Monday, December 28, 2009

നെറ്റില്‍ കുരുങ്ങുന്ന

ഉല്പാദനക്ഷമത


ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഓഫീസ് പ്രവൃത്തിസമയങ്ങളില്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നത് മൂലം പല കമ്പനികളുടെയും ഉല്പാദനക്ഷമതയില്‍ പന്ത്രണ്ടര ശതമാനത്തിന്റെ കുറവ് വരുന്നതായാണ് പുതിയ സര്‍വ്വെ ഫലം.


ഓഫീസുകളില്‍ നെറ്റ് ദുരുപയോഗം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ഇന്ത്യന്‍ കമ്പനികളുടെ ഉല്പാദനക്ഷമത കുറയുന്നതായി കണ്ടെത്തല്‍. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഓഫീസ് പ്രവൃത്തിസമയങ്ങളില്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നത് മൂലം പല കമ്പനികളുടെയും ഉല്പാദനക്ഷമതയില്‍ പന്ത്രണ്ടര ശതമാനത്തിന്റെ കുറവ് വരുന്നതായാണ് പുതിയ സര്‍വ്വെ ഫലം. ഓര്‍ക്കുട്, ഫേസ്ബുക്ക്, മൈസ്പേസ്, ലിങ്ക്ഡ് ഇന്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലുള്ളത്. ഇന്ത്യന്‍ പ്രാദേശികഭാഷകളിലുള്‍പ്പെടെ ഇത്തരം വൈബ്സൈറ്റുകള്‍ നിലവിലുണ്ട്. സൌഹൃദം പങ്കുവയ്ക്കാനും പ്രേമിക്കാനും മറ്റുള്ള കാര്യങ്ങള്‍ക്കുമെല്ലാം ഇവയൊക്കെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഫേസ്ബുക്ക് പോലുള്ള സൈറ്റുകളില്‍ പ്രതിദിനം ഒരു മണിക്കൂറെങ്കിലും ചെലവിടാന്‍ ഉദ്യോഗസ്ഥസമൂഹം തയ്യാറാവുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഡല്‍ഹി, ബാംഗ്ളൂര്‍, ചെന്നൈ, അഹമ്മദാബാദ്, സൂററ്റ്, മുംബയ്, പൂനെ, ചണ്ഡിഗഡ്, ലക്നൌ, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ നാലായിരത്തോളം കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസോസിയേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(അസോചം)നടത്തിയ സര്‍വ്വെയിലാണ് ഈ കണ്ടെത്തല്‍. ഇരുപത്തൊന്നിനും അറുപതിനും ഇടയില്‍ പ്രായമായമുള്ളവരാണ് സര്‍വെയില്‍ പങ്കെടുത്തത്. ഇതില്‍ പകുതിയിലധികവും ഓഫീസ് സമയത്ത് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റ് ഉപയോഗിക്കുന്നവരാണ്. പത്തില്‍ നാലുപേരും ഓഫീസിലിരുന്നാണ് ഓര്‍ക്കുട്ടിലോ ഫേസ്ബുക്കിലോ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചത്്. ഇവരില്‍ 83 ശതമാനവും തങ്ങളുടെ ചെയ്തികളില്‍ തെറ്റൊന്നും കാണുന്നുമില്ല. തങ്ങളുടെ ബ്രാന്‍ഡിനെ ജനപ്രിയമാക്കാന്‍ പല കമ്പനികളും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്സൈറ്റുകളിലും മറ്റും ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാരണംകൊണ്ടുതന്നെ സര്‍വ്വെയില്‍ പങ്കെടുത്ത 19 ശതമാനം കമ്പനികളും ഇത്തരം സൈറ്റുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. 16 ശതമാനം കമ്പനികള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കാന്‍ പരിമിതമായ രീതിയില്‍ സൌകര്യം ലഭ്യമാക്കുന്നുണ്ട്. മറ്റൊരു 40 ശതമാനം കമ്പനികള്‍ ഇവയുടെ ഉപയോഗത്തിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുമില്ല.ഐ.ടി മേഖലയ്ക്ക് പുറമെ പല കമ്പനികളും ഇത്തരത്തിലുള്ള അദ്ധ്വാനനഷ്ടം ഒഴിവാക്കാനായി ഓഫീസില്‍ മിക്ക സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും ഉപയോഗിക്കാതിരിക്കാനുള്ള നടപടികളെടുത്തിട്ടുണ്ട്. ഇന്റര്‍നെറ്റിന് അടിമയായതുപോലെയാണ് സര്‍വെയില്‍ പങ്കെടുത്ത 84 ശതമാനം പേരും. കൂടുതല്‍ നേരം ഇന്റര്‍നെറ്റിന് മുന്നില്‍ ചെലവഴിക്കുക, ഇതിനിടയില്‍ ഇടവേളകള്‍ ഇല്ലാതിരിക്കുക, സര്‍ഫിംഗില്‍ പ്രശ്നമുണ്ടാകുമ്പോള്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുക തുടങ്ങിയ പ്രശ്നങ്ങളും ആളുകള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങിയെന്നാണ് കണ്ടെത്തല്‍.

ടി. വി. സിജു,

കേരള കൌമുദി ഫ്ലാഷ്

ഡിസംബര്‍ 28, 2009


1 comment:

cyberspace history said...

ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഓഫീസ് പ്രവൃത്തിസമയങ്ങളില്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നത് മൂലം പല കമ്പനികളുടെയും ഉല്പാദനക്ഷമതയില്‍ പന്ത്രണ്ടര ശതമാനത്തിന്റെ കുറവ് വരുന്നതായാണ് പുതിയ സര്‍വ്വെ ഫലം.