ജോണ്‍ വില്യം മോക്‌ലി
( 1907 - 1980 )
ഓഹിയോവിലെ സിന്‍സിനാറ്റിയില്‍ ജനിച്ചു. ഊര്‍ജ്‌ജതന്ത്രജ്‌ഞന്‍. ഇലക്‌ട്രോണിക് ന്യൂമെറിക്കല്‍ ഇന്‍റഗ്രേറ്റര്‍ ആന്‍റ് കാല്‍ക്കുലേറ്റര്‍ - എനിയാക്, എന്ന ആദ്യകാല കംപ്യൂട്ടര്‍ 1946ലെ ഫെബ്രുവരി 14ന് ഔദ്യോഗികമായി പുറത്തിറക്കി. ജോണ്‍ പ്രസ്‌പര്‍ ഇക്കര്‍ട്ടിന്റെയും മറ്റ് അമ്പതോളം വരുന്ന ശാസ്‌ത്രജ്‌ഞരുടെയും സഹായത്തോടെയാണ് ഇത് സാധ്യമായത്. നിരവധി അവാര്‍ഡുകളും നേടി.
1907 ആഗസ്‌റ്റ് 30ന് ഓഹിയോവിലെ സിന്‍സിനാറ്റിയില്‍ ജനിച്ചു. ഊര്‍ജ്‌ജതന്ത്രഞ്‌ജനായ ഇയാളുടെ അച്‌ഛന്‍ മോക്‌ലിയില്‍ ഉറങ്ങിക്കിടന്നിരുന്ന ശാസ്‌ത്രവിചാരങ്ങളെ ഉണര്‍ത്തി. ഇലക്‌ട്രിസിറ്റിയുമായി ബന്‌ധപ്പെട്ട പരീക്‌ഷണങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ ഹരമായി കരുതിയിരുന്ന മോക്‌ലി അഞ്ചാം വയസ്സില്‍ ഒരു ഫ്‌ളാഷ് ലൈറ്റ് നിര്‍മ്മിച്ച് തന്റെ മിടുക്കുകാട്ടിയതാണ്.കാര്‍ണിംഗ് ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ഊര്‍ജ്‌ജതന്ത്രനായ ജെ. സെബാസ്‌റ്റ്യന്റെയും റെയ്‌ച്ചല്‍ മോക്‌ലിയുടെയും മകനായി പിറന്ന ജോണ്‍ ഡബ്‌ള്യു. മോക്‌ലി പഠനത്തില്‍ മിടുക്കനായിരുന്നു. 1928ല്‍ അച്‌ഛന്‍ മരിച്ചപ്പോള്‍ സാമ്പത്തിക പ്രതിസന്‌ധിയിലായ മോക്‌ലിയെ, തളരാതെ മുന്നോട്ടു നയിച്ചത് അദ്ദേഹത്തിന് പഠനത്തിന് ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പുകളാണ്. ബിരുദ പഠനത്തിന് ശേഷം മോക്‌ലി 1930ല്‍ മേരി വാല്‍സിനെ വിവാഹം ചെയ്‌തു. രണ്ട് വര്‍ഷത്തിന് ശേഷം ജോണ്‍സ് ഹോപ്‌കിന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മോളിക്യുലര്‍ സ്‌പെക്‌ട്രോസ്‌കോപ്പിയില്‍ പി എച്ച്.ഡി ബിരുദം നേടിയതിനെ തുടര്‍ന്ന് മോക്‌ലി വിവിധ സ്‌ഥാപനങ്ങളില്‍ ജോലിക്കുള്ള ശ്രമം തുടര്‍ന്നു. ന്യൂക്‌ളിയര്‍ ഫിസിക്‌സ് ഗവേഷണരംഗം ആകെ ചൂടുപിടിച്ചുവരുന്ന സമയമായിരുന്നു അത്. എന്നിരുന്നിട്ടും മോക്‌ലിക്ക് ഒരു ജോലി സംഘടിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. തന്റെ അച്‌ഛന്‍ ജോലി ചെയ്‌തിരുന്ന വാഷിംഗ്‌ടണിലെ കാര്‍ണിഗ് ഇന്‍സ്‌റ്റിറ്റ്യൂഷന്‍ പോലും മോക്‌ലിയെ ജോലിയുടെ കാര്യത്തില്‍ കയ്യൊഴിഞ്ഞു. അതിന് ശേഷമാണ് ഉര്‍സിനസ് കോളേജില്‍ പ്രൊഫസറായി അദ്ദേഹം ചേരുന്നത്.ഗവേഷണ മോഹം മനസ്സില്‍ സൂക്‌ഷിച്ച മോക്‌ലിക്ക് അവിടുത്തെ അന്തരീക്‌ഷം, തന്റെ വളര്‍ച്ചയ്‌ക്ക് അനുകൂലമല്ലെന്ന് മനസ്സിലായി. അങ്ങനെയിരിക്കെയാണ് കാലാവസ്‌ഥാപഠനത്തില്‍ മോക്‌ലിക്ക് കമ്പം കയറുന്നത്. തുടര്‍ന്ന് 1932ല്‍ വാഷിംഗ്‌ടണ്‍ ഡി.സി.യിലെ കാര്‍ണിംഗ് ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ടെറസ്‌ട്രിയല്‍ മാഗ്‌നറ്റിസം ഡിപ്പാര്‍ട്ട്‌മെന്റില്‍ വച്ച് അയണോസ്‌ഫിയറില്‍ പകല്‍ സമയത്ത് നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ഈ റിപ്പോര്‍ട്ട് അധികൃതര്‍ തള്ളി. വളരെ ചുരുങ്ങിയ സമയം - ഒരു മാസത്തെ, ഡാറ്റ മാത്രമേ വിശകലനം ചെയ്‌തുള്ളൂവെന്ന കാരണം കാണിച്ചാണിതാണിത്. മാത്രമല്ല വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ഏറെ പഴഞ്ചനായിരുന്നു. ഇലക്‌ട്രോണിക് ഉപകരണങ്ങളൊന്നും ഇതുമായി ബന്‌ധപ്പെട്ട് ഉപയോഗിക്കാനുമായില്ല. റിപ്പോര്‍ട്ട് തള്ളിയെങ്കിലും ഈ മേഖലയിലെ ഗവേഷണം കയ്യൊഴിയാന്‍ മോക്‌ലി തയ്യാറായിരുന്നില്ല. അതിനാല്‍ കാലാവസ്‌ഥാ പഠനത്തിന് കണക്കുകൂട്ടലുകള്‍ എളുപ്പം നടത്താന്‍ കഴിയുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചായി പിന്നെ മോക്‌ലിയുടെ ചിന്ത. ഇതിന്റെ ഫലമായി ഡിജിറ്റല്‍ കൗണ്ടറുകളും മറ്റും നിര്‍മ്മിച്ചു. ഈ ഗവേഷണം മുന്നറിയത് ആധുനിക കംപ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ ചവിട്ടുപടികളിലൂടെയാണ്.1946ല്‍ മോക്‌ലിയുടെ ആദ്യ ഭാര്യ മരിച്ചു. ആദ്യ ഭാര്യയുടെ മരണത്തെ തുടര്‍ന്ന് മോക്‌ലി, കാത്‌ലിന്‍ മക്‌ന്യൂട്ടിയെ രണ്ടാം വിവാഹം ചെയ്‌തു. കംപ്യൂട്ടറിന്റെ വ്യാപകമായ ഉപയോഗം മുന്‍കൂട്ടി അറിഞ്ഞിരുന്ന മോക്‌ലിയുടെ അന്ത്യം 1980 ജനുവരി ഒമ്പതിന് ഹൃദയശസ്‌ത്രക്രിയയ്‌ക്കിടെയായിരുന്നു. എഴുപത്തിരണ്ട് വര്‍ഷം നീണ്ട ജീവിതം കംപ്യൂട്ടര്‍ ലോകത്തിന് സമ്മാനിച്ച പുരോഗതി മോക്‌ലിയെ വിവിധ അവാര്‍ഡുകള്‍ക്കും അര്‍ഹനാക്കി.
രണ്ടാം ലോകമഹായുദ്ധകാലത്ത് യു. എസ്. സൈന്യത്തിന് എന്‍ജിനീയര്‍മാരെ ആവശ്യമുണ്ടായിരുന്നു. വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ഇലക്‌ട്രോണിക് യുദ്ധോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും വേണ്ടിയായിരുന്നു ഇത്. അതിനു വേണ്ടി ഫിസിക്‌സിലും കണക്കിലും ബിരുദം നേടിയവരെ അന്വേഷിക്കുന്ന തിരിക്കിലായിരുന്നു അപ്പോള്‍ യു. എസ്. സേന. വിവിധ പ്രതിരോധ സ്‌ഥാപനങ്ങള്‍ക്ക് ആവശ്യക്കാരെ നല്‍കുന്നതിന് മുന്നോടിയായി 10 ആഴ്‌ചത്തെ ഇലക്‌ട്രിക്കല്‍ കോഴ്‌സ് യുവാക്കള്‍ക്ക് നല്‍കേണ്ടിയിരുന്നു. ഈ ട്രെയിനിംഗ് കോഴ്‌സ് നല്‍കുന്നതിന് നിയോഗിക്കപ്പെട്ടത് മൂര്‍ സ്‌കൂള്‍ ഓഫ് ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിംഗാണ്. തുടര്‍ന്ന് യുവാക്കളെ ആവശ്യപ്പെട്ടുകൊണ്ട് വിവിധ കോളേജുകളിലേക്ക് മൂര്‍ സ്‌കൂളില്‍ നിന്നും അന്വേഷണം പ്രവഹിച്ചു. അങ്ങനെ ഉര്‍സിനസ് കോളേജിലേക്കും അന്വേഷണം എത്തി. ഈ കോളേജില്‍ നിന്ന് പദ്ധതിക്കായി കുട്ടികളെ നിര്‍ദ്ദേശിക്കാനുള്ള ചുമതല പ്രൊഫ. മോക്‌ലിക്കായിരുന്നു. എന്നാല്‍ 1941ല്‍ മോക്‌ലി തന്നെ ഈ പരിപാടിയിലേക്ക് സ്വയം ചേക്കേറുകയായിരുന്നു. അതേ തുടര്‍ന്ന് ഇലക്‌ട്രോണിക്‌സ് കോഴ്‌സ് പഠിക്കുന്നതിനായി മോക്‌ലി പെന്‍സില്‍വാനിയയിലെ മൂര്‍ സ്‌കൂളിലെത്തി. അദ്ദേഹത്തിന് അവിടുത്തെ പഠനം എളുപ്പമായി തോന്നി. ബാക്കി വരുന്ന സമയം സ്‌കൂളിലെ ലാബ് ഇന്‍സ്‌ട്രക്‌ടര്‍ ജോണ്‍ പ്രെസ്‌പര്‍ ഇക്കര്‍ട്ടുമായി ഇലക്‌ട്രോണിക്‌സ് സംബന്‌ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു തുടങ്ങി. ഇതിനിടയിലാണ് അമേരിക്കന്‍ സൈന്യത്തിന് വേണ്ടി യുദ്ധാവശ്യങ്ങള്‍ക്ക് വേണ്ടി ഒരു കംപ്യൂട്ടര്‍ നിര്‍മ്മിക്കാനുള്ള പദ്ധതി മൂര്‍ സ്‌കൂള്‍ ഏറ്റെടുക്കുന്നത്. 1943ല്‍ രണ്ടു പേരും ഈ സൈനിക പ്രോജക്‌ടിനു വേണ്ടി നിര്‍മ്മിക്കുന്ന 'എനിയാക്കു'മായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. യുദ്ധം അവസാനിച്ചിട്ടും ഈ പ്രോജക്‌ട് പൂര്‍ത്തിയായില്ല. തുടര്‍ന്നും പരീക്‌ഷണ നിരീക്‌ഷണങ്ങള്‍ നടന്നുകൊണ്ടേയിരുന്നു. യുദ്ധാവശ്യങ്ങള്‍ക്കല്ലാതെ മറ്റ് പല കാര്യങ്ങളും കംപ്യൂട്ടര്‍ കൊണ്ട് നിര്‍വ്വഹിക്കാന്‍ സാധിക്കുമെന്ന് അപ്പോഴേക്കും കണ്ടെത്തിയിരുന്നു.രണ്ടാം ലോക മഹായുദ്ധം അവസാനിച്ചപ്പോള്‍ മോക്‌ലിയും ഇക്കര്‍ട്ടും ചേര്‍ന്ന് എഡ്‌വാക്ക് - ഇലക്‌ട്രോണിക് ഡിസ്‌ക്രീറ്റ് വേരിയബിള്‍ ഓട്ടോമാറ്റിക് കംപ്യൂട്ടര്‍ വികസിപ്പിച്ചെടുത്തു. `സ്‌റ്റോര്‍ഡ് പ്രോഗ്രാം' എന്ന ആശയം ഉപയോഗപ്പെടുത്തിയായിരുന്നു ഇത് നിര്‍മ്മിച്ചത്.
No comments:
Post a Comment