Tuesday, May 29, 2007


ജോര്‍ജ്‌ ബൂള്‍



(1815 1864)ഇംഗ്ലണ്ടിലെ ലിങ്കണില്‍ ജനിച്ചു. ചിന്തകളെ ഗണിതവത്‌ക്കരിക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിച്ച ജോര്‍ജ്‌ ബൂളിന്റെ `ബൂളിയന്‍ ആള്‍ജിബ്ര' കംപ്യൂട്ടറിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്‌ഥാനം നേടി. 1849ല്‍ ക്യൂന്‍സ്‌ കോളേജില്‍ ഗണിത വിഭാഗത്തിലെ പ്രൊഫസറായി, 1851ല്‍ സയന്‍സ്‌ ഡീനും. 1854ല്‍ `An Investigation into laws of thought' എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചു







കംപ്യൂട്ടറിന്റെ വളര്‍ച്ചയില്‍ പ്രമുഖ സ്‌ഥാനം വഹിച്ചവരില്‍ ഒരാളാണ്‌ ജോര്‍ജ്‌ ബൂള്‍. ജോര്‍ജ്‌ ബൂള്‍ ആവിഷ്‌ക്കരിച്ച 'ബൂളിയന്‍ ആള്‍ജിബ്ര'യാണ്‌ കംപ്യൂട്ടര്‍ ലോകത്ത്‌ ചലനം സൃഷ്‌ടിച്ചത്‌. ചിന്തകളെ ഗണിതവത്‌ക്കരിക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിച്ച ജോര്‍ജ്‌ ബൂള്‍ ലോജിക്‌ ക്രിയകള്‍ ഒരു പ്രതീക വ്യവസ്‌ഥയുടെ കീഴിലാക്കാമെന്ന്‌ കണ്ടെത്തി. ബൂളിയന്‍ ആള്‍ജിബ്ര എന്ന പുതിയ അങ്കഗണിത സമ്പ്രദായത്തിന്റെ ഉപജ്‌ഞാതാവായ ബൂളിന്റെ ജീവിതം ഒട്ടും സുഗമമായിരുന്നില്ല. കഷ്‌ടതകളും പരാധീനതകളും മുന്നിട്ടുനിന്ന കാലഘട്ടത്തിലും ബൂളിന്‌ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്‌ജം ആത്‌മവിശ്വാസം മാത്രമായിരുന്നു. എല്ലാ പ്രതിസന്‌ധികളെയും തോല്‍പ്പിച്ച്‌ അവസാനം ജീവിത വിജയം കൈവരിക്കാന്‍ ബൂളിന്‌ സാധിക്കുകയും ചെയ്‌തു.ഇംഗ്ലണ്ടിലെ ലിങ്കണില്‍ ഒരു ചെരിപ്പു കുത്തിയുടെ മകനായി 1815ല്‍ നവംബര്‍ രണ്ടിനായിരുന്നു ജോര്‍ജ്‌ ബൂള്‍ ജനിച്ചത്‌. ജോണ്‍ ബൂളിന്റെയും മേരി ആന്‍ ജോയ്‌സിയുടെയും നാല്‌ മക്കളില്‍ മൂത്തയാളാണ്‌ ജോര്‍ജ്‌ ബൂള്‍. വിവാഹശേഷം ഒമ്പത്‌ വര്‍ഷത്തിന്‌ ശേഷം നടന്ന ജോര്‍ജ്‌ ബൂളിന്റെ ജനനം മാതാപിതാക്കളില്‍ ഏറെ സന്തോഷമുളവാക്കിയിരുന്നു. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിന്‌ധി നിമിത്തം ജോര്‍ജ്‌ജിന്‌ മികച്ച വിദ്യാഭ്യാസം നല്‍കാന്‍ രക്‌ഷിതാക്കള്‍ക്കായില്ല. അച്‌ഛന്‌ പാദരക്‌ഷാ നിര്‍മ്മാണവും മറ്റുമായിരുന്നു തൊഴിലെങ്കിലും ശാസ്ര്‌ത വിഷയങ്ങളിലുള്ള താല്‍പര്യം കൊണ്ട്‌ ബിസിനസ്സില്‍ ശ്രദ്ധയൂന്നാനും സാധിച്ചിരുന്നില്ല. അതിനാല്‍ അടിക്കടി ക്‌ഷയിച്ചു വന്ന വരുമാനം കൊണ്ട്‌ ജീവിതച്ചെലവ്‌ വരെ വഴിമുട്ടി. പിന്നെയുള്ള ആശ്രയം പള്ളിയായിരുന്നു. അതിനെ തുടര്‍ന്ന്‌ മകനെ വൈദികനാക്കാന്‍ തീരുമാനിക്കുകയായിരുന്നു. എങ്കിലും വിധി മറ്റൊന്നായിരുന്നു.പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ജോര്‍ജ്‌ ബൂള്‍ ചില പ്രാഥമിക വിദ്യാലയങ്ങളില്‍ ജോലി നോക്കി. ഇതിലൂടെ ലഭിച്ച വരുമാനം കുടുംബത്തിലെ ചെലവിന്‌ മതിയാകുമായിരുന്നില്ലെങ്കിലും ബൂളും മാതാപിതാക്കളും മൂന്നു സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിനുള്ള വരുമാനം ഇതുമാത്രമായിരുന്നു. ഇതിനിടെ ഭാഷാ പഠനത്തില്‍ കമ്പം കയറിയ ബൂള്‍ ആദ്യം ലാറ്റിന്‍ പഠിച്ചു. തുടര്‍ന്ന്‌ സ്വപ്രയത്‌നത്താല്‍ ഗ്രീക്ക്‌, ഫ്രഞ്ച്‌, ജര്‍മ്മന്‍ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള ശേഷി നേടി. പതിനാലാം വയസ്സില്‍ ഗ്രീക്കില്‍ നിന്ന്‌ ഒരു കവിത വിവര്‍ത്തനം ചെയ്യുകയുമുണ്ടായി. ചെറുപ്പ കാലത്ത്‌ നടത്തിയ ആ വിവര്‍ത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടു. കുട്ടികള്‍ക്ക്‌ പറഞ്ഞുകൊടുക്കുന്നതിനായി കണക്ക്‌ പഠിക്കാന്‍ തുടങ്ങിയത്‌ ബൂളിനെ ഏറെ വ്യത്യസ്‌തനായ മറ്റൊരു മനുഷ്യനാക്കി തീര്‍ത്തു. തുടര്‍ന്ന്‌ ഗണിതശാസ്‌ത്രത്തില്‍ ഹരം കയറിയ ബൂള്‍ മറ്റാരുടെയും സഹായമില്ലാതെ വിദഗ്‌ദ്ധ ഗ്രന്‌ഥങ്ങള്‍ വായിച്ചു മനസ്സിലാക്കി. പിന്നീട്‌ ഈ വിഷയത്തില്‍ തയ്യാറാക്കിയ പ്രബന്‌ധങ്ങള്‍ കാംബ്രിഡ്‌ജ്‌ മാത്തമാറ്റിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. കണക്കുമായുള്ള പരിചയം ഈ രംഗത്തെ പ്രമുഖരുമായുളള അടുപ്പത്തിന്‌ നിമിത്തമായി.കുട്ടികളെ പഠിപ്പിക്കുന്നതിനായി ഇരുപതാം വയസ്സില്‍ സ്‌കൂള്‍ തുടങ്ങിയ ബൂളിന്‌ സ്വന്തമായി ബിരുദങ്ങളൊന്നുമുണ്ടായിരുന്നില്ല. എങ്കിലും 1849ല്‍ ക്യൂന്‍സ്‌ കോളേജില്‍ ഗണിത വിഭാഗത്തിലെ ആദ്യ പ്രൊഫസറായി ബൂളിന്‌ നിയമനം കിട്ടി. പുതിയ ഉദ്യോഗം വലിയ അനുഗ്രഹമായി ബൂളിന്‌ അനുഭവപ്പെട്ടു. 1851ല്‍ ബൂള്‍ സയന്‍സ്‌ ഡീനായി ചുതമലയേറ്റു. 1855ല്‍ മേരി എവറസ്‌റ്റിനെ വിവാഹം ചെയ്‌ത ബൂള്‍ അഞ്ച്‌ പെണ്‍മക്കളുടെ അച്‌ഛനുമായി. മേരി എവറസ്‌റ്റ്‌ ജോര്‍ജ്‌ ബൂളിന്റെ ഭാര്യ മാത്രമായിരുന്നില്ല. ഒരു ശിഷ്യ കൂടിയായിരുന്നു. ഭര്‍ത്താവിന്റെ മരണ ശേഷം ബൂള്‍ സൈക്കോളജി എന്ന ഗ്രന്‌ഥം രചിക്കുകയും അദ്ദേഹത്തിന്റെ ആശയങ്ങള്‍ വിദ്യാര്‍ത്‌ഥികളില്‍ പ്രചരിപ്പിക്കാന്‍ മേരി മുന്നിലുണ്ടായിരുന്നു.1847ലാണ്‌ ബൂളിന്റെ മഹത്തായ കണ്ടുപിടുത്തം നടന്നത്‌. യുക്തി വിചാരം അങ്കഗണിതത്തിന്റെ പ്രതീക വ്യവസ്‌ഥയിലേക്ക്‌ ഒതുക്കി വയ്‌ക്കാമെന്ന ബൂളിയന്‍ ആള്‍ജിബ്രയുടെ തത്വം പക്‌ഷെ മറ്റുള്ളവരുടെ പ്രശംസ നേടിയില്ല. അന്നത്തെ പല പ്രശസ്‌തരും ഇതിനെ വാക്കുകള്‍ കൊണ്ടുള്ള ഒരുതരം കളിയായാണ്‌ കണക്ക്‌ കൂട്ടിയിരുന്നത്‌. എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ ഇലക്‌ട്രോണിക്‌ കംപ്യൂട്ടറുകളുടെ ആധാരശിലയായി മാറാന്‍ ബൂളിയന്‍ ആള്‍ബ്രിജയ്‌ക്ക്‌ കഴിഞ്ഞുവെന്നത്‌ നേട്ടം തന്നെയാണ്‌.1854ല്‍ ബൂളിന്റെ 'അി കി്‌ലേെശഴമശേീി ശിീേ ഹമം െീള വേീൗഴവ'േ എന്ന ഗ്രന്‌ഥം പ്രസിദ്ധീകരിച്ചു. സിമ്പോളിക്‌ ലോജിക്‌ എന്ന ഗണിതശാസ്‌ത്രശാഖയ്‌ക്ക്‌ വിലപ്പെട്ട സംഭാവന നല്‍കിയ ബൂളിന്‌ ഡബ്‌ളിന്‍, ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റികള്‍ ഹോണററി ബിരുദം നല്‍കി. 1857ല്‍ റോയല്‍ സൊസൈറ്റി ഫെല്ലോ ആയി തിരഞ്ഞെടുക്കുകയും ചെയ്‌തു. 1864 ഡിസംബര്‍ എട്ടിന്‌ ന്യുമോണിയ രോഗം വന്ന്‌ മരിക്കുന്നത്‌ വരെ ഊര്‍ജ്‌ജസ്വലനായിരുന്ന ബൂള്‍ കംപ്യൂട്ടര്‍ ശാഖയ്‌ക്ക്‌ നല്‍കിയ സംഭാവനകള്‍ ഏറെ വിലപ്പെട്ടത്‌ തന്നെ.

No comments: