Monday, October 26, 2009

Saturday, October 24, 2009





നെറ്റ്വര്‍ക്ക് സംരക്ഷണത്തിന് ഡിജിറ്റല്‍ ഉറുമ്പുകള്‍

മാവിന്‍കൊമ്പിലൂടെ പ്രത്യേക താളത്തില്‍ വരി വരിയായി കുട്ടിലേക്ക് നീങ്ങുന്ന ഉറുമ്പുകളെ നാം കണ്ടിട്ടുണ്ട്. തന്നെക്കാള്‍ വലിപ്പത്തിലുള്ള ഭക്ഷണവും ചുമന്നുകൊണ്ടാവും ചിലരുടെ പോക്ക്. മറ്റുള്ളവര്‍ വെറും കൈയ്യോടെയും. ഇതില്‍പെടാത്തവര്‍ ഇരതേടി തലങ്ങും വിലങ്ങും വട്ടം കറങ്ങുന്നുണ്ടാവും. ഇനി അനധികൃതമായി ആരെങ്കിലും ഇവയുടെ കൂട്ടിലെങ്ങാനും കടന്നാലോ? പിന്നെ പുകിലായി. കടിച്ചുപറിച്ച് അവനെ പരമാവധി വേദനിപ്പിക്കും. ഇങ്ങനെ ഒരിക്കലെങ്കിലും ഉറുമ്പിന്റെ കടിയേക്കല്‍ക്കാത്തവര്‍ ആരുമുണ്ടാവില്ല. കടുത്ത വേദനയും ചൊറിച്ചിലും സഹിക്കവയ്യാതെ മാവിന്‍ചോട്ടില്‍ നിന്ന് ഓടിപ്പോയ ചരിത്രമേയുള്ളൂ പലര്‍ക്കും.
ഇതുപോലെ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിലൂടെ ഓടിനടക്കാന്‍ ഒരുങ്ങുകയാണ് ഒരു കൂട്ടം ഉറുമ്പുകള്‍. ഇവയുടെ ഭക്ഷണം മധുരമോ മറ്റ് എണ്ണ പലഹാരങ്ങളോ അല്ല. പകരം കമ്പ്യൂട്ടര്‍ വൈറസുകള്‍, വിവരങ്ങള്‍ മോഷ്ടിക്കാനായി രൂപപ്പെടുത്തിയതും സ്വയം തനിപ്പകര്‍പ്പുകള്‍ സൃഷ്ടിക്കുന്നതുമായ ദുഷ്ട പ്രോഗ്രാമുകള്‍ തുടങ്ങിയവയൊക്കെയാണ്. സ്വഭാവത്തില്‍ മാത്രം യഥാര്‍ത്ഥ ഉറുമ്പുകളെ അനുകരിക്കുന്ന ഇവ ഡിജിറ്റല്‍ ഉറമ്പുകള്‍ എന്നാണ് അറിയപ്പെടുന്നത്. സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ ഗവേഷണങ്ങള്‍ നടക്കുന്ന വാഷിംഗ്ടണ്‍ റിച്ച്ലാന്‍ഡിലെ പസഫിക് നോര്‍ത്ത് വെസ്റ്റ് നാഷണല്‍ ലാബോറട്ടറിയിലെ ഗ്ളെന്‍ ഫിന്‍ക് ആണ് വൈറസുകളെ തുരത്താനായി ഇത്തരമൊരു ആശയം മുന്നോട്ടുവച്ചിരിക്കുന്നത്.

ഉറുമ്പിന്റെ കൂട്ടില്‍ അന്യര്‍ അതിക്രമിച്ചുകടക്കുമ്പോള്‍ അവ പ്രതികരിക്കുന്ന രീതിയാണ് വേമുകള്‍ക്കെതിരെയും വൈറസുകള്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഉറുമ്പുകളെ സൃഷ്ടിക്കാന്‍ പ്രോഗ്രാമാര്‍ക്ക് പ്രചോദനമായത്. കമ്പ്യൂട്ടര്‍ ഡാറ്റയെ പാരലല്‍ പ്രോസ്സസിംഗ് വഴി വിഭജിച്ച് പരിശോധിക്കുകയാണിവിടെ. വിവിധ രീതിയിലുള്ള ഭീഷണികളെ കണ്ടെത്തുന്നതിനായി മൂവായിരത്തോളം ഡിജിറ്റല്‍ ഉറുമ്പുകളെ നെറ്റ്വര്‍ക്കില്‍ വിന്യസിക്കാനാണ് ഇവരുടെ പദ്ധതി. ഓരോ ഉറുമ്പും സഞ്ചരിക്കുന്നത് ഫിറമോണുകള്‍ പുറത്തുവിട്ടുകൊണ്ടാണ്. ഇതിന്റെ മണംപിടിച്ചാണ് മറ്റുള്ള ഉറുമ്പുകള്‍ അവയെ പിന്തുടരുന്നതും തങ്ങളുടെ കോളനിയിലേക്കുള്ള വഴികണ്ടെത്തുന്നതും. ഈ ആശയമാണ് ആല്‍ഗരിതം വഴി ഡിജിറ്റല്‍ ഉറുമ്പുകള്‍ക്ക് ശക്തിപകരുന്നത്. പുതിയ ആക്രമണങ്ങളെ കണ്ടെത്തുന്നതിനു വേണ്ടി നിലവിലുള്ള സെക്യൂരിറ്റി സംവിധാനങ്ങളെക്കാള്‍ വേഗതയേറിയ പ്രവര്‍ത്തനമായിരിക്കും ഡിജിറ്റല്‍ ഉറുമ്പുകളുടെ സാക്ഷാത്കാരത്തിലൂടെ ലഭിക്കുകയെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

ഫിറമോണുകള്‍ക്ക് പകരം നെറ്റ്വര്‍ക്കിലൂടെ സഞ്ചരിക്കുന്ന ഉറുമ്പുകള്‍ പുറപ്പെടുവിക്കുന്നത് 'ഡിജിറ്റല്‍ ട്രെയ്ല്‍' ആയിരിക്കും. നെറ്റ്വര്‍ക്കില്‍ വൈറസോ മാല്‍വെയറുകളോ കണ്ടെത്തിക്കഴിഞ്ഞാല്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഡിജിറ്റല്‍ ട്രെയ്ലിന്റെ അളവും ആനുപാതികമായി വര്‍ദ്ധിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന. അതോടെ മറ്റുള്ള ഡിജിറ്റല്‍ ഉറുമ്പുകളുടെ ശ്രദ്ധയും ഈ കേന്ദ്രത്തിലേക്കാവും.

എന്നാല്‍ രണ്ട് ഡിജിറ്റല്‍ ഉറുമ്പുകളെ വീട്ടില്‍ എടുത്തുകൊണ്ടുപോകാം എന്ന് ആരും കരുതിയേക്കരുത്. 'സെന്റിനല്‍സ്' എന്ന സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാണിത് ഓരോ കമ്പ്യൂട്ടറിലും പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല, ഡിജിറ്റല്‍ ഉറുമ്പുകളുടെ കോളനിയായ 'സെര്‍ജിയന്റ്സ്' ആണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുതും. ഗ്ളെന്‍ ഫിന്‍കിനൊപ്പം വെയ്ക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റയിലെ കമ്പ്യൂട്ടര്‍ പ്രൊഫസറായ എറിന്‍ ഫപും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് 64 കമ്പ്യുട്ടറുകള്‍പ്പെടുന്ന നെറ്റ്വര്‍ക്കില്‍ ഡിജിറ്റല്‍ ഉറുമ്പുകളെ ഓടിച്ച് ടെസ്റ്റ് നടത്താന്‍ ഒരുങ്ങുകയാണ്.

ടി.വി. സിജു
tvsiju@gmail.com

1 comment:

cyberspace history said...

കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിലൂടെ ഓടിനടക്കാന്‍ ഒരുങ്ങുകയാണ് ഒരു കൂട്ടം ഉറുമ്പുകള്‍. ഇവയുടെ ഭക്ഷണം മധുരമോ മറ്റ് എണ്ണ പലഹാരങ്ങളോ അല്ല. പകരം കമ്പ്യൂട്ടര്‍ വൈറസുകള്‍, വിവരങ്ങള്‍ മോഷ്ടിക്കാനായി രൂപപ്പെടുത്തിയതും സ്വയം തനിപ്പകര്‍പ്പുകള്‍ സൃഷ്ടിക്കുന്നതുമായ ദുഷ്ട പ്രോഗ്രാമുകള്‍ തുടങ്ങിയവയൊക്കെയാണ്.