ജോസഫ് മാരി ജക്കാര്‍ഡ്
( 1752 - 1834)
ഫ്രാന്‍സിലെ ലിയോണില്‍ ജനിച്ചു. ഇദ്ദേഹം നിര്‍മ്മിച്ച ജക്കാര്‍ഡ് ലൂമില്‍ പഞ്ച് കാര്‍ഡുകളാണ് ഉപയോഗപെ്‌പടുത്തിയിരുന്നത്. ഈ സാങ്കേതികവിദ്യയാണ് ചാള്‍സ് ബാബേജ് അനലിറ്റിക്കല്‍ എന്‍ജിനിലും 1890ല്‍ അമേരിക്കയിലെ സെന്‍സസ് കണക്കുകള്‍ കൈകാര്യം ചെയ്‌തിരുന്ന ടാബുലേറ്റിംഗ് മെഷീനില്‍ ഹെര്‍മ്മന്‍ ഹോള്‍റിത്തും ഉപയോഗിച്ചത്. ജക്കാര്‍ഡ് ലൂം ഇന്നും പ്രചാരത്തിലുണ്ട
നെയ്‌ത്തുകാരന്റെ മകനായി 1752 ജൂലായ് ഏഴിന് ഫ്രാന്‍സിലെ ലിയോണില്‍ ജനിച്ചു. സാധാരണ കുടുംബത്തില്‍ നിന്ന് വലിയ സ്വപ്‌നങ്ങളുമായി വളര്‍ന്നുവന്ന ജക്കാര്‍ഡിന് കംപ്യൂട്ടറുമായി നേരിട്ട് ബന്‌ധമൊന്നുമില്ലെങ്കിലും പില്‍ക്കാലത്ത് അദ്ദേഹം നിര്‍മ്മിച്ച നെയ്‌ത്തുയന്ത്ര സാങ്കേതികവിദ്യ ആധുനിക ഓട്ടോമാറ്റിക് നെയ്‌ത്തുയന്ത്രത്തിന്റെ അടിസ്‌ഥാനതത്വവും ആധുനിക കംപ്യൂട്ടറിന്റെ മുന്നോടിയുമായിത്തീര്‍ന്നു.പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്ന ജക്കാര്‍ഡ് ഒഴിവു സമയങ്ങളിലും മറ്റും അച്‌ഛനെ ജോലിയില്‍ സഹായിക്കാന്‍ മുമ്പിലുണ്ടായിരുന്നു. അച്‌ഛന്റെ മരണം ജക്കാര്‍ഡിനെ വറുതിയിലേക്ക് നയിച്ചെങ്കിലും അദ്ദേഹത്തിന്റെ അടങ്ങാത്ത അന്വേഷണ തൃഷ്‌ണ `ജക്കാര്‍ഡ് ലൂം' എന്ന കണ്ടുപിടിത്തത്തിലേക്ക് നയിക്കുകയായിരുന്നു. അച്‌ഛന്റെ മരണശേഷം പൈതൃകമായി ലഭിച്ച നെയ്‌ത്തുയന്ത്രമാണ് വിവിധ പരീക്‌ഷണങ്ങള്‍ നടത്തി ജക്കാര്‍ഡ് നെയ്‌ത്തുയന്ത്രമായി വികസിപ്പിച്ചത്. പരീക്‌ഷണ നിരീക്‌ഷണങ്ങള്‍ക്ക് പിന്നാലെ നടന്നിരുന്നതിനാല്‍ ജക്കാര്‍ഡിന് എന്നും കഷ്‌ടപ്പാട് തന്നെയായിരുന്നു. ഉള്ള ജോലി പോലും ഇതിന്റെ പേരില്‍ നഷ്‌ടപ്പെടുത്തി. ഇതിനിടയില്‍ 1793ല്‍ ഫ്രഞ്ച് വിപ്‌ളവത്തിലും ജക്കാര്‍ഡ് പങ്കാളിയായി.`വല നെയ്യാനുള്ള യന്ത്രമുണ്ടാക്കുന്നയാള്‍ക്ക് സമ്മാനം' - ഇംഗ്ലീഷ് പേപ്പറില്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ പേരില്‍ പ്രത്യക്‌ഷപ്പെട്ട ഒരു പരസ്യമാണ് ജക്കാര്‍ഡിനെ വല നെയ്‌ത്തുയന്ത്രത്തിന്റെ നിര്‍മ്മാണത്തിലേക്ക് നയിച്ചത്. എന്നാല്‍ സമ്മാനത്തിനുള്ള അവകാശവാദമൊന്നും ഉന്നയിക്കാന്‍ ജക്കാര്‍ഡ് തുനിഞ്ഞില്ല. പക്‌ഷെ അതിന് പിന്നീട് വലിയ സമ്മാനം ലഭിക്കുകയും ചെയ്‌തു. തുടര്‍ന്ന് 1801ല്‍ വിപ്‌ളവാത്‌മകമായ നവസാങ്കേതികവിദ്യ സംയോജിപ്പിച്ചുകൊണ്ട് ഒരു ഓട്ടോമാറ്റിക് നെയ്‌ത്തുയന്ത്രം - ജക്കാര്‍ഡ് ലൂം, വികസിപ്പിച്ചു. ആഗ്രഹിച്ച ഏതു മാതൃകയിലും ഓട്ടോമാറ്റിക് ആയി ലഭിക്കത്തക്കവിധം വസ്‌ത്രങ്ങള്‍ നെയ്‌തിരുന്ന ഈ മെഷീനില്‍ പഞ്ച് കാര്‍ഡുകളാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ പഞ്ച്‌കാര്‍ഡ് സാങ്കേതികവിദ്യയാണ് 1830ല്‍ ചാള്‍സ് ബാബേജ് തന്റെ അനലിറ്റിക്കല്‍ എന്‍ജിനില്‍ ഇന്‍പുട്ട് - ഔട്ട്‌പുട്ട് മാധ്യമം എന്നനിലയിലും 1890ല്‍ അമേരിക്കയിലെ സെന്‍സസ് കണക്കുകള്‍ കൈകാര്യം ചെയ്‌തിരുന്ന ടാബുലേറ്റിംഗ് മെഷീനില്‍ ഡാറ്റ ഫീഡ് ചെയ്യാന്‍ ഹെര്‍മ്മന്‍ ഹോള്‍റിത്തും ഉപയോഗപ്പെടുത്തിയത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ പഞ്ച് കാര്‍ഡ് പ്രയോജനപ്പെടുത്തിയ ഉപകരണങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവന്നു. ആദ്യകാല ഡിജിറ്റല്‍ കംപ്യൂട്ടറുകളിലേക്ക് ഡാറ്റ പകര്‍ന്നു നല്‍കിയിരുന്ന പഞ്ച് കാര്‍ഡ് ഇന്ന് ഓര്‍മ്മയായെങ്കിലും അന്നത്തെ സാങ്കേതികവിദ്യയാണ് അതിസൂക്‌ഷ്‌മ സെമികണ്ടക്‌ടര്‍ മെമ്മറിക്ക് വഴിമാറിയത്.ആഗ്രഹിക്കുന്ന ഏത് രീതിയിലും പഞ്ച് കാര്‍ഡിന്റെ സഹായത്തോടെ വസ്‌ത്രനെയ്‌ത്ത് സാദ്ധ്യമാക്കിയിരുന്ന ജക്കാര്‍ഡ് ലൂം തങ്ങളുടെ തൊഴിലിന് ഭീഷണിയായി കണ്ട മറ്റ് നെയ്‌ത്തു തൊഴിലാളികള്‍ ആ മെഷീന്‍ നശിപ്പിക്കുകയും ജക്കാര്‍ഡിനെ ആക്രമിക്കുകയും ചെയ്‌തു. എങ്കിലും ജക്കാര്‍ഡിനെ തളര്‍ത്താന്‍ ആര്‍ക്കും സാധിച്ചില്ല. നെയ്‌ത്തുയന്ത്രത്തിന്റെ സവിശേഷത അതിനെ മെച്ചപ്പെട്ട ഉപകരണങ്ങളുടെ പട്ടികയിലേക്കെത്തിച്ചു. 1806ല്‍ ജക്കാര്‍ഡ് ലൂം രാജ്യത്തിന്റെ പൊതു സ്വത്തായി പ്രഖ്യാപിക്കപ്പെട്ടു. അതേതുടര്‍ന്ന് ജക്കാര്‍ഡിന് പുരസ്‌ക്കാരവും ഓരോ നെയ്‌ത്തുയന്ത്രത്തിനും റോയല്‍റ്റിയും നല്‍കാന്‍ തീരുമാനമായി. നെയ്‌ത്തു തൊഴിലാളികള്‍ കത്തിച്ചുകളഞ്ഞ ആദ്യത്തെ ജെക്കാര്‍ഡ് ലൂമിന്റെ സ്‌ഥാനത്ത് പിന്നീട് ഇതിന്റെ ഒരു സ്‌മാരകം തന്നെ ഉയര്‍ന്നു. 1812 ഓടെ ഫ്രാന്‍സില്‍ 11,000 യന്ത്രങ്ങള്‍ ഉപയോഗത്തില്‍ വന്നു. 1820കളില്‍ ഇംഗ്ലണ്ടിലേക്കും അവിടെ നിന്ന് ഫലത്തില്‍ ലോകമൊട്ടുക്കും ഇതിന്റെ വിശേഷണങ്ങള്‍ അറിഞ്ഞുതുടങ്ങി. ജക്കാര്‍ഡ് 1834 ആഗസ്‌റ്റ് ഏഴിന് ഇഹലോകവാസം വെടിഞ്ഞു. സങ്കീര്‍ണ്ണമായ നെയ്‌ത്തുവേലകള്‍ കൈകാര്യം ചെയ്‌തിരുന്ന പഞ്ച് കാര്‍ഡ് അധിഷ്‌ഠിത ജക്കാര്‍ഡ് ലൂം ഇന്നും പ്രചാരത്തിലുണ്ട്. ഇത്തരമൊരു പ്രവര്‍ത്തനമികവ് പുലര്‍ത്തിയ യന്ത്രം നിര്‍മ്മിച്ച് ചരിത്രത്തിലിടം നേടിയ ജോസഫ് ജെക്കാര്‍ഡ് എന്ന പ്രതിഭ നേരിട്ട് കംപ്യൂട്ടര്‍ മേഖലയ്‌ക്ക് സംഭാവനയൊന്നും നല്‍കിയില്ലെങ്കിലും പഞ്ച് കാര്‍ഡ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ഓടിയെത്തുന്ന രൂപമായി മാറിക്കഴിഞ്ഞു.
No comments:
Post a Comment