റ്‌ കണ്ടുപിടുത്തങ്ങള്‍ ഇതിനെ മറികടന്നു. 1929 നവംബര്‍ 17ന്‌ കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞ ഹെര്‍മ്മന്‍ ഹോള്‍റിത്ത്‌ തെളിച്ച വഴിയിലൂടെ കംപ്യൂട്ടര്‍ മേഖല ഇന്ന്‌ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു.

No comments: