Tuesday, May 12, 2009


മൊബൈല്‍ ഫോണ്‍ ഉണ്ടൊ?

സൂക്ഷിക്കുക!

ചെയ്യാത്ത കുറ്റത്തിന് പ്രതിയാകും

നിങ്ങള്‍ക്ക് മൊബൈല്‍ പ്രീപെയ്ഡ് കണക്ഷനുണ്ടോ? കരുതിയിരിക്കുക. ഏതെങ്കിലുമൊരു കേസ്സില്‍ നിങ്ങളും പ്രതിസ്ഥാനത്ത് എത്തിയേക്കാം. പല മൊബൈല്‍ ഉപയോക്താക്കളും ചെയ്യാത്ത കുറ്റകൃത്യത്തിന് പ്രതികളായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള കേസ്സുകളുടെ എണ്ണംകൂടിവരികയാണെന്ന് പൊലീസ് റെക്കാര്‍ഡുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

സ്വകാര്യമേഖലയിലെ മുന്‍നിര കമ്പനികളുടെ പ്രീ പെയ്ഡ് കണക്ഷനുകളുമായി ബന്ധപ്പെട്ടാണ് ഇത്തരം കേസ്സുകള്‍ കൂടുതലും. കൃത്യമായ മേല്‍വിലാസവും ഐഡന്റിറ്റി കാര്‍ഡും ഫോട്ടോയുമെല്ലാം വേണമെന്ന് മൊബൈല്‍ കമ്പനികള്‍ നിഷ്കര്‍ഷിക്കുന്നുണ്ടെങ്കിലും കൊച്ചുകൊച്ചു ഫ്രാഞ്ചൈസികള്‍ വില്ലന്‍മാരായി മാറുകയാണ്. ബിസിനസ്സ് ടാര്‍ജറ്റ് എത്തിക്കാനുള്ള വെപ്രാളത്തില്‍ ഇതിന് നിമിത്തമാവുന്നത് കമ്പനി എക്സിക്യൂട്ടീവുകളും. പുതിയ കണക്ഷനു വേണ്ടി ഫ്രാഞ്ചൈസിയുടെ കടയിലെത്തുമ്പോള്‍ തിരിച്ചറിയല്‍രേഖയും ഫോട്ടോയുമെല്ലാം കൃത്യമായി വാങ്ങിവയ്ക്കുന്നുണ്ടാവാം. അപ്പോള്‍ തന്നെ കണക്ഷന്‍ ലഭിച്ചിട്ടുമുണ്ടാവും. പക്ഷേ, രേഖകള്‍ മാറിയും മറിഞ്ഞുമായിരിക്കും കമ്പനി ഓഫീസിലെത്തുന്നത്. അതോടെ, ആളും സിം കാര്‍ഡും തമ്മിലുള്ള യഥാര്‍ത്ഥബന്ധം ഇല്ലാതാവുകയാണ്. നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ട കണക്ഷന്‍ വേറെ ആരുടെയെങ്കിലും ഐഡന്റിറ്റി രേഖകള്‍ ഉപയോഗിച്ചുള്ളതായിരിക്കും. നിങ്ങളുടെ രേഖകള്‍ മറ്റാരുടെയെങ്കിലും കണക്ഷന് ഉപയോഗിച്ചിട്ടുമുണ്ടാവും. ഫ്രാഞ്ചൈസികള്‍ അടുക്കും ചിട്ടയുമില്ലാതെ രേഖകള്‍ കൈമാറുന്നതുകൊണ്ടാണ് ഈ ആള്‍മാറാട്ടം സംഭവിക്കുന്നത്. പക്ഷേ, പ്രീ പെയ്ഡ് കണക്ഷന്‍ ലഭിച്ചിരിക്കുന്നത് സ്വന്തം ഐഡന്റിറ്റിയില്‍ തന്നെയല്ലേ എന്നറിയാന്‍ മൊബൈല്‍ കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ വിഭാഗത്തില്‍ ബന്ധപ്പെട്ടാല്‍ പോലും കഴിഞ്ഞെന്നിരിക്കില്ല.

ചുരുങ്ങിയ ചെലവില്‍, അതല്ലെങ്കില്‍ പ്രത്യേകിച്ചൊന്നും കൊടുക്കാതെ സിം കാര്‍ഡുകള്‍ ലഭ്യമാക്കുന്ന ഫ്രാഞ്ചൈസികള്‍ കുറവല്ല. കമ്പനി നല്‍കുന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനോ അല്ലെങ്കില്‍ ബിസിനസ്സില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടാനോ ആണ് എക്സിക്യൂട്ടീവുകള്‍ ഇത്തരം പൊടിക്കൈ പ്രയോഗിക്കുന്നത്. പ്രീപെയ്ഡ് കണക്ഷന്‍ കുന്നുകൂടുമ്പോഴും ബില്‍ സംവിധാനമില്ലാത്തതുകൊണ്ട് ആള്‍മാറാട്ടം അറിയുന്നില്ല. എന്നാല്‍ യഥാര്‍ത്ഥ ഉപയോക്താവിന്റെ പക്കല്‍ എത്തണമെന്നതുകൊണ്ട് പോസ്റ്റ്പെയ്ഡ് കണക്ഷനില്‍ ഈ കളി പ്രായോഗികമല്ല. പ്രീ പെയ്ഡ് സിം കാര്‍ഡ് നഷ്ടപ്പെട്ട് ഡ്യൂപ്ളിക്കേറ്റ് സിം കാര്‍ഡിന് അപേക്ഷിക്കുമ്പോഴോ മറ്റോ ആയിരിക്കും നിങ്ങള്‍ നല്‍കിയ ഐഡന്റിറ്റി വച്ചല്ല ഫോണ്‍ കണക്ഷന്‍ എടുത്തതെന്ന് മനസ്സിലാക്കാനാവുക. അല്ലെങ്കില്‍ ഏതെങ്കിലും കേസ്സുമായി ബന്ധപ്പെട്ട് പൊലീസില്‍ നിന്ന് വിളി വരുമ്പോഴായിരിക്കും വിവരമറിയുക.

കണക്ഷന്‍ എടുക്കുമ്പോള്‍ സമര്‍പ്പിക്കുന്ന രേഖകളില്‍ എന്തെങ്കിലും തിരിമറി നടന്നതായി ബോദ്ധ്യപ്പെട്ടാല്‍ ലീഗല്‍ എന്‍ഫോഴ്സ്മെന്റ് അതോറിറ്റിയുടെ പക്കല്‍ പരാതി ബോധിപ്പിച്ച് എഫ്. ഐ. ആര്‍. ഫയല്‍ ചെയ്യുവാനുള്ള ഉത്തരവാദിത്തം ഫ്രാഞ്ചൈസിയെ കൂടാതെ കമ്പനിക്കുമുണ്ട്. അല്ലാത്ത പക്ഷം അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഈയിടെ ഉത്തരവിലുണ്ട്. മാത്രമല്ല നേരത്തെ ആക്ടിവേറ്റ് ചെയ്ത സിം കാര്‍ഡ് വില്‍ക്കാന്‍ പാടുള്ളതല്ലെന്നും ഉത്തരവിലുണ്ട്. അങ്ങനെ ചെയ്താല്‍ അമ്പതിനായിരം രൂപ വരെ പിഴ ഈടാക്കുമെന്നും പറയുന്നു.

പല കേസ്സുകളിലും ഇപ്പോള്‍ തുമ്പുണ്ടാക്കുന്നത് മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്. കവര്‍ച്ചയും കൊലയും തട്ടിക്കൊണ്ടുപോകലും ഉണ്ടാകുമ്പോള്‍ ആ സംഭവവുമായി ബന്ധപ്പെട്ട ആളുകളുടെ സെല്‍ഫോണ്‍ നമ്പറുകളാണ് ആദ്യം അന്വേഷിക്കുന്നത്. കുറ്റവാളികള്‍ ഉപയോഗിക്കുന്ന ഫോണുകള്‍ അബദ്ധവശാല്‍ നിങ്ങളുടെ ഐഡന്റിറ്റി ഉപയോഗിച്ചുള്ള സിം കാര്‍ഡിന്റേതാണെങ്കില്‍ പിന്നെ കുടുങ്ങിയത് തന്നെ. അതോടെ മാനഹാനിയും ധനനഷ്ടവും ഉറപ്പ്. താനല്ല കുറ്റം ചെയ്തതെന്ന് സമര്‍ത്ഥിക്കേണ്ട ഉത്തരവാദിത്തം പിന്നെ നിങ്ങള്‍ക്കാണ്.

മൊബൈല്‍: ചില മുന്‍കരുതലുകള്‍

ഫ്രാഞ്ചൈസിയില്‍ നല്‍കുന്ന ഐഡന്റിറ്റിയില്‍ തന്നെയാണ് പുതിയ കണക്ഷന്‍ അനുവദിക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ട ചുമതല നിങ്ങള്‍ക്കു തന്നെയാണ്. ഇതിനായി കടയില്‍ സൂക്ഷിച്ചിരിക്കുന്ന മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ ലോഗ്ബുക്കില്‍ ചേര്‍ത്തിരിക്കുന്ന നമ്മുടെ ഫോണ്‍ നമ്പറും ഐ.ഡി സംബന്ധിച്ച മറ്റുവിവരങ്ങളും തങ്ങളുടെ തന്നെയാണെന്ന് ഉറപ്പുവരുത്തണം.

കണക്ഷന്‍ ലഭിച്ചുകഴിഞ്ഞാല്‍ മൊബൈല്‍ കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമുള്ള കാര്യങ്ങളില്‍ സംശയനിവാരണം നടത്തണം.

പുതിയ കണക്ഷന്‍ ലഭിച്ച് നാല് ദിവസത്തിനകം മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ അഡ്രസ്സ് വെരിഫിക്കേഷന്‍ നടത്തും. അതുപാലിക്കപ്പെട്ടില്ലെങ്കില്‍ മൊബൈല്‍ കമ്പനിയുടെ പ്രാദേശിക ഓഫീസുമായി ബന്ധപ്പെട്ട് ഒരിക്കല്‍ കൂടി ഫോണിന്റെ ഉടമസ്ഥത തങ്ങള്‍ക്കു തന്നെയാണെന്ന് ഉറപ്പിക്കണം.

വെറുതെ കിട്ടുന്നതായാല്‍ പോലും തിരിച്ചറിയല്‍രേഖകള്‍ നല്‍കാതെ ഒരു സിം കാര്‍ഡും ഉപയോഗിക്കരുത്.

മറ്റുള്ളവര്‍ ഉപയോഗിച്ച സെക്കന്റ് ഹാന്‍ഡ് സിം കാര്‍ഡുകള്‍ കഴിവതും ഉപേക്ഷിക്കണം.

ഡ്യൂപ്ളിക്കേറ്റ് സിം കാര്‍ഡിന് അപേക്ഷിക്കാന്‍ ഫ്രാഞ്ചൈസിയില്‍ എത്തുമ്പോള്‍ അതുവേണ്ട, അതിനുപകരം വേറെ പുതിയ സിം കാര്‍ഡ് തരാം എന്നുപറയുന്നവരെ ശ്രദ്ധിക്കുക. വിലക്കുറവ്, ഫ്രീ തുടങ്ങി ഫ്രാഞ്ചൈസികളുടെ മനംമയക്കുന്ന ഓഫറുകളില്‍ വീഴാതിരിക്കുന്നതാണ് ബുദ്ധി.

1 comment:

cyberspace history said...

നിങ്ങള്‍ക്ക് മൊബൈല്‍ പ്രീപെയ്ഡ് കണക്ഷനുണ്ടോ? കരുതിയിരിക്കുക. ഏതെങ്കിലുമൊരു കേസ്സില്‍ നിങ്ങളും പ്രതിസ്ഥാനത്ത് എത്തിയേക്കാം. പല മൊബൈല്‍ ഉപയോക്താക്കളും ചെയ്യാത്ത കുറ്റകൃത്യത്തിന് പ്രതികളായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള കേസ്സുകളുടെ എണ്ണംകൂടിവരികയാണെന്ന് പൊലീസ് റെക്കാര്‍ഡുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.