Thursday, June 16, 2011

2011 ജൂണ്‍ 16
ഐബിഎമ്മിന് ഇന്ന് നൂറു വയസ്സ്

ഐബിഎമ്മിന്റെ ചരിത്രം എന്നത് ആധുനിക കംപ്യൂട്ടറിന്റേതു കൂടിയാണ്. ആദ്യത്തെ ഹാര്‍ഡ്ഡിസ്ക്കും ഫ്ളോപ്പി ഡിസ്ക്കും പേഴ്സണല്‍ കംപ്യൂട്ടറും മാത്രമല്ല വിവരങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഡൈനാമിക് മെമ്മറിയും എത്തിയത് ഐബിഎമ്മിന്റെ ആവനാഴിയില്‍ നിന്നാണ്. പഞ്ച് കാര്‍ഡ് മെഷീനുകളിലൂടെ ടൈപ്പ് റൈറ്ററുകളുടെ ലോകത്തെത്തി അവിടെ നിന്ന് സൂപ്പര്‍ കംപ്യൂട്ടറിന്റെയും ഇലക്ട്രോണ്‍ മൈക്രോസ്കോപ്പിന്റെയും വികാസത്തിലൂടെ ലോകത്തിന്റെ നെറുകൈയില്‍ ചുംബിച്ച ഐബിഎം മാറ്റത്തിന്റെ കൊടുങ്കാറ്റായി തന്നെ തുടരുന്നു. ലോകശ്രദ്ധ പിടിച്ചുപറ്റിയ മെയിന്‍ഫ്രെയിം കംപ്യൂട്ടര്‍ മാത്രമല്ല സൂപ്പര്‍മാര്‍ക്കറ്റിലെ തിരക്കൊഴിവാക്കി ആളുകളെ വിസ്മയിപ്പിച്ച യൂണിവേഴ്സല്‍ പ്രോഡക്ട്സ് കോഡും മറ്റാരുടേതും ആയിരുന്നില്ല. ആഗോളവ്യാപകമായി ശാസ്ത്ര സാങ്കേതിക സാമൂഹ്യരംഗങ്ങളില്‍ വമ്പിച്ചൊരു മാറ്റത്തിന് ഇടയാക്കിയ ഐബിഎം എന്ന അമേരിക്കന്‍ കമ്പനി അതിന്റെ ശതാബ്ദിയുടെ നിറവിലാണിപ്പോള്‍.


സി.ടി. ആറില്‍ നിന്ന് തുടക്കം

1911 ജൂണ്‍ 16ന് ഓഫീസുകള്‍ക്കാവശ്യമായ ഉല്പന്നങ്ങള്‍ നിര്‍മ്മിച്ചിരുന്ന മൂന്നു കമ്പനികള്‍ ചേര്‍ന്ന് കംപ്യൂട്ടിംഗ് ടാബുലേറ്റിംഗ് റെക്കോര്‍ഡിംഗ് (സി.ടി.ആര്‍) എന്ന പേരില്‍ ഒറ്റക്കമ്പനിയായപ്പോള്‍ കരുതിയിരുന്നില്ല അത് വിവരസാങ്കേതികരംഗത്തെ ചരിത്രം മാറ്റിമറിക്കാന്‍ പോന്ന ഒരു സ്ഥാപനമായി മാറുമെന്ന്. പത്തൊമ്പതാം നൂറ്റാണ്ടിലെ ടാബുലേറ്റിംഗ് മെഷീന്‍ കമ്പനി, ഇന്റര്‍നാഷണല്‍ ടൈം റെക്കോര്‍ഡിംഗ് കമ്പനി, കംപ്യൂട്ടിംഗ് സ്കെയില്‍ കമ്പനി എന്നിവ കൂടിച്ചേര്‍ന്നാണ് കംപ്യൂട്ടിംഗ് ടാബുലേറ്റിംഗ് റെക്കോര്‍ഡിംഗ് (സി.ടി.ആര്‍) കമ്പനിയുണ്ടായത്. കംപ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ തുടക്കക്കാരില്‍ പ്രധാനികളായ ഐബിഎം കമ്പനിയുടെ മുന്‍ഗാമിയായിരുന്നു ഇത്.
ചാള്‍സ് റാന്‍ലെറ്റ് ഫ്ളിന്റ് എന്ന യുവാവാണ് ഈ മൂന്നു കമ്പനിയുടെയും ലയനത്തിന് വഴിതെളിച്ചത്. കണക്കുകൂട്ടല്‍ യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഈ കമ്പനിയുടെ നേതൃസ്ഥാനത്തേക്ക് ഫ്ിളന്റ് 1914ല്‍ തോമസ് ജെ വാട്സണ്‍ സീനിയറിനെ നിയമിച്ചു. രണ്ടു ദശാബ്ദത്തോളം കമ്പനിയെ മുന്നോട്ടു നയിച്ച അദ്ദേഹമാണ് കണ്ടുപിടുത്തങ്ങളുടെയും സാങ്കേതികവിദ്യയുടെയും ലോകത്തിലൂടെ കമ്പനിക്ക് പുതിയ ദിശാബോധം നല്‍കി ആഗോളതലത്തില്‍ പ്രശസ്തി നേടിക്കൊടുത്തത്. ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് (ഐബിഎം) എന്ന പേര് സ്വീകരിച്ചത് 1924ലാണ്. 1917 മുതല്‍ കാനഡയിലെ കമ്പനി ഐബിഎം എന്ന പേരിലാണ് അറിയപ്പെട്ടത്. പിന്നീട് ഐബിഎം എന്നത് കമ്പനിയുടെ പൊതുവായ പേരായി മാറ്റുകയായിരുന്നു. പഞ്ച് കാര്‍ഡുകളുടെയും ടാബുലേറ്ററുകളുടെയും നിര്‍മ്മാണകുത്തകയായി ഐബിഎം പിന്നീട് മാറി. പിന്നീടങ്ങോട് വളര്‍ച്ചയുടെ പടവുകളായിരുന്നു.

1920ല്‍ കംപ്യൂട്ടിംഗ് ടാബുലേറ്റിംഗ് റെക്കോര്‍ഡിംഗ് (സി.ടി. ആര്‍) കമ്പനി വളരെ ചെറിയൊരു സ്ഥാപനമായിരുന്നു, പക്ഷേ, ആഗ്രഹങ്ങള്‍ വലുതും. സിടിആര്‍ ദേശീയതലം വിട്ട് ആഗോളവിപണിയില്‍ എത്തിനോക്കാന്‍ ഏറെ കൊതിച്ചിരുന്ന കാലമായിരുന്നു അത്. നല്ല വളര്‍ച്ചാനിരക്കുണ്ടായിരുന്ന കമ്പനിക്ക് ബിസിനസ്സ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തില്‍ ബ്രാഞ്ചുകള്‍ ആരംഭിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. പിന്നെയുള്ള ശ്രമം അതിനുവേണ്ടിയായിരുന്നു. ഇതോടനുബന്ധിച്ച് അന്ന് കമ്പനിയുടെ പ്രസിഡന്റ് വാട്സണ്‍ ഇന്ത്യയിലെ ബോംബെയിലുമെത്തുകയുണ്ടായി. ആഗോള കമ്പനിയെന്ന തോന്നല്‍ ജനിപ്പിക്കാനാണ് തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ബിസിനസ്സ് മെഷീന്‍സ് എന്ന പേര് സ്വീകരിക്കുന്നതുപോലും. ഇന്ന് ഇരുന്നൂറോളം രാജ്യങ്ങളിലധികം പടര്‍ന്നുപന്തലിച്ച കമ്പനിയില്‍ നാലേകാല്‍ ലക്ഷത്തോളം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. അഞ്ച് നോബല്‍ സമ്മാനം ഉള്‍പ്പെടെ പ്രമുഖമായ പല അവാര്‍ഡുകളും ഭഐബിയെമ്മര്‍' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഐബിഎമ്മിലെ ജീവനക്കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. സാങ്കേതികരംഗത്ത് ഏറെ മൂല്യമുള്ള ട്യൂറിംഗ് അവാര്‍ഡ് ലഭിച്ചത് നാലു തവണ. നാഷണല്‍ മെഡല്‍ ഓഫ് ടെക്നോളജി അവാര്‍ഡ് ഒമ്പത് തവണ, അഞ്ചു പ്രാവശ്യം നാഷണല്‍ മെഡല്‍ ഓഫ് സയന്‍സ് അവാര്‍ഡ് എന്നിവയൊക്കെ കരസ്ഥമാക്കിയിട്ടുണ്ട് വലുപ്പത്തില്‍ പതിനെട്ടാം സ്ഥാനത്തുനില്‍ക്കുന്ന അമേരിക്കയിലെ ഐബിഎം കമ്പനി ജീവനക്കാര്‍. ആഗോളതലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങളില്‍ ഗവേഷണ കേന്ദ്രങ്ങളുള്ള ഐബിഎം ആയിരിക്കും അമേരിക്കന്‍ കമ്പനികളുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ പേറ്റന്റ് കരസ്ഥമാക്കിയിട്ടുള്ളത്.

തുടക്കം മുതല്‍ ഐബി എം കടന്നുവന്ന വഴികളെക്കുറിച്ച് അറിയുന്നത് കംപ്യൂട്ടര്‍ ചരിത്രം അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് ഗുണകരമാവും. ഡാറ്റാ പ്രോസസ്സിംഗില്‍ മുന്നിട്ടുനിന്നിരുന്ന ഐബിഎം 1920 കാലത്ത് ടാബുലേഷന്‍ മെഷീനുകള്‍ക്ക് വിവരങ്ങള്‍ കൈമാറാനായി പ്രത്യേകം പഞ്ച് കാര്‍ഡുകള്‍ തയ്യാറാക്കിയിരുന്നു. അവരുടെ സിസ്റ്റങ്ങളില്‍ മാത്രമേ ഇത് ഉപയോഗപ്പെടുത്താന്‍ ആദ്യം സാധിച്ചിരുന്നുള്ളൂവെങ്കിലും 1928 ആവുമ്പോഴേക്കും ഇത് പരിഷ്ക്കരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിരുന്ന ഈ പഞ്ച്ഡ് കാര്‍ഡുകളാണ് 1950 മുതല്‍ 70 വരെയുള്ള കാലഘട്ടത്തില്‍ അമേരിക്കയിലെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ അടക്കം പലരും ഉപയോഗിച്ചത്. അങ്ങനെ അത് ഈ മേഖലയിലെ സ്റ്റാന്‍ഡേര്‍ഡ് ആയി മാറുകയായിരുന്നു. അതോടൊപ്പം ഔട്ട്പുട്ട് പ്രിന്റ് ചെയ്തെടുക്കാവുന്ന രീതിയിലുള്ള ടാബുലേറ്റര്‍ മെഷീനുകളും ഇക്കാലയളവില്‍ ഐബിഎം പുറത്തിറക്കുകയുണ്ടായി. 1934ല്‍ ഐബിഎം 405 എന്ന പേരില്‍ അക്കൌണ്ടിംഗ് മെഷീന്‍ ഐബിഎം പുറത്തിറക്കി. ഇത് 1949 വരെ വിപണിയിലുണ്ടായിരുന്നു.
പീസ്വര്‍ക്ക് അടിസ്ഥാനത്തിലായിരുന്നു ആദ്യം തൊഴിലാളികള്‍ ജോലി ചെയ്തിരുന്നത്. എല്ലാവരെയും സ്ഥിര ശമ്പളക്കാരായി നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങുന്നത് 1934ലാണ്. ഒരു വര്‍ഷം കഴിഞ്ഞ് ഐബിഎമ്മിന്റെ ഇലക്ട്രിക് ടൈപ്പ്റൈറ്റര്‍ വിപണിയിലെത്തിച്ചു. ഭഇലക്ട്രോമാറ്റിക'് എന്ന പേരിലെത്തിയ ഈ ടൈപ്പ്റൈറ്റര്‍ 1990 വരെ മാര്‍ക്കറ്റിലുണ്ടായിരുന്നു. 1937ല്‍ യു. എസ് സോഷ്യല്‍ സെക്യൂരിറ്റി നിയമം അടിസ്ഥാനമാക്കി 26 മില്യണ്‍ തൊഴിലാളികളുടെ റെക്കോര്‍ഡുകള്‍ തയ്യാറാക്കി കൈകാര്യം ചെയ്യാന്‍ ഐബിഎം ടാബുലേറ്റിംഗ് മെഷീനുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. ഇന്നത്തെ ഒപ്റ്റിക്കല്‍ ക്യാരക്ടര്‍ റീഡിംഗ് (ഒ.സി. ആര്‍) എന്ന സാങ്കേതികവിദ്യയ്ക്ക് തുല്യമായ മറ്റൊരു വിദ്യ -ഓട്ടോമേറ്റഡ് ടെസ്റ്റ് സ്കോറിംഗ്, 1937ല്‍ ഐബിഎം സാധ്യമാക്കിയിരുന്നു. പെന്‍സില്‍ കൊണ്ട് മാര്‍ക്ക് ചെയ്ത കളങ്ങള്‍ സെന്‍സ് ചെയ്ത് വളരെ കൃത്യമായി നിര്‍ധാരണം ചെയ്യാന്‍ ഇതിലൂടെ സാധ്യമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് മുന്നോടിയായി എത്തിയ ഈ സാങ്കേതികവിദ്യയിലൂടെ പല റിക്രൂട്ട്മെന്റ് നടപടികളും എളുപ്പത്തില്‍ ചെയ്യാനായി. 1943ല്‍ ഇലക്ട്രിക് റിലേയ്ക്ക് പകരം ഉപയോഗിക്കാവുന്ന വിധത്തില്‍ വാക്വംട്യൂബ് മള്‍ട്ടിപ്പയര്‍ സങ്കേതം ഐബിഎം വികസിപ്പിച്ചു. അതോടെ അരിത്മെറ്റിക് ക്രിയകള്‍ ഇലക്ട്രോണിക് രീതിയില്‍ വേഗതയോടെ ചെയ്യാമെന്നായി. അതിനിടെ, 1944ല്‍ ഓട്ടോമാറ്റിക് സീക്വന്‍സ് കണ്‍ട്രോള്‍ഡ് കാല്‍ക്കുലേറ്റര്‍ ഐബിഎം പുറത്തിറക്കി. അക്കാലത്തെ വന്‍കിട കാല്‍ക്കുലേറ്റിംഗ് ഉപകരണമായിരുന്നു ഇത്. ഭമാര്‍ക്ക് വണ്‍' എന്ന പേരില്‍ കൂടി അറിയപ്പെട്ട ഈ മെഷീന്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലാണ് സ്ഥാപിച്ചിരുന്നത്. 1948ല്‍ സെലക്ടീവ് സീക്വന്‍സ് ഇലക്ട്രോണിക് കാല്‍ക്കുലേറ്റര്‍ എന്ന ഡിജിറ്റല്‍ കാല്‍ക്കുലേറ്റിംഗ് മെഷീന്‍ അവതരിപ്പിച്ചു. 12,000 വാക്വംട്യൂബുകളും 21,000 ഇലക്ട്രോ മെക്കാനിക്കല്‍ റിലേകളും ഇതില്‍ ഉപയോഗിച്ചിരുന്നു. ഭസ്റ്റോര്‍ഡ് പ്രോഗ്രാം' മെച്ചപ്പെടുത്താന്‍ പറ്റുന്ന വിധത്തിലുള്ള ആദ്യത്തെ കംപ്യൂട്ടറായിരുന്നു ഇത്.
1950, സാങ്കേതികകാര്യങ്ങളില്‍ മുന്നിട്ടുനിന്നിരുന്ന സോവിയറ്റ് യൂണിയനെ തോല്‍പ്പിക്കാന്‍ അമേരിക്ക ശ്രമിക്കുന്ന കാലം. ഇലക്ട്രോണിക് കംപ്യൂട്ടറുകള്‍ വികസിപ്പിക്കാന്‍ അമേരിക്കന്‍ ഗവണ്‍മെന്റ് പല സംഘങ്ങള്‍ക്കും സഹായം നല്‍കി. വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തില്‍ ഐബിഎമ്മും ഇതിനായി മുന്നിട്ടിറങ്ങി. അങ്ങനെയാണ് 1951ല്‍ ഐബിഎം 701 എന്ന കംപ്യൂട്ടര്‍ നിര്‍മ്മിക്കുന്നത്. അതായിരുന്നു ആദ്യത്തെ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ കംപ്യൂട്ടര്‍. ലോകത്തെ അതിശയിപ്പിച്ച് ഐബിഎം അവതരിപ്പിച്ച കംപ്യൂട്ടറിലൂടെ ഇലക്ട്രോണിക് ബിസിനസ്സ് രംഗത്തേക്കും കാലെടുത്തുവച്ചു.
1951ലാണ് ഐബിഎം ഇന്ത്യയില്‍ ആദ്യത്തെ ഓഫീസ് തുറക്കുന്നത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു ശേഷം പഞ്ച് കാര്‍ഡ് നിര്‍മ്മാണ സൌകര്യങ്ങളും സബ് സെന്ററുകളും ഇവിടെ തുടങ്ങുകയുണ്ടായി. അതിനിടെയാണ് 1956ല്‍ കമ്പനിയുടെ അമരത്തിരുന്ന വാട്സണ്‍ അന്തരിച്ചത്. തുടര്‍ന്ന് മകന്‍ തോമസ് വാട്സണ്‍ ജൂനിയര്‍ പിതാവിന്റെ സ്ഥാനമേറ്റെടുത്തു. കംപ്യൂട്ടര്‍ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞ വാട്സണ്‍ ജൂനിയര്‍ ഐബിഎമ്മിനെ ആ രംഗത്തെ ഏറ്റവും വലിയ സ്ഥാപനമാക്കി ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു.

മാഗ്നറ്റിക് സ്റ്റോറേജ് ഡിവൈസ്
സ്റ്റോറേജ് ടെക്നോളജിയില്‍ ഒരു പുതിയ അധ്യായം തീര്‍ക്കാനായി ഐബിഎമ്മിന്റെ മാഗ്നറ്റിക് സ്റ്റോറേജ് ഡിവൈസ് എന്ന ഉപകരണമെത്തിയത് 1952ലാണ്. ഇതിന് തുടര്‍ച്ചയെന്നോണമാണ് 650 മാഗ്നറ്റിക് ഡ്രം കാല്‍ക്കുലേറ്റര്‍ അവതരിപ്പിച്ചത്. വൈവിധ്യമാര്‍ന്ന രീതിയില്‍ അക്കൌണ്ടിംഗ്, സയന്റിഫിക് കണക്കുകൂട്ടലുകള്‍ നടത്താന്‍ സാധിച്ചിരുന്ന ഇടത്തരം വലുപ്പത്തിലുള്ള ഈ ഉപകരണം 1962 ആയപ്പോഴേക്കും 2000 എണ്ണം വിറ്റഴിഞ്ഞു. 1953ലാണ് ലോകത്തെ ആദ്യത്തെ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ നടന്നത്. ഇതിനു വേണ്ടി ഉപയോഗിച്ച ഹാര്‍ട്ട് ലംഗ് മെഷീന്‍ ആകട്ടെ ഐബിഎം നിര്‍മ്മിച്ചതും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് മുന്നോടിയെന്നോണം ആദ്യത്തെ സെല്‍ഫ് ലേണിംഗ് പ്രോഗ്രാമും ഐബിഎമ്മില്‍ തയ്യാറായി. ആര്‍തര്‍ എല്‍ സാമുവലാണ് ഐബിഎം 704ല്‍ പ്രവര്‍ത്തിക്കുന്ന ഗെയിം പ്രോഗ്രാം തയ്യാറാക്കിയത്.

ഫോര്‍ട്രാന്‍
ഐബിഎം 704 കംപ്യൂട്ടറിന് വേണ്ടിയാണ് ജോണ്‍ ബാക്കസും സംഘവും ആദ്യത്തെ ഹൈ ലെവല്‍ പ്രോഗ്രാമിംഗ് ലാംഗ്വേജായ ഫോര്‍ട്രാന്‍ വികസിപ്പിച്ചത്. കംപ്യൂട്ടറുകള്‍ക്ക് ശാസ്ത്രഗവേഷണരംഗത്ത് പ്രചാരം നേടിക്കൊടുക്കാന്‍ 1957ല്‍ പുറത്തിറങ്ങിയ ഫോര്‍ട്രാന്‍ ഭാഷയ്ക്ക് കഴിഞ്ഞു. ഇംഗ്ളീഷ് ഭാഷയുടെയും ആള്‍ജിബ്രയുടെയും ഒരു സങ്കരമായിരുന്നു ഫോര്‍ട്രാന്‍. മെഷീന്‍ ലാംഗ്വേജുകളില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഫോര്‍ട്രാന്‍ ഉപയോഗിക്കാന്‍ അത്ര പ്രയാസമുണ്ടായിരുന്നില്ല. കാരണം അന്ന് നിലവിലുണ്ടായിരുന്ന ഗണിതസംജ്ഞകള്‍ തന്നെയാണ് ഫോര്‍ട്രാനില്‍ കമാന്റുകളായി രൂപംപ്രാപിച്ചത്. 25,000 വരി മെഷീന്‍ ലാംഗ്വേജ് നിര്‍ദ്ദേശങ്ങളടങ്ങിയ കംപയിലറാണ് ഫോര്‍ട്രാന് ഉണ്ടായിരുന്നത്. ഇതെല്ലാം ഒരു മാഗ്നറ്റിക് ഡിസ്ക്കില്‍ പകര്‍ത്തി ഐബിഎം 704 ഉപയോക്താക്കള്‍ക്കെല്ലാം ആദ്യകാലത്ത് വിതരണം ചെയ്യുകയായിരുന്നു. ഫലപ്രദമായ ആദ്യത്തെ ഹൈ ലെവല്‍ ലാംഗ്വേജ് ആയി പരിഗണിക്കപ്പെടുന്ന എചഝടഝഅങ, എചഝശന്‍വദ ടഝഅങറവദര്‍യസഷ എന്നതിന്റെ ചുരുക്കെഴുത്താണ്.
1957 ആകുമ്പോഴേക്കും ഐബിഎമ്മിന്റെ വരുമാനം ഒരു ബില്യണ്‍ ഡോളര്‍ കടന്നിരുന്നു. തുടര്‍ന്ന് 1958ലാണ് അമേരിക്കന്‍ വ്യോമസേനയ്ക്കു വേണ്ടി സെമി ഓട്ടോമാറ്റിക് ഗ്രൌണ്ട് എന്‍വയേണ്‍മെന്റ് കംപ്യൂട്ടര്‍ നിര്‍മ്മിച്ചിച്ചത്.

മെയിന്‍ ഫ്രെയിം
1959ലാണ് ഐബിഎമ്മിന്റെ 1401 എന്ന മെയിന്‍ ഫ്രെയിം കംപ്യൂട്ടര്‍ രംഗത്തെത്തുന്നത്. സ്റ്റോര്‍ഡ് പ്രോഗ്രാം, കോര്‍ മെമ്മറി തുടങ്ങിയവയ്ക്ക് പുറമെ ട്രാന്‍സിസ്റ്റര്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണവും ഇതിനെ ജനപ്രിയമാക്കി. പതിനായിരത്തിലധികം യൂണിറ്റുകള്‍ വിറ്റഴിഞ്ഞ ഈ കംപ്യൂട്ടററാണ് 60കളില്‍ ആഗോളവിപണിയില്‍ മുന്നിട്ടുനിന്നത്. അതിനു ശേഷം 1403 ശ്രേണിയില്‍ ഒരു ചെയിന്‍ പ്രിന്ററും ഐബിഎം പുറത്തിറക്കുകയുണ്ടായി. നല്ല വേഗതയില്‍ പ്രവര്‍ത്തിക്കാന്‍ തക്കവിധത്തില്‍ രൂപകല്പന ചെയ്ത ഈ പ്രിന്റര്‍ ലേസര്‍ പ്രിന്റര്‍ രംഗത്തെത്തുന്നതു വരെ അജയ്യതയോടെ വിപണിയില്‍ വിലസി. പുതിയ സാങ്കേതികവിദ്യകളുമായി ഭസ്ട്രെച്ച് കംപ്യൂട്ടിംഗ്' സംവിധാനം ആരംഭിക്കുന്നത് അറുപതികളിലാണ്. അക്കാലത്തെ ഏറ്റവും ശക്തിമത്തായ കംപ്യൂട്ടറുകളിലൊന്നായിരുന്നു അത്. ഇതേവര്‍ഷം ഐബിഎമ്മിലെ തൊഴിലാളികളുടെ എണ്ണം ഒരു ലക്ഷമായി വര്‍ദ്ധിച്ചു.

ഡൈനാമിക് റാം
ബോബ് ഡെന്നാര്‍ഡ് എന്ന ഗവേഷകന്‍ ഭവണ്‍ - ട്രാന്‍സിസ്റ്റര്‍ മെമ്മറി' 1967ല്‍ കണ്ടുപിടിച്ചു. ഡൈനാമിക് റാന്‍ഡം ആക്സസ് മെമ്മറി എന്നാണ് ഇതറിയപ്പെട്ടിരുന്നത്. ക്രമം പാലിക്കാതെ മെമ്മറിയില്‍ ശേഖരിച്ചുവച്ചിരിക്കുന്ന ഡാറ്റ വായിക്കാനും അതുപോലെ തന്നെ അതിലേക്ക് എഴുതാനും ഉള്ള കഴിവാണ് റാം എന്ന മെമ്മറിയെ കംപ്യൂട്ടറിന് പ്രിയങ്കരനാക്കിയത്. ഒരു ചെറിയ ചിപ്പില്‍ തന്നെ ലക്ഷക്കണക്കിന് ഡാറ്റ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംവിധാനമായി ഇത് മാറിയതോടെ പ്രചാരത്തിന്റെ കാര്യത്തിലും മുന്നിലെത്തി. 1970 ആദ്യം തന്നെ വ്യാണിജ്യാടിസ്ഥാനത്തില്‍ ഇത് വിപണിയിലെത്തുകയും ചെയ്തു. ഡൈനാമിക് റാമിന്റെ കണ്ടുപിടുത്തത്തോടെ വലിപ്പം കുറഞ്ഞ് ശേഷി കൂടിയ കംപ്യൂട്ടറുകള്‍ വിപണിയിലെത്തി. മിക്ക കംപ്യൂട്ടറുകളുടെയും അടിസ്ഥാന മെമ്മറി ഇതായിരുന്നു.


SABRE
വ്യോമഗതാഗത രംഗത്ത് ഏറെ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് അമേരിക്കയില്‍ ആദ്യത്തെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം കൊണ്ടുവന്നത് ഐബിഎമ്മിന്റെ നേതൃത്വത്തിലായിരുന്നു. ഞഫശയഅന്‍ര്‍സശദര്‍യന ആന്റയഷഫററഝഫവദര്‍ഫപ Semi-Automatic Business-Related Environment (SABRE) എന്നായിരുന്നു അതിന്റെ പേര്. റിയല്‍ ടൈമില്‍ ടെലിഫോണ്‍ വഴി ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ പ്രോസസ്സിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടപ്പാക്കിയ ഈ റിസര്‍വ്വേഷന്‍ സമ്പ്രദായം വ്യോമഗതാഗതത്തിലെ പ്രയാസങ്ങളെ ഏറെ ലഘൂകരിച്ചു. ഇതേവിദ്യ തന്നെയാണ് പിന്നീട് എടിഎം മെഷീനുകളും മറ്റും ഉപയോഗിച്ചു തുടങ്ങിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ റെയില്‍വെ മേഖലയില്‍ ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിലും ഈ കമ്പനി സേവനങ്ങള്‍ ചെയ്തിട്ടുണ്ട്.


ആദ്യത്തെ ഹാര്‍ഡ് ഡിസ്ക്ക്
ഭാരം ഒരു ടണ്ണിനടുത്ത്. രണ്ടടി വ്യാസമുള്ള 50 ഡിസ്ക്കുകള്‍. ഭ്രമണവേഗത മിനുട്ടില്‍ 1200 തവണ. 300 ക്യുബിക് അടി വിസ്തീര്‍ണ്ണം. ഉള്‍ക്കൊള്ളാവുന്ന വിവരസംഭരണ ശേഷി അഞ്ച് ലക്ഷം ക്യാരക്ടറുകള്‍. ഇത്രയും വിശേഷണങ്ങള്‍ ആദ്യത്തെ മാഗ്നറ്റിക്ക് ഹാര്‍ഡ് ഡിസ്ക്ക് ഡ്രൈവിനുള്ളത്. മിനുട്ടുകളും മണിക്കൂറുകളുമെടുത്ത് മാഗ്നറ്റിക് ടേപ്പില്‍ നിന്നും പഞ്ച് കാര്‍ഡുകളുടെ കൂട്ടത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്ന ആദ്യകാല കംപ്യൂട്ടറുകളുടെ സ്ഥാനത്ത് ഇന്ന് സെക്കന്റുകളുടെ നിമിഷാര്‍ദ്ധത്തില്‍ ഉദ്ദേശിക്കുന്ന ഡാറ്റ കണ്ടുപിടിക്കാന്‍ കഴിവുള്ളവയാണ്. ന്യൂയോര്‍ക്കിലെ എന്‍ഡിക്കോട്ട് ലബോറട്ടറിയില്‍ എന്‍ജിനീയറായ റെയ്നോള്‍ഡ് ബി ജോണ്‍സണും സംഘവും നടത്തിയ അക്ഷീണ പ്രയത്നമാണ് 1955ല്‍ ഹാര്‍ഡ് ഡിസ്ക്ക് എന്ന ആശയത്തെ പ്രവൃത്തിപഥത്തിലെത്തിച്ചത്. ആവശ്യമുള്ള ഫയല്‍ ഒരു സെക്കന്‍ഡിനകം തന്നെ തപ്പിയെടുത്തു തരാനുള്ള കഴിവുള്ള ഈ ഉപകരണം - ഭറാന്‍ഡം ആക്സസ് മെത്തേഡ് ഓഫ് അക്കൌണ്ടിംഗ് ആന്‍ഡ് കണ്‍ട്രോള്‍' (ഝഅഘഅഇ) എന്ന പേരിലാണ് അറിയപ്പെട്ടത്. 1956ല്‍ ഐബിഎം അവതരിപ്പിച്ച ഝഅഘഅഇ 350 ആണ് ആദ്യമായി വിപണിയിലിറങ്ങിയ മാഗ്നറ്റിക് ഡിസ്ക്ക് ഡ്രൈവ്. ഐബിഎമ്മിന്റെ 64,000 പഞ്ച്കാര്‍ഡുകളിലടങ്ങുന്ന അഞ്ച് മെഗാബിറ്റ് വിവരങ്ങള്‍ റാമാക്കിലെ 50 ഡിസ്ക്കുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിരുന്നു. ഒരു മിനുട്ടില്‍ 126 പഞ്ച് കാര്‍ഡുകള്‍ വായിച്ച് കാര്യങ്ങള്‍ രേഖപ്പെടുത്തി വയ്ക്കാന്‍ ഈ മെഷീനിന് സാധിക്കുമായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് 1958ല്‍ ഇതിന്റെ സംഭരണശേഷി 20 മെഗാബൈറ്റ്സ് ആയി ഉയര്‍ത്തി. വാക്വം ട്യൂബുകള്‍ ഉപയോഗപ്പെടുത്തി ഐബിഎം നിര്‍മ്മിച്ച അവസാനകാല മെഷീനുകളായിരുന്നു ഇവ. 1961ല്‍ ഉല്പാദനം നിര്‍ത്തുന്നതിന് മുമ്പ് വരെ ആയിരം റാമാക് മെഷീനുകള്‍ ഐബിഎം വിപണിയിലെത്തിച്ചിരുന്നു.


ടൈപ്പ്റൈറ്റര്‍ വിപ്ളവം
ടൈപ്പ്റൈറ്ററുകളുടെ മേഖലയില്‍ വിപ്ളവം സൃഷ്ടിച്ചുകൊണ്ടാണ് ഐബിഎമ്മിന്റെ സെലക്ട്രിക് ടൈപ്പ്റൈറ്ററുകള്‍ കടന്നുവന്നത്. 1961ല്‍ വിപണിയിലെത്തിയ ഈ മെഷീന്‍ വേഗതയിലും കൈയടക്കത്തിലും മികവുകാട്ടാന്‍ ഉപയോക്താക്കളെ സഹായിച്ചു. രൂപകല്പനയിലെ മികവ് ടൈപ്പ്റൈറ്ററിന്റെ വലുപ്പവും നന്നെ കുറച്ചിരുന്നു. ടൈപ്പ്ഹെഡിന്റെ ഗോള്‍ഫ്ബാള്‍ ആകൃതിയിടൈപ്പിംഗ് സുഗമമാക്കാന്‍ ഏറെ സഹായിച്ചു. 25 വര്‍ഷത്തിലേറെക്കാലം ടൈപ്പ് റൈറ്റിംഗ് വിപണി കയ്യടക്കാന്‍ ഐബിഎമ്മിനെ സഹായിച്ചതും സെലക്ട്രിക് ടൈപ്പ് റൈറ്ററായിരുന്നു.
പിന്നീട് 1964ല്‍ മാഗ്നറ്റിക് ടേപ്പ് സെലക്ട്രിക് ടൈപ്പ് റൈറ്ററും രംഗത്തെത്തി. അതോടെ ഇപ്പോള്‍ പവര്‍ ഡ്രൈവിംഗ് എന്നു പറയുന്നതുപോലെ ഭപവര്‍ ടൈപ്പിംഗ്' സംവിധാനവുമായി. മാത്രമല്ല ടൈപ്പ് ചെയ്യുന്നത് ഓര്‍മ്മയില്‍ ശേഖരിച്ച് തിരുത്തി വീണ്ടും ഇലക്ട്രോണിക് രീതിയില്‍ ടൈപ്പ് ചെയ്യാമെന്ന് വന്നതോടെ ഓഫീസുകളിലെ കാര്യക്ഷമത കൂടി. അതോടൊപ്പം ടൈപ്പ് ചെയ്യുമ്പോള്‍ തെറ്റിപ്പോകുമെന്ന ഭയമില്ലാതെ ജോലി ചെയ്യാനുമായി. തുടര്‍ന്നിട്ടങ്ങോട്ട് രണ്ട് ദശാബ്ദം പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ ഐബി എമ്മിന്റെ എട്ട് മില്യണ്‍ സെലക്ട്രിക് ടൈപ്പ്റൈറ്ററുകളാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്; അതിന്റെ അളവ് കുറഞ്ഞുവരികയാണെങ്കില്‍ പോലും. ലോക വ്യാപകമായി ടൈപ്പ്റൈറ്റര്‍ നിര്‍മ്മാണ കമ്പനികള്‍ പൂട്ടിക്കെട്ടിയപ്പോഴും കിടയറ്റ രൂപകല്പനയും മികച്ച ഔട്ട്പുട്ടും കണക്കിലെടുത്ത് സെലക്ട്രിക് ടൈപ്പ്റൈറ്ററിനോടുള്ള അഭിനിവേശം കൂടി വരുന്നതേയുള്ളൂ.


ശൂന്യാകാശത്തിലും

1963ല്‍ ബുധന്‍ ഗ്രഹത്തിന്റെ പര്യവേഷണവുമായി ബന്ധപ്പെട്ട് നാസ തയ്യാറാക്കിയ പദ്ധതിയില്‍ ബഹിരാകാശപേടകത്തിനെ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കിയത് ഐബിഎമ്മായിരുന്നു. തുടര്‍ന്ന് ശൂന്യാകാശ പരീക്ഷണങ്ങളില്‍ വളരെ സജീവമായി പങ്കെടുത്ത ഐബിഎം മനുഷ്യനെ ചന്ദ്രനില്‍ കൊണ്ടെത്തിക്കുന്ന സംഭവം വരെ കാര്യങ്ങളെത്തിച്ചു. 1976ല്‍ യു എസ് സ്പേസ്ഷട്ടിലില്‍ ഉപയോഗിക്കാനായി ഐബി എം പ്രത്യേകം ഹാര്‍ഡ്വെയറുകളും കംപ്യൂട്ടറും നിര്‍മ്മിക്കുകയുണ്ടായി. 1967 ആവുമ്പോഴേക്കും രണ്ട് ലക്ഷം തൊഴിലാളികളും അഞ്ച് ബില്യണ്‍ വരുമാനവും എന്ന നിലയിലേക്ക് ഐബി എം വളര്‍ന്നിരുന്നു.


360 മെയിന്‍ഫ്രെയിം
ഐബിഎമ്മിന്റെ പ്രശസ്തമായ 360 ശ്രേണിയില്‍പെട്ട മെയിന്‍ഫ്രെയിം കംപ്യൂട്ടറുകള്‍ പുറത്തിറങ്ങിയത് 1964 ഏപ്രില്‍ ഏഴിനാണ്. ഇതിന്റെ മുഖ്യ ശില്പി ജീന്‍ ആംഡെല്‍ ആയിരുന്നു. നേരത്തെ 1955ല്‍ പുറത്തിറക്കിയ ഭസ്ട്രെച്ച്' കംപ്യൂട്ടറിനെ അടിസ്ഥാനമാക്കിയാണ് ഐബിഎം 360 മെയിന്‍ഫ്രെയിം ശ്രേണി നിര്‍മ്മിച്ചത്. വിപണിയിലെത്തി രണ്ടു മാസമായപ്പോഴേക്കും രണ്ടായിരം കംപ്യൂട്ടറുകള്‍ക്കാണ് ആവശ്യക്കാരുണ്ടായത്. തുടക്കാര്‍ക്കും ഗവേഷകര്‍ക്കും ഒരുപോലെ ഉപയോഗപ്രദമായിരുന്ന ഐബിഎം 360 മെയിന്‍ഫ്രെയിം കംപ്യൂട്ടറില്‍ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളൊക്കെ ഉപയോഗപ്പെടുത്തിയിരുന്നു. അഞ്ചിരട്ടി വരെ വരുമാന വര്‍ദ്ധനയാണ് ഈ കംപ്യൂട്ടര്‍ ഐബിഎമ്മിന് നേടിക്കൊടുത്തത്. 1978 വരെ വിപണിയില്‍ മുന്നിട്ടു നിന്ന ഈ മോഡല്‍ കംപ്യൂട്ടറിലൂടെ ഐബിഎം മികച്ച ലാഭം കൊയ്തു.
360 കംപ്യൂട്ടറിന്റെ വികസനവുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷം പൂര്‍ണ്ണതോതില്‍ കമ്പനിയ്ക്ക് പ്രവര്‍ത്തിക്കേണ്ടി വന്നിരുന്നു. ഇതിനു വേണ്ടി മാത്രം അന്ന് 5 ബില്യണ്‍ ഡോളര്‍ ചെലവാക്കുകയുമുണ്ടായി. ഇന്നാണെങ്കില്‍ ഈ ചെലവ് 30 ബില്യണ്‍ കവിഞ്ഞേനെ. ഒരു പ്രത്യേക പ്രോജക്ടിനു വേണ്ടി ഐബി എം ഏറ്റവും കൂടുതല്‍ ചെലവാക്കിയത് ഈ പദ്ധതിയ്ക്കു വേണ്ടിയായിരുന്നു. അതിനിടെ 1964ല്‍ കമ്പനിയുടെ ആസ്ഥാനം ആര്‍മോങിലേക്ക് മാറ്റി. 360 മെയിന്‍ഫ്രെയിമിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് 1970ല്‍ 370 അവതരിപ്പിച്ചു. മുന്‍ഗാമിയുടെ രൂപകല്പനയും സാങ്കേതികവിദ്യകളും അതേപടി നിലനിര്‍ത്തിയിരുന്നവെങ്കിലും അതിനേക്കാള്‍ മികച്ച വേഗതയില്‍ പ്രവര്‍ത്തിച്ചിരുന്ന 370 ആളുകളുടെ മനസ്സില്‍ കുടിയേറി.


മാഗ്നറ്റിക് സ്ട്രിപ്പ്
മാഗ്നറ്റിക് സ്ട്രിപ്പ് സാങ്കേതികവിദ്യയ്ക്ക് തുടക്കം കുറിച്ചത് 1969ലാണ്. ഫോറസ്റ്റ് പാരി എന്ന ഐബിഎം എന്‍ജിനീയര്‍ക്ക് ഒരു പ്രശ്നം; സി. ഐ എയ്ക്കു വേണ്ടി നിര്‍മ്മിക്കുന്ന പ്ളാസ്റ്റിക് ഐഡന്റിറ്റി കാര്‍ഡില്‍ ഒരു മാഗ്നറ്റിക് സ്ട്രിപ്പ് ഉള്‍പ്പെടുത്തി വിവരങ്ങളെല്ലാം അതില്‍ ഉള്‍ക്കൊള്ളിക്കണം. പക്ഷേ, പ്ളാസ്റ്റിക് കാര്‍ഡില്‍ മാഗ്നറ്റിക് സ്ട്രിപ്പ് ഉള്‍പ്പെടുത്താന്‍ അയാള്‍ക്ക് സാധിച്ചില്ല. ഒരു ദിവസം ഇസ്തിരിയിടുന്നതിനിടയില്‍ അയാളുടെ ഭാര്യയാണ് ഇതിനുള്ള ഉപായം പറഞ്ഞുകൊടുത്തത്. മാഗ്നറ്റിക് സ്ട്രിപ്പ് പ്ളാസ്റ്റിക് ഷീറ്റിന് മുകളില്‍ വച്ച് ഇസ്തിരിയിടുക. അതോടെ മാഗ്നറ്റിക് സ്ട്രിപ്പ് അതില്‍ പതിയും. ബാങ്കിംഗ് മേഖലയില്‍ ഏറെ മാറ്റങ്ങളുണ്ടാക്കിയ എടിഎം കാര്‍ഡിലും ക്രെഡിറ്റ് കാര്‍ഡിലുമൊക്ക ഈ സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. 1969ലാണ് സ്പീച്ച് റെക്കഗ്നിഷന്‍ സംവിധാനം ഐബി എം രൂപപ്പെടുത്തുന്നത്.

ഫ്േളാപ്പി
ഐബിഎമ്മിന്റെ മെയിന്‍ ഫ്രെയിം സിസ്റ്റത്തില്‍ മൈക്രോ കോഡുകള്‍ ലോഡു ചെയ്യുന്നതിന് ചെലവുകുറഞ്ഞ ഒരു സംവിധാനം രൂപപ്പെടുത്താന്‍ നിര്‍ദ്ദേശം വന്നതാണ് 1971ല്‍ ഫ്േളാപ്പി ഡിസ്ക്കിന്റെ കണ്ടുപിടുത്തത്തിന് ഇടയാക്കിയത്. സെമികണ്ടക്ടര്‍ മെമ്മറി ഉപയോഗപ്പെടുത്തിയിരുന്ന ഐബിഎമ്മിന്റെ ആദ്യകാല മെയിന്‍ഫ്രെയിം കംപ്യൂട്ടറുകളില്‍ - സിസ്റ്റം 370, പവര്‍ നിലച്ചാല്‍ കംപ്യൂട്ടറിന്റെ പ്രവര്‍ത്തനാവശ്യമായ മൈക്രോകോഡുകള്‍ വീണ്ടും ലോഡ് ചെയ്യേണ്ടിയിരുന്നു. മുമ്പ് മാഗ്നറ്റിക് മെമ്മറി ഉപയോഗിച്ചിരുന്ന സിസ്റ്റം-360 മെഷീനുകളില്‍ ഇത്തരമൊരു അവസ്ഥ ഉണ്ടായിരുന്നില്ല. പവര്‍ നിലച്ചാലും മാഗ്നറ്റിക് മെമ്മറിയില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന വിവരങ്ങള്‍ നഷ്ടപ്പെടില്ലെന്ന വസ്തുതയാണ് ഇത്തരം മെഷീനുകളില്‍ ഈയൊരു സാധ്യത ഇല്ലാതാക്കിയത്. ഈ സിസ്റ്റവുമായി ബന്ധിപ്പിക്കപ്പെട്ടിരുന്ന ടേപ്പ് ഡ്രൈവുകളില്‍ സൂക്ഷിച്ചിരുന്ന മൈക്രോ കോഡുകള്‍ വീണ്ടും ലോഡ് ചെയ്യാന്‍ ഒരുപാട് സമയം വേണ്ടിവരുന്ന സ്ഥിതിവിശേഷമാണ് കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്ന ഓരോ ഘട്ടത്തിലുമുണ്ടായത്. ചെലവു കൂടിയതും ഡാറ്റകള്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ സമയമെടുത്തിരുന്നതുമായ ടേപ്പ് ഡ്രൈവിനു പകരം മറ്റൊരു സംവിധാനത്തെക്കുറിച്ച് ഐബിഎം ആലോചിച്ചത് ഈ സമയത്തായിരുന്നു. ഈ സമയ നഷ്ടമായിരിക്കാം യഥാര്‍ത്ഥത്തില്‍ ടേപ്പ് ഡ്രൈവിന് പകരക്കാരനായെത്തിയ ഫ്ളോപ്പിയുടെ ജനനത്തിന് ഹേതുവായത്.
ഡേവിഡ് നോബിളിന്റെ സഹായത്തോടെ അലന്‍ എഫ് ഷുഗാര്‍ട്ടും സംഘവും ടേപ്പ് ഡ്രൈവിന് പകരം എട്ട് ഇഞ്ച് വലുപ്പം വരുന്നതും 80 കിലോ ബൈറ്റ്സ് മാത്രം ശേഖരണ ശേഷിയുമുണ്ടായിരുന്ന റീഡ് ഓണ്‍ലി ഡിസ്ക്കിന് രൂപം നല്‍കി. - മെമ്മറി ഡിസ്ക്ക് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇതിന് ആദ്യകാലത്ത് പുറംചട്ടയൊന്നുമില്ലായിരുന്നു. പൊടിപടലവും ചെളിയും ഈ ഡിസ്ക്കിനെ ഉപയോഗശൂന്യമാക്കുന്ന ഒരവസ്ഥ വന്നു. അങ്ങനെയാണ് ഡിസ്ക്കിനെ പൊതിഞ്ഞ് ചട്ടക്കൂടുണ്ടായത്. കറുത്ത പ്ളാസ്റ്റിക്ക് ആവരണവും അതിനുള്ളില്‍ പതിച്ച പ്രത്യേകതരം തുണിയുടെ സംരക്ഷണവും കൂടിയായപ്പോള്‍ ഡിസ്ക്ക് കുറേയേറെ സുരക്ഷിതമായി. പിന്നീട്, ഘയഷഷസള്‍ എന്ന കോഡ് നാമത്തില്‍ അറിയപ്പെട്ട ഈ പുതിയ ഡിസ്ക്ക് ഐബിഎം മെയിന്‍ഫ്രെയിമിന്റെ അവിഭാജ്യ ഘടകമായി മാറി.
1973ല്‍ ഐബിഎം പുതിയ സ്റ്റോറേജ് സങ്കേതം വികസിപ്പിച്ചു. വിഞ്ചെസ്റ്റര്‍ എന്ന കോഡ് നാമത്തിലാണ് പദ്ധതി അറിയപ്പെട്ടത്. ഈ ഡിസ്ക്കുകള്‍ക്ക് ഇങ്ങനെയൊരു പേരുവരാനുണ്ടായ കാരണം വിചിത്രമാണ്. രണ്ട് സ്പിന്‍ഡിലുകളുള്ള ഹാര്‍ഡ് ഡിസ്ക്കിന്റെ കപ്പാസിറ്റി ഓരോന്നിനും 30 മെഗാബൈറ്റ്സ് വീതമായിരുന്നു. ഇത് 30-30 എന്നാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. അതേസമയം തന്നെ 30-30 എന്ന പേരില്‍ വിഞ്ചെസ്റ്റര്‍ കമ്പനി പുറത്തിറക്കിയ ഒരു റൈഫിളും നിലവിലുണ്ടായിരുന്നു. പിന്നീട് ഈ പേര് ഹാര്‍ഡ്ഡിസ്ക്കിനും വീണു - വിഞ്ചെസ്റ്റര്‍ ഡിസ്ക്ക്.

റിസ്ക്
1970 കാലഘട്ടങ്ങളില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കംപ്യൂട്ടറിന് കൂടുതല്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വന്നു. അധികമായി നല്‍കുന്ന ഓരോ നിര്‍ദ്ദേശങ്ങളും കംപ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഒരു കംപ്യൂട്ടറില്‍ പ്രോഗ്രാം കൈകാര്യം ചെയ്യുന്നതിന്റെ ശേഷി അതില്‍ ഉപയോഗിച്ചിരിക്കുന്ന കംപയിലറിന്റെയും ഇന്‍സ്ട്രക്ഷന്‍ സെറ്റിന്റെയും ശേഷിയോട് ബന്ധപ്പെട്ടു കിടക്കുന്നു. ഈയൊരു സാഹചര്യത്തിലാണ് കുറച്ച് നിര്‍ദ്ദേശങ്ങള്‍ മാത്രം നല്‍കി കൂടുതല്‍ മെച്ചത്തോടെ പ്രവര്‍ത്തിക്കുന്ന പ്രോസസറിന് വേണ്ടിയുള്ള ജോണ്‍ കോക്കിന്റെ ആലോചന നീളുന്നത്. തുടര്‍ന്നാണ് ‘റിസ്ക്' - റെഡ്യൂസ്ഡ് ഇന്‍സ്ട്രക്ഷന്‍ സെറ്റ് കംപ്യൂട്ടിംഗ് എന്ന സാങ്കേതികവിദ്യ ഉടലെടുക്കുന്നത്.
1974ല്‍ ഒരു ടെലികോം കംപ്യൂട്ടറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടയിലാണ് ‘റിസ്ക്' എന്ന ആശയം ഉടലെടുത്തത്. ഈ ടെലികോം പ്രോജക്ട് നിന്നുപോയെങ്കിലും 1985ല്‍ റിസ്ക് അധിഷ്ഠിത ഐബിഎം കംപ്യൂട്ടര്‍ പുറത്തിറങ്ങി. റിസ്ക് എന്ന ആശയം മള്‍ട്ടിപ്പിള്‍ ഇന്‍സ്ട്രക്ഷന്‍ സെറ്റില്‍ നിന്നും സിംഗിള്‍ സൈക്കിള്‍ സെറ്റിലേക്ക് കംപ്യൂട്ടര്‍ നിര്‍ദ്ദേശങ്ങളെക്കുറച്ചു കൊണ്ടുവന്നു. അതോടെ കംപ്യൂട്ടറിന്റെ കാര്യക്ഷമതയിലും കാര്യമായ പുരോഗതി കണ്ടുതുടങ്ങി.


യൂണിവേഴ്സല്‍ പ്രോഡക്ട് കോഡ്
സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിസ്മയം വിരിയിച്ച ബാര്‍കോഡുകള്‍ ഐബിഎം രൂപപ്പെടുത്തുന്നത് 1973ലാണ്. ജോര്‍ജ് ജെ ലോറര്‍ രൂപപ്പെടുത്തിയ യൂണിവേഴ്സല്‍ പ്രോഡക്ട് കോഡ് അടുത്ത വര്‍ഷം തന്നെ വ്യാപകമായി ഉപയോഗത്തിലാവുകയും ചെയ്തു. ബാര്‍ കോഡുകള്‍ റീഡ് ചെയ്യാനായി ഹോളോഗ്രാഫിക് സ്കാനര്‍ സാങ്കേതികവിദ്യ 1979ല്‍ വികസിപ്പിച്ചെടുത്തു.
1975ല്‍ 50 പൌണ്ട് തൂക്കം വരുന്നതും ടൈപ്പ് റൈറ്ററിനേക്കാള്‍ അല്പം വലുപ്പം കൂടുതലുമുള്ള പോര്‍ട്ടബിള്‍ കംപ്യൂട്ടര്‍ ഐബിഎം 5100 വികസിപ്പിക്കുകയുണ്ടായി. 16 മുതല്‍ 64 കിലോബൈറ്റ്സ് വരെ സ്റ്റോറേജ് കപ്പാസിറ്റിയുള്ള ഈ കംപ്യൂട്ടര്‍ 12 മോഡലുകളില്‍ ലഭ്യമായിരുന്നു. വില 8975 ഡോളര്‍ മുതല്‍ 20000 ഡോളര്‍ വരെ. 1977 ആവുമ്പോഴേക്കും മൂന്ന് ലക്ഷം ആളുകള്‍ ഐബിഎമ്മില്‍ ജോലി ചെയ്യാനുണ്ടായിരുന്നു. 1985ല്‍ വരുമാനം 50 ബില്യണ്‍ കടന്നു.


1950കളുടെ ആദ്യവര്‍ഷങ്ങളില്‍ കംപ്യൂട്ടര്‍ വ്യവസായരംഗത്ത് ഐബിഎം വമ്പന്‍ മുതല്‍മുടക്ക് നടത്തിയിരുന്നു. 1960 ആയപ്പോഴേക്കും ലോകത്ത് ഉല്പാദിപ്പിച്ചിരുന്ന കംപ്യൂട്ടറുകളുടെ 70 ശതമാനവും ഐബിഎമ്മിന്റെ വകയായിരുന്നു. പിന്നീട് 1981ല്‍ ഐബിഎം അതിന്റെ ആദ്യത്തെ പേഴ്സണല്‍ കംപ്യൂട്ടര്‍ പിസി നിര്‍മ്മിച്ചു. തുടര്‍ന്ന് കംപ്യൂട്ടര്‍ വിപണിയില്‍ മേധാവിത്തം ഉറപ്പിച്ചെങ്കിലും കടുത്ത മത്സരമുണ്ടായതോടെ മാര്‍ക്കറ്റിലെ പങ്കാളിത്തത്തിന് ഇടിവുതട്ടി. 1990ല്‍ നിരവധി തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടേണ്ട അവസ്ഥയും ഐബിഎമ്മിനുണ്ടായി

പേഴ്സണല്‍ കംപ്യൂട്ടര്‍
1981 ആഗസ്റ്റ് 12. ന്യൂയോര്‍ക്ക് നഗരത്തില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍ ഫിലിപ് ഡി എസ്ട്രിഡ്ജ് ഐബിഎമ്മിന്റെ പേഴ്സണല്‍ കംപ്യൂട്ടര്‍ പ്രഖ്യാപിച്ചു. ഐബിഎം 5150 പേരിലിറങ്ങിയ ഈ കംപ്യൂട്ടറിന് അന്നത്തെ വില 1,565 അമേരിക്കന്‍ ഡോളര്‍. അതിന് രണ്ട് ദശകങ്ങള്‍ക്ക് മുമ്പ് ഐബിഎമ്മിന്റെ ഒരു കംപ്യൂട്ടറിനുണ്ടായിരുന്ന വില ഒമ്പത് മില്യണ്‍ ഡോളറായിരുന്നു എന്ന് ഓര്‍ക്കണം. അത് സ്ഥാപിക്കാന്‍ 25 സെന്റ് സ്ഥലമെങ്കിലും വേണ്ടിയിരുന്നു, പ്രവര്‍ത്തിപ്പിക്കാന്‍ 60 ആളുകളും. ആ സ്ഥാനത്താണ് പുതിയ പേഴ്സണല്‍ കംപ്യൂട്ടര്‍ പ്രത്യക്ഷപ്പെട്ടത്. വേഗതയുടെ കാര്യത്തില്‍ മുന്‍പന്തിയിലായിരുന്ന ഐബിഎം പിസി, കംപ്യൂട്ടറിന്റെ ചരിത്രം തന്നെ മാറ്റിമറിച്ചു. വീട്ടിലും സ്കൂളിലും ഓഫീസിലും ഉപയോഗിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയ ഈ കംപ്യൂട്ടര്‍ ഓപ്പണ്‍ ആര്‍ക്കിടെക്ചര്‍ സമീപനം പുലര്‍ത്തിയതിനാല്‍ വിപണിയില്‍ ഏറെ സ്വീകരിക്കപ്പെട്ടു. ഒരു വര്‍ഷത്തിനു ശേഷം ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് പോലും ഇത് നേടുകയുണ്ടായി.
ഐബിഎം പിസിയുടെ വന്‍ പ്രചാരത്തെതുടര്‍ന്ന് 1983ല്‍ പേഴ്സണല്‍ കംപ്യൂട്ടര്‍ എക്സ് ടി കൊണ്ടുവന്നു. ഐബിഎം പിസിയേക്കാള്‍ ഒമ്പത് മടങ്ങ് സ്റ്റോറേജ് കപ്പാസിറ്റിയുള്ളതും നെറ്റ്വര്‍ക്കിംഗ് സൌകര്യമുള്ളതുമായിരുന്നു ഈ കംപ്യൂട്ടര്‍. ബിസിനസ്സ്, നെറ്റ്വര്‍ക്കിംഗ് സ്ഥാപനങ്ങള്‍ക്ക് ഏറെ അനുയോജ്യമായ ഈ കംപ്യൂട്ടറിന്റെ വിലയാകട്ടെ 4995 ഡോളറും.
ഐബിഎം പിസിക്കു ശേഷം ആറു വര്‍ഷങ്ങള്‍ക്കു ശേഷം മൂന്നാംതലമുറ പേഴ്സണല്‍ കംപ്യൂട്ടറുകള്‍ ഐബിഎം അവതരിപ്പിച്ചു. ഐബിഎം പേഴ്സണല്‍ സിസ്റ്റം/2, എന്ന പി എസ് /2 കംപ്യൂട്ടറുകള്‍ വിവിധ മോഡലുകളില്‍ രംഗത്തെത്തി. 1695 മുതല്‍ 10,995 ഡോളര്‍ വരെ വിലയുണ്ടായിരുന്ന ഈ കംപ്യൂട്ടര്‍ വിപണിയില്‍ ഹിറ്റാവുകയും ചെയ്തു. കൊണ്ടുനടക്കാവുന്ന തരത്തില്‍ മൊബൈല്‍ കംപ്യൂട്ടറുകള്‍ തിങ്ക്പാഡ് ശ്രേണിയില്‍ ഐബിഎം പുറത്തിറക്കി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും പേഴ്സണല്‍ കംപ്യൂട്ടര്‍ വിപണി ഐബിഎമ്മിന്റെ പിടിയില്‍ നിന്നകന്നു പോയി. അതോടെ 2005ല്‍ പേഴ്സണല്‍ കംപ്യൂട്ടര്‍ ബിസിനസ്സ് ചൈനയിലെ ലെനോവൊ കമ്പനിയ്ക്ക് വിറ്റു.

അതിചാലകങ്ങള്‍
1986ല്‍ താരതമ്യേന ഉയര്‍ന്ന ഊഷ്മാവില്‍ പ്രവര്‍ത്തിക്കുന്ന അതിചാലകങ്ങള്‍ ഐബിഎം ഗവേഷണശാലയില്‍ ജോര്‍ജ് ബെഡ്നോര്‍സും അലക്സ് മുള്ളറും കണ്ടുപിടിച്ചതുവഴി എംആര്‍ഐ സ്കാനിംഗ് ഉള്‍പ്പെടെയുള്ള പല സംവിധാനങ്ങളും ചുരുങ്ങിയ ചെലവിലും മെച്ചപ്പെട്ട അവസ്ഥയിലും ചെയ്യാമെന്നായി. ഐബിഎം സൂറിച്ച് റിസര്‍ച്ച് സെന്ററിലെ ഗ്രെഡ് ബിന്നിംഗും ഹെയ്ന്റിച്ച് റോഹ്ററും ചേര്‍ന്ന് രൂപപ്പെടുത്തിയ സ്കാനിംഗ് ടണലിംഗ് മൈക്രോസ്കോപ്പ് നാനോ ടെക്നോളജി രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ എടുത്തുപറയേണ്ടതാണ്. ഈ കണ്ടുപിടിത്തത്തിന് ഇവര്‍ക്ക് 1986ല്‍ ഫിസിക്സിനുള്ള നോബല്‍ സമ്മാനവും ലഭിച്ചിട്ടുണ്ട്.
1990ല്‍ കാലഘട്ടത്തില്‍ ഡോട്ട്കോം ബൂം സമയത്ത് ഇബിസിനസ്സില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഡോട്ട്കോം സാധ്യതകളെ മുതലെടുക്കാനായി വെബ്സ്പിയര്‍ എന്ന അപ്ളിക്കേഷന്‍ സെര്‍വ്വര്‍ 1998ല്‍ പുറത്തിറക്കി. വിവിധ കംപ്യൂട്ടിംഗ് പ്ളാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന അപ്ളിക്കേഷനുകളെ തങ്ങളുടെ ബിസിനസ്സ് സങ്കേതങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ ഒരുമിപ്പിച്ച് വെബില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയതാണ് വെബ്സ്പിയര്‍.
1996ലെ അറ്റ്ലാന്റ ഒളിമ്പിക്സില്‍ അടക്കം പ്രയോജനപ്പെടുത്തിയിരുന്ന ഡീപ്പ് തണ്ടര്‍ എന്ന കാലാവസ്ഥാ പ്രവചന സംവിധാനവും ഇവരുടെ വകയായിരുന്നു. കംപ്യൂട്ടര്‍ മോഡലിംഗ് വഴി കൃത്യമായ പ്രവചനം സാധ്യമാക്കുന്നതു വഴി ഒരുപാട് മുന്‍കരുതലുകള്‍ എടുക്കാനും നാശനഷ്ടങ്ങള്‍ കുറയ്ക്കാനും ഈ സംവിധാനത്തിന് സാധിച്ചിരുന്നു. അതോടൊപ്പം തന്നെ 2009ല്‍ അയര്‍ലന്‍ഡിലെ മറൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് സമുദ്ര മലിനീകരണവും അവയിലുണ്ടാകുന്ന മാറ്റത്തെയും കുറിച്ച് പഠിക്കാന്‍ കംപ്യൂട്ടര്‍ സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള വിരലടയാളങ്ങള്‍ പരിശോധിച്ച് കൃത്യമായ കുറ്റവാളികളെ കണ്ടെത്താനും കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനുമുള്ള സാങ്കേതികവിദ്യകളും 1963 മുതല്‍ അമേരിക്കന്‍ പൊലീസിനെ നല്‍കി സഹായിക്കുന്നുണ്ട്.

സൂപ്പര്‍ കംപ്യൂട്ടര്‍


കാലാവസ്ഥാ പ്രവചനം, മിസൈലുകളുടെ നിയന്ത്രണം, ഫാര്‍മസ്യൂട്ടിക്കല്‍ ഗവേഷണം, രാസ-ജൈവ വസ്തുക്കളുടെ മോളിക്യുലര്‍ മോഡലിംഗ് തുടങ്ങിയ മേഖലകളില്‍ അതിസങ്കീര്‍ണ്ണമായ കണക്കുകൂട്ടലുകള്‍ നടത്തുന്നതിന് ഐബിഎം വികസിപ്പിച്ച സൂപ്പര്‍ കംപ്യൂട്ടറുകള്‍ പലതാണ്. ഓരോ ആറ് മാസം കൂടുമ്പോഴും തയ്യാറാക്കുന്ന മികച്ച സൂപ്പര്‍ കംപ്യൂട്ടറുകളുടെ പട്ടിക പരിശോധിക്കുകയാണെങ്കില്‍ ആദ്യത്തെ 500 സ്ഥാനങ്ങളില്‍ ഐബിഎം നിര്‍മ്മിച്ച നൂറെണ്ണമെങ്കിലും ഉള്‍പ്പെടും. 1997ല്‍ ലോക ചെസ് ചാമ്പ്യനെ ചെസ് കളിയില്‍ തോല്പിച്ച് ഡീപ്പ് ബ്ളൂ എന്ന സൂപ്പര്‍ കംപ്യൂട്ടര്‍ ചരിത്രത്തിലിടം നേടിയതാണ്. പെറ്റാഫ്ളോപ്പ് വേഗതയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സൂപ്പര്‍ കംപ്യൂട്ടര്‍ റോഡ് റണ്ണര്‍' നിര്‍മ്മിച്ചത് 2008ല്‍ ലോസ് അലാമോസ് നാഷണല്‍ ലാബിലായിരുന്നു. വ്യത്യസ്തമായ പ്രോസസ്സര്‍ ആര്‍ക്കിടെക്ചറുകള്‍ സമന്വയിക്കുന്ന ഹൈബ്രിഡ് സങ്കേതത്തിലൂടെയാണ് ഈ സൂപ്പര്‍ കംപ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്. ഐബിഎം വിപണിയിലിറക്കിയ സൂപ്പര്‍ കംപ്യൂട്ടര്‍ ശ്രേണിയാണ് ബ്ളൂജീന്‍. ബരാക് ഒബാമയില്‍ നിന്ന് 2009ല്‍ ബ്ളൂജീന്‍ സൂപ്പര്‍ കംപ്യൂട്ടിംഗ് പദ്ധതിയ്ക്ക് നാഷണല്‍ മെഡല്‍ ഓഫ് ടെക്നോളജി അവാര്‍ഡും ലഭിച്ചു. വിവിധ രാജ്യങ്ങളിലെ കമ്പനികള്‍ ഐബിഎമ്മിന്റെ സൂപ്പര്‍ കംപ്യൂട്ടറിനായി കാത്തിരിക്കുകയാണ്.
2011 ഫെബ്രുവരിയില്‍ ഐബിഎം നിര്‍മ്മിച്ച വാട്സണ്‍ സൂപ്പര്‍ കംപ്യൂട്ടര്‍ ടിവി ക്വിസ് മത്സരത്തില്‍ രണ്ട് മനുഷ്യരോടൊപ്പം ഏറ്റുമുട്ടിയിരുന്നു. 1964 മുതല്‍ യു എസ് ടിവിയില്‍ ആരംഭിച്ച ജിയോപാര്‍ഡി എന്ന ക്വിസ്മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച കെന്‍ ജെന്നിംങ്സും ബ്രാഡ് റട്ടറുമാണ് കംപ്യൂട്ടറിനോട് ഏറ്റുമുട്ടിയത്.


ഐബിഎമ്മും ഇന്ത്യയും

ബിഗ് ബ്ളൂ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഐബിഎമ്മിന്റെ ബ്രാന്‍ഡ് വാല്യു കഴിഞ്ഞ വര്‍ഷം 64.7 ബില്യണ്‍ ഡോളറായിരുന്നു. ഐബിഎമ്മിന്റെ സേവനമേഖലകള്‍ വളരെ വലുതാണ്. സേവനമേഖലയിലൂടെയാണ് ഐബിഎം പണം വാരിക്കൂട്ടിയത്. സയന്‍സ്, എന്‍ജിനീയറിംഗ്, ഹെല്‍ത്ത് കെയര്‍, മാനേജ്മെന്റ്, ട്രാന്‍സ്പോര്‍ട്ട് തുടങ്ങി വിവിധ മേഖലകളിലൂടെ.
ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ മാത്രം 700ഓളം സ്ഥാപനങ്ങളാണ് ഐബിഎമ്മിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്. ഇന്ത്യയിലെ പ്രമുഖ കമ്പനികളുമായി ചേര്‍ന്ന് ഐബിഎം പുതിയ കരാറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ടെലികോം രംഗത്താണ് ഐബിഎം കൂടുതല്‍ നോട്ടമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഐഡിയ സെല്ളുലാറുമായി കമ്പനി ദീര്‍ഘമായ ഒരു സേവന പാക്കേജിലാണ് ഇപ്േപാള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, എന്റര്‍പ്രൈസസ് ഡാറ്റാ വെയര്‍ഹൌസിംഗ്, ക്ളൌഡ് കംപ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലും ഇന്ത്യയില്‍ ശ്രദ്ധിക്കുന്നുണ്ട്. ഐ.ടി സേവനദാതാക്കാളില്‍ മുന്‍പന്തിയിലാണ് ഐബിഎം. 70 ശതമാനം വരുമാനവും സേവനമേഖലയിലൂടെ ഐബിഎം നേടുന്നത്. ബാക്കി ഹാര്‍ഡ്വെയര്‍ മേഖല വഴിയും.
ഇന്ത്യയില്‍ അതിവേഗം വളര്‍ന്നു വരുന്ന ഐ.ടി രംഗത്ത് ചുവടുറപ്പിക്കുകയെന്ന ലകഷ്യത്തിലേയ്ക്ക് ഒരു പടികൂടെ അടുക്കുകയാണ് ഐബിഎം. കേരളാ ഐടി അലയന്‍സും ഐബിഎമ്മും ചേര്‍ന്നുള്ള സംയുകത സംരംഭത്തിലൂടെ കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളെ വിശിഷ്ട പരിശീലന കേന്ദ്രങ്ങളായി അംഗീകരിക്കുവാന്‍ ശ്രമം തുടങ്ങി.
ശതാബ്ദിയോടനുബന്ധിച്ച് ഐബിഎം ചെയര്‍മാന്‍ സാം പാല്‍മിസാനോ ഇന്ത്യയിലെത്തിയിരുന്നു. എല്ലാ ജീവനക്കാര്‍ക്കും പിറന്നാള്‍ സമ്മാനമായി ആയിരം ഡോളറിന്റെ ഓഹരികള്‍ നല്‍കാനാണ് കമ്പനി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഒന്നേകാല്‍ ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഐബിഎമ്മില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്.


ടി. വി. സിജു,
കേരള കൌമുദി,
കണ്ണൂര്‍.

1 comment:

cyberspace history said...

ഐബിഎമ്മിന്റെ ചരിത്രം എന്നത് ആധുനിക കംപ്യൂട്ടറിന്റേതു കൂടിയാണ്. ആദ്യത്തെ ഹാര്‍ഡ്ഡിസ്ക്കും ഫ്ളോപ്പി ഡിസ്ക്കും പേഴ്സണല്‍ കംപ്യൂട്ടറും മാത്രമല്ല വിവരങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഡൈനാമിക് മെമ്മറിയും എത്തിയത് ഐബിഎമ്മിന്റെ ആവനാഴിയില്‍ നിന്നാണ്. പഞ്ച് കാര്‍ഡ് മെഷീനുകളിലൂടെ ടൈപ്പ് റൈറ്ററുകളുടെ ലോകത്തെത്തി അവിടെ നിന്ന് സൂപ്പര്‍ കംപ്യൂട്ടറിന്റെയും ഇലക്ട്രോണ്‍ മൈക്രോസ്കോപ്പിന്റെയും വികാസത്തിലൂടെ ലോകത്തിന്റെ നെറുകൈയില്‍ ചുംബിച്ച ഐബിഎം മാറ്റത്തിന്റെ കൊടുങ്കാറ്റായി തന്നെ തുടരുന്നു. ലോകശ്രദ്ധ പിടിച്ചുപറ്റിയ മെയിന്‍ഫ്രെയിം കംപ്യൂട്ടര്‍ മാത്രമല്ല സൂപ്പര്‍മാര്‍ക്കറ്റിലെ തിരക്കൊഴിവാക്കി ആളുകളെ വിസ്മയിപ്പിച്ച യൂണിവേഴ്സല്‍ പ്രോഡക്ട്സ് കോഡും മറ്റാരുടേതും ആയിരുന്നില്ല. ആഗോളവ്യാപകമായി ശാസ്ത്ര സാങ്കേതിക സാമൂഹ്യരംഗങ്ങളില്‍ വമ്പിച്ചൊരു മാറ്റത്തിന് ഇടയാക്കിയ ഐബിഎം എന്ന അമേരിക്കന്‍ കമ്പനി അതിന്റെ ശതാബ്ദിയുടെ നിറവിലാണിപ്പോള്‍.