Tuesday, August 4, 2009

മൈക്കല്‍ ജാക്സനെയും വൈറസ് പിടികൂടി





ഇയ്യിടെ അമേരിക്കയിലെ ലോസ് ഏയ്ഞ്ചല്‍സില്‍ അന്തരിച്ച സുപ്രസിദ്ധ പോപ് ഇതിഹാസം മൈക്കല്‍ ജാക്സനെയും ഇന്റര്‍നെറ്റ് ലോകം വെറുതെവിട്ടില്ല. മരണത്തിന്റെ മറവിലും ക്രാക്കര്‍മാരുടെ ഒരുസംഘം മുതലെടുപ്പു നടത്തുകയായിരുന്നു. ഇതിലൂടെ മൈക്കല്‍ ജാക്സന്റെ ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കുമുണ്ടായ നഷ്ടത്തിന്റെ കണക്കുകള്‍ പുറംലോകം അറിയാനിരിക്കുന്നതേയുള്ളൂ. പോപ് മ്യൂസിക്കിലൂടെ കോടിക്കണക്കിന് ആരാധകരെ ഇളക്കിമറിച്ച ജാക്സന്റെ അത്ഭുതപ്രകടനത്തിന്റെ വീഡിയോദൃശ്യവും അപൂര്‍വ്വമായ ഫോട്ടോകളും കാണാന്‍ ഇവിടെ ക്ളിക്ക് ചെയ്യൂ... 'കിംഗ് ഓഫ് പോപ്' എന്ന ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത ആല്‍ബത്തിലെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടോ...? ഇല്ലെങ്കില്‍ ഇവിടെ ക്ളിക്ക് ചെയ്തോളൂ... ജാക്സണ്‍ അന്ത്യശ്വാസംവലിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്തരമൊരു ഇ^മെയില്‍ നിങ്ങളുടെ ഇന്‍ ബോക്സിലും എത്തിയിട്ടുണ്ടാവാം. അത് തുറക്കുന്നതോടെ ക്രാക്കര്‍മാര്‍ ഒരുക്കിയ കുഴിയില്‍ വീഴുന്നത് നിങ്ങളായിരിക്കും.

ഫോട്ടോ, വീഡിയോ ഫയലുകള്‍ കാണാനുള്ള ആവേശം മൂത്ത് ഇ^മെയിലിലെ ലിങ്കില്‍ ക്ളിക്ക് ചെയ്യുന്നതോടെ വീഡിയോ ഫയല്‍ എന്ന വ്യാജേന ചില പ്രോഗ്രാമുകള്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുകപ്പെടുകയായി. ട്രോജന്‍ വൈറസും ഇതോടൊപ്പം കമ്പ്യൂട്ടറിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടാവും. തുടര്‍ന്ന് കമ്പ്യൂട്ടറില്‍ ടൈപ് ചെയ്യുന്ന യൂസര്‍ നെയിമുകളും പാസ്വേഡും സ്ക്രീന്‍ഷോട്ടുകളുമടക്കം പലതും ട്രോജന്‍ വൈറസ് പ്രവര്‍ത്തനക്ഷമമാകുതോടെ രേഖപ്പെടുത്തും. ഈ വിവരങ്ങളെല്ലാം അപ്പോള്‍ തന്നെ വൈറസ് നിര്‍മ്മാതാക്കളുടെ പക്കലെത്തിച്ചേരുകയും ക്രമേണ അവയുടെ നിയന്ത്രണം പോലും ഈ ഹൈടെക് കള്ളന്‍മാര്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. 'Remembering Michael Jackson' തുടങ്ങിയ തലക്കെട്ടുകളോടെയാണ് മെയിലുകള്‍ പലതും എത്തിയത്. പോപ് സംഗീതവും അപൂര്‍വ്വ ഫോട്ടോകളും അടക്കം ചെയ്തിട്ടുള്ള ഒരു അറ്റാച്ച്മെന്റ് ഫയലും ഇതോടൊപ്പമുണ്ട്. അത് തുറക്കാന്‍ ശ്രമിക്കുതോടെയാണ് പലരും വഞ്ചിക്കപ്പെടുന്നത്.
മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മൈക്കല്‍ ജാക്സണുമായി ബന്ധപ്പെട്ട വൈറസ് ഇനങ്ങളിലെ മാല്‍വെയറുകളും വെബ്സ്കാമുകളും ദിനംപ്രതി കൂടിക്കൊണ്ടിരുന്നു. യുട്യൂബില്‍ വന്ന ജാക്സന്റെ അവസാനത്തെ പരിപാടിയുടെ വീഡിയോദൃശ്യം കാണാന്‍ അവസരം ലഭ്യമാണെന്ന വ്യാജേനയും വൈറസുകള്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ കമ്പ്യൂട്ടറില്‍ കടുന്നുകൂടി. ജാക്സന്റെ വീഡിയോ സി.ഡികള്‍ സൌജന്യമായി നേടാം എന്ന മോഹന വാഗ്ദാനവുമായാണ് ചില മെയിലുകള്‍ പ്രത്യക്ഷപ്പെട്ടത്. മരണത്തിന്റെ ചൂട് ചോരാതെ 'ബ്രേക്കിംഗ് ന്യൂസ് വീഡിയോ' ആയി ഇന്‍ബോക്സിലെത്തി വിവരങ്ങള്‍ ചോര്‍ത്തിയ മെയിലുകളും കമ്പ്യ്യൂട്ടര്‍ സുരക്ഷാരംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ കണ്ടെത്തി.

അമേരിക്കന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബറാക് ഒബാമയുടെ പേരിലും ഇതേരീതിയില്‍ വൈറസുകള്‍ പടര്‍ന്നിരുന്നു. പ്രസിഡണ്ട് എന്ന നിലക്കുള്ള ഒബാമയുടെ ആദ്യത്തെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം കാണാന്‍ ലിങ്ക് സഹിതമുള്ള ഇ^മെയില്‍ വഴിയാണ് വൈറസ് പടര്‍ന്നത്. അതുപോലെ മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട് ചുരുങ്ങിയ സമയത്തിനുള്ളിലും 'കൊലപാതകദൃശ്യങ്ങള്‍ കാണാം' എന്ന് രേഖപ്പെടുത്തി പ്രചരിച്ച ഇ^മെയിലുകളില്‍ വൈറസുകള്‍ ഒളിച്ചിരുന്നതായി അന്ന് കണ്ടെത്തിയിരുന്നു. അവസരങ്ങള്‍ മുതലെടുക്കുകയാണ് ക്രാക്കര്‍മാരുടെ ഏക ലക്ഷ്യം. പ്രധാനസംഭവങ്ങള്‍, അത് ആഘോഷമെന്നോ മരണമെന്നോ അവര്‍ക്ക് വ്യത്യാസമില്ല. ഈയൊരു സാധ്യത ഇന്‍ര്‍ര്‍നെറ്റ് ഉപയോക്താക്കള്‍ എപ്പോഴും കരുതിയിരിക്കണം. ഇന്ത്യയുടെ സ്വാതന്ത്യ്രദിനാഘോഷം അടുത്തുവരുന്ന വേളയില്‍ ഇത്തരമൊരു 'ആക്രമണ'ത്തിനുള്ള സാധ്യതയുണ്ട്. അതാണ് സെക്യൂരിറ്റി ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഇന്‍ര്‍ര്‍നെറ്റിലും ജാക്സണ്‍ തന്നെ താരം

ലോകമെങ്ങും ആ വാര്‍ത്ത പടര്‍ന്നത് കാട്ടുതീ പോലെയാണ് ^ പ്രസിദ്ധ പോപ് സംഗീതജ്ഞന്‍ മൈക്കല്‍ ജാക്സണ്‍ അന്തരിച്ചു. സംഗീതപ്രേമികളെ ദുഃഖത്തിലാഴ്ത്തികൊണ്ട് പരന്ന ഈ വാര്‍ത്ത പലരും ആദ്യം വിശ്വസിച്ചില്ല. ഇത് ശരിയാണോ എന്നറിയാനുള്ള വെപ്രാളമായിരുന്നു പിന്നീട്. അതിന് ആദ്യം നോക്കിയത് ഇന്റര്‍നെറ്റിലാണ്്. മരണം നടന്ന ദിവസങ്ങളിലും അതിനുശേഷവുമായി ജാക്സണുമായി ബന്ധപ്പെട്ട് 20 കോടി പേജുകള്‍ ഇന്റര്‍നെറ്റ് വഴി വായിക്കപ്പെട്ടുവെന്നാണ് കണക്ക്. മൈക്കല്‍ ജാക്സനെ ആശുപത്രിയിലെത്തിച്ച വാര്‍ത്ത ഓണ്‍ലൈനിലെത്തി പത്തുമിനിറ്റിനകം അത് എട്ടു ലക്ഷം പേര്‍ വായിച്ചു. ഇതോടെ യാഹൂ ന്യൂസില്‍ ഏറ്റവുമധികം പേര്‍ സന്ദര്‍ശിച്ച വാര്‍ത്തയെന്ന ബഹുമതി ഇത് കരസ്ഥമാക്കി. തുടര്‍ന്ന് 1.64 കോടി ആളുകള്‍ വായനക്കാരായി. ഗൂഗിള്‍ ന്യൂസിലും വാര്‍ത്തയറിയാനായി മല്‍സരമുണ്ടായി. ഇതിന്റെ ഫലമായി ജാക്സനെക്കുറിച്ചുള്ള വാര്‍ത്താപേജുകള്‍ പലതും കിട്ടാതാവുകയോ വളരെ പതുക്കെയാവുകയോ ചെയ്തു. സി.എന്‍.എന്‍. ചാനലിന്റെ ഓണ്‍ലൈന്‍ വാര്‍ത്താ വിഭാഗത്തിലും ഒരു മണിക്കൂറിനിടെ അഞ്ചിരട്ടിയിലധികം പേര്‍ വാര്‍ത്തയറിയാനെത്തി. വാര്‍ത്ത പുറത്തുവന്ന ആദ്യമണിക്കൂറിനുള്ളില്‍ സി.എന്‍.എന്‍. വെബ്സൈറ്റില്‍ മാത്രം ഉണ്ടായത് രണ്ട് കോടി പേജ് വ്യൂ. വിക്കിപീഡിയയില്‍ ജാക്സനെ കുറിച്ചുണ്ടായിരുന്ന വിവരങ്ങള്‍ ഒരൊറ്റ ദിവസത്തിനുള്ളില്‍ 500 തവണ എഡിറ്റ് ചെയ്യപ്പെട്ടു. ആ സൈറ്റും ഡാറ്റാ ട്രാഫിക്കില്‍ കുടുങ്ങി.

ഇന്റര്‍നെറ്റില്‍ വാര്‍ത്ത ലഭിക്കാതായതോടെ പലരും സെല്‍ഫോണിന്റെ സേവനം തേടി. ജാക്സണ്‍ ഫാന്‍സ് സൈറ്റുകള്‍ പലതും വിവരങ്ങളറിയാനുള്ള തിരക്കില്‍ തകര്‍ന്നു. അമേരിക്ക ഓണ്‍ലൈനിന്റെ ഇന്‍സ്റ്റന്റ് മെസഞ്ചര്‍ സര്‍വ്വീസ് സംവിധാനവും തിരുക്കുമൂലം 40 മിനുറ്റുനേരം നിര്‍ത്തിവെക്കേണ്ടിവന്നു. ആളുകളുടെ ഈ ആവേശം തയൊണ് ഇന്റര്‍നെറ്റില്‍ ചൂണ്ടയിട്ടു കാത്തിരിക്കുന്ന കുബുദ്ധിസംഘം പ്രയോജനപ്പെടുത്തിയതും.

ടി.വി. സിജു
tvsiju@gmail.com

(ഇന്‍ഫോ മാധ്യമം, ജൂണ്‍ ൨൦൦൯

1 comment:

cyberspace history said...

ഇയ്യിടെ അമേരിക്കയിലെ ലോസ് ഏയ്ഞ്ചല്‍സില്‍ അന്തരിച്ച സുപ്രസിദ്ധ പോപ് ഇതിഹാസം മൈക്കല്‍ ജാക്സനെയും ഇന്റര്‍നെറ്റ് ലോകം വെറുതെവിട്ടില്ല.