Wednesday, February 10, 2010

അശ്ളീലത്തിന് കടിഞ്ഞാണ്‍:
ചൈനയെ മാതൃകയാക്കാം


നെറ്റ് നിയന്ത്രണം ശക്തമാക്കാന്‍ പുതിയ നിയമാവലികളും ചൈന നടപ്പാക്കിത്തുടങ്ങി. നെറ്റില്‍ ഒളിഞ്ഞിരിക്കുന്ന അശ്ളീലം കണ്ടുപിടിക്കുന്നവര്‍ക്ക് സമ്മാനത്തുക വരെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു

കമ്പ്യൂട്ടറില്‍ മാത്രം ലഭ്യമായിരുന്ന ഇന്റര്‍നെറ്റ് സേവനം ഇന്ന് മൊബൈല്‍ഫോണിലും ലഭിക്കും. സെല്‍ഫോണ്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു. സെക്സ് എന്ന വാക്കാണ് കഴിഞ്ഞവര്‍ഷം ഇന്റര്‍നെറ്റിലെത്തിയ ഭൂരിഭാഗം കുട്ടികളും സെര്‍ച്ച്എന്‍ജിനില്‍ തിരഞ്ഞത്. 2009ലെ സെര്‍ച്ചിംഗ് ട്രെന്‍ഡ് റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനം സെക്സിനും രണ്ടാം സ്ഥാനം അശ്ളീലത്തിനുമായിരുന്നു. അശ്ളീലത്തിനും സെക്സിനും അത്രമാത്രം അന്വേഷകര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
നെറ്റ്ലോകത്തെ അശ്ളീലത്തിന് ഒരുകാലത്ത് ഏറെ പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ട് ചൈനക്കാര്‍ക്ക്. ഇപ്പോഴവര്‍ നെറ്റ് ലൈംഗികത ഉപേക്ഷിച്ചിരിക്കുകയാണ്. ചെറുപ്പക്കാരെ വല്ലാതെ വഴിതെറ്റിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ ചൈനീസ് സര്‍ക്കാര്‍ നെറ്റില്‍ നിന്ന് അശ്ളീലം തുടച്ചുനീക്കാന്‍ തയ്യാറാവുകയായിരുന്നു. ഈ ശ്രമം ഏറെ കുറെ വിജയിച്ചു എന്നുവേണം കരുതാന്‍.
ചൈനയില്‍ 2009 ജൂണിലാണ് നെറ്റ് നിയന്ത്രണം ശക്തമാക്കിയത്. നിയന്ത്രണം നിലവില്‍ വന്നതിന് ശേഷം അശ്ളീലസൈറ്റുകള്‍ നടത്തിയിരുന്ന അയ്യായിരം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നെറ്റ് നിയന്ത്രണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ നിയമാവലികളും ചൈന നടപ്പാക്കിതുടങ്ങി. പുതിയ വെബ്സൈറ്റുകള്‍ തുടങ്ങുന്നതിനും ഡൊമെയിന്‍ രജിസ്ട്രേഷനും ഇവിടെ നിയന്ത്രണങ്ങളുമായി. ഈ നടപടിക്കുശേഷവും നെറ്റില്‍ ഒളിഞ്ഞിരിക്കുന്ന അശ്ളീലം കണ്ടുപിടിക്കുന്നവര്‍ക്ക് സമ്മാനത്തുക വരെ ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ 32 അശ്ളീല സൈറ്റുകള്‍ കണ്ടെത്തിയ സാംഗ്സിയിലെ വിദ്യാര്‍ത്ഥി പതിനായിരം യുവാന്‍ (ഏകദേശം മുക്കാല്‍ ലക്ഷം രൂപ) നേടുകയുമുണ്ടായി.
മൊബൈല്‍ വഴി അശ്ളീല സന്ദേശമയക്കുന്ന ചൈനക്കാരുടെ നമ്പര്‍ റദ്ദാക്കാനുള്ള തീരുമാനമാണ് ഇനി. അശ്ളീല എം.എസ്.എസ് അയക്കുന്നവരെ കണ്ടെത്തി പൊലീസില്‍ ഏല്പിക്കും. പിന്നീട് കൂടുതല്‍ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളനാണ് പദ്ധതി.
ലോകത്ത് ഏറ്റവും കൂടുതല്‍ നെറ്റ് ഉപയോക്താക്കളുള്ള ചൈനയ്ക്ക് പിന്നാലെ ആസ്ട്രേലിയയും ബ്രിട്ടനും ഇന്റര്‍നെറ്റ് അശ്ളീലത്തിനെതിരെ നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വേണ്ടി ബ്രിട്ടനില്‍ 'ക്ളിക്ക് ക്ളവര്‍, ക്ളിക്ക് സേഫ്' എന്ന നെറ്റ് സുരക്ഷാപദ്ധതി പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിതില്‍. ബ്രിട്ടനില്‍ എട്ടു മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികളില്‍ 99 ശതമാനവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. ഇതില്‍ 33 ശതമാനം കുട്ടികളുടെയും രക്ഷിതാക്കള്‍ക്ക് തങ്ങളുടെ മക്കള്‍ നെറ്റില്‍ എന്താണ് അന്വേഷിക്കുന്നതെന്ന് അറിയില്ലത്രേ! ഇതിന് അനുബന്ധമെന്നോണം ഇന്റര്‍നെറ്റ് വഴിയുള്ള അശ്ളീലപ്രചാരണം ഇന്ത്യയിലും നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ്. സൈബര്‍നിയമം കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് നടന്ന ഒരു യോഗത്തിനിടെയാണ് ചീഫ് ജസ്റ്റിസ് ഈ അഭിപ്രായം പറഞ്ഞത്. സംസ്കാരത്തിന് ഭീഷണി ഉയര്‍ത്തുന്ന അശ്ളീല സൈറ്റുകള്‍ മാത്രമല്ല മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ആശയപ്രചരണം നടത്തുന്ന സൈറ്റുകളും നിയന്ത്രിക്കേണ്ടതുണ്ടെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയുടെ പാത ഇന്ത്യയും പിന്തുടരേണ്ട കാലം വന്നെത്തിയിരിക്കുന്നു.

1 comment:

cyberspace history said...

ഇന്റര്‍നെറ്റ് വഴിയുള്ള അശ്ളീലപ്രചാരണം ഇന്ത്യയിലും നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ്.