Wednesday, January 13, 2010

ഇന്റര്‍നെറ്റ് ഇല്ലേ,

പിന്നെന്തുജീവിതം!


യുവതലമുറയ്ക്ക് ഇന്റര്‍നെറ്റിനോടുള്ളത് വല്ലാത്തൊരടുപ്പമാണ്.ഇന്റര്‍നെറ്റ് കണക്ഷന്‍ കട്ടാവുന്നതുപോലും പലരിലും ഉത്കണ്ഠ ജനിപ്പിക്കുന്നു.


വിവരങ്ങള്‍ വിരല്‍തുമ്പത്ത് എത്തിച്ച ഇന്റര്‍നെറ്റിന്റെ മുന്‍ഗാമി ആര്‍പ്പാനെറ്റിന് ജീവന്‍വച്ചിട്ട് നാല്പതാണ്ടുകള്‍ പിന്നിട്ടു. 1969 ജനുവരി രണ്ടിന് അമേരിക്കന്‍ പ്രതിരോധവകുപ്പിന്റെ ഗവേഷണ വിഭാഗമായ അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോഗ്രാം ഏജന്‍സി അവരുടെ ശാസ്ത്രജ്ഞര്‍ക്ക് രഹസ്യമായി സന്ദേശങ്ങള്‍ കൈമാറാന്‍ രൂപീകരിച്ച ആര്‍പ്പാനെറ്റ് എന്ന കംപ്യൂട്ടര്‍ ശൃംഖലയാണ് ഇന്റര്‍നെറ്റിന്റെ ആദ്യരൂപം. എന്തിനും ഏതിനും ഉത്തരം ഞൊടിയിടയില്‍ ലഭിക്കുമെന്നതാണ് ഇന്റര്‍നെറ്റിന്റെ പ്രധാനമേന്മ. അതുകൊണ്ടുതന്നെ പലര്‍ക്കും ഇന്നതിനെ ഉപേക്ഷിക്കുന്നത് ചിന്തിക്കാന്‍ പോലും വയ്യ. ഇതിന് അടിമകളാകുന്നവരും നിരവധി. ഇന്റര്‍നെറ്റില്ലാതെ ജീവിക്കാന്‍ പോലും സാധ്യമല്ലെന്ന അവസ്ഥയും നിലവിലുണ്ടെന്നാണ് ബ്രിട്ടനില്‍ നടത്തിയ സര്‍വെഫലത്തിലൂടെ വെളിച്ചത്തുവന്നത്. അത്രമേല്‍ ഉറ്റബന്ധമാണ് യുവതലമുറയ്ക്ക് ഇന്റര്‍നെറ്റിനോടുള്ളത്. അതുമാത്രമല്ല ഇന്റര്‍നെറ്റ് കണക്ഷന്‍ കട്ടാവുന്നതുപോലും പലരിലും ഉത്കണ്ഠ ജനിപ്പിക്കുന്നു. അതല്ലെങ്കില്‍ നെറ്റില്‍ പ്രത്യേകവിവരം തേടി കിട്ടാത്തപ്പോള്‍ ടെന്‍ഷനാകാം. ഇതൊക്കെ പുതിയൊരു സ്ഥിതിവിശേഷത്തിലേക്കാണ് ഉപയോക്താക്കളെ എത്തിക്കുന്നത്. 'ഡിസ്കോംഗൂഗൊളേഷന്‍' എന്നാണിതറിയപ്പെടുന്നത്. നിരാശ, കണ്‍ഫ്യൂഷന്‍ എന്നൊക്കെ അര്‍ത്ഥമുള്ള 'ഡിസ്കോംബോബുലേറ്റ്', പ്രശസ്ത സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ എന്നീ വാക്കുകള്‍ ചേര്‍ത്താണ് ഈ പുതിയ വാക്കുവന്നത്.

ബ്രിട്ടനില്‍ നടത്തിയ ഒരു പഠനമാണ് ഓണ്‍ലൈന്‍ ഉപയോക്താക്കളില്‍ ഇത്തരമൊരു അസ്വസ്ഥത ഉണ്ടാകുന്നത് തിരിച്ചറിഞ്ഞത്. അവിടത്തെ ജനസംഖ്യയില്‍ 44 ശതമാനം പേരും ഇത്തരമൊരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഓണ്‍ലൈനില്‍ എത്താനുള്ള ശ്രമം വിഫലമാകുന്നത് 27 ശതമാനം പേരില്‍ കൂടുതല്‍ രക്തസമ്മര്‍ദ്ദവും ഉണ്ടാക്കുന്നു. ഹൃദയമിടിപ്പിനെയും മസ്തിഷ്ക്കതരംഗങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ള പഠനമാണ് ഇങ്ങനെയൊരു നിഗമനത്തിലെത്താന്‍ സൈക്കോളജിസ്റ്റ് ഡോ. ഡേവിഡ് ലൂയിസിനെ പ്രേരിപ്പിച്ചത്. ബ്രിട്ടനിലെ ജനസംഖ്യയില്‍ 76 ശതമാനം പേര്‍ക്കും ഇന്റര്‍നെറ്റ് ഇല്ലാതെ ജീവിക്കാന്‍ വയ്യെന്നായിട്ടുണ്ട് - ബ്രിട്ടനില്‍ 'യുഗോവ്' നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ബ്രിട്ടനിലെ പകുതിയിലേറെ പേരും പ്രതിദിനം നാലു മണിക്കൂറിലേറെ ഇന്റര്‍നെറ്റിനു മുന്നില്‍ ചെലവഴിക്കുന്നവരാണ്. ഒരാഴ്ച കുടുംബത്തോടൊപ്പം കഴിയുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഇന്റര്‍നെറ്റില്‍ കഴിച്ചുകൂട്ടുന്നവരാണ് ജനസംഖ്യയുടെ 19 ശതമാനവും. സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം പേരും ജീവിതത്തില്‍ മതത്തിനേക്കാളേറെ പ്രാധാന്യം ഇന്റര്‍നെറ്റിന് കൊടുത്തിട്ടുണ്ട്. അഞ്ചിലൊരാള്‍, തങ്ങളുടെ പങ്കാളിയേക്കാള്‍ ശ്രദ്ധയും ഇന്റര്‍നെറ്റിന് നല്‍കുന്നു. 2100 ആളുകള്‍ക്കിടയിലാണ് സര്‍വ്വെ നടത്തിയത്. ഇന്ത്യയിലും കംപ്യൂട്ടറുകളും ഇന്റര്‍നെറ്റ് കണക്ഷനുകളും വര്‍ദ്ധിച്ചുവരികയാണ്.

ടി. വി. സിജു

കേരള കൌമുദി ഫ്ലാഷ്

ജനുവരി 11, 2010

1 comment:

cyberspace history said...

ഇന്റര്‍നെറ്റ് ഇല്ലേ,
പിന്നെന്തുജീവിതം!

യുവതലമുറയ്ക്ക് ഇന്റര്‍നെറ്റിനോടുള്ളത് വല്ലാത്തൊരടുപ്പമാണ്.ഇന്റര്‍നെറ്റ് കണക്ഷന്‍ കട്ടാവുന്നതുപോലും പലരിലും ഉത്കണ്ഠ ജനിപ്പിക്കുന്നു.