മൊബൈല്‍നമ്പര്‍ പോര്‍ട്ടബിലിറ്റി
നമ്പര്‍മാറാതെ സേവനദാതാവിനെ മാറ്റൂ
മൊബൈല്‍ കാള്‍ താരിഫ് നിരക്കുകള്‍ കുറഞ്ഞപ്പോള്‍ പലരും കണക്ഷന്‍ മാറ്റാന്‍ തുനിഞ്ഞതാണ്. പക്ഷേ, തങ്ങളുടെ മൊബൈല്‍ നമ്പര്‍ മാറുമല്ലോ എന്നോര്‍ത്താണ് അന്ന് പലരും പിന്തിരിഞ്ഞത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമല്ല ഔദ്യോഗിക ആവശ്യങ്ങള്‍ക്കും നല്‍കിയിരുന്ന മൊബൈല്‍നമ്പര്‍ മാറുന്നത് പലര്‍ക്കും ആലോചിക്കാനേ പറ്റുമായിരുന്നില്ല.
എന്നാല്‍, നിലവിലുള്ള മൊബൈല്‍നമ്പര്‍ നിലനിര്‍ത്തി സേവനദാതാവിനെ മാറ്റാനുള്ള (മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി) അവസരം ഡിസംബര്‍ 31 മുതല്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരികയാണ്. തുടക്കം മെട്രോനഗരങ്ങളില്‍ മാത്രമാണ്. അടുത്ത വര്‍ഷം മാര്‍ച്ച് ഇരുപതോടെ രാജ്യം മുഴുവന്‍ ഈ സമ്പ്രദായം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതനുസരിച്ച് സിഡിഎംഎയില്‍ നിന്ന് ജിഎസ്എം സാങ്കേതികവിദ്യയിലേക്ക് മാറാനും തടസ്സമില്ല. എന്നാല്‍ ബന്ധപ്പെട്ട കമ്പനിക്ക് പ്രസ്തുത സര്‍ക്കിളില്‍ ലൈസന്‍സ് ഉണ്ടായിരിക്കണമെന്ന് മാത്രം. ഒരാള്‍ക്ക് എത്ര പ്രാവശ്യം ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും മാറാമെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
വിദേശത്ത് മണിക്കൂറുകള്‍ക്കകം നമ്പര്‍ പോര്‍ട്ടബിലിറ്റി നടപ്പിലാക്കാന്‍ കമ്പനികള്‍ മത്സരിക്കുകമ്പോള്‍ ഇവിടെ നാലു ദിവസത്തിനുള്ളില്‍ മാറ്റം സാധ്യമാക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിനായി 19 രൂപയില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ലെന്നും ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദ്ദേശമുണ്ട്. ഈ സേവനം സൌജന്യമായി നല്‍കാനും കമ്പനികള്‍ക്ക് തീരുമാനമെടുക്കാവുന്നതാണ്. നേരത്തെ ഈ മാറ്റത്തിനായി 250 രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കരുതിയതിരുന്നത്.
കുറഞ്ഞ നിരക്കില്‍ ഈ സേവനം ലഭിക്കുമെന്നായപ്പോള്‍ പലരും സേവനദാതാക്കളെ മാറ്റാനാന്‍ ഒരുങ്ങിനില്‍പ്പാണ്. തുടക്കത്തില്‍ ഒന്നര കോടിയോളം ഉപഭോക്താക്കളെങ്കിലും മാറ്റത്തിനായി ശ്രമിക്കും. മൊബൈല്‍മേഖലയില്‍ തീപ്പാറുന്ന പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന തീരുമാനമാണിത്. ഇതോടൊപ്പം പുതിയ കമ്പനികള്‍ പ്രഖ്യാപിക്കുന്ന ഓഫറുകള്‍ കൂടിയാവുമ്പോള്‍ മത്സരം പൊടിപൊടിക്കും. അതോടെ ഉപഭോക്താവ് വീണ്ടും രാജാവാകുകയാണ്.
120 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ 47.2 കോടി മൊബൈല്‍ വരിക്കാരുണ്ട്. സെപ്തംബര്‍ അവസാനത്തോടെയുള്ള കണക്കാണിത്. ഇതില്‍ തൊണ്ണൂറ് ശതമാനം പേര്‍ക്കും പ്രീ പെയ്ഡ് കണക്ഷനാണുള്ളത്. നിലവിലുള്ള മൊബൈല്‍ വരിക്കാരെ കൂട്ടത്തോടെ ആകര്‍ഷിക്കാന്‍ ഈ സമ്പ്രദായം ഉപകാരമാകുമെന്നാണ് പുതുതായി ഇന്ത്യയില്‍ സേവനം തുടങ്ങാനിരിക്കുന്ന അന്താരാഷ്ട്ര ടെലികോം സംരംഭങ്ങളായ ടെലിനോര്‍, ഇറ്റിസലാത്ത്, ബാറ്റല്‍കോ എന്നിവയുടെ പ്രതീക്ഷ.
1 comment:
നിലവിലുള്ള മൊബൈല്‍നമ്പര്‍ നിലനിര്‍ത്തി സേവനദാതാവിനെ മാറ്റാനുള്ള (മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി) അവസരം ഡിസംബര്‍ 31 മുതല്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരികയാണ്. തുടക്കം മെട്രോനഗരങ്ങളില്‍ മാത്രമാണ്. അടുത്ത വര്‍ഷം മാര്‍ച്ച് ഇരുപതോടെ രാജ്യം മുഴുവന്‍ ഈ സമ്പ്രദായം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
Post a Comment